Leitmotif | 96 Movie | Lakshmi P

Nov-10-2018 07:11 AM

"Leitmotif " എന്ന പദം സൂചിപ്പിക്കുന്നത് ഒരു കഥാപാത്രത്തെയോ സംഭവത്തെയോ പ്രവൃത്തിയേയോ മുൻനിർത്തി സിനിമയിൽ ബോധപൂർവ്വം ആവർത്തിച്ചു വരുന്ന ഒരു സംഭാഷണമോ, വിഷയമോ, ശബ്ദമോ, അന്തരീക്ഷമോ , രംഗമോ , ഗാനശകലമോ അങ്ങനെയെന്തുതന്നെയുമാണ്. അതുവഴി പ്രേക്ഷകനെ ഈ രംഗം മുൻപ് ആവർത്തിച്ചതിനെക്കുറിച്ച് ഓർമ്മിപ്പിക്കാനും സിനിമയെ സമഗ്രമായി ചേർത്തിണക്കാനും സാധിക്കുന്നു.

96 ൽ ആവർത്തിച്ചു വരുന്നത് ഭക്ഷണമാണ്. അഥവാ രാമചന്ദ്രൻ ഭക്ഷണം കഴിക്കുന്ന രംഗമാണ്. സിനിമ തുടങ്ങുന്ന ഗാനരംഗത്തിൽ ( Life of Ram) ത്തന്നെ നിരവധി തവണയാണ് രാമചന്ദ്രന്റ ഭക്ഷണവേളകൾ നമ്മൾ കാണുന്നത്. വെള്ളം കുടിക്കുന്ന രാം , വെള്ളം കുടിക്കാൻ കുപ്പി തുറക്കുമ്പോൾ വെള്ളം തീർന്നുപോയതായി കാണുന്ന രാം, മഴ വെള്ളം കുടിക്കാനായി നാവു നീട്ടുന്ന രാം, വെള്ളച്ചാട്ടത്തിനരികെയിരുന്ന് വാ തുറന്നുകൊണ്ട് ആ വെള്ളം കുടിക്കാനാഗ്രഹിക്കുന്ന രാം, വഴിയാത്രക്കാർക്കിടയിലിരുന്ന് ഭക്ഷണം കഴിക്കുന്ന രാം, ഒരു ഹോട്ടലിൽ തനിച്ചിരുന്ന് സ്വന്തം ചിന്തകളിൽ മുഴുകി ഭക്ഷണം കഴിക്കുന്ന രാം, ഏതോ മലഞ്ചെരുവിൽ തനിച്ചിരുന്നുണ്ണുന്ന രാം, എന്നിങ്ങനെ രാമചന്ദ്രന്റെ ഭക്ഷണരംഗങ്ങളാൽ സമൃദ്ധമാണ് ആ ഗാനരംഗം.

രാമചന്ദ്രൻ ഒറ്റയ്ക്കിരുന്ന് ആഹാരം കഴിക്കുന്നതു മാത്രമല്ല Life of Ram ൽ നമ്മൾ കാണുന്നത്. അന്നവും ജലവും പ്രകൃതിയിൽ നിന്ന് നേരിട്ടനുഭവിക്കുന്നതിനോട് അയാൾക്കുള്ള അസാധാരണമായ താൽപര്യവും ആ രംഗങ്ങളിലുണ്ട്. മഴയിലും വെള്ളച്ചാട്ടത്തിലും വാ തുറക്കുന്ന രാമചന്ദ്രനും ആപ്പിൾ ചാടിക്കടിച്ചെടുക്കാൻ ശ്രമിക്കുന്ന രാമചന്ദ്രനും അവിടെയുണ്ട്.

തന്റെ ഭക്ഷണം പങ്കുവെക്കുന്ന രാമാണ് മറ്റൊന്ന്. പ്രാവിനും മാനിനും മുടി വെട്ടുന്ന ബാർബർക്കും വരെ അയാൾ ഭക്ഷണം നീട്ടിക്കൊടുക്കുന്നു. പക്ഷേ ,അപ്പോഴുംആആപ്പിൾചാടിക്കടിച്ചെടുക്കാനാവാതിരുന്ന രാമചന്ദ്രന്റെ നിരാശയുടെ മുഖം ഗാനം ബാക്കി നിർത്തുന്നു.

രാമചന്ദ്രൻ എന്താണ് എന്നതിനെ സിനിമ വ്യക്തമാക്കുന്നത് അയാളുടെ ഭക്ഷണത്തോടുള്ള സമീപനം അവതരിപ്പിച്ചുകൊണ്ടാണ്. 

Life of Ram എന്ന ആദ്യ ഗാനത്തിൽ അവസാനിക്കുന്നില്ല 96 ലെ ഭക്ഷണരംഗങ്ങൾ. തുടർന്നും കഥാപാത്രാവതരണത്തിന് സഹായകമായിക്കൊണ്ട് ഭക്ഷണമെത്തുന്നു. ക്ലാസ് റീ യൂണിയന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഭക്ഷണാഘോഷങ്ങളിലൂടെ സിനിമയുടെ മുഖ്യാന്തരീക്ഷം നിലനിർത്തിയിരിക്കുന്നു.

1994 ൽ ജാനകിക്ക് ചോറ്റുപാത്രം തുറക്കാൻ പ്രയാസമുള്ളപ്പോഴെല്ലാം അത് തുറന്നുകൊടുക്കുകയും അവളുടെ സമൃദ്ധമായ ഭക്ഷണം കണ്ട്, അഥവാ അവൾ സമൃദ്ധമായി ഭക്ഷണം കഴിക്കുന്നതു കണ്ട് സന്തോഷിക്കുകയും ചെയ്യുന്ന രാമചന്ദ്രനെ നമ്മൾ കാണുന്നു. 22 വർഷത്തിനു ശേഷവും ജാനകിയെക്കാണുമ്പോൾ അവൾക്ക് ഭക്ഷണം വിളമ്പി കൊടുക്കാനും, കൈ തുടയ്ക്കാനുള്ള ടിഷ്യൂപേപ്പർ അടക്കം സൂക്ഷിച്ചെടുത്തുവെച്ച് നൽകാനുമുള്ള മാനസികാവസ്ഥയിലാണയാൾ.

അതേസമയം, ജാനകിക്ക് രാമചന്ദ്രന്റെ ഭക്ഷണത്തോടുള്ള സമീപനം അത്തരത്തിലൊന്നല്ല. താൻ കഴിച്ചതിന്റെ ബാക്കി അവന് വെച്ചുനീട്ടുന്നതിലും അവനത് കഴിക്കുന്നതു കാണുന്നതിലും അന്നും ഇന്നുമവൾ ഗൂഢമായി സന്തോഷിക്കുന്നു. രാമചന്ദ്രന്റെ പ്രാപ്തിയില്ലായ്മയെ (തന്റേടമില്ലായ്മയെ)ഭക്ഷണപരാമർശങ്ങളിലൂടെത്തന്നെയാണ് ജാനു പരിഹസിക്കുന്നത്. ജാനകിയുടെ പിറന്നാളിന് ഒരേയൊരു മിഠായി മാത്രമെടുത്ത രാമചന്ദ്രനോട് അവൾ ചോദിക്കുന്നത് പോത്തുപോലെ വളർന്നിട്ട് ഒരു മിഠായി കൊണ്ട് അവന് മതിയാവുമോ എന്നാണ്. സ്കൂളിന്റെ മുകൾനിലയിൽ നിൽക്കുന്ന ജാനകി. താഴേ നിൽക്കുന്ന രാമചന്ദ്രന് സ്കൂൾബാഗും ടിഫിൻ ബാഗും എറിഞ്ഞു കൊടുക്കുന്ന ഒരു രംഗവും സിനിമയിലുണ്ട്. സ്കൂൾ ബാഗ് രാമചന്ദ്രൻ പിടിക്കുന്നു. പക്ഷേ ടിഫിൻ ബാഗ് പിടിക്കാനയാൾക്കാവുന്നില്ല. ജാനകിയാവട്ടെ അവനത് പിടിക്കാനായില്ല എന്നതിൽ പരിഹാസവും ദേഷ്യവും തുറന്നുകാണിക്കുന്നുണ്ട്. മറ്റൊരു രംഗത്തിൽ ഇതേ ടിഫിൻ ബാഗാണ് ജാനകിയെ കാണാനുള്ള തിടുക്കത്തിൽ സ്കൂളിലേക്കിറങ്ങുന്ന രാമചന്ദ്രൻ തന്റെ വീട്ടിൽ മറന്നുവെയ്ക്കുന്നതും. തനിക്കാവശ്യമായ ഭക്ഷണം ചോദിച്ചു വാങ്ങാനോ തട്ടിപ്പറിച്ചെടുക്കാനോ സാധിക്കുന്നവനല്ല രാമചന്ദ്രൻ. അയാൾക്കർഹതപ്പെട്ടതെന്ന് പറഞ്ഞു വെച്ചുനീട്ടിയാൽപ്പോലും വയറുനിറയെ കഴിക്കാൻ അയാൾക്കാവില്ല. രാമചന്ദ്രൻ എന്ന വ്യക്തി എന്തായിരുന്നു എന്ന് സിനിമ പറയുന്നത് ഇവിടെയാണ്.

പക്ഷേ 22 വർഷത്തിനുശേഷം അവർ കണ്ടുമുട്ടിയ രാത്രി രാമചന്ദ്രനിൽ വരുത്തിയ മാറ്റം ചെറുതല്ല. എന്നുമല്ല, വളരെ വലുതുമാണ്. ജാനകിയോടൊപ്പം തന്റെ വീട്ടിലെത്തിയ രാമചന്ദ്രൻ അവൾക്ക് വിശക്കുന്നുണ്ടോ എന്നന്വേഷിക്കാൻ മറക്കുന്നില്ല. അവൾക്ക് വിശപ്പില്ല എന്നു പറഞ്ഞവൾ ഒഴിയുമ്പോൾ തനിക്ക് വിശപ്പുണ്ട് എന്ന് തുറന്നുപറയാൻ അയാൾക്ക് ആ രാത്രി , ആദ്യമായി സാധിക്കുന്നു. അവൾ പാചകം ചെയ്തുണ്ടാക്കിയ ഭക്ഷണം അവരൊന്നിച്ചു കഴിച്ചുകൊണ്ടിരിക്കെ ജാനകി രാമചന്ദ്രനോട് തനിക്ക് എന്തോ പറയണമെന്ന് തോന്നുന്നുണ്ടെങ്കിലും പറയില്ല എന്നൊരു കടങ്കഥമട്ടിൽ പറഞ്ഞുവെക്കുന്നുണ്ട്. അതെന്താണെന്ന് ജാനകി പിന്നീട് പറയുന്നേയില്ല. പക്ഷേ അതിനെത്തുടർന്ന് ' യമുനൈ ആട്രിലെ '

എന്ന ഗാനം അയാൾ ആവശ്യപ്പെടാതെത്തന്നെ ജാനകി പാടുന്നു. തനിക്ക് വിശക്കുന്നു എന്ന് തുറന്നു പറഞ്ഞ രാമചന്ദ്രനു വേണ്ടിയായിരിക്കില്ലേ ജാനകി ആ പാട്ട് പാടിയത്!

ആപ്പിൾ കടിച്ചെടുക്കാനാവാത്ത രാമചന്ദ്രന്റെ മുഖം അയാളുടെ വിർജിനിറ്റിയെയാണ് സിനിമയുടെ തുടക്കത്തിൽ തന്നെ സൂചിപ്പിച്ചത് എന്നിനി പ്രത്യേകം പറയേണ്ടതില്ലല്ലോ. വിശപ്പിന്റെ ആധിക്യത്തിൽ എന്തു വിഷം കിട്ടിയാലും കഴിച്ചുപോകുമെന്നൊക്കെ ആളുകൾ പറയുന്നത് വെറുതെയാണ്. ചില മനുഷ്യരുടെ ചില വിശപ്പുകൾ കിട്ടിയതെന്തും കഴിച്ചതുകൊണ്ടടങ്ങുന്നവയല്ല. അഥവാ മറ്റൊന്നും കിട്ടാത്തതുകൊണ്ടല്ല അവർ വിശപ്പ് തിരഞ്ഞെടുക്കുന്നത്.