മൂന്നാംപക്കത്തിലെ അശോകൻ

Jan-04-2020 05:01 PM

മൂന്നാം പക്കം എന്ന സിനിമയിലെ തിലകന്റെയും ജഗതിയുടെയും അഭിനയത്തെപ്പറ്റി വാതോരാതെ പുകഴ്ത്തുമ്പോൾ അറിഞ്ഞോ അറിയാതെയോ ആണെങ്കിലും പലരും പറയാതെ മിസ് ചെയ്യുന്നതൊന്നാണ് അതിലെ അശോകന്റെ പെർഫോമൻസ്. ജയറാമും റഹ്മാനും ഒക്കെയടങ്ങുന്ന ആ നാൽവർ സംഘത്തിൽ ഏറ്റവും സങ്കീർണമായൊരു തരം ഡിസൈൻ ആണ് പുള്ളിയുടെ കഥാപാത്രത്തിന് ലഭിച്ചത്.ആ കഥാപാത്രത്തിന്റെ യാത്രയിലേക്ക് നമുക്ക് നോക്കാം !

ഭാസ്കർ എന്ന ഫൈനൽ ഇയർ മെഡിക്കൽ കോളേജ് വിദ്യാർത്ഥി പറയുന്നത് കേട്ട് മാത്രം പരിചയമുള്ള ആ നാടും, വീടും, കടലും(അഹേം), കോട്ടയും പിന്നെ എല്ലാത്തിൻറെയുമുപരി ഭാസ്കറിന്റെ പ്രിയപ്പെട്ട അപ്പൂപ്പനെയും ഒന്ന് നേരിട്ട് കാണുക എന്ന ആഗ്രഹം ഒന്നുകൊണ്ട് അവസാന പരീക്ഷ കഴിഞ്ഞു ഭാസ്കറിന്റെ കൂടെ വണ്ടി കേറിയവരാണ് രഞ്ജിത്, ലോപ്പസ്, കൃഷ്ണനുണ്ണി എന്നിവർ. ഇവയെയൊക്കെ നേരിട്ട് കണ്ടപ്പോൾ തങ്ങൾ മനസ്സിൽ കരുതിയതിനെക്കാളൊക്കെ വലുതെന്തോ ആണ് അവർ അനുഭവിച്ചതും രസിച്ചതും ഒക്കെ.

ഇക്കൂട്ടത്തിൽ രഞ്ജിത്ത് എന്ന അശോകന്റെ കഥാപാത്രം ഭാസിയുടെ റൂംമേറ്റ് കൂടെയാണ്. ഭാസി ആരെന്നും, ഭാസി തമ്പിയെന്ന തിലകന്റെ കഥാപാത്രത്തിന് എന്തൊക്കെയായിരുന്നു എന്നും ഒരുപക്ഷെ മറ്റാരേക്കാളും വ്യക്തമായൊരു ധാരണ അയാൾക്കുണ്ടായിരിക്കണം. ചെറുപ്പത്തിലേ സിനിമ എന്ന ചിന്ത മാത്രം ഉള്ളിൽ കൊണ്ട് നടക്കുന്ന വ്യക്തിയാണെങ്കിലും മാതാപിതാക്കളുടെ പിടിവാശി കാരണം സ്റ്റെതെസ്കോപ് കഴുത്തിലിടാൻ വിധിക്കപ്പെട്ടവനാണ് രഞ്ജിത്. പക്ഷെ അപ്പോഴും രഞ്ജിത് തളർന്നില്ല. കൂട്ടുകാരുടെയൊക്കെ കളിയാക്കലുകൾ ആവശ്യത്തിലധികം ലഭിക്കുമെങ്കിലും അയാൾ ഒന്നും മൈൻഡ് ചെയ്യാതെ തന്നെ തന്റെ കാമറ കയ്യിൽ ഒരു പൊന്നോമന എന്ന പോലെ കാമറ കരുതി വെക്കും. ഒരുതരത്തിൽ പറഞ്ഞാൽ ക്യാമറയുടെ കണ്ണെന്നാൽ രഞ്ജിത്തിന്റെ മൂന്നാമത്തെ കണ്ണാണ്. ഭാസിയെയും അയാളുടെ ചുറ്റുമുള്ള ഓരോന്നിനെയും അദ്ദേഹത്തിന്റെ കാമറ കണ്ണുകളിലും അയാൾ പകർത്തും. ആ കണ്ണിലൂടെ തന്നെ അയാൾ ഭാസ്കറിന്റെ നാടും നാടിലെ അന്തരീക്ഷവുമൊക്കെ ആസ്വദിച്ചു. ഭാസ്കറും ഭദ്രയും തമ്മിലുള്ള പ്രണയസല്ലാപവുമെല്ലാം ഭാസ്കരന്റെ ബന്ധുക്കളെയും ബാക്കി കൂട്ടുകാരെയുമൊക്കെ പോലെ തന്നെ അയാളും നിരീക്ഷിക്കുകയായിരുന്നു. അയാൾ അതൊക്കെ ആസ്വദിക്കുന്നുമുണ്ടായിരുന്നു. ഭാസിയും ഭാസിയുടെ അപ്പൂപ്പനും തമ്മിലുള്ള ബന്ധമൊക്കെ കാണുമ്പൊൾ രഞ്ജിത്തിന് വല്ലാത്തൊരു കൗതുകവും സന്തോഷവുമാണ് വന്നത്.ഭാസിയും, രഞ്ജിത്തും, ഒപ്പം ലോപ്പസും, കൃഷ്ണന്കുട്ടിയും കൂടി ആ പാവം അപ്പൂപ്പന് നല്ലൊരു അനുഭവം തന്നെയായിരുന്നു നൽകിയത്. ആ അപ്പൂപ്പനോടൊപ്പം അതൊക്കെ ആസ്വദിച്ചിരുന്ന മറ്റൊരാൾ തന്നെയായിരുന്നു രഞ്ജിത്. ഒടുവിൽ ആ അപ്പൂപ്പൻ തന്റെ സ്വത്തെല്ലാം ഭാസിക്ക് വേണ്ടി എഴുതി വെച്ചപ്പോൾ ആ ചടങ്ങിന് സാക്ഷിയായത് രഞ്ജിത് തന്നെയായിരുന്നു.

അങ്ങനെ എല്ലാം നല്ല രീതിയിൽ പോകുമ്പോളാണ് ഒട്ടും പ്രതീക്ഷിക്കാതെ തന്നെ അത് സംഭവിച്ചത്....

വെക്കേഷന് ടൈമിൽ സ്ഥിരം കളിക്കുവാനും കുളിക്കുവാനുമുള്ള സ്ഥലങ്ങളിൽ ഒന്നായി അവർ കരുതിവെച്ച ആ കടലിൽ വെച്ച് തന്നെ ഭാസിയുടെ മരണവും സംഭവിച്ചു! ഒരു മിനിറ്റു നേരത്തേക്ക് തന്റെ കാമറ റെഡി ആക്കാൻ പോയ നിമിഷമായിരുന്നു പെട്ടെന്ന് ശക്തമായൊരു തിരയടിച്ചതും, ഭാസിയും ലോപ്പസും അതിന്റെ പിടിയിൽ പെട്ടതുമൊക്കെ. ഒരു നിമിഷം രഞ്ജിത് ഭയന്നു. പിന്നീട് അയാൾ വളരെ സൈക്കിക് ആയി നിലവിളിക്കാൻ തുടങ്ങി. എന്തോ ഭാഗ്യത്തിന് കരയിലേക്ക് അല്പം വെള്ളം വയറ്റിലേക്ക് കേറി എന്നതൊഴിച്ചാൽ ഒരു പോറൽ പോലും ലഭിക്കാതിരുന്ന ലോപസ് വന്നപ്പോൾ അയാൾ ഒരു നിമിഷം മിണ്ടാതിരുന്നെങ്കിലും വീണ്ടും കടലിനടുത്തേക്ക് പോയി ഭാസിയെ ഉറക്കെ വിളിച്ചു. ഒന്ന് മുൻപത്തെ പോലെ നിലവിളിച്ച ശേഷം രഞ്ജിത് പൊട്ടിക്കരയുവാനും തുടങ്ങി. തന്റെ വികാരങ്ങളെ എന്തെന്ന് വ്യക്തമായി പുറത്തു വിടാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല.

ഒടുവിൽ ഭാസിയുടെ കാര്യം പറഞ്ഞു കൊണ്ട് പോലീസ് സ്റ്റേഷനിൽ എത്തി അവിടത്തെ പോലീസുകാരോട് തനിക്ക് ജാമ്യമെടുക്കാൻ പറ്റിയ ലോക്കൽ അഡ്രസ് റെയിൽവേ ഡിവിഷണൽ അക്കൗണ്ടന്റ് തമ്പി(ഭാസിയുടെ അപ്പൂപ്പന്റെ പേര് അതാണ്) ആണ് എന്ന് പറയുന്നത് പോലും വിറച്ചിട്ടാണ്. തമ്പിയദ്ദേഹത്തെ ജാമ്യമെടുക്കാനായി വിളിക്കാൻ നിന്ന പോലീസുകാരനോട് "അത് ശരിയാകില്ല, തിരയിൽ പെട്ടത് അദ്ദേഹത്തിന്റെ കൊച്ചുമകനാണ്" എന്ന് പറഞ്ഞപ്പോളുണ്ടായ രഞ്ജിത്തിന്റെ ഉള്ളിലെ ഭയം ആ പോലീസുകാരനും മനസിലായി. അദ്ദേഹത്തെ ഫോണിലറിയിക്കേണ്ട, ഞങ്ങളിലാരെങ്കിലും നേരിട്ട് ചെന്ന് പറയാം എന്നും പറഞ്ഞുകൊണ്ട് രഞ്ജിത്ത് നേരെ തമ്പിയദ്ദേഹത്തിന്റെയാഉത്തേക്ക് എത്തി.

ഇനി വരുന്നത് ഈ സിനിമയിൽ തന്നെ വളരെ പ്രധാനപ്പെട്ട ഒരു രംഗമാണ്. തമ്പിയദ്ദേഹത്തിന്റെ അടുത്തെത്തിയപ്പോൾ രഞ്ജിത്തിന് ഭയം ആണ് ഒരർത്ഥത്തിൽ തന്റെ വിഷമത്തോടൊപ്പമുണ്ടായിരുന്നത്. തന്റെ ആത്മാർത്ഥ സുഹൃത്തിന്റെ വിയോഗം അറിയിക്കുന്ന ചടങ്ങു പോലും അരർത്ഥത്തിൽ അയാൾക്കു ഒരുതരം വെല്ലുവിളിയുയർത്തുകയാണ്. തന്റെ വിഷമത്തോടൊപ്പം ഭാസിയെ പ്രാണനേക്കാളുപരിയെന്നോളം കരുതിയ ആ അപ്പൂപ്പനോട് അത് പറഞ്ഞാൽ അതിനു എങ്ങനെ പ്രതികരിക്കും എന്ന് രഞ്ജിത്തിന് പറയാൻ കഴിയില്ല.തമ്പിയദ്ദേഹത്തിന്റെ മുന്നിലെത്തിയപ്പോൾ രഞ്ജിത്തിന് ഒന്ന് നേരിട്ട് മുഖത്തേക്ക് നോക്കാനുള്ള ധൈര്യം പോലുമില്ല. തൊട്ടടുത്ത് നിന്ന പരിചയമുള്ള ആ പോലീസുകാരനെ കണ്ടപ്പോൾ ആദ്യം വല്ല പേടി കേസുമായിരിക്കുമെന്നു കരുതി വിട്ട തമ്പി പെട്ടെന്ന് രഞ്ജിത്തിന്റെ ഭാവം ശ്രദ്ധിച്ചു. രഞ്ജിത് പിന്നീട് മുഖം നോക്കുക പോലും ചെയ്യാതെ പറഞ്ഞ രീതിയിൽ പോലുമുണ്ട് പ്രേത്യേകത. ഭാസി പോയി എന്നത് ഒറ്റയടിക്ക് പറയാൻ നാവു പൊന്താതെ "ലോപസ് മാത്രമേ തിരിച്ചുവന്നുള്ളു" എന്ന് പറഞ്ഞാണ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്(അത് പറഞ്ഞപ്പോൾ മാത്രമായിരുന്നു പുള്ളിയൊന്നു മുഖത്തേക്ക് നോക്കാൻ തുനിഞ്ഞത് തന്നെ).

അതിനു ശേഷം രഞ്ജിത് ആ വീട്ടിൽ സ്വസ്ഥമായി ഉറങ്ങിയിട്ടില്ല. തന്റെ മൂന്നാം കണ്ണായ കാമറ അയാൾ പിന്നീട് തൊട്ടിട്ടുപോലുമില്ല. പലപ്പോഴും ഉറക്കം ലഭിക്കാതെ അയാൾ ആ കടപ്പുറത്തേക്ക് പോയി നോക്കും. രഞ്ജിത്തിനെ അന്വേഷിച്ചു ലോപ്പസും ഒരുപക്ഷെ പിന്നിൽ വരും. എന്തുകൊണ്ട് രഞ്ജിത്തിന്റെ കഥാപാത്രം ഇവിടെ ലോപ്പസിന്റെയും കൃഷ്ണനുണ്ണിയുടെയും ഒരുതരം മിക്സ് ആയാണ് പെരുമാറുന്നത്. ലോപ്പസിനെപോലെ ബോൾഡ് ആണ് എന്നാൽ കൃഷ്ണനുണ്ണിയെ പോലെ കരയുന്നുമുണ്ട്(ഉള്ളിൽ). ലോപ്പസിന്റെ രംഗങ്ങൾ പലപ്പോഴും രഞ്ജിത്തിന്റെ വിഷമങ്ങൾ അറിയാൻ വേണ്ടി മാത്രമായും ഉപയോഗിച്ചിട്ടുണ്ട്. കോളേജിനടുത്തേക്ക് പോകാനുള്ള ഭയവും, ഭാസിയുടെ ശരീരത്തിന്റെ അവസ്ഥയുമെല്ലാം രഞ്ജിത് ലോപ്പസിനോടാണ് പറയുന്നതൊക്കെ. ഇതിനിടയിൽ ലോപ്പസും ഉള്ളിലെ ദുഃഖം കടിച്ചു പിടിച്ചു വെക്കുന്നു. പിന്നീട് ഭാസിയുടെ ശവം കരയിലേതു അതിനെയും സംസ്കരിച്ച ശേഷം രഞ്ജിത്തും കൂട്ടരും പോകാനൊരുങ്ങുകയാണ്. അതിരാവിലെ ദുഃഖം അന്വേഷിച്ചെത്തുന്നവർ എത്തുന്നതിനു മുൻപേ സ്ഥലം വിടണം എന്ന് ലോപസ് പറഞ്ഞപ്പോൾ പോകുന്നതിനു മുൻപ് തന്റെ ഉറ്റസുഹൃത്തിനോട് യാത്ര പറയാൻ വേണ്ടി ഒരു നിമിഷത്തേക്ക് ആ കടലിലേക്ക് പോകണമെന്നേ അദ്ദേഹം ആവശ്യപ്പെടുന്നുള്ളു. കടലിൽ എത്തിയപ്പോൾ ഇനി അങ്ങോട്ട് ഭാവിയിൽ ചെല്ലാനുള്ള ധൈര്യം തനിക്കില്ല എന്ന് പറയുന്നു.

ഉടനെയാണ് തമ്പിയദ്ദേഹം കൂട്ടരുമായി അവിടെ ചടങ്ങിനെത്തിയത്. രഞ്ജിത്ത് ആ അപ്പൂപ്പനെ നോക്കുന്നത് പോലും കണ്ണീരോടു കൂടെയാണ്. പിന്നീട് ഇനി കണ്ടു നിക്കാൻ കഴിയില്ല എന്നവണ്ണം ലോപ്പസും കൃഷ്ണനുണ്ണിയും മാറി നിന്നപ്പോൾ രഞ്ജിത് മാത്രമാണ് ഒരു നിമിഷം കൂടെ ഒന്ന് നിന്നത്( മുൻപ് ധൈര്യമില്ല എന്ന് പറഞ്ഞ ആളാണിതെന്നു നമ്മൾ ഓർക്കണം!). ആ ഒരു നിമിഷം രഞ്ജിത്തിന് ലഭിച്ചത് താൻ ജീവിതത്തിൽ കണ്ടതിൽ വെച്ചേറ്റവും ക്രൂരമായ ദൃശ്യമായിരിക്കണം. തന്റെ മകനും പിന്നീട് ചേരുമോനും നഷ്ടപെട്ട തമ്പിയദ്ദേഹം ആത്മഹത്യാ ചെയ്യുമെന്ന തക്കവണ്ണം കടലിലേക്ക് നടക്കുന്നത് അയാൾ കണ്ടു. സംഗതിയുടെ ഉദ്ദേശം ശെരിയല്ല എന്ന് മനസിലായി അയാൾ തന്റെ കൂട്ടുകാരെ തിരികെ വിളിച്ചു കൊണ്ട് അദ്ദേഹത്തെ രക്ഷിക്കാൻ കുതിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീടുമുള്ള രഞ്ജിത്തിന്റെ മാനസിക നില ചിന്തിക്കാൻ പോലും ഒരുപക്ഷേ ബുദ്ധിമുട്ടായിരിക്കും.

ഒരർത്ഥത്തിൽ ആ നാലുപേരിലും ഏറ്റവും കോംപ്ലക്സ് ആയ കഥാപാത്രം രഞ്ജിത് ആകാൻ കാരണം ആ ദൃശ്യങ്ങളും ഭാസിയുമായുള്ള അടുപ്പവുമാണ്. ഭാസിയുമായി ഏറ്റവുമടുപ്പമുള്ള കൂട്ടുകാരാണെന്ന നിലയിൽ അയാളുടെ ദുഖവും കൂടുതലാണ്.

ഒരൊറ്റ സിനിമയിൽ അയാളിലുടെ പോകുന്ന ഭാവങ്ങൾ നോക്കാം. തന്റെ സിനിമയെപ്പറ്റിയുള്ള പാഷനെപ്പറ്റി കൂട്ടുകാർ കളിയാക്കുമ്പോൾ ചെറിയ വിഷമവും ചമ്മലുമാണ് അയാൾക്കു. പിന്നീട് ഭാസിയെയും അപ്പൂപ്പൻനെയും ഒരുമിച്ചു കാണുമ്പൊൾ വരുന്നതാകട്ടെ, കൗതുകം ചേർന്നുണ്ടായ ഒരുതരം അസൂയയും. പിന്നെ ഞാൻ പറഞ്ഞപോലെ ഭയവും, ദുഖവും ഒക്കെ ചേർന്നുള്ള വികാരങ്ങളും.

ഇതിനോടകം മെൻഷൻ ചെയ്യേണ്ടത് പദ്മരാജന്റെ കാസ്റ്റിംഗ് ബ്രില്ലിയൻസ് ആണ്. കൂട്ടത്തിൽ പുതുമുഖമായ അജയന് കൃഷ്ണനുണ്ണിയുടെ വേഷവും, കൂട്ടത്തിൽ അന്ന് സ്റ്റാർ വാല്യൂ കൂടുതലായിരുന്നു റഹ്മാന് ലോപ്പസിനെ വേഷവും കൊടുത്തു( അതുകൊണ്ടു തന്നെയാകണം 'സബ്ജെക്ട് കഥാപാത്രം' ആയ ഭാസിയുടെ കൂടെ പോലും ഒരു ലീഡർ എന്ന വിധത്തിലുള്ള മാനറിസം അയാൾക്കു ലഭിച്ചത്). ഒറ്റപടം കൊണ്ടാണെങ്കിലും പ്രിയപെട്ടവനായി മാറിയ ജയറാമിന് ഭാസിയുടെ വേഷവും നൽകി.

ഭാസി എന്ന കഥാപാത്രത്തിന്റെ വിയോഗം ഉണ്ടാക്കിയ വിഷമവും അതുകൊണ്ടു തമ്പിയദ്ദേഹത്തിനുണ്ടായ ആഘാതവുമാണ് പടത്തിന്റെ കഥാതന്തു എന്ന് പറയാതെ തന്നെ അറിയാമല്ലോ! ആ ആഘാതം പ്രേക്ഷകരിലേക്കെത്തിക്കുവാൻ ഏറ്റവും പ്രധാനമായി ഉപയോഗിച്ച ഒബ്ജെക്ട്സ് അതായത് കഥാപാത്രങ്ങൾ ഭാസിയുടെ കൂട്ടുകാർ ആയിരുന്നു. ആ കൂട്ടുകാരിൽ ഏറ്റവും കൂടുതൽ അഭിനയസാധ്യത ഉണ്ടായിരുന്ന രഞ്ജിത്തിന്റെ കഥാപാത്രം ചെയ്യാൻ വിളിച്ചതോ, കൂട്ടത്തിൽ അഭിനയശേഷികൊണ്ടും, സിനിമ ജീവിതത്തിലെ അനുഭവസമ്പത്തുകൊണ്ടും വളരെ മുന്നിൽ കിടക്കുന്ന അശോകനെയും!

ഒറ്റപടത്തിന്റെ ബലത്തിൽ സിനിമയിൽ ഭാവി വാഗ്ദാനമെന്ന പേര് ലഭിച്ച ജയറാം, കാര്യമായി അഭിനയസാധ്യതകൾ നോക്കാതെ ഡാൻസും റൊമാന്സും ചെയ്തു സ്വന്തം ശബ്ദം പോലുമുപയോഗിക്കാതെ പിടിച്ചു നിന്ന റഹ്മാൻ, എന്ന പദ്മരാജന്റെ മറ്റു ശിഷ്യന്മാരെ പോലെയല്ലായിരുന്നു അശോകൻ. അടൂർ, കെജി ജോർജ് അടക്കം പല സംവിധായകരും നല്ല രീതിയിൽ പിടിച്ചു പഠിപ്പിച്ചു വിട്ട അഭിനയ പാഠങ്ങൾക്കും ഉടമയായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെയാണ് പദ്മരാജൻ കാര്യമായ അഭിനയനിമിഷങ്ങൾ ഇല്ലാതിരുന്ന ഭാസിയുടെ വേഷം പോലും കൊടുക്കാതെ ഇത്തരമൊരു വേഷം കൊടുത്തതെന്ന കാര്യത്തിൽ സംശയമില്ല. കാരണം, പദ്മരാജന്റെ പെരുവഴിയമ്പലം എന്ന തന്റെ ആദ്യ ചിത്രത്തിൽ നിന്നും മൂന്നാം പക്കത്തിലേക്കെത്തിയപ്പോൾ അശോകൻ എന്ന നടന് വയസു ഒൻപത് തികഞ്ഞിരുന്നു.

He is one of the most under explored actor in malayalam cinema.

© Amal John | Cinema Paradiso Club