അവതാര്‍ സിനിമയും ഹിന്ദുയിസവും

Jan-07-2019 09:01 AM

വാണിജ്യപരമായും സാങ്കേതികമായും ലോകത്തിലെ ഒരുപക്ഷെ ഏറ്റവും വലിയ "ബ്രഹ്മാണ്ട" സിനിമ തന്നെയാവും ജെയിസ് കാമറൂണ്‍ സംവിധാനം ചെയ്ത അവതാര്‍ . സിനിമയുടെ കലാപരമായ മേന്മയെ പറ്റിയും ഒരു പാരലെല്‍ യൂനിവേര്സ് തന്നെ സൃഷ്ട്ടിച്ച സംവിധായകന്‍റെ സര്‍ഗാത്മകതയെ പറ്റിയും അതില്‍ ഉപയോഗിച്ച ടെക്നോളജിയെ പറ്റിയും ധാരാളം ചര്‍ച്ചകള്‍ വന്നിട്ടുള്ളതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല. എന്നാല്‍ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള കോണ്‍ഫ്ലിക്റ്റ് എന്ന ബേസിക്ക് തീമില്‍ വരുന്ന സിനിമ മുന്നോട്ട് വക്കുന്ന സൂചനകളില്‍ മതം, ആത്മീയത, സാമ്രാജ്യവിരുദ്ധത, കോര്‍പറേറ്റ് കൊതി പിന്നെ അവസാനമായി അമേരിക്കയുടെ ചെയ്തികളെ തന്നെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. എന്നിരുന്നാലും ഹിന്ദു മിത്തോളജി തന്നെ സ്വാദീനിചിട്ടുണ്ട് എന്ന തുറന്നു പറഞ്ഞ സംവിധായകന്‍ സിനിമയില്‍ ഉപയോഗിച്ച സന്ദര്‍ഭങ്ങളിലും പാത്രരൂപീകരണത്തിലും എത്രത്തോളം അതുണ്ടെന്ന ഒരന്വേഷണം ആണ്

1. "അവതാര്‍" എന്ന സംസ്കൃത നാമം തന്നെയാണ് സിനിമക്ക്. ഏറ്റവും പ്രത്യക്ഷമായ ഹൈന്ധവചിച്നം തന്നെയാണത്. ആ സങ്കല്‍പ്പത്തില്‍ ഒരു പ്രത്യേക ഉദ്ദേശം വച്ച് കാലാകാലങ്ങളില്‍ മനുഷ്യരൂപം ആയി പിറവി എടുക്കുന്ന എടുക്കുന്ന ദൈവത്തിന്‍റെ നിര്‍വചനമാണത്. യാദൃശ്ചികമാണെങ്കില്‍ കൂടി ജേക്ക് സള്ളി അവതാരമാവുകയും പിന്നീടുള്ള ദൌത്യത്തിലെക്കുള്ള യാത്ര ആണ് "അവതാര്‍" സിനിമ.

2 . നാവി ഗ്രീറ്റിംഗ് - I See You എന്ന് സംബോധന ചെയ്തുകൊണ്ടാണ് നാവി മറ്റൊരാളെ ഉപചാരം ചൊല്ലുക. ഞാന്‍ കാണുന്നു എന്നര്‍ത്ഥം വരുന്ന ഇതിന്‍റെ മറ്റൊരു രൂപമാണ് "നമസ്തെ". യഥാക്രമം തര്‍ജമ ചെയ്‌താല്‍ "ഞാന്‍ നിന്നിലെ ദൈവീകതയെ കാണുന്നു " എന്ന് വരും. നെയ്ട്രി ജേക്ക് സള്ളിയെ അപ്പൂപ്പന്‍ താടി പോലെയുള്ള ട്രീ ഓഫ് സോള്‍ ന്‍റെ വിത്തുകള്‍ കൊണ്ട് മൂടപെട്ട നിലയില്‍ കാണുമ്പോള്‍ അവനില്‍ എന്തോ "divine power" ഉണ്ടെന്ന തിരിച്ചറിവില്‍ പറയുന്നത് ശ്രദ്ധിക്കുക.

3 .നിറം - നാവികള്‍ നീല നിറമാണ്. മുപ്പത്തിമുക്കോടി ദൈവകള്‍ ഉണ്ടെന്നു പറയുന്ന ഹിന്ദു സംസ്ക്കാരത്തില്‍ ഏറ്റവും ആരാധിക്കപെടുന്ന ചിലര്‍ ആയ രാമനും, കൃഷ്ണനും പിന്നെ ചില ദേവതകളും ഒക്കെ ചിത്രങ്ങളിലും പുരാണങ്ങളിലും കണ്ടും കേട്ടും അറിഞ്ഞ സ്ഥിതിക്ക് അവര്‍ക്ക് "നീല" നിറമാണ്. ജെയിസം കാമറൂണ്‍ ഇത് ഏതോ അഭിമുഖത്തില്‍ സമ്മതിച്ചതായും കാണുന്നുണ്ട്.

4 .തിലകം - നാവികളുടെ മുഖത്ത് സൂക്ഷിച്ചു നോക്കിയാല്‍ കാണാവുന്ന തിളങ്ങുന്ന മൂന്നു കുത്തുകള്‍ നെറ്റിയില്‍ കാണാം. കുറി തൊടുന്നതും മറ്റും ഹൈന്ദവസങ്കല്‍പ്പങ്ങളുടെ ഭാഗമായ ദൈവങ്ങളിലും അതിനെ പിന്തുടരുന്ന വിശ്വാസികളിലും കാണാം. ഇതും യാദൃശ്ചികമായി വന്നതാകാന്‍ സാധ്യതയില്ല.

5. വാഹനം - ഹിന്ദു ദൈവങ്ങള്‍ പൊതുവേ "വാഹന" പ്രിയര്‍ ആണ്. മുരുഗന് മയില്‍, ഗണപതിക്ക് എലി അങ്ങനെ പലര്‍ക്കും യാത്രാനിവാരണത്തിനും ആജ്ഞാനുവര്‍ത്തിയായും ഓരോ മൃഗങ്ങളോ പക്ഷികളോ ഉണ്ടാകും. നാവികളും "ഇക്രാന്‍" എന്ന് വിളിക്കപെടുന്ന പറക്കാന്‍ കഴിവുള്ള ജീവികളെ മെരുക്കിയെടുത്ത് തങ്ങളുടെ വാഹനമാക്കുന്നുണ്ട്. വിഷ്ണുവിന്‍റെ വാഹനമായ ഗരുടനില്‍ നിന്ന് ഇക്രാന്‍ പ്രചോദനം എടുത്തു എന്ന് നിരൂപിക്കുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു.

6 .അവതാര പിറവി - വിഷ്ണുവിന്‍റെ പത്ത് അവതാരങ്ങളില്‍ കുറച്ചു സൂത്രശാലി എന്ന് പറയാവുന്ന ഒന്നാണ് സ്ത്രീ വേഷത്തില്‍ എടുത്ത മോഹിനി. വിലപിടിപ്പുള്ള "അമൃതം" കൈക്കലാക്കാന്‍ വേണ്ടി പാലാഴി കടഞ്ഞ ദേവന്മാരും അസുരന്മാരും തര്‍ക്കം വന്നപ്പോള്‍ ഉണ്ടായ അവതാരം. ഇവിടെയും RDA കമ്പനി വിലപിടിച്ച "unobtanium" ഖനനം ചെയ്യുമ്പോള്‍ നാവികളുമായി തര്‍ക്കത്തില്‍ ആണ് എക്സോ ബയോളജിസ്റ്റ് ആയ ഗ്രേസിന്റെ നേതൃത്തത്തില്‍ "അവതാര്‍" എന്ന പ്രോഗ്രാം വരുന്നത്.

7 .ദൈവിക ശബ്ദം /പാട്ട് - എയ്വ യുടെ എന്ന് കരുതപെടുന്ന പാട്ട് വച്ചാണ് നാവികള്‍ കാലഗണനം ചെയ്യുന്നത്. നെയ്ത്രി ജെക്കിനോട് മുതുമുത്തച്ചന്‍ ടരൂക് മക്ടോ എന്ന ഭീമാകാരനായ "ഇക്രാനെ" മെരുക്കിയത് സംബന്ധിച്ച് "and only five have managed that feat since the time of the First Songs" എന്ന് പറയുന്നുണ്ട്. എന്‍റെ നിരീക്ഷണത്തില്‍ ഒരു ശബ്ദം കേട്ട സമയം എന്ന് വരുന്ന കാലനിര്‍ണ്ണയം. ഹൈന്ദവ സങ്കല്‍പ്പത്തിലെ പുരാണങ്ങളിലെ "അശരീരിയും" പിന്നെ കോസ്മിക്ക് സൌണ്ട് എന്ന് വിശേഷിപ്പിക്കാവുന്ന "ഓംകാര" ധ്വനിയും ഒക്കെ ഈ ഒരു divine song എന്ന സംഗതിയോടു ചേര്‍ത്ത് വായിക്കാവുന്നതാണ്.

8 .എയ്വ എന്ന ദേവത - ദേവത അല്ലെങ്കില്‍ സ്ത്രീ ദൈവം എന്ന സങ്കല്പം ഹിന്ദുക്കള്‍ക്ക്‌ ധാരളമുണ്ട്. ഗ്രീക്ക് പുരാണങ്ങളില്‍ ഒക്കെ goddess ഉണ്ടെങ്കിലും നമ്മുക്ക് പരിചിതമായ സെമിറ്റിക്ക് മതങ്ങളില്‍ അത് കേട്ടിട്ടില്ല (അറിവ് തെറ്റാണെങ്കില്‍ തിരുത്താം). അത്തരത്തില്‍ സര്‍വ ചരാചരങ്ങളും ഉള്ക്കൊള്ളുന്ന ഒരു "ദേവത" ആണ് നാവികള്‍ക്ക് Eywa.

9 .ഹോം ട്രീ - ധാരാളം unobtanium ഡപ്പോസിറ്റ് ഉണ്ടെന്നു കരുതപെടുന്ന നാവികളുടെ ഹോം ട്രീ. സിനിമയുടെ അവസാനം നശിപിക്കപെടുന്ന ഈ വലിയ മരത്തിനു ഹൈന്ദവസങ്കല്‍പ്പത്തില്‍ പ്രാധാന്യം ഉള്ള "ആല്മര" ത്തോടാണ് സാമ്യം. വലിയ വിസ്തൃതിയും ഉയരവും രൂപഘടനയും ശ്രദ്ധിക്കുക.

10 .പരകായ പ്രവേശം - മറ്റൊരു കോണ്‍സപ്റ്റ് ആയ കൂട് വിട്ടു കൂട് മാറല്‍ . സിനിമയുടെ അവസാനത്തോടെ ജേക്ക് തന്‍റെ മനുഷ്യരൂപം (ബോഡി) ഉപേക്ഷിച്ചു Eywa യുടെ സഹായത്താല്‍ നാവി ബോഡിയില്‍ കേറുന്ന പ്രക്രിയ. ശരീരം വിട്ടു ആത്മാവ് മറ്റൊരു ശരീരം തെടിപോകുന്ന അവസ്ഥകള്‍ പുരാണങ്ങളില്‍ കേട്ട് ശീലിച്ചിട്ടുണ്ട്.

11. വസുദൈവകുടുംബകം - ഉപനിഷത്തില്‍ ഈ കണ്‍സെപ്റ്റ് പ്രകാരം എല്ലാ ജീവജാലങ്ങളും ഒരു കുടുംബമാണ് . ഗ്രേസിന്റെ വാക്കുകള്‍ കടമെടുത്താല്‍ " It's a network - a global network.What we think we know - is that there's some kind of electrochemical communication between the roots of the trees. Like the synapses between neurons." എല്ലാ ചരാചരങ്ങളും പരസ്പരം ബന്ധപെട്ടു കിടക്കുന്നതിന്റെയും എല്ലാം ഒന്നാണെന്നും ഉള്ള സങ്കല്പം.

ചികഞ്ഞു നോക്കിയാല്‍ ഇനിയും കാണാവുന്ന ധാരാളം ഹൈന്ദവ ചിഹ്നങ്ങള്‍ ഉണ്ടായേക്കാം. സംവിധായകന്‍റെ ഹിന്ദുയിസത്തോടുള്ള താത്പര്യം വച്ച് നോക്കുമ്പോള്‍ ഇതൊന്നും യാദൃശ്ചികമായി കാണാനും പറ്റുന്നില്ല. ഇത് മതപരമായോ പോസ്റ്റോ മതത്തെ പ്രകീര്‍ത്തിക്കുന്ന ആർട്ടിക്കിൾ  അല്ല. സിനിമയുടെ ടൈറ്റില്‍ ആയ "അവതാര്‍" എന്ന സംസൃത വാക്ക് തേടി പോയപ്പോള്‍ റിസര്‍ച് ചെയ്തപ്പോള്‍ കിട്ടിയതും എന്‍റെ സ്വന്തം നിരീക്ഷണങ്ങളും സമാഹരിച്ചു എഴുതിയത് ആണ്.

നന്ദി.

© Sreehari Swara