വസ്ത്രാലങ്കാരത്തിന്റെ "സ്വദേശി" വത്ക്കരണം | Bhanu Athaiya

Jan-07-2019 09:01 AM

ആറു പതിറ്റാണ്ടോളം ഹിന്ദി സിനിമയിലെ നായികാനായകന്മാരെ "തുണിയുടുപ്പിച്ച" ഭാനു അത്തയ്യയുടെ അഭിമുഖത്തിലെ ചില ഉദ്ധരിണികള്‍ ആണിത്. അതെ 82 ലെ "ഗാന്ധി" സിനിമയിലെ വസ്ത്രാലങ്കാരത്തിന് ഓസ്ക്കാര്‍ ലഭിച്ച ആദ്യത്തെ ഇന്ത്യാക്കാരി. പിരീഡ് സിനിമയിലോ അല്ലെങ്കില്‍ മിത്തോളജി - ഫാന്ടസി സിനിമകളില്‍ മാത്രമേ "വസ്ത്രാലങ്കാര" ത്തിന് പ്രാധാന്യമുള്ളൂ എന്ന ഭൂരിപക്ഷ ചിന്ത മാറ്റിയെഴുതിയ സ്ത്രീ. വസ്ത്രാലങ്കാരത്തെ "വസ്ത്രകല"യായി കണ്ടവര്‍. ചരിത്ര സിനിമകളിലോ പുരാണ സിനിമകളിലോ ഒക്കെയല്ലേ കാലദേശാനുശ്രണമായി കോസ്റ്റ്യൂം റിസര്‍ച് ചെയ്ത് ഡിസൈന്‍ ചെയ്യേണ്ടതുള്ളൂ എന്നൊരു പൊതുധാരണ ഉണ്ടെന്നു തോന്നുന്നു. എന്നാല്‍ ഒരു സാദാ ഡ്രാമയില്‍ പോലും ഭാനു അത്തയ്യ നേരത്തെ പറഞ്ഞ പാത്രരൂപീകരണത്തില്‍ കോസ്റ്റ്യൂം ഡിസൈന്‍ന് എത്ര മാത്രം പങ്കുണ്ടെന്ന് അവര്‍ ഭാഗഭാക്കായ അവരുടെ പേര്‍സണല്‍ ഫേവറിറ്റ് സിനിമകളില്‍ ഒന്നായ "സ്വദേശ്" ലൂടെ ഒന്ന് വിവരിക്കാന്‍ ശ്രമിക്കാം.

ഷാരൂക് ഖാന്‍റെ "മോഹന്‍" എന്ന കഥാപാത്രം നാസയില്‍ ജോലി ചെയ്യുന്ന ഒരു NRI ആണ്. ഹോളിവുഡ് സിനിമകള്‍ കണ്ടാല്‍ അറിയാം അമേരിക്കയിലെ ഓഫീസുകളില്‍ corporate ettiquette ന്‍റെ ഭാഗമായുള്ള ഡ്രസ്സ്‌ കോഡ് പൊതുവില്‍ ലൈറ്റ് ബ്ലൂ/ വൈറ്റ് ഷര്‍ട്ടുകള്‍ , സ്ട്രയിപ്പ്സ്/ചെക്സ് ആണെങ്കില്‍കൂടി വല്ലാത്ത പലപളപ്പില്ലാത്തവ, കറുപ്പ്/ഗ്രേ/ക്രീം പാന്‍റ്സ് ഒക്കെയാണ് പതിവ്. മോഹന്‍റെ വസ്ത്രങ്ങളും ഇത്തരത്തില്‍ ഉള്ളവയാണ്. ഇന്ത്യയിലേക്ക് വന്നിട്ടും പെട്ടെന്ന്‍ താന്‍ ശീലിച്ച ഡ്രസ്സ്‌ കോഡ് മാറ്റുന്നില്ല. ഉത്തരേന്ത്യയിലേക്ക് ആണ് തന്‍റെ വരവ് എന്നറിയുന്ന മോഹന്‍ കോട്ടന്‍ ശ്രേണിയില്‍ ഉള്ളയവയാണ് കൂടുതലും ധരിക്കുന്നത് . കാരവനിലുള്ള യാത്രയും ജീവിതവും ആവുമ്പോള്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ആയ ജീന്‍സും ചില സീനുകളില്‍ കാണിക്കുന്നുണ്ട്. ബ്ലെസേര്സോ ജാക്കെറ്റോ ഒന്നും ഇല്ല. മാത്രമല്ല അയാള്‍ എപ്പോഴും ഷര്‍ട്ട്‌ "ടക്ക് ഇന്‍" ചെയ്താണ് നടക്കാറ്. ഏറ്റവും റിയലിസ്റ്റിക് എന്ന് തോന്നിയ മറ്റൊരു കാര്യം കോസ്റ്റ്യൂം ആവര്‍ത്തനം ആണ്. മോഹന്‍ നാസയിലും മറ്റും ഇടുന്ന ചുവന്ന ചെക്സ് ഷര്‍ട്ട്‌, ഇളം നീല ഷര്‍ട്ട്‌, സ്ട്രയിപ്പ്സ് ഉള്ള ഡാര്‍ക്ക് ബ്ലൂ ഷര്‍ട്ട്‌ ഇന്ത്യയിലും ധരിക്കുന്നുണ്ട്. അല്ലാതെ ഓരോ സീനിലും ഓരോ ഡ്രസ്സ്‌ എന്ന ക്ലീഷേ ബോളിവുഡ് ആഡംബരം സിനിമയില്‍ ഇല്ല എന്നുള്ളത് ശ്രദ്ധേയം ആണ്. 

മോഹന്‍റെ ലവ് ഇന്‍റെറസ്റ്റ്‌ ആയ ഗായത്രി ജോഷിയുടെ "ഗീത" എന്ന കഥാപാത്രം വിദ്യാസമ്പന്നയാണ്. സ്വന്തമായി ജോലി ചെയ്ത് ജീവിക്കുന്ന പാരമ്പര്യങ്ങളില്‍ അഭിമാനിക്കുന്ന സെല്‍ഫ് എസ്റ്റീം ഉള്ള യുവതി. അദ്ധ്യാപനവൃത്തി സ്വീകരിച്ച ഗീത ജോലി സ്ഥലത്തും പുറമെയും കൂടുതലും സാരിയില്‍ ആണ്. വളരെ മിനിമല്‍ എന്ന് തോന്നിപ്പിക്കുന്ന മാച്ചിംഗ് ആയ ബ്ലൌസും സാരിയുടെയും മറ്റും ഡിസൈന്‍. വീട്ടിലും രാത്രിയിലും മറ്റും മാത്രമാണവര്‍ ചുരിദാര്‍ ധരിക്കുന്നത്. അതും നേരത്തെപറഞ്ഞ പോലെ ഫ്ലാഷി അല്ലാത്ത കണ്ണിന് കുളിര്‍മയുള്ള മയത്തില്‍ ഉള്ള കളറുകള്‍ ആണ് അധികവും. വലിയ വലിയ ആഗ്രഹങ്ങള്‍ ഒന്നും ഗീതക്കില്ല. വസ്ത്രധാരണരീതിയിലും പെരുമാറ്റത്തിലും അവര്‍ സിമ്പിള്‍ ആണ് ബട്ട്‌ പവര്‍ഫുള്‍ (സ്വാഭിമാനി ആണ്)..

കിഷോറി ജലാല്‍ അവതരിപ്പിക്കുന്ന മോഹന്‍റെ ആയ "കാവേരി അമ്മ". "കാവേരി" എന്ന പേരിലും "അമ്മ" എന്ന് അഭിസംബോധന ചെയ്യുന്ന രീതിയിലും അവര്‍ ഒരു ദക്ഷിണേന്ത്യന്‍ കണക്ഷന്‍ തോന്നിപ്പിക്കുന്നുണ്ട്. അത് ശരി വക്കുന്ന രീതിയില്‍ എന്നോണം ഒരു മദ്ധ്യവയസ്ക്ക ധരിക്കാന്‍ ഇഷ്ട്ടപെടുന്ന പച്ചയോ ഓറഞ്ചോ പ്ലയിന്‍ സാരികള്‍; പക്ഷെ കസവ് എന്ന് തോന്നിപ്പിക്കുന്ന കരയുള്ളത്. തമിഴ് നടി മനോരമയുടെ ഒക്കെ ഒരു ലുക്ക് വസ്ത്രധാരണത്തില്‍ തോന്നിപ്പിക്കുണ്ട്. സ്നേഹവും വാത്സല്യവും എപ്പോഴും മുഖത്ത് തോന്നിപ്പിക്കുന്ന പ്രകൃതവും വസ്ത്രങ്ങളും.

ഇവര്‍ മൂന്നു പേരും സിനിമയില്‍ നല്ല പ്രാധാന്യം ഉള്ളതുകൊണ്ട് മാത്രം വിഷയം അവരിലേക്ക് മാത്രമായി ചുരുക്കിയത്. സിനിമയില്‍ ഒരു സീനില്‍ പോലും വരുന്ന വെള്ളം വില്‍ക്കുന്ന ബാലനായാലും ബള്‍ബ്‌ കത്തുമ്പോള്‍ ചിരിക്കുന്ന മുത്തശ്ശിയായാല്‍ പോലും ഭാനു അത്തയ്യയുടെ മികവ് പ്രകടമാണ്. കോസ്റ്റ്യൂം ആവര്‍ത്തനം ഈ മൂന്നു കഥാപാത്രങ്ങളിലും നമ്മുക്ക് കാണാന്‍ കഴിയുന്നുണ്ട്. ഓസ്ക്കാര്‍ അത്തയ്യക്ക് എത്ര മാത്രം അര്‍ഹമാണെന്ന് ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ തരിമ്പ്‌ പോലും അവശേഷിക്കാതെ ആ സംശയം ഇല്ലാതാക്കിയിരിക്കുകയാണ് അവര്‍ തന്‍റെ സിനിമകളിലെ വസ്ത്രാലങ്കാരത്തിലൂടെ. അഭിമാനിക്കാം അവരെ ഓര്‍ത്ത്.