CPC CINE AWARDS 2018 - SPECIAL HONORARY AWARD

Jan-23-2019 06:01 AM

സിനിമ ഒരു സാങ്കേതിക വിദ്യയില്‍ നിന്നും കലാരൂപമായി പരിണമിച്ച കാലം മുതല്‍ക്കേ പ്രേക്ഷകരെ ത്രസിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്തൊരു മേഖലയാണ് സിനിമയിലെ സംഘട്ടന രംഗങ്ങൾ‍. ശബ്ദവിന്യാസങ്ങളുടെയും സംഭാഷണങ്ങളുടെയും അഭാവത്തിൽ ചാർളി ചാപ്ലിനും, ബസ്റ്റർ കീറ്റനും അടക്കമുള്ള ഇതിഹാസങ്ങൾ ജനലക്ഷങ്ങളുടെ കയ്യടിവാങ്ങിക്കൂട്ടിയത്തിനു പിന്നിൽ ഇന്നും നാം അത്യത്ഭുതത്തോടേ കണ്ടു കയ്യടിക്കുന്ന സംഘട്ടന രംഗങ്ങളുടെ പങ്കു ചെറുതായിരുന്നില്ല.

ധീരതയുടെ പ്രതീകമായ ഇഷ്ടനായകന്മാര്‍വായുവിലൂടെ പൊങ്ങിപ്പറന്നും, ആയുധപ്രയോഗങ്ങളിലൂടെയും, ശത്രുപക്ഷത്തെ എതിരിട്ട് വിജയം കൈവരിക്കുന്ന രംഗങ്ങള്‍ക്ക് പ്രേക്ഷകര്‍കയ്യടിയുടെയും ആര്‍പ്പു വിളികളുടെയും അകമ്പടി നല്കുമ്പോൾ, അവയുടെയെല്ലാം പിന്നില്‍ ചോരയും നീരുമുള്ള ഒരു കൂട്ടം മനുഷ്യരുടെ അദൃശ്യ സാന്നിദ്ധ്യമുണ്ടായിരുന്നു.

മുഖ്യധാരാ സിനിമാ ലോകത്തെ അരികു ജീവിതങ്ങളായിരുന്ന ആ മനുഷ്യര്‍, സ്വന്തം ജീവന്‍ പണയം വെച്ചും ശാരീരികവും മാനസികവുമായ ആഘാതങ്ങളെ തൃണവല്‍ക്കരിച്ചും സിനിമയുടെ പൂര്‍ണ്ണതയ്ക്ക് വേണ്ടി രാപകല്‍വ്യത്യാസമില്ലാതെ അദ്ധ്വാനിച്ചു പോന്നു.

വെള്ളിത്തിരയിലെ നിഴല്‍ രൂപങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ മനുഷ്യർ, അഥവാ 'സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകൾ‍' എന്നറിയപ്പെട്ടിരുന്ന അവർക്ക് മലയാള സിനിമയിൽ ആദ്യമായി വ്യക്തമായ മേല്‍വിലാസവും ആത്മാഭിമാനവും ലഭിക്കാൻ കാരണക്കാരനായ ഒരു കലാകാരനുണ്ട്…സംഘട്ടനം എന്ന ടൈറ്റില്‍ കാര്‍ഡ് കാണുമ്പോൾ മലയാളി പ്രേക്ഷകർ‍ആദ്യമായി കയ്യടിച്ചതും ആ തമിഴ്നാട്ടുകാരന്റെ പേരിനായിരുന്നു.

തലമുറകൾ അദ്ദേഹത്തെ 'ത്യാഗരാജൻ മാസ്റ്റർ' എന്നു വിളിച്ചു.

മലയാള സിനിമയുടെ ആദ്യകാല സ്റ്റണ്ട് മാസ്റ്ററായിരുന്ന പുരുഷോത്തമൻ എന്ന പുലികേശിയുടെ സഹായിയായി 1950കളിലാണ് ത്യാഗരാജൻ മാസ്റ്റര്‍ സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്.സംഘട്ടന സഹായിയായും നായകന്‍മാരുടെ ബോഡി ഡബിൾ ആയും നിരവധി സിനിമകളിൽ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ച അദ്ദേഹം സ്വതന്ത്രമായി സംഘട്ടന സംവിധാനം നിര്‍വ്വഹിച്ചു തുടങ്ങിയത് മെറിലാന്‍ഡ് നിര്‍മ്മിച്ച് പി സുബ്രഹ്മണ്യം സംവിധാനം ചെയ്ത "പ്രിയതമ" എന്ന സിനിമയിലൂടെയാണ്. സിനിമയിലെ സംഘട്ടനങ്ങള്‍ക്ക് തന്റേതായ ഒരു ശൈലി കൊണ്ടു വരാന്‍ പ്രയത്നിച്ചിരുന്ന ത്യാഗരാജന്‍ മാസ്റ്റർ അതോടൊപ്പം തന്നെ, ഒരോ നായകന്‍മാരുടെയും ശരീര ചലനങ്ങള്‍ക്ക് അനുസൃതമായ ഫൈറ്റുകള്‍ഒരുക്കുവാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളത്തിലെ മുന്‍നിര സംവിധായകരുടെയും നടന്‍മാരുടെയും സിനിമകളിലെ അവിഭാജ്യ ഘടകമായും, വിജയ സമവാക്യത്തിലെ പ്രധാന പങ്കാളിയായ് മാറാനും മാസ്റ്റര്‍ക്ക് കഴിഞ്ഞു. 

മാറുന്ന കാലത്തിനും ആസ്വാദന ശീലങ്ങള്‍ക്കുമൊപ്പം സംഘട്ടനശൈലി നവീകരിച്ചു കൊണ്ടേയിരിക്കാന്‍കഴിഞ്ഞത് കൊണ്ടാണ് മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി 2000ൽ പരം സിനിമകളുടെ സംഘട്ടന സംവിധാനം നിര്‍വ്വഹിക്കാന്‍ മാസ്റ്റര്‍ക്ക് സാദ്ധ്യമായത്.

1966-ലെ "പ്രിയതമ" തുടങ്ങി ‍ഇപ്പോൾ ഷൂട്ടിങ് നടക്കുന്ന പ്രിയദർശ്ശൻ ചിത്രം "മരക്കാർ - അറബിക്കടലിന്റെ സിംഹം" വരെ തുടർന്ന് പോരുന്ന ചലച്ചിത്ര സപര്യയുടെ ലഘുവായ ഒരു പരിച്ഛേദം തന്നെ ആവേശോജ്വലമാണ്‌.

300ൽ പരം ചിത്രങ്ങൾ പ്രേം നസീറിന്റെ സംഘട്ടന രംഗങ്ങളിലെ ഗുരുവായും പലപ്പോഴും ശരീരം തന്നെയായും മാറിയ, ജയനെ ആക്ഷൻ ഹീറോ ആക്കുന്നതിൽ പ്രധാന പങ്കു വഹിച്ച, 1980-2000 കാലഘട്ടങ്ങളിൽ മലയാളികളെ ആവേശം കൊള്ളിച്ച മൂന്നാം മുറ , ദൗത്യം , ഒരു വടക്കൻ വീരഗാഥ, പിൻഗാമി , സ്പടികം, തുടങ്ങിയ ചിത്രങ്ങളുടെ തീപാറുന്ന സംഘട്ടനങ്ങൾ ഒരുക്കിയ മാസ്റ്ററുടെ ജീവിതം ഒരു തരത്തിൽ മലയാള സിനിമയുടെ തന്നെ ചരിത്രമാണ്. 

Image Credits : Mathrubhumi

ത്യാഗരാജൻ എന്ന പേര് മാറ്റി നിര്‍ത്തിക്കൊണ്ടുള്ള മലയാള സിനിമയുടെ ഒരു ചരിത്രമെഴുത്ത് അപൂര്‍ണ്ണവും നീതിരഹിതവും ആയിരിക്കുമെന്നതിനാൽ, 2018-ലെ CPC Special Honorary Award ത്യാഗരാജന്‍ മാസ്റ്റര്‍ക്ക് സമര്‍പ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനവും ചാരിതാര്‍ത്ഥ്യവുമുണ്ട്.

ത്യാഗരാജന്‍ മാസ്റ്റർക്ക് ഈ ആദരവ് നല്‍കുമ്പോള്‍ അദ്ദേഹത്തോടൊപ്പം അംഗീകരിക്കപ്പെടുന്നത്, സിനിമയുടെ വെള്ളി വെളിച്ചത്തില്‍ പലപ്പോഴും തിരസ്കൃതരായിപ്പോകുന്ന സംഘട്ടന കലാകാരന്‍മാര്‍ എന്ന അതിസാഹസികരും കഠിനോത്സാഹികളുമായ ഒരു കൂട്ടം മനുഷ്യര്‍ കൂടിയാണ്.

55 വർഷങ്ങൾ പിന്നിട്ട സാഹസികവും, സംഭവബഹുലവും, വികാരനിർഭരവുമായ മാസ്റ്ററുടെ ഇന്നും തുടരുന്ന യാത്രയിലെ ഏറ്റവും തിളക്കമുള്ള ഒരു ഓർമ്മയായി ഈ പുരസ്കാരച്ചടങ്ങിനെ മാറ്റുകയെന്നതിലേയ്ക്കാണ് നിങ്ങളോടൊപ്പം ഞങ്ങളുടെയും കാത്തിരിപ്പ്.. ❤