ഫിഞ്ചറുടെ 'ഒന്‍പത് സിനിമകള്‍' : ഒരു പഠനം

Jan-04-2020 07:01 PM

David Fincher

ഈ കാഘട്ടത്തിലെ പ്രഗല്‍ഭരായ സംവിധായകരെ കുറിച്ച് പറയുന്പോള്‍ പലരും സൗകര്യപൂര്‍വ്വം മറക്കുന്ന പേരാണ് ഡേവിഡ് ഫിഞ്ചര്‍. കണ്ട് മടുത്ത കഥകളെയും പ്രവണതകളെയൂം പാടേ ഉപേക്ഷിച്ച്, സിനിമ എന്ന കലയെ അതിന്റെ എല്ലാ തലത്തിലും ആഴത്തിൽ പഠിച്ച്, വിഷ്വല്‍ സംസ്കാരത്തിന് പുതിയ വഴികള്‍ തെളിയിച്ച, കഴന്പുള്ള കഥകള്‍ക്ക് സാങ്കേതിക മികവും കൃത്യതയും നല്കി അതിന് ദൃശ്യരൂപം കൊടുത്ത് വിസ്മയിപ്പിച്ച സംവിധായകന്‍ സിനിമയുടെ ചരിത്രപുസ്തകത്തില്‍ തീര്‍ച്ചയായും ഒരിടം അര്‍ഹിക്കുന്നുണ്ട്. ഈ കാലത്തിന്റെ വെെകൃതങ്ങളെയും സ്വാര്‍ത്ഥ പരിവേഷങ്ങളെയും വിമര്‍ശിച്ച് മനുഷ്യന്‍ നേരിടുന്ന ആന്തരിക സംഘര്‍ഷങ്ങളിലൂടെ പഠനം നടത്തുന്ന സിനിമകള്‍ ഉത്തരാധുനിക സിനിമളില്‍ മുന്‍നിരയില്‍ നില്ക്കുന്നു.

.

.

സമകാലിക ദൃശ്യകലയില്‍ യാഥാര്‍ത്ഥ്യത്തിന്റെയും ഭാവനയുടെയും അതിര്‍വരന്പുകള്‍ ഇല്ലാതെ, ആധുനികത തീര്‍ത്ത വ്യവസ്ഥിതികളോടും മൂല്യങ്ങളോടും സദാ കലഹിക്കുന്ന, പക്ഷം ചേര്‍ന്നുള്ള വ്യാഖ്യാനങ്ങളെ നിരാകരിക്കുന്ന, നിഷേധസിദ്ധാന്തങ്ങളെയും അപനിര്‍മ്മാണ ആശയങ്ങളെയും സ്വീകരിക്കുന്ന ഒരുപിടി മികച്ച സിനിമകളുടെ സംവിധായകന്‍. സാങ്കേതികവിദ്യയെ സിനിമ എന്ന മാധ്യമവുമായി ഇണചേര്‍ത്ത് അങ്ങേയറ്റം സൂക്ഷ്മതയോടെ കഥ പറയുന്ന സിനിമകള്‍. സാഹിത്യവും രാഷ്ട്രീയവും സമൂഹവും മനുഷ്യനും കാലവും ചരിത്രവും വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തവിധം അലിഞ്ഞുചേരുന്ന മായാജാലം. കാണുന്ന കാഴ്ചക്കാരിലേക്ക് കൂരന്പുകള്‍ പോലെ തുളച്ചുകയറി തലച്ചോറില്‍ ചില സംഭാഷണങ്ങളും വാക്കുകളും കൊണ്ട് ചിന്തകളുടെ വിസ്ഫോടനം തീര്‍ത്ത് ഓര്‍മ്മകളില്‍ ചില രംഗങ്ങളും നിമിഷങ്ങളും ഭാവങ്ങളും കൊണ്ട് മങ്ങാത്ത ചിത്രങ്ങളുടെ ഒരു ഗോപുരം നിര്‍മ്മിക്കുന്ന സിനിമാവിസ്മയം. ക്രിയാത്മകതയുടെയും ആവിഷ്ക്കാര സൗന്ദര്യത്തിന്റെയും കൊടുമുടിയുടെ മുകളില്‍ ഒരു കൊടി പറക്കുന്നുണ്ട്. അതില്‍ ആലേഖനം ചെയ്തിരിക്കുന്ന പേര് ഡേവിഡ് ഫിഞ്ചര്‍ എന്നാണ്..! ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച സിനിമ സംവിധായകരില്‍ ഒരാള്‍. എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഇടംപിടിക്കുന്ന പല മികച്ച സൃഷ്ടികളുടെയും തന്പുരാന്‍. പുറത്തിറങ്ങി പതിറ്റാണ്ടുകള്‍ പലത് കഴിഞ്ഞാലും പഴക്കം തട്ടാത്ത പ്രമേയവും അവതരണവും കൊണ്ട് വിസ്മയിപ്പിക്കുന്ന ചിത്രങ്ങളെടുത്ത അതുല്യപ്രതിഭ .

.

.

തന്റേതായ ഒരു ശെെലിയും സമീപനവും സ്വീകരിച്ചുകൊണ്ട് കഥപറയാൻ വേറിട്ട വഴികൾ തിരയുന്ന കലാകാരനാണ് ഡേവിഡ് ഫിഞ്ചർ. കുറച്ച് സിനിമകള്‍ ചെയ്ത് കഴിയുന്പോള്‍ പല സംവിധായകരെയും വേട്ടയാടുന്ന ആവര്‍ത്തനവിരസത എന്ന ഭൂതം വിഴുങ്ങാതെ തലച്ചോറിന്റെ ഉടമ. ഒരേ genre - ല്‍ സിനിമ ചെയ്താലും ആ കഥകളുടെ ആത്മാവ് ഉള്‍കൊണ്ട് വ്യത്യസ്ഥമായി അനുഭവപ്പെടുന്ന രണ്ട് സിനിമകളെ സൃഷ്ടിക്കുന്ന ബ്രില്യന്‍സ്. ഫിഞ്ചറുടെ ഓരോ സിനിമയിലും പഠിച്ചെടുക്കാന്‍ ഒരുപാട് ഉണ്ട്. ബൗദ്ധിക തലത്തെ വെല്ലുവിളിക്കുന്ന ദുര്‍ഗ്രാഹ്യത കൊണ്ട് മടുപ്പിക്കുന്ന സിനിമകളല്ല അദ്ദേഹത്തിന്റെ സൃഷ്ടികൾ. മറിച്ച് സൗന്ദര്യാഭിരുചി (aesthetic) കൊണ്ടും സാങ്കേതികമികവ് (technical artistry) കൊണ്ടും അത്ഭുതപ്പെടുത്തുന്ന സൃഷ്ടികളാണ് ഓരോ സിനിമയും.

.

▶ ഫിഞ്ചറുടെ 'ഒന്‍പത് സിനിമകള്‍'

.

ഡേവിഡ് ഫിഞ്ചര്‍ പത്ത് സിനിമകളാണ് സംവിധാനം ചെയ്തിട്ടുള്ളത്. രണ്ട് സീരീസുകളും ഒട്ടനവധി മ്യൂസിക്കല്‍ ആല്‍ബങ്ങളും പരസ്യങ്ങളും ഹ്രസ്വചിത്രങ്ങളും ചെയ്തിട്ടുണ്ട്. Alien 3 എന്ന ആദ്യ സിനിമയെ സംവിധായകന്‍ തന്നെ ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത കൊണ്ട് അതിനെ ഒഴിവാക്കാം. മറ്റ് ഒന്‍പത് ചിത്രങ്ങളാണ് പിന്നെയുള്ളത്.

.

1995 - ല്‍ പുറത്തിറങ്ങിയ Seven ആണ് ആദ്യത്തേത്. രണ്ട് കുറ്റാന്വേഷകരും അവരുടെ മുന്നിലേക്ക് വരുന്ന ഒരു serial killer - ടെ കേസും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും പ്രമേയമായ neo-noir ക്രെെം ത്രില്ലാറാണ് സിനിമ. William Friedman -ന്റെ 'The Exorcist', Jonathan Demme - യുടെ 'Silence of the Lambs' എന്നീ സിനിമകളിൽ ഉള്ളപോലെ മിത്തോളജിയുടെയും സിംബോളിസിസത്തിന്റെയും കൂടിച്ചേരലിൽ ആണ് കഥ പുരോഗമിക്കുന്നത്. ഫിഞ്ചറുടെ മികവ് ലോകം ആദ്യം കണ്ടത് ഈ സിനിമയിലാണ്. എല്ലാ സാങ്കേതിക മേഖലയിലും മികവ് പുലർത്തിയ ചിത്രം, neo-noir സിനിമകൾക്ക് വേറെയൊരു പരിവേഷം തന്നെ നൽകി. Andrew Kevin Walker- ഡെ തിരക്കഥയ്ക്കു ദൃശ്യരൂപം നൽകികൊണ്ട് വരവറിയിച്ചു ഡേവിഡ് ഫിഞ്ചർ എന്ന സംവിധായകൻ. ക്രിയാത്മക സ്വന്തന്ത്ര്യത്തിന്റെ മുകളിൽ ഇടപെടലുകൾ ഒന്നും തന്നെ ഉണ്ടാകാത്ത കൊണ്ട് 1990 -കളിലെ മികച്ച ചിത്രങ്ങളിൽ ഈ സിനിമ ഇടം നേടി.

.

രണ്ട് വര്‍ഷത്തിനുപ്പറം 1997 -ലാണ് രണ്ടാം ചിത്രമായ The Game റിലീസാകുന്നത്. ഒരു കോര്‍പറേറ്റ് ധനികന്റെ ഏകാന്ത ജീവിതത്തിനിടയ്ക്ക് അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളും അതിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ഗൂഢാലോചനയും നിഗൂഢമായ നീക്കളുമൊക്കയാണ് ഈ mystery ത്രില്ലര്‍ സിനിമയുടെ കഥ. ആഗോളവല്‍ക്കരണത്തിന്റെയും മുതലാളിത്തത്തിന്റെയും കെണിയില്‍ കുടുങ്ങി വ്യാവസായിക ലോകത്തിന്റെ അടിമായി മാറുന്ന ഒരാളുടെ മാനസിക സംഘര്‍ഷങ്ങളും സാങ്കല്പിക ലോകത്തിനും യാഥാര്‍ത്ഥ്യങ്ങളുടെയും ഇടയില്‍ നടത്തുന്ന പോരാട്ടങ്ങളുമാണ് 1999- ല്‍ പുറത്തുവന്ന Fight Club എന്ന ചിത്രത്തിന്റെ ഇതിവൃത്തം. ഏറ്റവും അധികം പഠനങ്ങൾക്കും വിമർശനങ്ങൾക്കും വിധേയമായ സിനിമയാണ് ഇത്. പുറത്തിറങ്ങിയ സമയത്ത് വിമർശകരും പ്രേക്ഷകരും തള്ളിക്കളയുകയും പിന്നീട് വലിയ ഒരു കൂട്ടം ആരാധകരെയും നേടിയെടുത്ത cult സിനിമയായി മാറി എന്ന ഒരു പ്രത്യേകതയും കൂടിയുണ്ട് Fight club - ന്.

.

2002 - ലാണ് ഫിഞ്ചറുടെ അടുത്ത ചിത്രമായ Panic Room വരുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ സിനിമ വലിയ ഒരു വീട്ടില്‍ കഴിയുന്ന അമ്മയും മകളും ആ വീട്ടിലെ ഒരു മുറിയിലുള്ള പണം കെെക്കലാക്കാന്‍ വേണ്ടി രാത്രി അതിക്രമിച്ച് കയറിയവരും തമ്മിലുള്ള സംഘട്ടനത്തിന്റെ കഥയാണ്. ശ്കതമായ പ്രതീകാത്മക രാഷ്ട്രീയം പറഞ്ഞ സിനിമയാണ് Panic Room. ന്യൂയോർക്ക് നഗരത്തിലെ ചില വലിയ വീടുകളിലും സ്ഥാപനങ്ങളിലും ഉള്ള സുരക്ഷാ മുറികളെ കുറിച്ചുള്ള വാർത്തകളിൽ നിന്നാണ് ഈ സിനിമയ്ക് Robert Koepp തിരക്കഥ എഴുതുന്നത്. ഉദ്വെകജനകമായ നിമിഷങ്ങൾ കൊണ്ടും പ്രധാന കഥാപാത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ കൊണ്ടും ഈ സിനിമ മുന്നിട്ട് നിൽക്കുന്നു.

.

ആദ്യം ചെയ്ത നാല് സിനിമകളില്‍ നിന്ന് Zodiac (2007) - ലേക്ക് വരുന്പോള്‍ ഫിഞ്ചറുടെ സിനിമാസമീപനത്തിന് വലിയ ഒരു മാറ്റം സംഭവിച്ചതായി കാണാം. അതിന്റെ പ്രധാന ഒരു കാരണം സിനിമ ഡിജിറ്റല്‍ യുഗത്തിലേക്ക് കടന്നതാണ്. കൂടുതല്‍ മികവോടെ മനസ്സിലുള്ള ആശയങ്ങളെ അവതരിപ്പിക്കാന്‍ ഇത് സഹായിച്ചു. സാങ്കേതിക മേഖലയിലെ വികസനങ്ങളെ ഇരുകെെയും നീട്ടി സ്വീകരിക്കാറുള്ള ഫിഞ്ചര്‍ക്ക് ഡിജിറ്റല്‍ സിനിമ നല്കിയ സാധ്യതകള്‍ വളരെ വലുതായിരുന്നു. Zodiac അറുപതുകളുടെ അവസാനവും എഴുപതുകളിലും സാന്‍ ഫ്രാന്‍സിസ്ക്കോ നഗരത്തെ ഭീതിയിലാഴ്ത്തിയ Zodiac എന്ന കൊലയാളിയുടെ കാലത്തെ കഥയാണ് പറയുന്നത്. Robert Graysmith എഴുതിയ പുസ്തകത്തിനെ ആസ്പദമാക്കി James Vanderbilt ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ തെളിയിക്കാന്‍ കഴിയാതെപോയ കേസുകളില്‍ കുപ്രസിദ്ധമായ ഒരു കേസാണ് ഇത്. ഈ കേസിന്റെ അന്വേഷണവും കേസിനാസ്പദമായ സംഭവങ്ങളും ആ കാലയളവിലെ San Fransico Chronicle എന്ന പത്രത്തിലെ വാര്‍ത്തകളും എല്ലാം ഈ സിനിമയിലുണ്ട്‌. Robert Graysmith തന്നെ ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ്. കാര്‍ട്ടൂണിസ്റ്റായ Graysmith -നെ ഈ കേസ് വല്ലാതെ സ്വാധീനിക്കുകയും അതിന്റെ പിറകേ കുറേ അലഞ്ഞ് ഒടുവില്‍ പ്രതിയെ തിരിച്ചറിയുന്നതും ഒക്കെയാണ് ഈ ചിത്രം. തന്റെ ചെറുപ്പകാലത്തെ അനുഭവങ്ങളും ഓര്‍മ്മകളുമൊക്കെ ഫിഞ്ചര്‍ക്ക് കൂട്ടായിട്ടുണ്ടായിരുന്നു. ആ സമയത്തെ ഭീതിയും അവസ്ഥകളെയും ഒട്ടും അതിശയോക്തി കലര്‍ത്താതെ അവതരിപ്പിക്കാന്‍ ഫിഞ്ചര്‍ക്ക് കഴിഞ്ഞു. ഫിഞ്ചറുടെ എറ്റവും മികച്ച സിനിമയായി Zodiac - നെ പലരും കണക്കാക്കുന്നു. ത്രില്ലര്‍ ഗണത്തിലാണ് ഈ സിനിമയെ ഉള്‍പ്പെടുത്തുന്നതെങ്കിലും വ്യത്യസ്ഥമായ ഒരു treatment - ആണ് സംവിധായകന്‍ സ്വീകരിച്ചിട്ടുള്ളത്. അവതരണത്തില്‍ ഒരുപാട് പുതുമയനുഭവപ്പെടുത്തിയ സിനിമയായിരുന്നു Zodiac. അത് വരെ സഞ്ചരിച്ച വഴിയിലൂടെയല്ല അദ്ദേഹം സഞ്ചരിച്ചത്. അനുഭവ സന്പത്ത് തന്നെയായിരിക്കാം ഒരുപക്ഷേ മാറി നടക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

.

ഡേവിഡ് ഫിഞ്ചറുടെ ഏറ്റവും വ്യത്യസ്ഥമായ സിനിമയാണ് പിന്നീട് പുറത്തിറങ്ങിയ The Curious Case of Benjamin Button (2008). Romantic Drama എന്ന genre - ലേക്ക് ഫിഞ്ചര്‍ കെെവെച്ചപ്പോള്‍ സംഭവിച്ചത് ഒരു അത്ഭുതം തന്നെയായിരുന്നു. ജനിച്ചപ്പോള്‍ പ്രായമായി ജനിക്കുകയും വളരുന്തോറും ചെറുപ്പമാകുകയും ചെയ്യുന്ന Benjamin Button എന്ന ആളുടെ ജനനം മുതല്‍ മരണം വരെയുള്ള കഥയാണ് ഈ സിനിമ. F Scott Fitzgerald - ന്റെ ചെറുകഥയെ ആസ്പദമാക്കി Eric Roth തിരക്കഥ എഴുതിയ സിനിമ ഫിഞ്ചറുടെ മികച്ച സൃഷ്ടികളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഒരു സിനിമയിലെ എല്ലാ സാങ്കേതിക മേഖലയിലും അഭിനേതാക്കളുടെ പ്രകടനത്തിലും അവതരണത്തിലും എല്ലാം മികവ് പുലര്‍ത്തിയിട്ടും നിരൂപകരില്‍ പലരും സിനിമയെ കെെവിടുകയാണ് ചെയ്തത്. സിനിമ ഇറങ്ങിയ സമയം തെറ്റിപോയി എന്നും, അതിവെെകാരികമെന്നും എല്ലാം പറഞ്ഞ് സിനിമയെ പിന്തള്ളി. പക്ഷേ വെെകാരിക തലത്തില്‍ Shawshank Redemption, Forrest Gump, Good Will Hunting തുടങ്ങിയ സിനിമകള്‍ പോലെ തന്നെ ആഴത്തില്‍ സ്പര്‍ശിക്കുന്ന സിനിമയാണ് ഈ സിനിമയും. 13 നോമിനേഷനുകള്‍ ഉണ്ടായിരുന്നിട്ടും മൂന്ന് അവാര്‍ഡുകള്‍ മാത്രമാണ് ചിത്രത്തിന് ലഭിച്ചത്. ഒരുപാട് underrate ചെയ്യപ്പെട്ട സിനിമയായി The Curious Case of Benjamin Button മാറിയെങ്കിലും ഫിഞ്ചറുടെ സിനിമകളില്‍ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കാന്‍ കഴിയുന്ന 'കാവ്യ'മാണിത്. ജീവിതത്തെ കുറിച്ചും വിധിയെ കുറിച്ചും എല്ലാം ഈ സിനിമ പങ്കുവയ്ക്കുന്ന ഉള്‍ക്കാഴ്ച അത്രത്തോഴം വലുതാണ്. തന്റെ സ്വതസിദ്ധമായ ശെെലിയുടെ വലയത്തിനുള്ളില്‍ വീഴാന്‍ ഫിഞ്ചര്‍ കൂട്ടാക്കിയില്ല. ഇത് ഫിഞ്ചര്‍ ചെയ്യാന്‍ പാടില്ലാത്ത സിനിമയായിരുന്നു എന്ന് പറയുന്നവര്‍ തന്നെ ഒരുപക്ഷേ മറ്റൊരവസരത്തില്‍ ചോദിക്കും എന്ത് കൊണ്ട് എപ്പോഴും thriller -കള്‍ ആവര്‍ത്തിക്കുന്നു എന്ന്. വിമര്‍ശകര്‍ക്കിടയിലെ ഈ ഇരട്ടത്താപ്പ് മനോഭാവമാണ് മാറേണ്ടത്. ഓരോ സിനിമയെയും അതിന്റെ സംവിധായകന്റെ മറ്റു ചിത്രങ്ങളുടെ ഭാരമില്ലാതെ കാണാന്‍ സാധിക്കണം. അതു പോലെ തന്നെ സിനിമകള്‍ കാലം കടന്നും സഞ്ചരിക്കാനുള്ളവയാണ്. വിലയിരുത്തുന്പോള്‍ അത് കൂടി ഉള്ളിലുണ്ടാവണം. The Curious Case of Benjamin Button, Fight Club തുടങ്ങിയ സിനിമകള്‍ വിമര്‍ശകര്‍ കുരുതി കൊടുത്ത മികച്ച സിനിമകളാണ്.

.

ഈ നിരാശയില്‍ തളരാതെ 2010 -ല്‍ ഫിഞ്ചറുടെ ഭാഗത്ത് നിന്ന് മറ്റൊരു വിപ്ലവകരമായ പ്രയത്നമുണ്ടായി. ഇക്കുറി വിമര്‍ശകരും പ്രേഷകരുമെല്ലാം ഇരുകെെയും നീട്ടി Social Network എന്ന biographical drama -യെ സ്വീകരിച്ചു. Facebook എന്ന social networking വെബ്സെെറ്റിന്റെ പിറവിയും അതിന്റെ സ്ഥാപകനായ Mark Zuckerberg -ന്റെ ജീവിതവും പിന്നെ ഇതുമായി ബന്ധപ്പെട്ട കേസുമാണ് സിനിമയുടെ പശ്ചാത്തലം. Ben Mezrich എഴുതിയ 'The Accidental Billionaires: The Founding of Facebook, a Tale of Sex, Money, Genius and Betrayal' എന്ന പുസ്‌തകത്തിൽഅവലംബിച്ചാണ് Aaron Sorkin തിരക്കഥ എഴുതിയിരിക്കുന്നത്.ഈ തലമുറയിലെ പല സംരംഭകരേയും സ്റ്റാർട്ട് അപ്പ് -കളെയും ഒരുപാട് സ്വാധീനിച്ച സിനിമയായി The Social Network മാറി. അതുവരെ കണ്ട ബിയോഗ്രഫിക്കൽ ഡ്രാമ സിനിമകളിൽ നിന്ന് വലിയ ഒരു മാറ്റം ഈ ചിത്രത്തിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ തന്നെ ഏറെ നിരൂപകപ്രശംസയും പുരസ്കാരങ്ങളും ചിത്രം നേടി. ചിത്രത്തിന്റെ പോസ്റ്ററുകളിൽ വന്ന വാചകം തന്നെ വലിയ സ്വാധീനം ചെലുത്തുകയുണ്ടായി പലരിലും - "You don't get to 500 million friends without making a few enemies".

.

ഫിഞ്ചറുടെ അവസാന രണ്ട് സിനിമകള്‍ രണ്ട് bestseller നോവലുകളുടെ ചലച്ചിത്രഭാഷ്യങ്ങളാണ്. Stieg Larsson - ന്റെ 'The Girl with the Dragon Tattoo' , Gilian Flynn - ന്റെ 'Gone Girl' എന്നീ നോവലുകളാണ് അതേ പേരില്‍ സിനിമയാക്കിയത്. മുന്‍പ് ചെയ്ത ത്രില്ലര്‍ ചിത്രങ്ങളില്‍ നിന്ന് ഈ രണ്ട് സിനിമകളും വ്യത്യസ്ഥമാകുന്നത് ഇത് രണ്ടും psychological thriller വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന സിനിമകളായതു കൊണ്ടാണ്. The Girl with the Dragon Tattoo (2011) ഒരു കുടുംബത്തിനുള്ളില്‍ നടക്കുന്ന ഒരു കുട്ടിയുടെ തിരോധാനവും നാല്പത് വര്‍ഷങ്ങള്‍ക്കിപ്പുറം നടക്കുന്ന അന്വഷണത്തിന്റെയും കഥയാണ്. Gone Girl (2014) തങ്ങളേക്കാള്‍ മികച്ച ആരോക്കെയോ ആകാന്‍ ശ്രമിക്കുന്ന രണ്ട് വേറിട്ട കുടുംബ പശ്ചാത്തലത്ത് നിന്ന് വരുന്ന ദമ്പതികൾക്കിടയിലെ അസ്വാഭാവികമായ പൊരുത്തകേടുകളുടെ കാഴ്ചയാണ്.

.

Gone Girl നിരൂപകപ്രശംസ നേടിയെങ്കിലും സമ്മിശ്ര പ്രതികരണമാണ് The Girl with the Dragon Tattoo - ന് ലഭിച്ചത്. ഒരിക്കല്‍ കൂടി ഫിഞ്ചറുടെ സിനിമയോട് വിമര്‍ശകര്‍ അനീതി കാട്ടി എന്നേ പറയാന്‍ കഴിയൂ. ചിത്രത്തിനെ അതിന്റെ ആദ്യ പതിപ്പായ സ്വീഡിഷ് ചിത്രത്തോട് താരതമ്യപ്പെടുത്തിയാണ് വിമര്‍ശനങ്ങളധികവും വന്നത്. ആദ്യ ചിത്രത്തെ അതുപോലെ ആവര്‍ത്തിക്കാന്‍ അല്ല ഫിഞ്ചര്‍ ശ്രമിച്ചത്. തന്റെ സിനിമാരീതിയിലേക്ക് കൊണ്ടുവരികയും മൂലകഥയെ അതിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് സ്ക്രീനിലേക്കെത്തിക്കാനുമാണ് സംവിധായകന്‍ ശ്രമിച്ചത്.

▶ ശെെലിയും സമീപനവും

.

ഒരു സംവിധായകന്റെ മികവിനെ പലപ്പോഴും അളക്കുന്നത് തന്റെ മുന്നില്‍ പേപ്പറില്‍ എഴുതിയിരിക്കുന്ന കഥയെ ഏറ്റവും വെെവിധ്യത്തോടെ അവതരിപ്പിക്കുന്നതിലൂടെയാണ്. പുതിയ ഒരു കഥയാണ് സിനിമയാക്കുന്നതെങ്കില്‍ ആ വെല്ലുവിളി കുറവാണ്. എന്നാല്‍ മുന്‍പ് പറഞ്ഞ ഒരു കഥ വേറെ ഭാവതലത്തില്‍ എത്തുകയാണെങ്കില്‍ വേറിട്ട ഒരു സമീപനം ആവശ്യമാണ്. ഇത് പോലെ തന്നെ പ്രധാനമാണ് നിലവിലുള്ള മാതൃകകളെ ഉപേക്ഷിച്ച് തനതായ ശെെലിയില്‍ സംവിധാനം ചെയ്യുക എന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കലയാണ് സിനിമ. പല മാതൃകയും പരീക്ഷിക്കപ്പെട്ടു കഴിഞ്ഞു. അങ്ങനെയൊരിടത്തു മികവ് അടയാളപ്പെടുത്തണമെങ്കില്‍ വിപ്ലവകരമായ ഒരു ആഖ്യാന- അവതരണ ശെെലി അനിവാര്യമാണ്. ഇതൊക്കെ ഉണ്ടെങ്കിലും ഒരു കടന്പ കൂടിയുണ്ട്. ഒരു സിനിമയില്‍ നിന്ന് അടുത്തതിലേക്ക് എത്തുന്പോള്‍ stereotype ചെയ്യപ്പെടാന്‍ പാടില്ല എന്നുള്ള വലിയ വെല്ലുവിളി. എന്നാല്‍ പലരും ഇൗ വാദത്തെ തള്ളിക്കളയാറാണുള്ളത്. ഒരു വ്യക്തിയുടെ ക്രിയാത്മകതയ്ക്ക് അതിരുകള്‍ ഉണ്ടെന്ന് വാദിക്കുന്നവര്‍. പക്ഷേ ഒരേ തരത്തിലുള്ള സിനിമകള്‍ മാത്രമായി പോയാല്‍ താരതമ്യങ്ങള്‍ വരുന്പോള്‍ പിന്നിലായി പോകും എന്നതാണ് ഒരു വസ്തുത. ഡേവിഡ് ഫിഞ്ചറിനോട് കൂടുതല്‍ അടുപ്പം തോന്നുന്നത് മേല്‍പറഞ്ഞ പലതും അദ്ദേഹത്തില്‍ ഉള്ളതുകൊണ്ടാണ്.

.

.

ഫിഞ്ചര്‍ സിനിമകളില്‍ പൊതുവായ ചില പ്രത്യേകതകളുണ്ട്. High contrast lighting, cold color palettes, silhouettes, deep shadows - ഇതൊക്കെയാണ് മിക്ക ഫിഞ്ചര്‍ ഫ്രെയിമുകളിലും കാണുന്നത്. തീവ്രമായ ലെെറ്റിങ്ങും നിഴലും ഛായാരൂപങ്ങളും ഒക്കെ ഒരുകാലത്തെ Film Noir - സിനിമകളുടെ പ്രത്യേകതകളാണ്. ഫിഞ്ചറുടെ Seven എന്ന ചിത്രത്തെ neo- noir സിനിമയായിയാണ് കണക്കാക്കുന്നത്. അക്രമങ്ങള്‍ കൊണ്ടും പല തരത്തിലുള്ള കയ്യേറ്റങ്ങള്‍ കൊണ്ടും അസന്തുഷ്ടരായ ജനങ്ങള്‍ ജീവിക്കുന്ന ഹിംസയുടെ ലോകമാണിത് എന്ന് പറയുന്ന സിനിമകളാണ് ഈ genre - ല്‍ പൊതുവേ പെടുത്താറുള്ളത്. ഇരുണ്ട ലെെറ്റിംങ്ങും കളറും ഒക്കെ ഫിഞ്ചറിന് പ്രിയ്യങ്കരമാകുന്നത് പറയുന്ന കഥയിലേക്കും സ്ഥലത്തേക്കും നമ്മളെ എത്തിക്കാന്‍ കൂടിയാണ്. പലപ്പോഴും Stanley Kubrick - ന്റെയും Alfred Hitchcock -ന്റെയും സ്വാധീനം ഫിഞ്ചറിലുണ്ട്. Seven എന്ന സിനിമയിലെ Howard Shore ഒരുക്കുന്ന പശ്ചാത്തല സംഗീതം തന്നെ പഴകാല noir സിനിമകളെ അനുസ്മരിപ്പിക്കുന്നുണ്ട്. ഇതേ സിനിമയില്‍ ലെെബ്രറിക്കുള്ളില്‍ സോമര്‍സെറ്റ് രാത്രിയില്‍ പുസ്തകം വായിക്കാന്‍ പോകുന്പോള്‍ Bach - ന്റെ ഒരു ഈണം കേള്‍ക്കാം (Bach's Air). കൂബ്രിക്ക് സിനിമകളില്‍ പലതിലും ഇത്തരത്തില്‍ ക്ലാസ്സിക്കല്‍ മ്യൂസിക്ക് കേള്‍ക്കാം. Seven എന്ന ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗം കൂടിയാണ് അത്. Darius Khondji -യുടെ ഛായാഗ്രഹണം Seven എന്ന ചിത്രത്തിന് നല്കുന്ന ഊര്‍ജ്ജം ചെറുതൊന്നുമല്ല.

.

.

ഫിഞ്ചറുടെ വലിയ ഒരു കഴിവ് അയഥാര്‍ത്ഥ്യമായതിനെ നമ്മളിലേക്ക് വിശ്വാസനീയമായി കടത്തിവിടുന്നതിലാണ്. ഇതിനെ ചിലര്‍ deception എന്ന് വിളിക്കുന്നു. ഒരു കാര്യം ഓര്‍ത്താല്‍ മതി. അദ്ദേഹത്തിന്റെ സിനിമകളില്‍ ഒരു ഷോട്ടൊ ഒരു സീനോ പോലും വെറുതെ കൂട്ടിചേര്‍ക്കില്ല. എന്തെങ്കിലും ഒരു ഉദ്ദേശം തീര്‍ച്ചയായും ഉണ്ടാകും. എത്ര ശ്രദ്ധയോടെ കണ്ടാലും നമ്മളുടെ കണ്ണുകളെ ഫിഞ്ചര്‍ വിദഗ്ദമായി കബളിപ്പിക്കും. Fight Club - ലെ ആദ്യ സീന്‍ തന്നെ ഉദാഹരണം. ആദ്യ scene തന്നെ സിനിമയുടെ നിര്‍ണായകമായ രംഗമാണ്. എന്നാലും സിനിമയുടെ അവസാനമാകുന്പോള്‍ പോലും ആദ്യം കണ്ട രംഗത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ല നമ്മുക്ക്. ആദ്യ സീനിലെ ക്യാമറയുടെ പോക്ക് തന്നെ മുഴുവന്‍ കഥയിലൂടെയാണ്. Panic Room എന്ന സിനിമയില്‍ vfx - ന്റെ സഹായത്തോടെ വീട്ടില്‍ സ്വതന്ത്രമായി ക്യാമറ കയറിയിറങ്ങി പോകുന്ന ഒരു ഷോട്ടുണ്ട്. പിന്നീട് കഥയില്‍ ആ ഒറ്റ ഷോട്ട് വളരെ നിര്‍ണായകമാണ്. കഥ പുരോഗമിക്കുന്പോള്‍ വീടിന്റെ setting അത്രത്തോളം പ്രാധാധ്യമര്‍ഹിക്കുന്നുണ്ട്. കാണികളെയും കഥയ്ക്കൊപ്പം കൂട്ടികൊണ്ടുപോകാനും, കഥയിലെ കഥാപാത്രങ്ങള്‍ ചിന്തിക്കുന്പോള്‍ നമ്മളും ചിന്തിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും ഒക്കെ കഴിയണം എന്ന വാശി ഫിഞ്ചര്‍ക്ക് ഉണ്ട്‌. ഒരു spoon feeding അല്ല തന്റെ സിനിമകള്‍ എന്ന് പലാവര്‍ത്തി അദ്ദേഹം പറഞ്ഞിട്ടുമുണ്ട്. കാഴ്ചക്കാരന്റെ ശ്രദ്ധയെയും ചിന്തകളെയും വെല്ലുവിളിക്കുന്ന ആഖ്യാനമാണ് അദ്ദേഹത്തിന്റെ എല്ലാ സിനിമകള്‍ക്കും. അതുകൊണ്ട് തന്നെ സൂക്ഷ്മമായി (detailing) ആണ് ഓരോ ഫ്രെയിമുകളും ഫിഞ്ചര്‍ തീര്‍ക്കുന്നത്. വളരെ വ്യക്തവും സ്പഷ്പവുമായി അവതരിപ്പിക്കാന്‍ സംവിധായകന്റെ കഠിന പരിശ്രമം കാണാവുന്നതാണ്.

.

.

Zodiac - ന്റെ കഥ നടക്കുന്നത് മൂന്ന് പതിറ്റാണ്ടുകളിലായി ( 1960s, 70s and 80s) ആണ്. ആ കാലഘട്ടത്തെ പറ്റി എന്ത് അറിയണമെങ്കിലും ഈ സിനിമ കണ്ടാല്‍ മതിയാകും. ഫിഞ്ചറുടെ സിനിമകളിലെ ചരിത്രപരമായ കൃത്യത (historical accurancy) മനസ്സിലാകണമെങ്കില്‍ Zodiac - ല്‍ San Fransisco നഗരത്തെ അവതരിപ്പിച്ചിരിക്കുന്നത് നോക്കിയാല്‍ മതി. Embarcadero freeway 1989- ലെ ഭൂകന്പത്തില്‍ തകര്‍ന്നു പോയതാണ്. കഥ നടക്കുന്നത് അതിനും മുന്പായതിനാല്‍ freeway നഗരത്തില്‍ കാണാവുന്നതാണ്. അതുപോലെ അക്കാലത്തെ വസ്ത്രം ധരിക്കുന്ന രീതിയും കേസന്വേഷണവും ശില്പകലയും പ്രകൃതിയും കെട്ടിടങ്ങളുടെ രൂപകല്പനയും മുറികളും റോഡുകളും ന്യൂസ് മുറിയും കലണ്ടറും വണ്ടികളും എല്ലാം വസ്തുനിഷ്ഠമായി ഫ്രെയിയുകളില്‍ നിറയുന്നു. ആ കാലത്തെ സാന്‍ ഫ്രാന്‍സിസ്ക്കോ നഗരത്തിലേക്ക് നമ്മളെ കൊണ്ടെത്തിക്കുന്നു. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ വരുന്ന മാറ്റങ്ങള്‍ നഗരത്തിലും മനുഷ്യരിലും ന്യൂസ് മുറിയിലും സാങ്കേതികതയിലും വരെ കാണാം. നഗരത്തില്‍ അംബരചുംബികള്‍ വളരുന്ന ഒരു time lapse ഷോട്ട്, ആ കാലഘട്ടത്തെ പ്രധാധ രാഷ്ട്രീയ സംഭവങ്ങളും റേഡിയോ ശബ്ദങ്ങള്‍, ആ കാലത്തെ സംഗീതം, പ്രസംഗങ്ങള്‍ എല്ലാം കാലം മാറിയത് എഴുതി കാണിക്കാതെ അറിയിക്കുന്നു. Zodiac ഒരു മാസ്റ്റര്‍പീസ് ആകുന്നത് ആ സിനിമ പുലര്‍ത്തുന്ന വളരെ സൂക്ഷ്മമായ ഈ കൃത്യത കൊണ്ടാണ്.

.

.

Period film - കളെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നതിലെ സംവിധായകന്റെ ബ്രില്ല്യന്‍സ് അറിയിച്ച മറ്റൊരു സിനിമയാണ് The Curious Case of Benjamin Button. ഇരുപതാം നോട്ടത്തിന്റെ തുടക്കം തൊട്ടു -ലെ കത്രീന വരെയുള്ള period reconstruction ലോക സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കാഴ്ച ഒരുക്കുന്നു. ആ കാലയളവില്‍ നടക്കുന്ന എല്ലാ പ്രധാന സംഭവങ്ങളെയും കഥയില്‍ കൃത്യമായി പറയുന്നുണ്ട്. ഈ രണ്ട് സിനിമകളിലെയും കാലഘട്ട പുനര്‍നിര്‍മ്മാണത്തിന്റെ പിന്നിലും Donald Graham Burt എന്ന പ്രൊഡക്ഷന്‍ ഡിസെെനറുടെ വലിയ പങ്ക് കൂടി എടുത്തു പറയേണ്ട ഒരു കാര്യമാണ്.

.

.

ഫിഞ്ചറുടെ സിനിമകളിലെ ക്യാമറയാണ് യഥാര്‍ത്ഥ ഹീറോ എന്ന് പറയണം. ക്യാമറ മിക്ക സിനിമകളുടെയും സ്വഭാവത്തെ തന്നെ നിര്‍ണയിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഫിഞ്ചറുടെ ഛായാഗ്രാഹകര്‍ ക്യാമറ കെെകാര്യം ചെയ്യുന്ന വിധം ഏറെ ശ്രദ്ധേയമായ ഒരു കാര്യമാണ്. ഒരു ക്യാമറ movement പോലും അനാവശ്യമായി ഫിഞ്ചര്‍ ഉപയോഗിക്കാറില്ല. ഗൗരവത്തോടെ നിരീക്ഷിച്ചാല്‍ ഇത് തിരിച്ചറിയാം. ഓരോ ഷോട്ടും ആംഗിളുകളും പോലും വളരെ കൃത്യമായി നിശ്ചയിച്ചിരിക്കുന്നത് കാണാം. ഒരു മനുഷ്യന്റെ നിയന്ത്രണത്തിലാണ് ക്യാമറ എന്ന തോന്നാത്തവിധത്തിലാണ് ഓരോ രംഗങ്ങളും ഫിഞ്ചര്‍ ചിത്രീകരിക്കുന്നത്. അക്കാരണത്താല്‍ തന്നെ fixed tripod - ലാണ് ചിത്രീകരണം നടക്കുന്നത്. Hand held ഷോട്ടുകള്‍ വളരെ കുറച്ച് മാത്രമേ ഫിഞ്ചറുടെ സിനിമകളില്‍ ഉണ്ടാകാറുള്ളൂ. ക്യമറയ്ക്കു സഞ്ചരിക്കാന്‍ കഴിയാത്ത പാതയിലൂടെ രംഗങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ സംവിധായകന് ഇഷ്ടം കൂടുതലാണ്. മുന്നേ പറഞ്ഞ Fight Club - ലെ ആദ്യ ഷോട്ടും, Panic Room - ലെ മുറിക്കുള്ളിലെ രംഗങ്ങളും ഒക്കെ അതിനുദ്ദാഹരണങ്ങളാണ്. Fight Club -ലെ തന്നെ വേസ്റ്റ് ബാസ്കറ്റിന്റെ ഉള്ളിൽ നിന്ന് പുറത്തേക്കു വരുന്ന ഷോട്ട് ചിത്രം പറയാൻ ശ്രമിക്കുന്ന മുഖ്യവിഷയത്തിലേക്ക് ആണ് എത്തിക്കുന്നത്. കഥാപാത്രങ്ങൾ അനങ്ങുമ്പോൾ നമ്മുടെ കണ്ണിന്റെ കൃഷ്ണമണി നീങ്ങുന്ന അതേ താളത്തിൽ ക്യാമറ നീങ്ങുന്നത് ഒരു അത്‍ഭുതം ആണ്. കഥാപാത്രത്തിന്റെ സ്വഭാവവും കഥയുടെ താളവും നിർണയിക്കുന്നതിൽ ഈ ക്യാമറ നീക്കങ്ങൾക്കു വലിയ പങ്കുണ്ട്. സൂക്ഷ്മമായി പരിശോധിച്ചാൽ ഫിഞ്ചർ എന്ന പ്രതിഭയുടെ സ്പർശം തിരിച്ചറിയാം. ഫിഞ്ചറുടെ സിനിമയിലെ അഭിനേതാക്കളെല്ലാം മികച്ച പ്രകടനങ്ങൾ നടത്തുന്നത് ക്യാമറ നൽകുന്ന ഈ പിൻതുണ കൂടി ഉള്ളത് കൊണ്ടാണ്.

.

.

Close up ഷോട്ടുകള്‍ സംവിധായകൻ അധികമായി ഉപയോഗിക്കാറില്ല. എന്നാല്‍ close up ഷോട്ട് ഉപയോഗിച്ചിട്ടുണ്ട് എങ്കില്‍ തീര്‍ച്ചയായും ആ ഷോട്ടോ രംഗമോ വളരെ പ്രധാനപ്പെട്ടതാണ്. വെറുതെ ഒരു ഭംഗിക്ക് വേണ്ടിയല്ല close up ഷോട്ടുകള്‍ ഉപയോഗിച്ചിരിക്കുന്നത്. Seven - ല്‍ ലെെബ്രറിയില്‍ ഇരിക്കുന്ന സോമര്‍സെറ്റന്റെ അടുത്തേക്ക് ക്യാമറ എത്തിക്കഴിയുന്പോള്‍ Morgan Freeman കണ്ണ് ഉയര്‍ത്തി നോക്കുന്ന ഒരു close up ഉണ്ട്. കുഴപ്പിക്കുന്ന സമസ്യയുടെ ഉത്തരം കണ്ടെത്തി എന്ന ഭാവം മാത്രമല്ല, കഥയിലെ വഴിത്തിരിവ് കൂടിയാണ് ആ രംഗം. മില്‍സിനെ നെറ്റിയിലേക്ക് തോക്കു ചൂണ്ടുന്പോഴുള്ള extreme close up -ന്റെ പ്രാധാന്യം ക്ലെെമാക്സ് രംഗത്തോടടുക്കുന്പോഴാണ് നമ്മള്‍ അറിയുന്നത്. തന്റെ പദ്ധതി നിര്‍വ്വഹിക്കാനായി John Doe മില്‍സിനെ തിരഞ്ഞെടുക്കുന്നത് അപ്പോഴാണ്.

.

.

കഥാപാത്രങ്ങളുടെ ചിന്തകളിലേക്കും അവരുടെ ആന്തരികമായ വെെകാരികതയിലക്കും ഇറങ്ങി ചെല്ലാന്‍ നമ്മള്‍ക്ക് കഴിയുന്നതിന്റെ പ്രധാന ഒരു കാരണം ക്യാമറ ആകുന്നു എന്നത് മറ്റൊരു ഫിഞ്ചര്‍ മാജിക്ക്. അതിനുള്ള ഉദാഹരണവും Seven - ലുണ്ട്‌. ക്ലെെമാക്സ് രംഗത്ത് John Doe എന്ന വില്ലനെ കാണിക്കുന്പോള്‍ ക്യാമറ tripod - ലും പ്രത്യകമായ സാഹചര്യത്തിന്റെ കുരുക്കില്‍ പെട്ട ഡിറ്റക്ടീവുകളെ hand held ക്യാമറയിലുമാണ് കാണിക്കുന്നത്. മൂന്ന് കഥാപാത്രങ്ങളുടെ ആ നിമിഷത്തെ മാനസിക സംഘര്‍ഷത്തെ അതിവിദഗ്ദമായി അനുഭവപ്പെടുത്തുന്നു.

.

.

High angle long shot -ലും low angle shot -ലും wide angle extreme long shot - ലും ഫിഞ്ചര്‍ മാജിക്ക് പലപ്പോഴും കാണാം. Zodiac - ല്‍ high angle - ല്‍ നിന്ന് കൊണ്ട് മഞ്ഞ car സഞ്ചരിക്കുന്ന പാത കാണിക്കുന്ന ഒരു ലോംഗ് ഷോട്ട് സത്യത്തില്‍ Zodiac എന്ന വില്ലന്റെ ചിഹ്നത്തെയാണ് സൂചിപ്പിക്കുന്നത്. Seven - ന്റെ അവസാന രംഗങ്ങളില്‍ ആ പ്രദേശത്തന്റെ ഭൂപ്രകൃതിയെ കാട്ടി തരാന്‍ extreme long shot ആണ് ഉപയോഗിക്കുന്നത്. കഥ നടക്കുന്ന സ്ഥലത്തിനെ കൂടുതല്‍ റിയലിസ്റ്റിക്ക് ആക്കാനാണ് പലപ്പോഴും low angle ഷോട്ടുകള്‍ സംവിധായകന്‍ ഉപയോഗിക്കാറുള്ളത്.

.

.

സാഹിത്യം ഡേവിഡ് ഫിഞ്ചര്‍ സിനിമകളുടെ ഒരു മുഖ്യ ചേരുവയാണ്. ഫിഞ്ചറുടെ സിനിമകളിലെല്ലാം Refrigerator തുറക്കുന്ന രംഗം ഉണ്ടാകും എന്ന് പറയുന്ന പോലെയാണ് സാഹിത്യം നിറയുന്നതും. തിരക്കഥയുടെ സാഹിത്യമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. എഴുത്തുകാരെ കുറിച്ചും അവരുടെ പുസ്തകങ്ങളുടെ പല റഫറന്‍സുമൊക്കെ പല ചിത്രങ്ങളിലുമുണ്ട്. Seven - ല്‍ സാഹിത്യം ആ അര്‍ത്ഥത്തില്‍ നിറഞ്ഞു കവിഞ്ഞ് ഒഴുകുന്നത് കാണാം. John Milton - ന്റെ Paradise Lost -ലെ വരികളാണ് ആദ്യ കൊലപാതകത്തിന് ശേഷം പ്രതിനായകന്‍ കുറിക്കുന്നത് (''Long is the way and hard that out of hell leads up to light''). William Shakespeare എഴുതിയ Merchant of Venice - ലെ വരികളാണ് (''One pound of flesh, no more, no less No cartilage, No bone but only flesh, This task done... And he would go free'') രണ്ടാമത്തെ കൊലയ്ക്ക് ശേഷം എഴുതപ്പെട്ടിട്ടുള്ളത്. Seven -ന്റെ കാന്പ് തന്നെ serial killer - ടെ കൊല നടത്താന്‍ തിരഞ്ഞെടുക്കുന്ന 'Seven Deadly Sins' (Gluttony, Greed, Sloth, Lust, Pride, Envy and Wrath) എന്ന ആശയമാണ്. Jeffrey Chaucer - ടെ Canterbury Tales -ലെ 'The Parson's Tale' -ന്റെയും Dante - യുടെ Divine Comedy, Purgatory തുടങ്ങിയ കൃതികളും ഇതുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കപ്പെടുന്നുണ്ട്. സിനിമ അവസാനിക്കുന്നത് Ernest Hemingway -യുടെ വാക്കുകളോടു കൂടിയാണ് - ''The world is a fine place and worth fighting for''. The Game - ല്‍ അധികമില്ലെങ്കിലും Seymour Butz - ന്റെ 'Under the Bleachers', Harpee Lee - യുടെ 'To Kill a Mockingbird' എന്നീ പുസ്തകങ്ങളെ പറ്റി പറയുന്നുണ്ട്. ബെെബിളിലെ റെഫറന്‍സും സിനിമയിലുണ്ട് (John Chapter 9 Verse 25 -ലെ 'Whereas once I was blind now I can see'). Elmore Leonard, Edgar Allan Poe എന്നീ എഴുത്തുകാരെ പറ്റിയും Panic Room - ല്‍ സംഭാഷണത്തിനിടയ്ക്ക് പരാമര്‍ശമുണ്ട്‌. Lewis Caroll റഫറന്‍സ് The Social Network -ലുണ്ട്. Richard Connell - ന്റെ 'The Most Dangerous Game' -നെ കുറിച്ച് Zodiac -ല്‍ പറയുന്നുണ്ട്. Sylvia Plath -നെ കുറിച്ച് Fight Club -ന് ഇടയിൽ ഒരു വാചകത്തിൽ കേൾക്കാം.

.

.

Walter Scott - ന്റെ Ivanhoe, D H Lawrence, Edgar Caycee - ഇതെല്ലമാണ് The Curious Case of Benjamin Button - ല്‍ കേട്ടത്. ഇതേ സിനിമയിൽ തന്നെ William Shakespeare-ന്റെ Henry VI എന്ന നാടകത്തിലെ വാക്കുകൾ ഒരു കഥാപാത്രം ഉദ്ധരിക്കുന്നുണ്ട്.

"Kind keepers of my weak decaying

age, Let dying Mortimer here rest

himself. Even like a man new

haled from the rack. So fare my

limbs with long imprisonment. And

these gray locks, the pursuivants

of death, Nestor-like aged in an

age of care, Argue the end of

Edmund Mortimer." (Henry VI, Part One).

The Girl with the Dragon Tattoo - ല്‍ ഒരുപാട് biblical reference -കളുണ്ട്. Gone Girl - ലേക്കെത്തുന്പോള്‍ Jane Austen -ന്റെ Pride and Prejudice -ലെ Elizabeth Bennet കടന്നു വരുന്നുണ്ട്. ഡേവിഡ് ഫിഞ്ചറുടെ ഒന്പതില്‍ ആറു സിനിമകളും അവലംബിത തിരക്കഥകളാണ് എന്നുള്ളത് മറ്റൊരു യാഥാര്‍ത്ഥ്യം. സാഹിത്യവും എഴുത്തുമൊക്കെ ഒരുപാട് ആഴത്തില്‍ വേരുറപ്പിച്ചിട്ടുണ്ട് ഫിഞ്ചറുടെ ഉള്ളിലും അദ്ദേഹത്തിന്റെ സിനിമകളിലും.

Visual effects എന്ന വിദ്യയെ അമാനുഷികരുടെ കഥ പറയാനും സാങ്കല്പിക ലോകങ്ങള്‍ കെട്ടിപൊക്കാനും ഒക്കെയാണ് Hollywood എന്നും ശ്രമിക്കാറുള്ളത്. പക്ഷേ അവിടെയും ഡേവിഡ് ഫിഞ്ചര്‍ എടുക്കുന്ന സമീപനം വേറിട്ടതാണ്. ഫിഞ്ചറുടെ എല്ലാ സിനിമകളിലും ഒരുപാട് visual effects sequence - കള്‍ ഉണ്ട്. പക്ഷേ തിരിച്ചറിയാന്‍ സാധിക്കാത്ത വണ്ണം വിശ്വസനീയമായി അത് സ്ക്രീനിലെത്തിക്കാന്‍ സംവിധായകന് കഴിയുന്നു. Social Network - ലെ 'Rowing Scene' പൂര്‍ണ്ണമായും vfx- ല്‍ തീര്‍ത്തതാണ്. Winklevoss twins - നെ ഒരു നടന്‍ തന്നെയാണ് അവതരിപ്പിച്ചത്. Benjamin Button - ന്റെ ജീവിതത്തിലെ പല കാലത്തെയും മേക്കപ്പിന്റെയും വിഷ്വല്‍ എഫക്ട്സിന്റെയും സഹായത്തോടെയും മനോഹരമാക്കിയിട്ടുണ്ട്. Zodiac - ല്‍ പല background - കളും vfx - ലൂടെ സൃഷ്ടിച്ചെടുത്തതാണ്. ഫിഞ്ചറുടെ സിനിമകളിലെ രക്തം കാണിക്കുന്ന എല്ലാ സീനുകളും കംപ്യൂട്ടറില്‍ പിറന്നതാണ്. Digital Compositing, CGI എന്നീ സാങ്കേതിക വിദ്യകള്‍ എവിടെ എങ്ങനെ ഉപയോഗിക്കണമെന്ന ധാരണ വളരെ കൃത്യമായി സംവിധായകനുണ്ട്. ഈ കാലഘട്ടത്തില്‍ technical artistry സംവിധായകനെ വിലയിരുത്തുന്ന പ്രധാന ഒരു ഘടകമാണ്. സിനിമ എന്ന മാധ്യമത്തില്‍ സാങ്കേതികതയെ പ്രയോജനപ്പെടുത്തുന്നത് മൊത്തം സിനിമയുടെ aesthetics -നെ വേറെ തലത്തില്‍ എത്തിക്കുന്നു.

'Title Sequence' - കളാണ് ഫിഞ്ചറുടെ സിനിമകളെ മികവുറ്റതാക്കുന്ന അടുത്ത ഘടകം. Seven, Fight Club, The Girl with the Dragon Tattoo എന്നീ സിനിമകളില്‍ opening credit sequence - കള്‍ സിനിമയുടെ വരാന്‍ പോകുന്ന കാഴ്ചകളുടെ തുടക്കമോ സംഗ്രഹമോ ആയിട്ടാണ് രൂപപെടുത്തിയിരിക്കുന്നത്. ഈ sequence - കളെ സിനിമയുടെ തന്നെ ഭാഗമാക്കുന്ന രീതി Alfred Hitchcock - ന്റെ ശെെലിയായിരുന്നു. Panic Room - ല്‍ നഗരങ്ങളുടെ മുകളില്‍ അടുക്കി വച്ചിരിക്കുന്ന എഴുത്തുകളായി കാണിക്കുന്നത് പ്രതീകാത്മകമായി സൂചിപ്പിക്കുന്നത് പ്രമാണിവര്‍ഗ്ഗം,കെട്ടിപടുക്കുന്ന വലിയ കെട്ടിടത്തില്‍ പോലും സുരക്ഷാ മുറികള്‍ വേണ്ടി വരുന്നതിനെയാണ്. Social Network - ല്‍ സിനിമയുടെ പേരെഴുതി കാണിക്കുന്നത് Panorama shot -ന് മുകളില്‍ ആണ്. ആദ്യത്തെ കൊലപാതകത്തിന് ശേഷം Zodiac എന്ന് എഴുതി കാണിക്കുന്നത് Graysmith - നെ കാണിക്കുന്പോഴാണ്. ഈ ചിത്രം അവര്‍ രണ്ട് പേരുടെയും കഥയാണ് എന്ന് ആദ്യം തന്നെ പറയുന്ന മനോഹരമായ രംഗം.

Architecture ആണ് ഫിഞ്ചറുടെ ഫ്രെയ്മുകളില്‍ നമ്മളെ ഒരുപാട് ആകര്‍ഷിക്കുന്ന ഒരു കാര്യം. Seven - നിലെ ഇരുപതാം നൂറ്റാണ്ടിലെ civic architecture മികച്ച രീതിയില്‍ ഒപ്പിയെടുത്തിട്ടണ്ട്. The Game - ലും classical കെട്ടിടങ്ങളും CRS - ന്റെ അത്യാധുനിക മുറികളും കാണാം. Panic Room -ലെ brownstone കെട്ടിടങ്ങളും, The Girl with the Dragon Tattoo -ലെ പുതുമയും പഴമയും ഒന്നിക്കുന്ന Sweden -ലെ architecture -ഉം കാഴ്ചയ്ക്ക് വിരുന്നാണ്. Architecture - നോടുള്ള ഫിഞ്ചറുടെ പ്രണയം ഏറ്റവും നന്നായി കാണാവുന്നത് Zodiac - ലും The Curious Case of Benjamin Button- ലുമാണ്. പല കാലത്തിലെ പല തരത്തിലുള്ള architecture അങ്ങേയറ്റം സൂക്ഷ്മമായി കെെകാര്യം ചെയ്യുന്നുണ്ട് ഫിഞ്ചര്‍ തന്റെ സിനിമകളില്‍. അത്രത്തോളം പ്രാധാന്യം 'Historical detailing' -ന് ഫിഞ്ചര്‍ നല്കുന്നത് കൊണ്ടുകൂടിയാണിത് മികച്ചതാകുന്നത്.

പ്രകൃതി (Nature) സംവിധായകന്റെ ദൃശ്യമികവിന്റെ പ്രധാന ഒരു ഘടകമാണ്. Seven -ല്‍ എപ്പോഴും പെയ്യുന്ന മഴയും അവസാനത്തെ വെയിലും, Hedestad - ലെ മഞ്ഞും, Harvard -ലെ തണുപ്പും എല്ലാം ഭംഗിയായി ചിത്രീകരിക്കുന്നു. ഒരു സ്ഥലത്തിന്റെ ഭൂപ്രകൃതിയെ വിശ്വസനീയമായി നമ്മളിലേക്ക് എത്തിക്കുന്നുണ്ട് എവിടെ കഥ നടന്നാലും. ഫിഞ്ചറുടെ സിനിമകളിലെ പല കഥാപാത്രങ്ങളും സിനിമയുടെ പുറത്തും ജീവിക്കുന്നവരാണ്. ഓരോ കഥാപാത്രങ്ങള്‍ക്കും ജീവന്‍ നല്കുന്ന അഭിനേതാക്കളില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഫിഞ്ചര്‍ക്ക് സാധിക്കുന്നു.

Soundscape ആണ് ഫിഞ്ചര്‍ സിനിമകളെ മികവുറ്റതാക്കുന്ന ഒരു ഘടകം. Ren Klyce ഒരുക്കുന്ന sound design സിനിമയുടെ ആസ്വാദനത്തെ വേറെ ഇടങ്ങളില്‍ എത്തിക്കുന്നു. Atticus Ross, Trent Reznor എന്നിവരാണ് ഫിഞ്ചറുടെ അവസാന മൂന്ന് ചിത്രങ്ങള്‍ക്കും സംഗീതം ഒരുക്കിയത്. Seven, The Game, Panic Room എന്നീ ചിത്രങ്ങളില്‍ Howard Shore - ന്റെ സംഗീതം നിറഞ്ഞപ്പോള്‍, Zodiac - ന്റെ സംഗീതം David Shire- ഉം, Fight Club - ന് Dust Brothers - ഉം ആണ് Original score ചെയ്തത്. വിഖ്യാതനായ Alexandre Desplat - യുടെ പശ്ചാത്തല സംഗീതമാണ് The Curious Case of Benjamin Button - ല്‍ കേട്ടത്. ഇവരൊക്കെ ചേര്‍ന്ന് നല്കുന്ന ഒരു പ്രത്യേക തരം അനുഭൂതിയുണ്ട്. ഫിഞ്ചറുടെ സിനിമകള്‍ നെഞ്ചില്‍ കൂട് കൂട്ടുന്നത് ഈ സംഗീത മികവ് കൊണ്ടു കൂടിയാണ്. Audio- Visual മീഡിയം എന്ന് അക്ഷരാര്‍ത്ഥത്തില്‍ പൂര്‍ണ്ണതയോടെ ഫിഞ്ചറുടെ സിനിമകളെ വിളിക്കാം.

▶ സിനിമകൾ രാഷ്ട്രീയം പറയുമ്പോൾ

.

.

രാഷ്ട്രീയം പറയുന്ന ഒരു മാധ്യമമായി പലപ്പോഴും സിനിമകള്‍ മാറാറുണ്ട്‌. ഫിഞ്ചറുടെ സിനിമകളിലും സംവിധായകന്റെ കാഴ്ചപ്പാടുകളും പ്രത്യേയശാസ്ത്ര വീക്ഷണങ്ങളും നിലപാടുകളും ഒക്കെ വെളിപ്പെടുന്നുണ്ട്. പല തരത്തിലുള്ള അക്കഡമിക്ക് ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇത് വഴിവെട്ടിയിട്ടുണ്ട്‌. പല സംവിധായകര്‍ക്കും അവരുടെ പ്രതിഷേധം അറയിക്കാനും തിന്മയെ പ്രധിരോധിക്കാനും ഒക്കെയുള്ള മാര്‍ഗ്ഗമൊണ് സിനിമ എന്നതിനാല്‍ തന്നെ ഒരു സാമൂഹിക ഉത്തരവാദിത്വം ചലച്ചിത്രകാരനുണ്ടായിരിക്കണം. ആളുകളെ സ്വാധീനിക്കുന്പോള്‍ നേടിയ പുരോഗതിയെ തച്ചുടയ്ക്കുന്നതാകരുത് സിനിമ. ഇനി നേടിയ പുരോഗതി തന്നെ കപടവും അധാര്‍മ്മാകതയിലൂന്നിയതും ആണെങ്കില്‍ തിരിച്ചടിക്കാം. ഇവിടെ ഒരു വലിയ അനിശ്ചിതത്വം തന്നെ നിലിനില്‍ക്കുന്നു. തിരിച്ചറിവിന്റെ വലിയ ഒരു ആവശ്യവും ഉദിക്കുന്നുണ്ട്. ഫിഞ്ചറുടെ സിനിമകളില്‍ ഉടനീളം ഇത്തത്തിലുള്ള ഉത്തരാധുനിക വിമര്‍ശനങ്ങളുടെ ഭാഗമായ അവിശ്വാസ്യത (postmodern skepticism) കാണാം.

.

.

Jacques Derrida - യുടെ സ്വാധീനം നന്നായി തന്നെ സംവിധായകന്റെ സിനിമകളിലുണ്ട്. എല്ലാ കാര്യങ്ങളും പല തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാണ്. കാണാന്‍ കഴിയുന്നതോ, എഴുതപ്പെട്ടതോ, പറയപ്പെട്ടതോ ആയിട്ടുള്ള എല്ലാ കാര്യങ്ങളെയും പല രീതിയില്‍ നമ്മള്‍ക്ക് വ്യാഖ്യാനിക്കാന്‍ കഴിയും. നമ്മള്‍ ഒരു കാര്യത്തെ വ്യാഖ്യാനിക്കുന്പോള്‍ അതില്‍ നമ്മുടെ അനുഭവങ്ങളുടെയും വളര്‍ന്ന സാഹചര്യങ്ങളുടെയും സ്വാധീനം തീര്‍ച്ചയായും ഉണ്ടാകും. ഇതാത് Derrida പറയുന്നത്. ഡേവിഡ് ഫിഞ്ചറുടെ എല്ലാ കഥാപാത്രങ്ങളെയും ഇങ്ങനെ പല രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയും. രണ്ട് വെെരുദ്ധ്യ തലങ്ങളില്‍ കഥാപാത്രങ്ങളോ സംഭവങ്ങളോ മാറിമറിയുന്നത് ഫിഞ്ചര്‍ സിനിമകളോല്‍ ആവോളം ഉണ്ട്. Gone Girl - ല്‍ ആണ് ഈ വെെരുദ്ധ്യം മറയില്ലാതെ പുറത്തുവരുന്നത്. നിഷ്കളങ്കയായ ഒരു perfect സ്ത്രീയില്‍ നിന്ന് psychopath ആകുന്ന Amy, സംശയത്തിന്റെ നിഴലില്‍ ആദ്യം കാണുകയും പിന്നെ അത് മാറി നിസ്സഹായനാകുകയും ചെയ്യുന്ന Nick Dunne. സിനിമയില്‍ twist കൊണ്ടുവരാന്‍ വേണ്ടി ചെയ്യുന്ന കണ്‍കെട്ട് വിദ്യ അല്ലയിത്. Derrida പറഞ്ഞുവയ്ക്കുന്ന പല വശങ്ങള്‍ ഒരാളില്‍ തീര്‍ക്കുന്ന, വെെരുദ്ധ്യത്തിന്റെ കണികകളുടെ അനാവരണമാണ് സിനിമയിൽ തെളിയുന്നത്. Misogyny - യും Misandry -യും തമ്മിലുള്ള ഒരു ആഭ്യന്തര യുദ്ധം തന്നെ ഈ സിനിമയിലുണ്ട്.

.

.

The Girl with the Dragon Tattoo തുടങ്ങുന്നത് Harriet -ന്റെ കൊലയാളിയെ കണ്ടെത്താനുള്ള അന്വേഷണത്തിലൂടെയാണ്. എന്നാല്‍ ചെന്നെത്തുന്നതോ Harriet - ലേക്കും. The Game ആണെങ്കിലോ പണം തട്ടിയെടുക്കാനുള്ള നീചമായ ഗൂഢാലോചനയാണ് എന്ന് വിശ്വസിക്കുന്പോഴേക്കും ഒരു പിറന്നാള്‍ പാര്‍ട്ടിയായി പര്യവസാനിക്കുന്നു. Seven - ലെ പ്രതിനായകന്‍ തന്റെ ഏഴ് കൃത്യങ്ങള്‍ ചെയ്യാന്‍ താനുള്‍പ്പടെയുള്ള ഏഴ് പാപികളെ തിരഞ്ഞെടുക്കുന്നു. അയാളിലും ന്യായം കണ്ടെത്തുകയാണ് ഫിഞ്ചര്‍. അദ്ദേഹത്തിന്റെ സിനിമകളിലെല്ലാം എല്ലാ കഥാപാത്രങ്ങള്‍ക്കും അവര്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് ന്യായീകരണങ്ങളുണ്ട്. Panic Room - ലെ Burnham, Thomas Button (The Curious Case of Benjamin Button), Social Network - ലെ Mark Zuckerberg, Eduardo Saverin തുടങ്ങിയ കഥാപാത്രങ്ങളും മേല്‍പറഞ്ഞ കഥാപാത്രങ്ങളും ഒക്കെ Derrida -യുടെ അപനിര്‍മ്മാണത്തിന് (deconstruction) വിധേയമായാല്‍ പല ആന്തരിക സംഘര്‍ഷ തലങ്ങളിലൂടെ കടന്നു പോകുന്നവർ ആണെന്ന് മനസ്സലിക്കാൻ നമുക്ക് കഴിയും..

.

Derrida- യെ പോലെ ഫിഞ്ചര്‍ സിനിമകളെ ആഴത്തില്‍ സ്വാധീനിച്ചിട്ടുള്ള മറ്റൊരു ചിന്തകന്‍ Friedrich Nietzsche ആണ്. Nietzsche - യുടെ ശൂന്യതാവാദം (nihilism) ഫിഞ്ചര്‍ സിനിമകളുടെ മുഖ്യ ബൗദ്ധിക ചേരുവയാണ്. ഒരു മൂല്യങ്ങള്‍ക്കും അടിസ്ഥാനമില്ല എന്നും ഒന്നും തന്നെ അറിയപ്പെട്ടതോ വെളിപ്പെടുത്തിയതോ അല്ലെന്നും nihilist - കള്‍ പറയുന്നു (all values are baseless and nothing can be known or communicated). അവര്‍ ഒന്നിലും വിശ്വസിക്കുന്നില്ല എന്ന് മാത്രമല്ല, ഒന്നിനോടും കൂറോ അല്ലെങ്കില്‍ ഒരു പ്രത്യേക ഉദ്ദേശമോ ഇല്ല. എപ്പോഴും കടുത്ത നെെരാശ്യം (sense of despair) മാത്രം ബാക്കി. ഫിഞ്ചറുടെ എല്ലാ സിനിമകളിലും കറുത്ത ശൂന്യതാവാദത്തിന്റെ പല അയിരുകളും കണ്ടെടുക്കാവുന്നതാണ്. എപ്പോഴും ജീവിതത്തിലെ സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്നവരോ വ്യവസ്ഥിതികളോട് കലഹിക്കുന്നവരോ ഒക്കെയാണ് പല കഥാപാത്രങ്ങളും. ഈ nihilism സംവിധായകന്റെ എല്ലാ ചിത്രങ്ങളിലും നിഴലിക്കുന്നുണ്ട്. പല കോണില്‍ നിന്നുള്ള വീക്ഷണമാണ് എല്ലാ സിനിമയും.

.

.

Fight Club ആണ് ഫിഞ്ചറുടെ ഗഹനമായ ശൂന്യതാവാദത്തിന്റെ പ്രതിഫലനങ്ങള്‍ ഒരുപാട് കണ്ടെടുക്കാവുന്ന സിനിമ. കന്പോള കേന്ദ്രീകൃത മുതലാളിത്ത വ്യവസ്ഥയിലെ മനുഷ്യന്റെ അപരവത്കരണമാണ് നായകനിലൂടെ തിരിച്ചറിയേണ്ടത്. ആഗോളവല്‍ക്കരണത്തിന്റെയും നവലിബറല്‍ ആശയങ്ങളുടെയും ആധുനികതയുടെയും ഫലമായി കോര്‍പറേറ്റ് തലവന്മാരും അധികാരികളും ചേര്‍ന്ന് തീര്‍ക്കുന്ന വലയില്‍ അകപ്പെട്ട് ഇടംവലം തിരിയാനാകാത്ത ശ്വാസം മുട്ടുകയാണ് സാധാരണ മനുഷ്യര്‍. ഉത്പന്നങ്ങളും പരസ്യങ്ങളും മാര്‍ക്കറ്റിങ്ങും യന്ത്രങ്ങളും എല്ലാം ചേര്‍ന്ന് നമ്മളെ നിയന്ത്രിക്കുകയാണ്. ''The things you own end up owning you'' എന്ന സിനിമയിലെ സംഭാഷണം തന്നെ ഇതിനെ അടിവരയിടുന്നു. ഉത്പന്നകേന്ദ്രീകൃതമായ ഒരു ലോകത്തിന്റെ അടിമകയാകുകയാണ് നായകൻ. Fight Club സിനിമയിലെ മിക്ക സംഭാഷണങ്ങളിലും ആധുനികത തീര്‍ത്ത വെെകൃതങ്ങള്‍ക്കെതിരെയുള്ള കടുത്ത നിരാശ ഫിഞ്ചര്‍ പ്രകടിപ്പിക്കുന്നുണ്ട്. The Will to Power എന്ന പുസ്തകത്തില്‍ Nietzsche എഴുതുന്നുണ്ട്, ''Every belief, every considering something true, is necessarily false because there is simply no true world''. ഈ nihilist കാഴ്ചപ്പാടില്‍ വിശ്വസിക്കുന്നത് കൊണ്ടാകാം Fight Club - ല്‍ യാഥാര്‍ത്ഥ്യവും സാങ്കല്പികവുമായ ലോകങ്ങള്‍ എവിടെയാണ് അതിര്‍ത്തി പങ്കിടുന്നത് എന്ന് നമ്മള്‍ക്ക് തിരച്ചറിയാന്‍ കഴിയാത്ത വിധം ഫിഞ്ചര്‍ കഥ പറയുന്നത്. താന്‍ എങ്ങനെ ആകണമെന്നാഗ്രഹിക്കുന്നുവോ ആ വ്യക്തിയെ കണ്ടുമുട്ടുകയാണ് സിനിമയിലെ നായകന്‍. ആധുനികതയ്ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ഒട്ടനവധിയാണ്..

.

ഉപഭോക്താക്കള്‍ ഒരു ജീവിതരീതിയോടുള്ള ആസക്തിയുടെ ഉപോല്‍പന്നമാണ് (Consumers - We are by products of lifestyle obsession) എന്ന് പറയുന്ന രംഗം തന്നെ ഉദാഹരണം. പുരോഗതിയെ തന്നെ ചോദ്യം ചെയ്യുന്നുണ്ട് ചിത്രത്തില്‍ - '' I reject the basic assumptions of civilization, especially the importance of material possessions''. Lockean സിദ്ധാന്തങ്ങള്‍ക്ക് എതിരെയുള്ള പ്രതിഷേധമാണ് മുഴങ്ങുന്നത്. State of nature - ലേക്ക് മടങ്ങി പോയാല്‍ മാത്രമേ യഥാര്‍ത്ഥ സ്വാതന്ത്ര്യം ഉണ്ടാവുകയുള്ളൂ എന്ന Rousseau - യുടെ തത്വവും കടന്നു വരുന്നണ്ട് - ''It is only after we've lost everything that we're free to do anything''. ഈ കാലഘട്ടത്തിലെ മനുഷ്യന്റെ സ്വാര്‍ത്ഥ മനസ്സിനെയും പ്രവര്‍ത്തിയെയും വിമര്‍ശിക്കുന്നുണ്ട് - '' Murder, Crime, Poverty. These things don't concern me. What concerns me are celebrity magazines, television with 500 channels and some guys name on my underwear''. നിരര്‍ത്ഥഥമായ ജീവിതമാണ് നമ്മള്‍ ഈ ലോകത്ത് നയിക്കുന്നതെന്നും ഒരേ കഥകള്‍ മാത്രമാണ് ആവര്‍ത്തിക്കപ്പെടുന്നതെന്നും കൂപ്പുകുത്തി വീഴാന്‍ പോകുന്ന ചീട്ടുകൊട്ടാരമാണ് neoliberal capitalism എന്നും ഒക്കെയുള്ള പച്ചയായ സത്യങ്ങള്‍ ആണ് ഫിഞ്ചര്‍ പറയുന്നത്. എപ്പോഴും എല്ലാത്തിലും എവിടെയും perfect ആകാന്‍ ശ്രമിക്കുന്ന നമ്മളുടെ പ്രവണതകളെ മാറ്റാന്‍ ആഹ്വാനം ചെയ്യുന്നുണ്ട് - ''I say never be complete. I say stop being perfect. I say let's evolve. Let the chips fall where they may''. എല്ലാ institutional മൂല്യവ്യവസ്ഥിതികളുടെ തകര്‍ച്ചയാണ് സിനിമയുടെ ഒടുക്കം കാണാവുന്നത്.

.

.

Nietzsche - യുടെ തന്നെ സ്വാധീനം Seven - ലും Zodiac -ലും വെളിച്ചത്ത് വരുന്നുണ്ട്. ''If you wish to strive for peace of soul and pleasure, then believe; if you wish to be a disciple of truth; then inquire'' - Nietzsche തന്റെ സഹോദരിക്ക് എഴുതിയ കത്തിലെ വരികളാണ് ഇത്. പിന്നീട് ഒരുപാട് പേരെ സ്വാധീനിച്ച ഒരു ചിന്ത. Seven - ലെ ഡിറ്റക്ടീവ് Somerset - ഉം Mills - ഉം, Zodiac - ലെ David Toschi -യും Robert Graysmith -ഉം സത്യം തേടിയവരാണ്. എല്ലാം പ്രതികൂലമായി ആഞ്ഞടിച്ചപ്പോഴും അതിനെ ചോദ്യം ചെയ്ത് ഒഴുക്കിനെതിരെ നീന്തിയവരാണ്. നമ്മളിലേക്ക് എന്ത് വന്നാലും അത് അപ്പാടെ സ്വീകരിക്കരുന്ന വിധേയത്വ മനോഭാവം മാറി എന്തിനെയും ചോദ്യം ചെയ്യാനാണ് ഫിഞ്ചര്‍ പ്രേരിപ്പിക്കുന്നത്. പറഞ്ഞു വന്നിടത്ത് നിന്നും പ്രാഥമിക ധാരണകളില്‍ നിന്നും കഥയും കഥാപാത്രങ്ങളും മലക്കംമറിയുന്നത് ഈ പറഞ്ഞ skepticism ഊട്ടി ഉറപ്പിക്കാനാണ്. എല്ലാത്തിനെയും നിഷേധിക്കാനുള്ള മുറവിളിയല്ല ഇത് കൊണ്ട് ഫിഞ്ചര്‍ അര്‍ത്ഥമാക്കുന്നത്. ഉടച്ചുവാര്‍ത്ത് ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം കണ്ടെത്തണം എല്ലാത്തിലും എന്തിലും.

.

.

Herbert Kelman - ന്റെ 'dehumanization' ആശയങ്ങളും ഫിഞ്ചര്‍ സിനിമകളില്‍ കയറിവരുന്നുണ്ട്. സ്വത്വവും (identity) സമൂഹവും (community) ആണ് 'humanness' -ന്റെ സവിശേഷതകള്‍ എന്ന് Kelman പറയുന്നു. Dehumanization എന്നാല്‍ ചില ആളുകളോ പ്രത്യേയശാസ്ത്രങ്ങളോ മനുഷ്യനോട് ക്രൂരമായി പെരുമാറുന്നതിനെ സൂചിപ്പിക്കുന്നു. Fight Club ആത്യന്തികമായി പറയുന്നത് ഭോഗപരത (consumerism) സമൂഹത്തെയും സംസ്കാരത്തെയും മനുഷ്യനെയും സ്ത്രെെണവത്കരിക്കുന്നു (feminisation of culture and society) എന്നാണ്. Seven - ലെ John Doe -യുടെ പ്രവൃത്തിയും Zodiac ചെയ്യുന്നതിലും എല്ലാം dehumanization ഊണ്ട്. അതിലെ ശരിതെറ്റുകളല്ല ചിന്തിക്കേണ്ട്, ഏത് കാരണം കൊണ്ടാണ് അല്ലെങ്കില്‍ ഏത് ideology ആണ് ഇതിന് കാരണമാകുന്നത് എന്നാണ് അറിയേണ്ടത്. അത് Market capitalism അല്ലെങ്കില്‍ Neoliberalism തന്നെയാണ് എന്ന് കാണുന്ന നമ്മള്‍ തിരിച്ചറിയുന്നു. Francis Fukuyama - യുടെ End of History - യെയും Thatcher-Reagan രാഷ്ട്രീയ നയങ്ങളെയും Brettonwood-WTO തുടങ്ങിയ മുതലാളിത്ത വാഹകരെയും കത്തിച്ചുകളയണ്ട സമയമായിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍. Kelman പറയുന്ന നമ്മുടെ അടിസ്ഥാന സ്വത്വത്തെ തന്നെ ഇല്ലാതാക്കുന്ന പ്രത്യേയശാസ്ത്രങ്ങള്‍ നമ്മുക്കെന്തിനാണ്? അസ്തിത്വപരമായ പ്രതിസന്ധി (existential crisis) ഫിഞ്ചറുടെ കഥാപാത്രങ്ങള്‍ നേരിടുന്നത് എല്ലായിപ്പോഴും. ജീവിതത്തിന് എന്ത് അര്‍ത്ഥമാണുള്ളത്, എന്ത് വിലയാണുള്ളത്, എന്ത് ഉദ്ദേശമാണുള്ളത്? - ഇങ്ങനെ കുറേ ചോദ്യങ്ങള്‍ പല കഥാപാത്രങ്ങളും സ്വയം ചോദിക്കുന്നു. നമ്മളെ കൊണ്ട് ഫിഞ്ചര്‍ ചോദിപ്പിക്കുകയും ചെയ്യുന്നു..

.

.

ഒരു ദിവസം എല്ലാരും മറന്നുപോകുമെങ്കില്‍ ഞാന്‍ ഈ ജീവിതത്തില്‍ ചെയ്യുന്നതിനെല്ലാം എന്ത് അര്‍ത്ഥമാണുള്ളത് എന്ന ചോദ്യം വേട്ടയാടുന്നുണ്ട് പലരെയും. Soren Kierkegaard, Jean Paul Satre, Nietzsche എന്നീ ചിന്തകരാണ് ഈ ചിന്താധാരയെ പാകിമിനുക്കിയവര്‍. എല്ലാ ഫിഞ്ചര്‍ സിനിമയിലും ഈ അസ്തിത്വവാദത്തിന്റെ ധ്വനിയുണ്ട്‌. ഒന്നും നിലനില്ക്കില്ല ( nothing lasts) ചിലതൊക്കെ നിലനില്ക്കും (something lasts) എന്നീ രണ്ട് സമാന്തര രേഖയ്ക്കുള്ളിലൂടെ കടന്ന് പോകുന്ന Benjamin Button - നും Daisy - യും തന്നെ ഉദാഹരണം. Fight Club - ലെ നായകന്‍ തന്റെ തന്നെ മറ്റൊരു രൂപമാണ് Tyler Durden എന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞ് നേരിടുന്ന മാനസിക തളര്‍ച്ചയും existential crisis ആണ്. The Game - ലെ കോര്‍പറേറ്റ് നായാകന്റെ ഏകാന്തതയില്‍ നിന്ന് ഉരുത്തിരിയുന്ന അവസ്ഥയും ലോകത്തിന്റെ സുരക്ഷിതത്വത്തില്‍ വിശ്വാസ്യത നഷ്ടപ്പെടുന്ന Graysmith - ഉം Somerset -ഉം എല്ലാം ജീവിതത്തിലെ അസ്തിത്വപരമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരാണ്.

.

.

The Curious Case of Benjamin Button -ലെ Clock - ന്റെ മാത്രം നോക്കുക. Symbolic - ആയി എല്ലാം മാറും മറയും ('everything changes') എന്ന സത്യം വിളിച്ചോതുന്നുണ്ട്. ജീവിതത്തിന്റെ വെെകാരികതയെ ഫിഞ്ചര്‍ സമീപിക്കുന്നത് ഹൃദ്യമായിയാണ്. നിത്യമായ ചില സത്യങ്ങളുണ്ട്. അത് മാറുകയില്ലല്ലോ. ''You can be mad as a mad dog at the way things went. You can swear and curse fates. But when it comes to the end, you have to let go''. The Curious Case of Benjamin Button -ലെ ഈ വാക്കുകള്‍ തുറന്നിടുന്ന ചിന്താവീചികള്‍ വിദൂരധ്രുവങ്ങളിലേക്ക് നമ്മളുടെ കാഴ്ചപ്പാടുകളെ എത്തിക്കുന്നു. ഇക്കാലമത്രയും വെച്ചുപുലര്‍ത്തിയ പല ധാരണകളെയും മിത്തുകളെയും പൊളിച്ചെഴുതുന്നു. ഇതേ സിനിമയിലെ മറ്റൊരു വരികള്‍ നോക്കുക, ''We're meant to lose the people we love. How else would we know how important they are to us?''. പ്രകൃതിയിലെ ചില സത്യങ്ങളെ അംഗീകരിച്ചേ മതിയാകൂ. ഇതും കടന്നു പോകുമെന്ന് പറഞ്ഞു തരുന്നു ഫിഞ്ചര്‍.

.

.

സാമൂഹിക വിമര്‍ശനങ്ങള്‍ ഫിഞ്ചര്‍ സിനിമയിലൂടെ ഒരു മറയുമില്ലാതെ വിളിച്ച് പറയും. നിലപാട് പറയണമെങ്കില്‍ അത് ഒരു ഭയവും കൂടാതെ പറയുകയും ചെയ്യും. മുതലാളിത്ത ആശയങ്ങളെ പ്രചരിപ്പിക്കുന്ന മാധ്യമായി Hollywood -നെ വലിയ studio -കള്‍ ഉപയോഗിക്കാറുണ്ട്. അതേ മാധ്യമം ഉപയോഗിച്ച് കൊണ്ടാണ് ഫിഞ്ചര്‍ Fight Club -ലൂടെ നവമുതലാളിത്ത പേകൂത്തുകളെ വിമര്‍ശിച്ചത്. Gone Girl -ല്‍ വാര്‍ത്താമാധ്യമങ്ങള്‍ കാട്ടികൂട്ടുന്ന തരംതാണ പ്രവര്‍ത്തികളെ നല്ല രീതിയില്‍ തന്നെ വിമര്‍ശിക്കുന്നുണ്ട് ഫിഞ്ചര്‍. വാര്‍ത്തയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന, എരിവും പുളിയും കലര്‍ത്തി മനുഷ്യത്തമില്ലാത്ത കുപ്രചരണങ്ങള്‍ നടത്തുന്ന, അസത്യ പ്രഭാഷണങ്ങളുടെയും, എവിടെയും എത്താത്ത നിഷ്ഫലമായ ചര്‍ച്ചാ പ്രഹസനങ്ങളെയും സംവിധായകന്‍ ചിത്രത്തിലൂടെ കാണിക്കുന്നുണ്ട്. George Orwell പറഞ്ഞത് പോലെ - '' The people will believe what the media tells them they believe'' - വലിയ ഒരു സ്വാധീന ശക്തി മാധ്യമങ്ങള്‍ക്കുണ്ട്. അതിനാല്‍ ആ അധികാരം സമൂഹത്തിനെ പിന്നെയും വഴിതിരിച്ച് വിടാതെ വിശ്വാസ്യതയോടെ ആശ്രയിക്കാവുന്ന ഒരു സ്രോതസ്സായി മാധ്യമങ്ങള്‍ മാറണം. മാധ്യമധര്‍മ്മതിന്റെ മറ്റൊരു വശം The Girl with the Dragon Tattoo - ല്‍ ഉണ്ട്. വാര്‍ത്തയ്ക്കായി ഏതറ്റം വരെയും ഒരാളുടെ,സ്വകാര്യതയിലേക്ക് കടന്നു ചെല്ലുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുക.

.

.

മതവിശ്വാസത്തിന്റെ വ്യാജമായ വശം The Curious Case of Benjamin Button -ലെ 'Miracle scene' -ലെ പ്രാര്‍ത്ഥനയിലും എഴുനേറ്റ് നടത്തത്തിലുമുണ്ട്‌. രണ്ടാം ലോക മഹായുദ്ധ കാലത്ത് സ്വപ്നങ്ങളുപേക്ഷിച്ച് കടലിലേക്ക് കപ്പല്‍ കയറുന്നവരുടെ ജീവിതവും കടലിലെ യുദ്ധത്തില്‍ മരണം ഒരു സാധാരണ വിഷയമായി മാറുന്ന പെെശാചികതയും The Curious Case of Benjamin Button -ലുണ്ട്. Surveillance state -ന്റെ ഇരു വശങ്ങളെയും പ്രതീകാത്മകമായി Panic Room -ല്‍ കാണിക്കുന്നുണ്ട്‌. അതേ ചിത്രത്തില്‍ തന്നെ 'സാന്പത്തിക അസമത്വം' ഒരു പ്രധാന വിഷയമാണ്. Burnham - ഉം Meg Altman -ഉം പ്രതിനിധാനം ചെയ്യുന്നത് ഈ അസമത്വത്തിന്റെ രണ്ട് അറ്റങ്ങളെയാണ്. വലിയ വീട്ടില്‍ നിന്ന് ചെറിയ വീട്ടിലേക്കെത്തുന്ന Meg -നെ പോലെ പലരും ചിന്തിച്ചാല്‍ അസമത്വത്തിന്റെ അന്തരം എത്രയോ ചെറുതാകുമായിരുന്നു. Social Network - ലെ ഒരു വാചകം ഇങ്ങനെയാണ് , ''Bosnia - they don't have roads, but they have Facebook''. സാങ്കേതിക എത്ര വളര്‍ന്നാലും അസമത്വം മാറുന്നില്ലല്ലോ എന്ന സൂക്ഷ്മമായ ഓര്‍പ്പെടുത്തല്‍. തന്റെ വ്യക്തമായ കാഴ്ചപ്പാടുകള്‍ പ്രതീകാത്മകമായും പ്രത്യക്ഷത്തിലും ഫിഞ്ചര്‍ പറയുന്നുണ്ട് ; അദ്ദേഹത്തിന്റെ സിനിമകളിലൂടെ. മലയുടെ മുകളില്‍ ഉത്ഭവിക്കുന്ന നദി പല അരുവികള്‍ വന്നു ചേര്‍ന്നാണ് പുഴയായി ഒഴുകുന്നത്. അത് പോലെയാണ് ഡേവിഡ് ഫിഞ്ചറുടെ സിനിമകളും; പല ചിന്തകളുടെയും അരുവികള്‍ ഒഴുകിചേര്‍ന്ന് സിനിമയാകുന്നു.

.

.

ഫിഞ്ചറുടെ സിനിമയിലെ തന്നെ വരികള്‍ പറഞ്ഞ് അവസാനിപ്പിക്കാം.

.

.

“Some people were born to sit by a river. Some get struck by lightning. Some have an ear for music. Some are artists. Some swim. Some know buttons. Some know Shakespeare. Some are mothers. And some people, dance.” (... and some are DIRECTORS).

.

.

© Gokul K S | Cinema Paradiso Club