Does the moment worth a slow-motion?

Jan-04-2020 04:01 PM

Krishnendu Kalesh എഴുതുന്നു...

.

"ദേവാസുരം" സിനിമയിൽ ഒരു സീക്വെൻസുണ്ട്. അമ്മാവനെ കൊന്നത് നീലകണ്ഠൻ ആണെന്നറിഞ്ഞു മരണവീട്ടിൽ നിന്നും ഇറങ്ങിപ്പുറപ്പെടുന്ന ശേഖരൻ. അതാ കഥാപാത്രത്തിന്റെ ഇൻട്രോ സീനാണ്, ആദ്യ ഷോട്ട് മുതലുള്ള അയാളുടെ റിയാക്ഷനുകൾ പലതും സ്ലോമോഷനിലാണ്. അവിടെ നിന്നും കട്ട് ചെയ്യുന്നത്, ഒരു ചോദ്യാവലി കഴിഞ്ഞോ മറ്റോ പോലീസ് ജീപ്പിൽ വരുന്ന നീലകണ്ഠനിലേക്ക്. അന്വേഷിച്ചു പരിവാരങ്ങളുമായി ഇറങ്ങിയ ശേഖരൻ ജീപ്പിനെ ബ്ലോക്ക് ചെയ്യുന്നു. ജീപ്പിലുണ്ടായിരുന്ന എസ്.ഐ, ശേഖരനോട് സംസാരിച്ച ശേഷം നീലകണ്ഠനെ അവിടെ ഇറക്കി പോകുന്നു.

.

ശേഖരന്റെ കാഴ്ചപ്പാടിൽ കൊല്ലാൻ നോക്കിയിരുന്നവനെ ഒറ്റക്ക് കിട്ടിയിരിക്കുകയാണ്‌. ഒരു ടെൻഷൻ ഇരുവർക്കും ഇടയിൽ നിലനിൽക്കെ പൊടുന്നെന്നെ നീലകണ്ഠന്റെ ഗ്യാങ്ങ് ജീപ്പിൽ അവിടെ എത്തുന്നു. പിന്നെ കാണുന്നത് മുണ്ടു മടക്കിക്കുത്തുന്ന നീലകണ്ഠൻ, അതിന്റെ ക്ലോസ് ഷോട്ട്, സ്ലോമോഷൻ റാമ്പ് ചെയ്തിട്ടുണ്ട്, ഒറ്റഷോട്ടിൽ വെറും നാല് സെക്കന്റിൽ അത് തീരുന്നു. അതായിരിക്കണം ഒരു സിനിമയിൽ മോഹന്ലാലിന്റേതായി ആദ്യത്തെ മുണ്ടുമടക്കിക്കുത്തൽ രംഗം സ്ട്രെസ് ചെയ്തു കാണിച്ചിരിക്കുന്നത്. അതിനു പവർ കൂട്ടുന്നത് അതിനു മുന്നേ വന്നിറങ്ങിയ നീലകണ്ഠന്റെ സംഘത്തിന്റെ ക്ലോസ് അപ്പ് ഇൻസേർട്ട് റിയാക്ഷനുകൾ ആണ്. അതായത് അവരെത്തി, ആള് തികഞ്ഞു, ഇനി ശേഖരനും കൂട്ടരുമായി ഒരു തെരുവ് യുദ്ധമാണെങ്കിലും ഓക്കേ എന്ന ഇമ്പ്രെഷൻ. നാട്ടുകാരും കൂടി.

.

പിന്നെ കാണുന്ന രംഗം ശേഖരൻ സ്ലോമോഷനിൽ നീലകണ്ഠനിലേക്ക് നടന്നടുക്കുന്നതാണ്. ആറു സെക്കന്റ് നീളുന്ന ആ രംഗം രണ്ടു ആംഗിളുകളിൽ എടുത്തിട്ടുണ്ട്, നാല് കട്ടും. ശേഷം അയാൾ നീലകണ്ഠനെ ശത്രുവായി പ്രഖ്യാപിക്കുന്ന രീതിയിൽ സംഭാഷണം നടത്തി തന്റെ കൂട്ടരുമായി തിരിച്ചു പോയി.

.

ഈ സുപ്രധാനമായ രംഗത്തിൽ നായകനെക്കാളും പ്രയോറിറ്റി സ്ലോമോഷൻ രംഗങ്ങളിൽ സംവിധായകൻ ഐ.വി.ശശി കൊടുത്തത് വില്ലനാണ്. മോഹൻലാലിൻറെ മുണ്ടുമടക്കിക്കുത്തൽ ഒരു സിഗ്നേച്ചർ ഷോട്ടായി പ്രഖ്യാപിക്കുമ്പോഴും ആ സീനിൽ കഥാപാത്രമേൽക്കോയ്മ ശേഖരനാണ്. അവിടെ നായകന്റെ മുണ്ടുമടക്കികുത്തൽ ഒരു പ്രവൃത്തി മാത്രവും, സീനിന്റെ ഇമോഷൻ വില്ലന് അനുകൂലവുമാണ്. സ്വാഭാവികമായും നായകന്റെ തയ്യാറെടുപ്പ് കാണികളെ ഒന്നൂറ്റം കൊള്ളിക്കുന്നുണ്ടെങ്കിലും, ശേഖരന്റെ ഷോട്ട് സെലെക്ഷനിലൂടെയും എഡിറ്റിലൂടെയും അവരെ ഇമോഷണലി സംവിധായകൻ അടക്കിക്കളഞ്ഞു. കാരണം കൊലവിളിയും വെല്ലുവിളിയുമൊക്കെ നടത്തി അയാളെ എസ്റ്റാബ്ലിഷ്‌ ചെയ്തതിനു പുറമെ അയാളുടെ കോപത്തിന് ന്യായീകരണമുണ്ട്. അവിടെ ഷോട്ടുകളിൽ നായകനെക്കാൾ മേൽക്കോയ്മ വില്ലനിൽ സ്ഥാപിക്കേണ്ട കാര്യം നരേട്ടീവിനുണ്ട്. നീലകണ്ഠൻ അവിടെ ഒരു വാക്കു പോലും മിണ്ടാത്ത ദൃക്‌സാക്ഷി മാത്രമാണ്, കാരണം അയാളിൽ ഒരു അന്യായം ഒളിഞ്ഞു കിടപ്പുണ്ട്.

.

ആ സിനിമയിൽ അതിനു മുന്നേ കവലയിൽ ജനാർദ്ദനന്റെ കഥാപാത്രത്തിന് നേരെ മുണ്ടു മടക്കികുത്തൽ പ്രവൃത്തി ഉണ്ടെങ്കിലും സ്ലോ മോഷൻ അല്ല, ഫാസ്റ്റ് കട്ട് ആണ്. എന്നാൽ അവിടെ പ്രയോറിറ്റി നീലകണ്ഠനാണ്. അതുകൊണ്ട് അയാൾ നടയിറങ്ങിവരുന്ന രംഗം ഊറ്റം കൊള്ളും വിധം സ്ലോമോഷനിലാണ്. അതായതു നായകന് മേൽക്കോയ്മ ഉള്ള ഒരു രംഗത്തിൽ അമ്മാവന് നേരെ മടക്കിക്കുത്തൽ നോർമൽ സ്പീഡിലും, ഇല്ലാത്തിടത്തു മരുമോന്റെ നേരെ സ്ലോമോഷനിലും പിന്നീട് ന്യായത്തെ മുൻനിറുത്തി ശേഖരനെ അപ്പ് ചെയ്ത് നീലകണ്ഠന്റെ സ്റ്റൈലിനെ ക്യാൻസൽ ചെയ്യുകയുമാണുണ്ടായത്.

.

പറഞ്ഞു വരുന്നത് ഐ.വി. ശശിയുടെ കഥപറച്ചിലിലുള്ള കൈയ്യടക്കത്തെയും, ടെക്നിക്കാലിറ്റിയെയും കുറിച്ചാണ്. ആ പ്രധാന ഇവന്റ് ബിൽഡ് ചെയ്യുന്ന ഷോട്ട് ഡിവിഷൻനും കഥാപാത്രങ്ങളുടെ സ്റേജിങ്ങും കിറു കൃത്യമാണ്, ഒപ്പം ഇമോഷനും. മലയാളിയുടെ ഇഷ്ടനായകൻ, തന്റെ പിൽക്കാലത്തെക്കുള്ള സ്റ്റൈൽ സ്റ്റേറ്റ്മെന്റ് എസ്റ്റാബ്ലിഷ്‌ ചെയ്ത ആദ്യരംഗത്തിൽ, 'മുണ്ടു മടക്കി' സീനിൽ നിൽക്കുമ്പോഴും പുതുമുഖമായ വില്ലന് നരേട്ടീവിനനുബന്ധിച്ചു സൗന്ദര്യശാസ്ത്രപരമായി പ്രാമുഖ്യം കൊടുക്കാനാണ് സംവിധായകൻ ആ സിനിമയിൽ തീരുമാനിച്ചത്. എണ്ണം പറഞ്ഞ ആക്ഷൻ ചിത്രങ്ങളെടുത്ത ഐ.വി.ശശി ഒരിക്കൽ പോലും തന്റെ പ്രമുഖ സിനിമകളിലെ ഷോട്ടുകളിൽ താരപ്രഭാവത്തെ ഗ്ലോറിഫൈ ചെയ്തിട്ടില്ല, അവിടെ കഥാപാത്രം മാത്രമേയുള്ളൂ, ഒപ്പം ഒരു സിറ്റിവേഷനിലുള്ള അയാളുടെ ആക്ഷനും റിയാക്ഷനും.

.

48 ഫ്രയിംസിൽ സ്ലോമോഷൻ ഷൂട്ട് ചെയ്യുമ്പോൾ ഫിലിം ഉപയോഗിക്കുന്ന കാലത്തു ഇരട്ടി ചിലവാണ്. അതുകൊണ്ടു തന്നെ ഡിജിറ്റലിനു മുൻപേയുള്ള കാലഘട്ടത്തിലെ ഇന്ത്യൻ സിനിമകളിൽ സ്ലോമോഷൻ ഷോട്ടുകൾ ഏറെക്കുറെ അളന്നു മുറിച്ചവയും, കൃത്യമായ പ്ലെസിങ്ങുമാണ്.

.

ഉദാഹരണത്തിന്, നോർമൽ സിനാരിയോവിൽ നായകൻ സിഗരറ്റു വലിക്കുന്നത് അയാളുടെ ശീലം മാത്രമാണ്. അത് 120fps സ്ലോമോഷനിൽ കാണിക്കേണ്ട കാര്യമില്ല, പഴയ ഒരു ചിത്രത്തിലും അത്തരമൊന്ന് കാണുകയുമില്ല. അതുപോലെ ത്രസിപ്പിക്കുന്ന ഡയലോഗ് പറയുമ്പോൾ കണ്ടന്റിനും കോണ്ടെക്സ്റ്റിനുമാണ് പ്രാധാന്യം, അത് പറയാൻ വരുമ്പോഴാണ്, ആ സാഹചര്യത്തിനാണ് ബിൽഡ് അപ്പ് വേണ്ടത്, പറഞ്ഞു തീർത്തു തിരിച്ചു നടക്കുമ്പോഴല്ല... അച്ഛനെ ഒരു ഗുണ്ട തല്ലുമ്പോൾ ആൾക്കൂട്ടത്തിനിടയിലൂടെ ഓടിയടുക്കുന്ന കിരീടത്തിലെ സേതുമാധവന്റേതാണ് ഒരുപക്ഷെ മലയാളവാണിജ്യസിനിമ ചരിത്രത്തിലെ ഏറ്റവും ഫലപ്രദമായ സ്ലോമോഷൻ. ഇതൊക്കെയാണ് ക്ലാസ്സിക് വാണിജ്യ സിനിമകൾ നമുക്ക് കാണിച്ചു തന്നിട്ടുള്ളത്.

.

ഈയൊരു ശ്രദ്ധയാണ് ഇന്നത്തെക്കാലത്തു തലങ്ങും വിലങ്ങും ഇട്ടടിക്കുന്ന സ്ലോമോഷൻ ഷോട്ടുകളിൽ മിസ്സിംഗ്. പല സംവിധായകരും സീൻ ഡ്യൂറേഷൻ കൂട്ടാനും, തന്റെ കുറവുകൾ മാസ്ക് ചെയ്യാൻ പോലും സകലമാനയിടത്തും ഇവയെ പ്രയോഗിച്ചു തുടങ്ങി. ചിലതൊക്കെ ക്യാമറാമാമാന്റെ ഇഷ്ടത്തിനും ദർശനസുഖത്തിനുമൊക്കെ വിട്ടു കൊടുത്തു കഥ എങ്ങനെയാണെന്നലും പലപ്പോഴും താരത്തെ പൊക്കാൻ വേണ്ടി മാത്രം സർവത്ര സ്ലോമോഷൻ മയമായി. സാങ്കേതികവിദ്യ ചീപ് ആയപ്പോൾ കഥപറച്ചിലിന്റെ ഒരു ടൂൾ എന്നതിൽ നിന്നും സ്റ്റൈലൈസേഷന്റെ ടൂൾ മാത്രമായി സ്ലോമോഷൻ ഷോട്ടുകൾ ഏറെക്കുറെ ഒതുങ്ങിപ്പോയി, ആധിക്യം കൊണ്ട് ചടപ്പായി. (ഇവിടെ ഉദ്ദേശിക്കുന്നത് ക്ലാസ്സിക് നരേട്ടീവുകളാണ്, സ്ലോമോഷനിൽ കൂടി മാത്രം സിനിമയുടെ ഫോം രൂപികരിക്കപ്പെടുന്ന ചിത്രങ്ങൾ വേറെ ഗണം).

.

കഥപറച്ചിലിൽ സ്ലോ മോഷൻ എന്നാൽ ആത്യന്തികമായി ടൈം സ്ട്രെച്ചിങ് ആണ്, സാധാരണ വിഷനിലൂടെ മിസ് ചെയ്യാവുന്ന ഒരു ഘടകത്തെ വലിച്ചുനീട്ടി നടപ്പിലാക്കണമെങ്കിൽ അത്രയും പ്രാധാന്യമേറിയ എന്തെങ്കിലും ഷോട്ടിനുള്ളിൽ നടക്കണം, ആ രംഗത്തിനു ന്യായീകരണവുമുണ്ടാകും. സകല സൗകര്യവുമുള്ള ഹോളിവുഡ് സിനിമ ഇപ്പോഴും സ്ലോമോഷനെ എത്ര സൂക്ഷിച്ചാണ് ഉപയോഗിക്കുന്നത് എന്നെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്.

.

Does the moment worth a slow-motion?? എന്നതാണ് ചോദ്യം.