എലിപത്തായം - കളർ മോഡൽ

Jan-07-2019 09:01 AM

കളർ മോഡലിലെ പ്രാഥമിക വർണ്ണങ്ങൾ (primary colours) ആണ് ചുവപ്പ്, നീല, പച്ച അഥവാ RGB. എലിപത്തായം സിനിമയിലെ കരമന അവതരിപ്പിക്കുന്ന ഉണ്ണികുഞ്ഞിന്റെ സഹോദരിമാരുടെ വസ്ത്രങ്ങൾക്ക് ഈ പാറ്റേൺ ആണ് അടൂർ ഗോപാലകൃഷ്ണൻ തയ്യാറാക്കിയിരിക്കുന്നത്. അദ്ദേഹം തന്നെ ഒരിക്കൽ എക്സ്പ്ലെയ്ൻ ചെയ്തത് ആണെങ്കിലും അതിലേക്ക് ഒന്ന് കടക്കാൻ ശ്രമിക്കാം.

റെഡ് - ഇളയ സഹോദരി ആയ ജലജ അവതരിപ്പിക്കുന്ന ശ്രീദേവി. സ്വന്തമായി ആഗ്രഹങ്ങൾ ഉള്ള ആർക്കും എളുപ്പത്തിൽ ഭരിക്കാൻ സാധിക്കാത്ത പ്രകൃതം. എലിയെ കുളത്തിൽ മുക്കി കൊല്ലാനും വലിയേച്ചിയോട് എതിർത്തു പറയാനും തന്റേടം ഉള്ളവൾ. ഏറ്റവും vibrant ആയ ധൈര്യത്തിന്റെ രൂപകമായ ചുവപ്പ് ആണ് ശ്രീദേവിയുടെ വസ്ത്രങ്ങൾ. വസ്ത്രങ്ങളിൽ ഒതുക്കുന്നില്ല അടൂർ, വിരിപ്പിലും ചാന്ത് ഡപ്പയിലും പൌഡർ ടിന്നിലും ഒക്കെ ചുവപ്പ് ടോണുകളാൽ ശെരിക്കും ശ്രീദേവിയുടെ ക്യാരക്റ്റർ എസ്റ്റാബ്ലിഷ്‌ ചെയ്യുന്നുണ്ട്.

ബ്ലൂ - ശാരദ അവതരിപ്പിക്കുന്ന രാജമ്മ. അച്ചടക്കത്തിന്റെയും അനുസരണയുടെയും കഠിനപ്രയത്നത്തിന്റെയും പ്രതീകം. നീല ബ്ലൗസുകൾ ധരിക്കുക മാത്രമല്ല, ചില സീനുകളിൽ അവരുടെ നീല വസ്ത്രങ്ങൾ ഉണക്കാനിട്ടിരിക്കുന്നതായും കാണിക്കുന്നുണ്ട്. കൂറിന്റെയും വിശ്വാസ്യതയുടെയും നിറമാണ് നീല. ഉണ്ണിക്ക് ഏറ്റവും അടുപ്പവും എല്ലാ ആവശ്യങ്ങൾക്കും വിളിക്കുന്നതും രാജമ്മയെയാണ്.

ഗ്രീൻ - ഉണ്ണിയുടെ മൂത്ത പെങ്ങൾ ജാനമ്മ. എല്ലാത്തിനോടും പൊരുത്തമുള്ള എന്നാൽ ആവശ്യമുള്ളപ്പോൾ പറയേണ്ടത് പറയാനും അറിയാവുന്ന പ്രായോഗിക ബുദ്ധി ഉള്ള സ്ത്രീ. പച്ച സമ്പത്തിന്റെയും ഐക്യത്തിനെയും സൂചിപ്പിക്കുന്നതാണ്. രാജമ്മയുടെ concern സാമ്പതികമാണ്. തറവാടിന്റെ ഭാഗം ആണ്. തന്റെ കുടുംബത്തിന്റെ സുരക്ഷിതത്വം ആഗ്രഹിക്കുന്നുണ്ടെങ്കിലും കേറി ഭർത്താവിനെ ശണ്ഠക്ക് വിടാൻ ആഗ്രഹമില്ലാത്ത പ്രായോഗികബുദ്ധിയുള്ള സ്ത്രീ. പുരയിടത്തിലെയും തേങ്ങയിലും മറ്റു വരവുകളിലും താത്പര്യമുണ്ട്. പച്ച ആഗ്രഹങ്ങളുടെ കൂടി രൂപകമാണ്.

മൂന്നു നിറങ്ങളുടെയും മിശ്രിതമാണ് ഉണ്ണികുഞ്ഞിന്റെ വെള്ള വസ്ത്രങ്ങൾ എന്ന് വരുമ്പോൾ ആണ് അടൂർ എത്ര മനോഹരമായി കളർ സ്‌പേസുകളെ ക്യാരക്റ്റർ എസ്റ്റാബ്ലിഷ്‌മെന്റിന് ഉപയോഗിക്കുന്നത് എന്ന് മനസ്സിലാവും

© Sreehari Swara | CINEMA PARADISO CLUB