മുഴുനീള ആനിമേഷനില്‍ കൈവെച്ച ഇന്ത്യന്‍ സംവിധായകര്‍ | Shyam Narayan TK

Jun-18-2018 11:06 AM

മുഴുനീള ആനിമേഷനില്‍ കൈവെച്ച ഇന്ത്യന്‍ സംവിധായകര്‍

ഇന്ത്യന്‍ സിനിമയുടെ പശ്ചാത്തലത്തില്‍ 2D/3D ആനിമേഷന്‍ ചിത്രങ്ങള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം ഇല്ലെന്നുതന്നെ പറയാം. ആനിമേഷന്‍ എന്നാല്‍ കുട്ടികള്‍ക്കുവേണ്ടി മാത്രമുള്ളതാണ് എന്ന ചിന്താഗതിയായിരിക്കാം ഇതിനുകാരണം. 2000ത്തിലാണ് റോജയുടെയും ഇന്ത്യന്റെയും മുതല്‍വന്റെയും മറ്റും രചയിതാവായ സുജാതയുടെ രചനയില്‍ ഉഷാ ഗണേഷ് രാജാ സംവിധാനം ചെയ്ത പാണ്ഡവാസ് എന്ന ഇന്ത്യയിലെ ആദ്യ മുഴുനീള കമ്പ്യൂട്ടര്‍ ആനിമേഷന്‍ ചിത്രം ഇറങ്ങുന്നത്. ഇതടക്കം ആദ്യത്തെ മൂന്ന് ഇന്ത്യന്‍ ആനിമേഷന്‍ ചിത്രങ്ങളും നിര്‍മ്മിച്ചത് പെന്റാമീഡിയ പ്രോഡക്ഷന്‍സ് ആണ്. എന്തായാലും 2005ല്‍ ഹനുമാന്‍ എന്ന 2D ചിത്രത്തിന്‍റെ വിജയത്തോടെ ഇന്ത്യന്‍ പ്രേക്ഷകരും ഇത്തരം ചിത്രങ്ങള്‍ സ്വീകരിക്കും എന്ന വിശ്വാസം സംവിധായകരിലും നിര്‍മ്മാതാക്കളിലും ഉടലെടുത്തു. അതിന്റെ ഫലമായാണ് തുടര്‍ന്നുള്ള കുറച്ചുവര്‍ഷങ്ങളില്‍ കുറെയേറെ ആനിമേഷന്‍ ചിത്രങ്ങള്‍ ഇറങ്ങിയത്. യഷ്രാജ് ഫിലിംസ്. ധര്‍മാ പ്രൊഡക്ഷന്‍സ് തുടങ്ങിയ വമ്പന്‍ ബാനറുകള്‍പോലും ആനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചു, എന്നാല്‍ ഭേദപ്പെട്ട വിജയംപോലും മിക്കതിനും കൈവരിക്കാന്‍ സാധിക്കാഞ്ഞതിനാല്‍ ആ ട്രെന്‍ഡ് അധികകാലം നിലനിന്നില്ല. ഇപ്പോഴും ഹിന്ദിയില്‍ ആനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ടെങ്കിലും മിക്കതും ടെലിവിഷന്‍ ചാനലുകളെ ലക്ഷ്യമാക്കിയുള്ളവയാണ്. മിക്ക ആനിമേഷന്‍ ചിത്രങ്ങളും ഈ മേഖലയില്‍ പ്രവൃത്തിപരിചയമുള്ള പുതുമുഖസംവിധായകരാണ് സംവിധാനം ചെയ്തതെങ്കിലും, ലൈവ് ആക്ഷന്‍ ചിത്രങ്ങളില്‍ കഴിവുതെളിയിച്ച ചില സംവിധായകരും ആനിമേഷന്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അവരില്‍ ചിലരെപ്പറ്റി ചര്‍ച്ചചെയ്യാം.

സിംഗീതം ശ്രീനിവാസറാവു - സണ്‍ ഓഫ് അലാദ്ദിന്‍ (2003), ഘടോത്കച് (2008)

പുഷ്പക്, മൈക്കല്‍ മദനകാമരാജന്‍, ആദിത്യ 369, അപൂര്‍വസഹോദരങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ, ഇന്ത്യയിലെത്തന്നെ ഏറ്റവും പ്രതിഭാശാലിയായ സിംഗീതം . 2003ല്‍ സണ്‍ ഓഫ് അലാദ്ദീന്‍ എന്ന ചിത്രം സംവിധാനം ചെയ്തെങ്കിലും വേണ്ടപോലെ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. തുടര്‍ന്ന് അദ്ദേഹം 2008ല്‍ ഒരുക്കിയ ആനിമേഷന്‍ ചിത്രമാണ് ഘടോത്കച്. അദ്ദേഹംതന്നെ സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രം തീയറ്ററുകളില്‍ കാര്യമായ ചലനം സൃഷ്ടിച്ചില്ലെങ്കിലും ടിവിയില്‍ സ്വീകരിക്കപ്പെട്ടു.

ഗോവിന്ദ് നിഹ്ലാനി - കമലു ഹാപ്പി ഹാപ്പി (Unreleased)

ആക്രോശ്, അര്‍ദ്ധസത്യ, ദ്രോഹകാല്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത, അഞ്ചുതവണ ദേശീയ അവാര്‍ഡ്‌ നേടിയ ഗോവിന്ദ് നിഹ്ലാനി ഒരുക്കിയ ആനിമേഷന്‍ ചിത്രമായിരുന്നു ഇത്. ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

അനുരാഗ് കശ്യപ് - റിട്ടേണ്‍ ഓഫ് ഹനുമാന്‍ (2007)

ബ്ലാക്ക്‌ ഫ്രൈഡേ, നോ സ്മോക്കിംഗ് തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം അനുരാഗ് കശ്യപ് തന്റെ ശൈലിയില്‍നിന്ന് പൂര്‍ണ്ണമായും വിട്ടുമാറി ഒരുക്കിയ ചിത്രമാണ് റിട്ടേണ്‍ ഓഫ് ഹനുമാന്‍. 2005ല്‍ പുറത്തുവന്ന ഹനുമാന്റെ തുടര്‍ച്ച എന്ന രീതിയിലാണ് ഈ ചിത്രം ഒരുക്കപ്പെട്ടത്. 

നിഖില്‍ അദ്വാനി - ഡല്‍ഹി സഫാരി (2013)

കല്‍ ഹോ ന ഹോ, സലാമേ ഇഷ്ക്, പട്യാലാ ഹൗസ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ നിഖില്‍ അദ്വാനി ഇംഗ്ലീഷിലും ഹിന്ദിയിലുമായി ഒരുക്കിയ ആനിമേഷന്‍ ചിത്രമാണ് ഡല്‍ഹി സഫാരി.

തരുണ്‍ മന്‍സുഖാനി - കൂച്ചി കൂച്ചി ഹോത്താ ഹേ (Unreleased)

ദോസ്താന എന്ന ഹിറ്റിനുശേഷം കരണ്‍ ജോഹറിന്റെ നിര്‍മ്മാണത്തില്‍ തരുണ്‍ സംവിധാനം ചെയ്ത ആനിമേഷന്‍ ചിത്രമാണ് ഇത്. കുഛ് കുഛ് ഹോത്താ ഹേയുടെ animated വേര്‍ഷന്‍ എന്ന് അറിയപ്പെട്ട ചിത്രത്തില്‍ മൃഗങ്ങളായിരുന്നു കഥാപാത്രങ്ങളായത്. ഷാരൂഖ് ഖാന്‍, സഞ്ജയ്‌ ദത്ത്, റിതേഷ് ദേശ്മുഖ്, കജോള്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കി. എന്തായാലും ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല, ഇനി റിലീസാവുമോ എന്നും അറിയില്ല.

ഹാരി ബവേജ - ചാര്‍ സാഹിബ്സാദെ (2014), ചാര്‍ സാഹിബ്സാദെ 2 (2016)

ദീവാനേ, തീസരീ ആംഖ്, ലവ്സ്റ്റോറി 2050 തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും നിര്‍മ്മാതാവുമായ ഹാരി ബവേജ സംവിധാനം ചെയ്ത പഞ്ചാബി ആനിമേഷന്‍ ചിത്രങ്ങളാണ് ചാര്‍ സാഹിബ്സാദെയും അതിന്റെ രണ്ടാംഭാഗവും. സിഖ് ഗുരുവായിരുന്ന ഗോബിന്ദ് സിങ്ങിന്റെ മക്കളുടെ കഥ പറഞ്ഞ ചിത്രങ്ങള്‍ പഞ്ചാബിയില്‍ മികച്ച വിജയമാണ് കൈവരിച്ചത്‌. പ്രത്യേകിച്ച് ആദ്യഭാഗം അവിടത്തെ ഇന്‍ഡസ്ട്രിയല്‍ ലെവല്‍ ഹിറ്റ്‌ ആയിരുന്നു. ഏറ്റവുമധികം കളക്ഷന്‍ നേടിയ ഇന്ത്യന്‍ ആനിമേഷന്‍ ചിത്രവും ഇതുതന്നെയാവും.

മഞ്ജു ബോറ - സര്‍വഗുണകാര്‍ ശ്രീമന്ത ശങ്കര്‍ദേവ (2016)

ദേശീയ അവാര്‍ഡുകള്‍ നേടിയ ബൈഭബ്, ആയി കോട് നായി, കോ:യാദ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ മഞ്ജു ബോറ ഒരുക്കിയ ഈ ചിത്രം ആസ്സാമീസ് ഭാഷയിലെ ആദ്യ ആനിമേഷന്‍ ചിത്രമാണ്.

രുചി നരൈന്‍ - ഹനുമാന്‍ ദ ദംദാര്‍ (2017)

കല്‍ക്കട്ടാ മെയില്‍, ഹസാരോം ഖ്വാഹിഷേം ഐസി തുടങ്ങിയ ചിത്രങ്ങളുടെ രചയിത്രിയും കല്‍-യെസ്റ്റര്‍ഡേ ആന്‍ഡ്‌ ടുമോറോ എന്ന ചിത്രത്തിന്‍റെ സംവിധായികയുമായ രുചി നരൈന്‍ കഴിഞ്ഞവര്ഷം ഒരുക്കിയ ചിത്രമാണ് ഹനുമാന്‍ ദ ദംദാര്‍. സല്‍മാന്‍ ഖാനടക്കമുള്ള താരങ്ങള്‍ ശബ്ദം നല്‍കിയ ചിത്രം പാശ്ചാത്യഭാഷ സംസാരിക്കുന്ന ഹനുമാന്റെ കഥയാണ്.

മലയാളത്തില്‍ ഇതുവരെ കണ്ട ഒരേയൊരു മുഴുനീള ആനിമേഷന്‍ ചിത്രം 2012ല്‍ ഒരുക്കപ്പെട്ട സ്വാമി അയ്യപ്പനാണ്.

ടൂണ്‍സ് സ്റ്റുഡിയോ നിര്‍മ്മിച്ച് ചേതന്‍ ശര്‍മയും മഹേഷ്‌ വെട്ടിയാറും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമില്‍നിന്ന് കാണാന്‍ സാധിച്ചു, നല്ലൊരു വര്‍ക്ക്‌ ആയിരുന്നു അത്. നമ്മുടെ മുഖ്യധാരാ സംവിധായകരും ആനിമേഷന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് മുഴുനീള ആനിമേഷന്‍ ചിത്രങ്ങള്‍ ചെയ്യുന്ന ഒരു കാലത്തിനായി നമുക്ക് കാത്തിരിക്കാം.

©️ Shyam Narayanan TK | CINEMA PARADISO CLUB