മൈ ഡിയർ കുട്ടിച്ചാത്തൻ

Jan-04-2020 05:01 PM

1984 ജൂലൈ മാസത്തിൽ സെൻസറിംഗ് എത്തിയ ഒരു മലയാള സിനിമ, സെൻസർ ബോർഡിലെ അംഗങ്ങളെല്ലാം അമ്പരിപ്പിച്ചു കളഞ്ഞു. ഈ അത്ഭുത സിനിമയെക്കുറിച്ചുള്ള വാർത്ത അന്നത്തെ CFBC ചെയർമാനായ വിക്രം സിംഗ് വഴി രാജ്യത്തിന്റെ പ്രഥമ പൗരനായ ഗ്യാനി സെയിൽ സിംഗിന്റെ ചെവിയിലുമെത്തി. അധികം താമസിയാതെ കാക്കനാടുള്ള നവോദയ സ്റ്റുഡിയോയിലേക്ക് ഒരു ട്രങ്ക് കോളെത്തി "ഇന്ത്യയുടെ രാഷ്ട്രപതിക്ക് ഈ സിനിമ കാണാൻ ആഗ്രഹമുണ്ട് എന്നതായിരുന്നു അതിലെ സന്ദേശം". വൈകാതെ നവോദയ അപ്പച്ചനും സംഘവും പ്രൊജക്ടറുകളും സ്പെഷ്യൽ സ്ക്രീനുകളുമായി ന്യൂഡൽഹിയിലെ രാഷ്ട്രപതിഭവനിൽ എത്തുകയും, സിനിമ പ്രദർശിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ സിനിമയിലെ ചരിത്രമായി മാറിയ ഈ സിനിമയുടെ പേരാണ് 'മൈഡിയർ കുട്ടിച്ചാത്തൻ'.

ബാഹുബലിയും 2.0 യും KGF ഉം ഒക്കെ കണ്ട കേരളത്തിലെ പുതിയ തലമുറ ചിന്തിക്കുന്നുണ്ടാവും രാജമൗലിയെ പോലെയോ ശങ്കറിനെ പോലെയോ ഒക്കെ ബ്രഹ്മാണ്ഡ ചിത്രങ്ങളെടുക്കുന്ന ഒരു സംവിധായകൻ മലയാളത്തിൽ ഇല്ലാതെ പോയല്ലോ എന്ന്. അതിനുള്ള മറുപടി ഒരു സിനിമ ഡയലോഗിന്റെ ഭാഷയിൽ തന്നെ പറയാം. ശങ്കറും രാജമൗലിയും ഒക്കെ പണി പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർ ആക്കാൻ പറ്റിയ ഒരു ഐറ്റം നമ്മുടെ മലയാളസിനിമയിലും ഉണ്ടായിരുന്നു,അതാണ് "ജിജോ പുന്നൂസ്". ഒരിക്കൽ CNBC ചാനൽ ലേഖകൻ മണിരത്നവുമായുള്ള ഒരു അഭിമുഖത്തിൽ ഇങ്ങനെ ചോദിച്ചു ഇന്ത്യയിലെ No.1 സംവിധായകനായി താങ്കളെ രാജ്യമാകെ വിലയിരുത്തുന്നു. ഈ പദവി അങ്ങ് എങ്ങനെ ആസ്വദിക്കുന്നു?. അദ്ദേഹത്തിൻറെ മറുപടി വളരെ പെട്ടെന്നായിരുന്നു. "അതു ജിജോ മൈഡിയർ കുട്ടിച്ചാത്തന് ശേഷം സിനിമകൾ ഒന്നും ചെയ്യാത്തത് കൊണ്ടായിരിക്കാം, അദ്ദേഹം തുടർന്നും സിനിമകൾ ചെയ്തിരുന്നുവെങ്കിൽ ഇന്ന് ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകർ എന്ന് കരുതുന്നവർ പലർക്കും അദ്ദേഹത്തെക്കാൾ ഒരുപാട് താഴെ മാത്രമാകും സ്ഥാനമുണ്ടാകുക" മണിരത്‌നം കൂട്ടിച്ചേർത്തു.

എല്ലാരും സഞ്ചരിക്കുന്ന വഴിയിലൂടെ സഞ്ചരിക്കാതെ കല്ലും മുള്ളും കാടും മലയും വെട്ടിത്തെളിച്ച്, ഇന്ത്യൻ സിനിമയിലെ പുതുലോകം തന്നെ സൃഷ്ടിച്ച ജിജോയുടെ മൈഡിയർ കുട്ടിച്ചാത്തന്റെ അത്ഭുത ലോകത്തിലേക്ക് നമുക്ക് യാത്ര തുടങ്ങാം....

മുന്നിലേയ്ക്ക് നീട്ടിപ്പിടിച്ചിരിയ്ക്കുന്ന ഐസ്ക്രീം കണ്ട് കൊതി സഹിക്കാൻ കഴിയാതെ വെള്ളമിറക്കുന്ന കുട്ടി.. ഐസ്ക്രീമിന് മുകളിൽ വച്ചിരിക്കുന്ന ചുമന്നു തുടുത്ത ചെറി പൊടുന്നനെ തെന്നി താഴേയ്ക്ക് വീഴുന്നു... കുട്ടികളിൽ പലരും അത് പിടിയ്ക്കാൻ കൈകൾ നീട്ടി, മുതിർന്നവരിൽ ചിലരിലെ കുട്ടികൾ മടിയിലേക്ക് നോട്ടം പായിച്ചു... 1984ലെ ഓണറിലീസുകളിൽ ഒന്നായി എത്തിയ ഇന്ത്യയിലെ ആദ്യ ത്രിമാനചിത്രം പ്രേക്ഷകരെ വിസ്മയിപ്പിച്ച, ഭ്രമിപ്പിച്ച ഒരു രംഗമാണ് മുകളിൽ പറഞ്ഞത്.

മലയാളസിനിമാ നിർമാതാക്കളിൽ മുൻനിരക്കാരനും എന്നാൽ സിനിമയെ വെറും ബിസിനസ്സായി മാത്രം കാണാതെ വികാരമായി തന്നെ ഉൾക്കൊണ്ട 'നവോദയ' അപ്പച്ചൻ, നവീന സാങ്കേതിക വിദ്യകൾ മലയാളത്തിൽ അവതരിപ്പിക്കാൻ മുൻകൈ എടുത്ത ആളായിരുന്നു. നവോദയയുടെ തച്ചോളി അമ്പു (1978) ആയിരുന്നു മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രം. അപ്പച്ചൻ നിർമ്മിച്ച് മകൻ ജിജോ പുന്നൂസ് സംവിധാനം ചെയ്ത പടയോട്ടം (1982) മലയാളത്തിലെ ആദ്യ 70MM ചിത്രവും. പ്രേംനസീർ, ലക്ഷ്മി, മധു, താരതമ്യേന പുതിയ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവർ അഭിനയിച്ച പടയോട്ടം പക്ഷേ സാമ്പത്തികമായി പരാജയമായിരുന്നു. അതിനു ശേഷം അടുത്ത ചിത്രത്തിനായി വ്യത്യസ്ഥമായി എന്തെങ്കിലും ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്ന ജിജോയുടെ അടുത്ത് "American Cinematographer"ന്റെ ഒരു പതിപ്പുമായി ഛായാഗ്രാഹകൻ രാമചന്ദ്രബാബു എത്തി. അതിൽ 3D സാങ്കേതിക വിദ്യയെ കുറിച്ചുള്ള ഒരു ലേഖനം അദ്ദേഹം ജിജോയെ കാണിച്ചു. അങ്ങനെയാണ് മലയാളത്തിൽ ഒരു 3D സിനിമ എന്ന ആശയം നാമ്പെടുക്കുന്നത്.

ജിജോ പലതവണ കാലിഫോർണിയയിലേക്ക് യാത്ര ചെയ്ത് 3D സാങ്കേതിക വിദ്യയെ കുറിച്ച് ആഴത്തിൽ പഠിച്ചു. ആയിടയ്ക്കാണ് അമേരിക്കയിൽ Jaws എന്ന സിനിമയുടെ മൂന്നാം ഭാഗം (Jaws 3 1983) 3ഡി യിൽ പുറത്തിറങ്ങിയത്. അമേരിക്കയിൽനിന്ന് അദ്ദേഹം ഇതിന്റെ ഒരു പ്രിന്റുമായാണ് നാട്ടിൽ തിരിച്ചെത്തിയത്.ഇത് പ്രദർശിപ്പിക്കാനായി നവോദയ സ്റ്റുഡിയോയിലെ സ്ക്രീനിംഗ് ഹാൾ സിൽവർ മിശ്രിതം പൂശിയ സ്ക്രീൻ ഉപയോഗിച്ച് നവീകരിച്ചു.അമേരിക്കയിൽ നിന്ന് പ്രത്യേകം കൊണ്ട് വന്ന 3D കണ്ണടകൾ ഉപയോഗിച്ച്, അപ്പച്ചനും സിനിമ രംഗത്തിലെ പ്രമുഖരും ഈ സിനിമ കണ്ടു.3D എന്ന ആശയത്തിൽ ആകൃഷ്ടനായ അപ്പച്ചൻ പുതിയ സിനിമക്കായി 40 ലക്ഷം രൂപ അനുവദിച്ചു.

ഇന്ത്യയിലെ ഏതു സൂപ്പർ താരത്തെ ആവും ജിജോ 3D യിൽ അവതരിപ്പിക്കുക എന്നതായിരുന്നു അടുത്ത ചോദ്യം.എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം വമ്പൻ താരങ്ങൾക്ക് പകരം കുട്ടികളെയാണ് ഉപയോഗിച്ചത്. കുറച്ചു കാലമായി ജിജോയുടെ മനസ്സിലുണ്ടായിരുന്ന നല്ലവനായ കുട്ടിച്ചാത്തൻ എന്ന ആശയമായിരുന്നു ഇതിവൃത്തം. ജിജോ, അമർചിത്രകഥയുടെ എഡിറ്ററായ അനന്ത് പൈ, കഥാകൃത്തായ സക്കറിയ, കാർട്ടൂണിസ്റ്റ് ടോംസ്, സംവിധായകൻ പത്മരാജൻ എന്നിവരുമായി ചർച്ചകൾ നടത്തി. ഒടുവിൽ രഘുനാഥ് പലേരി തിരക്കഥാകൃത്തായി എത്തി. മൂന്നു കുട്ടികളും, അവരുടെ ചങ്ങാതിയായി മാറുന്ന കുട്ടിചാത്തന്റെയും കഥ പലേരി തിരക്കഥയാക്കി.

അമേരിക്കയിൽ നിന്നും ക്രിസ് കോൺഡൻ എന്ന വിദഗ്ദ്ധന്റെ സഹായത്തോടെ ഛായാഗ്രാഹകനായ അശോക് കുമാറിനും സഹായികൾക്കും വേണ്ടുന്ന പരിശീലനം കൊടുത്തു തയ്യാറാക്കി. നെഞ്ചത്തെ കിള്ളാതെ എന്ന ചിത്രത്തിന് ദേശീയ പുരസ്ക്കാരം ലഭിച്ചതാണ് അശോക് കുമാറിനെ തിരഞ്ഞെടുക്കാൻ ഹേതുവായത്. 90 ദിവസമായിരുന്നു ഷൂട്ടിങ്. സാധാരണ മലയാള സിനിമകൾക്ക് അതിന്റെ മൂന്നിലൊന്നുപോലും എടുക്കാറില്ലായിരുന്നു എന്നതിൽ നിന്നും ഈ സിനിമ എത്ര ശ്രമകരമായിരുന്നു എന്ന് മനസിലാക്കാം.

'ആലിപ്പഴം പെറുക്കാൻ' എന്ന അത്ഭുത ഗാനത്തിൻറെ ചിത്രീകരണം

ജിജോ സംവിധാനം ചെയ്ത ആദ്യ സിനിമയായ പടയോട്ടത്തിലെ പോസ്റ്റർ ഡിസൈനും വസ്ത്രാലങ്കാരവും നിർവഹിച്ച K ശേഖറിനെയാണ് കുട്ടിച്ചാത്തന്റെ കലാസംവിധായകനായി അദ്ദേഹം തെരഞ്ഞെടുത്തത്. സിനിമയുടെ രചനയ്ക്കായി തിരക്കഥാകൃത്തായ രഘുനാഥ് പലേരിയും ശേഖറും ഒരുമിച്ചാണ് നവോദയയുടെ കോട്ടേജിൽ താമസിച്ചിരുന്നത്. അവരുടെ ചർച്ചയ്ക്കിടയിൽ പലേരിയാണ് കുട്ടിച്ചാത്തന്റെ സഹായത്തോടെ ഭിത്തിയിലൂടെ കുട്ടികൾ നടക്കുന്ന ഒരു ഗാനത്തിന്റെ സാധ്യത അവതരിപ്പിക്കുന്നത്. ജിജോ അപ്പോഴേക്കും അവരുടെ മുറിയിലെത്തി ചർച്ചയിൽ പങ്കാളിയായി. 1968 ൽ പുറത്തിറങ്ങിയ സ്റ്റാൻലി കുബ്രിക്കിന്റെ 2001: A Space Odyssey എന്ന സിനിമയിൽ ഇതേ ആശയം അവതരിപ്പിച്ചിട്ടുണ്ടെന്നും, കറക്കാനാവുന്ന തരത്തിലുള്ള സെറ്റ് നിർമിച്ചാണ് അവരത് ചെയ്തതെന്നും ശേഖർ തന്റെ അറിവ് പങ്കുവച്ചു. Jerome Angel ന്റെ 'The making of kubrick's 2001:Space Odyssey' എന്ന പുസ്തകത്തിലൂടെ ജിജോയും ഈ സാങ്കേതികവിദ്യയുടെ പ്രായോഗികതയെക്കുറിച്ച് പഠിച്ചു.

30 അടി നീളവും 14 അടി വീതിയും 9 അടി ഉയരവും ഏകദേശം 5-6 ടൺ ഭാരവും താങ്ങാനാവുന്നതുമായ സെറ്റിന്റെ നിർമ്മാണത്തിനായി ജിജോ സമീപിച്ചത് ചേർത്തല ആസ്ഥാനമായി പ്രവർത്തിക്കുന്ന SILK (Steel Industries Kerala Ltd) എന്ന സ്ഥാപനത്തിനെയാണ്. അവിടുത്തെ ചീഫ് എൻജിനീയറായ രാജേന്ദ്രൻ, ജിജോയുടെ ആവശ്യങ്ങൾ കേട്ടറിഞ്ഞു. എന്നിട്ട് അതിന്റെ പ്രത്യേകതകളെക്കുറിച്ചും ബജറ്റിനെ കുറിച്ചും വിശദീകരിച്ചു. 20 ടൺ വരുന്ന ഈ സെറ്റിന് ഒരു മാസത്തെ നിർമ്മാണ സമയം ആവശ്യമാണ്. 1.2 ലക്ഷം രൂപയാണ് ആകെ വരുന്ന നിർമ്മാണച്ചിലവ്. അപ്പച്ചനുമായി കാര്യങ്ങൾ ചർച്ചചെയ്ത ജിജോ അന്നുതന്നെ സെറ്റിന്റെ നിർമാണ കാര്യങ്ങൾക്ക് തുടക്കം കുറിച്ചു . 96 മിനിട്ടുള്ള സിനിമയുടെ 4.5 മിനിറ്റ് വരുന്ന ഗാനത്തിന്റെ ചിത്രീകരണത്തിനായി ആകെ ബജറ്റ് ആയി 40 ലക്ഷത്തിന്റെ 3% ചിലവഴിച്ചത് ഒരിക്കലും ഒരു നഷ്ടമായി മാറിയില്ല. ആകെ സിനിമാ ചിത്രീകരണത്തിനായി ചെലവഴിച്ച 90 ദിവസങ്ങളിൽ 14 ദിനങ്ങൾ ഈ ഗാനത്തിന്റെ ചിത്രീകരണത്തിനായാണ് ഉപയോഗിച്ചത്. ഇളയരാജയുടെ മാന്ത്രിക സംഗീതത്തിന് ഗാനരചന നിർവഹിച്ചത് ബിച്ചു തിരുമലയായിരുന്നു. ജാനകിയുടെയും ശൈലജയുടെ അനുഗ്രഹീത നാദത്തിലൂടെ 35 വർഷങ്ങൾക്കിപ്പുറവും ഈ ഗാനം മലയാളികളുടെ മനസ്സിൽ ജീവിക്കുന്നു.

MP രാമനാഥ് ആണ് കുട്ടിച്ചാത്തനായി എത്തിയത്. സോണിയ, മാസ്റ്റർ അരവിന്ദ്, മാസ്റ്റർ മുകേഷ്, സൂര്യകിരൺ, കൊട്ടാരക്കര ശ്രീധരൻ നായർ, രാജൻ പി ദേവ്, ആലുമ്മൂടൻ, ലത്തീഫ്, സൈനുദ്ധീൻ, ദലീപ് താഹിൽ എന്നിവരായിരുന്നു അഭിനേതാക്കൾ. നെടുമുടി വേണു ചാത്തന്റെ ശബ്ദമായി എത്തി. മൈ ഡിയർ കുട്ടിച്ചാത്തൻ, എം ടിയുടെ തിരക്കഥയിൽ ഒരുങ്ങിയ ഓപ്പോൾ എന്നീ സിനിമകളിലെ അഭിനയത്തിനായി രാമനാഥിന് രണ്ടു തവണ ദേശീയ പുരസ്‌ക്കാരങ്ങൾ ലഭിച്ചു. T R ശേഖർ ആയിരുന്നു കുട്ടിച്ചാത്തന്റെ ചിത്രസംയോജനം. SBT യിലെ ഉദ്യോഗസ്ഥനായിരുന്ന T.K രാജീവ് കുമാർ ആദ്യമായി സഹസംവിധായകന്റെ കുപ്പായമണിഞ്ഞതും ഈ സിനിമയിലൂടെയായിരുന്നു.

വെല്ലുവിളികൾ ഇനിയും കിടക്കുന്നതേ ഉണ്ടായിരുന്നുള്ളു. 3D സിനിമ പ്രദർശിപ്പിക്കാൻ പ്രത്യേകം സജ്ജീകരിക്കേണ്ട സ്‌ക്രീനുകളും കണ്ണടകളും ആവശ്യമാണ്‌.ഇന്ത്യയിലെ ഏറ്റവും ആധുനിക സിനിമ ശാലകളിൽ പോലും അതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. നവോദയ തന്നെ സിനിമയുടെ വിതരണവും ഏറ്റെടുത്തു, തിരഞ്ഞെടുത്ത തിയറ്ററുകളിൽ സിൽവർ മിശ്രിതം കൊണ്ട് പൂശിയ സ്ക്രീനുകൾ പിടിപ്പിച്ചു, അഡയാറിൽ ത്രിമാനകണ്ണടകൾ നിർമ്മിച്ചു. പ്രൊജക്റ്ററുകളിൽ പ്രത്യേകതരം ലെൻസുകൾ ഘടിപ്പിച്ചു. റിലീസിന് തലേദിവസം ഓരോ തിയറ്ററുകളിലും പ്രത്യേക സാങ്കേതികസംഘം എത്തി എല്ലാ ഒരുക്കങ്ങളും കുറ്റമറ്റതാക്കി.

1984 ആഗസ്റ്റ് ഇരുപത്തിനാലാം തിയതി ചിത്രം തിയറ്ററുകളിൽ എത്തി. ഐസ്ക്രീം കണ്ട് കൊതിച്ചും, തീ വരുന്നത് കണ്ടു ഭയന്നും, അമ്പുകളിൽ നിന്ന് ഒഴിഞ്ഞു മാറിയും, പൊട്ടിച്ചിരിച്ചും അവസാനം ചാത്തൻ വിടപറയുമ്പോൾ നൊമ്പരപ്പെട്ടും പ്രേക്ഷകർ പ്രായഭേദമെന്യേ കുട്ടിച്ചാത്തനെ ഏറ്റെടുത്തു. ഒരു അത്ഭുത ലോകത്തിൽ നിന്ന് ഇറങ്ങിവരുന്നവരെ പോലെ ആയിരുന്നു ,സിനിമകണ്ടിറങ്ങിയ ഓരോത്തരുടെയും അനുഭവം. സിനിമ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും മൊഴിമാറിയെത്തി. എല്ലാ ഭാഷയിലും സിനിമ വൻ വിജയം നേടി. മലയാളത്തിൽ രണ്ടര കോടിയോളം നേടി അക്കാലത്തെ ഏറ്റവും വലിയ വിജയമായി മറ്റൊരു ചരിത്രവും കുട്ടിച്ചാത്തൻ സൃഷ്ടിച്ചു.

T.K രാജീവ് കുമാറിന്റ സംവിധാനത്തിൽ K.P നമ്പ്യാതിരി ചിത്രീകരിച്ച കുറച്ചു രംഗങ്ങളും ചേർത്ത് 1997ൽ കുട്ടിച്ചാത്തൻ വീണ്ടും പ്രദർശനത്തിനെത്തി. മലയാളത്തിൽ ജഗതി ശ്രീകുമാർ, ജഗദീഷ്,ഇന്ദ്രൻസ്, കലാഭവൻ മണി,സലിം കുമാർ,നാദിർഷ എന്നിവരുടെ രംഗങ്ങൾ പുതിയതായി ചേർത്താണ് സിനിമ എത്തിയത്. ഹിന്ദിയിൽ ഊർമിളയുടെ ഏതാനും രംഗങ്ങൾ പുതിയതായി ചേർത്ത് ഛോട്ടാ ചേതൻ എന്ന പേരിലും തമിഴിൽ സന്താനം, പ്രകാശ് രാജ് എന്നിവരുടെ രംഗങ്ങൾ ചേർത്തു ചുട്ടി ചാത്തൻ എന്ന പേരിലുമാണ് കുട്ടിച്ചാത്തൻ എത്തിയത്. ഈ വരവിലും ചാത്തൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായി.

ചില്ലറ വിവാദങ്ങളും സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായി. കണ്ണടകൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് കണ്ണിന് അസുഖം ഉണ്ടാക്കുന്നു എന്ന് തമിഴ്‌നാട്ടിൽ ഒരു അഭ്യൂഹം പരന്നു. Madras Eye എന്ന പേരിൽ ഇരട്ടപേര് വീണ അസുഖത്തിന് കണ്ണടയുടെ ഉപയോഗവുമായി ബന്ധമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഒടുവിൽ നടന്മാരെ ഉപയോഗിച്ച് വീഡിയോ ഇറക്കേണ്ടി വന്നു. പ്രേംനസീർ, രജനികാന്ത്, നാഗാർജുന, അമിതാഭ് ബച്ചൻ തുടങ്ങിയവർ ഇത്തരത്തിൽ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടു.

മൈഡിയർ കുട്ടിച്ചാത്തൻ മായി ബന്ധപ്പെട്ട് ചില കൗതുകങ്ങൾ നമുക്ക് നോക്കാം

1. രണ്ടരക്കോടി ജനസംഖ്യ ഉണ്ടായിരുന്ന കേരളത്തിൽ അന്ന് ഒരുകോടിയിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്.

2.ഡബ്ബിങ് ചിത്രങ്ങൾക്ക് നിരോധനം ഉണ്ടായിരുന്നതിനാൽ ദക്ഷിണേന്ത്യയിൽ കന്നഡ ഭാഷയിൽ മാത്രം കുട്ടിച്ചാത്തന് പതിപ്പ് ഉണ്ടായില്ല.പക്ഷേ തെലുങ്ക് ഹിന്ദി പതിപ്പുകളിലൂടെ കുട്ടിച്ചാത്തൻ കർണാടകയിലും 100 ദിവസങ്ങൾ പിന്നിട്ടു.

3. 1997 ൽ പുറത്തിറങ്ങിയ കുട്ടിച്ചാത്തന്റെ രണ്ടാം പതിപ്പ് ആണ് മലയാളത്തിലെ ആദ്യ DTS ചിത്രം.

4.തിയേറ്ററിൽ ഇറങ്ങി 19 വർഷങ്ങൾക്ക് ശേഷം 2003 ഏപ്രിൽ 15ന് വിഷുദിനത്തിൽ ഏഷ്യാനെറ്റിലൂടെയാണ് ചാത്തൻ മലയാളികളുടെ സ്വീകരണമുറി എത്തിയത്.

5. 85000 പ്രദർശനങ്ങളിലൂടെ 4.3 കോടി ത്രീഡി കണ്ണാടികൾ ആണ് കുട്ടിച്ചാത്തനെ കാണാൻ ഇന്ത്യയിൽ അന്ന് ഉപയോഗിച്ചത്.

6.പത്മരാജൻ എഴുതിയ 'പിറന്നാളു കുട്ടി' എന്ന കഥ അദ്ദേഹത്തിന്റെ മരണ ശേഷം പ്രസിദ്ധീകരിക്കുകയുണ്ടായി. സത്യത്തിൽ മൈ ഡിയർ കുട്ടിച്ചാത്തന്റെ one line സ്റ്റോറി ആയിരുന്നു അത്. ഈ സിനിമക്കായി പത്മരാജനും ജിജോയുമായി ചർച്ചകൾ നടത്തുകയും ചില ചാത്തൻ മഠങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു എന്നാൽ ചില പ്രത്യേക കാരണങ്ങളാൽ പത്മരാജൻ ഈ സിനിമയിൽ നിന്ന് പിന്മാറി.

7. നവോദയയുടെ ത്രീഡി പ്രൊജക്ഷൻ വിദഗ്ധനായ തിരുവിഴ കുറുപ്പ് ഈ സിനിമയുടെ സാങ്കേതിക സഹായത്തിനായി ഇന്ത്യ മുഴുവൻ സഞ്ചരിക്കേണ്ടതായി വന്നു.ഇത് അദ്ദേഹത്തെ ആ വർഷത്തെ ഏറ്റവും കൂടുതൽ യാത്ര ചെയ്തതിനുള്ള ഇന്ത്യൻ എയർലൈൻസ് അവാർഡിന് അർഹനാക്കി.(സംശയിക്കേണ്ട അഴകിയ രാവണനിലെ ശങ്കർ ദാസിന് കിട്ടിയ അതെ അവാർഡ് തന്നെ)

8. കോട്ടയം ആനന്ദ് തീയേറ്റർ അവരുടെ അമ്പതാം വാർഷികം 2018 ൽ ആഘോഷിച്ചത് മൈഡിയർ കുട്ടിച്ചാത്തന്റെ പ്രദർശനത്തോടെയായിരുന്നു.പ്രദർശനത്തിൽ ലഭിച്ച തുക പ്രളയ ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുകയാണ് ഉണ്ടായത്.

9.1997ൽ ഒരു രംഗം ചിത്രീകരിക്കുമ്പോൾ കെട്ടിടത്തിന്റെ ആ ഭാഗം ഇല്ലായിരുന്നുവെങ്കിൽ കുറച്ചുകൂടി മനോഹരമായ ഒരു ക്യാമറാ ആംഗിളിൽ ചിത്രീകരിക്കാൻ കഴിയുമായിരുന്നു എന്ന് ഛായാഗ്രാഹകൻ നമ്പ്യാതിരി ജിജോയോട് പറഞ്ഞു. പിറ്റേ ദിവസം ഷൂട്ടിങ്ങിനെത്തിയ നമ്പ്യാതിരി കണ്ടത് ഒരു ഭാഗം പൊളിച്ചു മാറ്റിയ കെട്ടിടം ആണ്. പെർഫെക്ഷനിൽ കുറഞ്ഞതൊന്നും ജിജോ ചിന്തിക്കാറില്ലായിരുന്നു.

മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം

1.ഇന്ത്യയിൽ ത്രീഡി സിനിമകളുടെ ഒരു കുത്തൊഴുക്ക് തന്നെയാണ് കുട്ടിച്ചാത്തന് ശേഷം ഉണ്ടായത്. അണ്ണൈ ഭൂമി,ജയ് വേതാളം,തങ്ക മാമ എന്നിങ്ങനെ തമിഴ് തെലുങ്ക് ഭാഷകളിലും ശിവ് കാ ഇൻസാഫ് എന്ന പേരിൽ ഹിന്ദിയിലും പൗർണമി രാവിൽ എന്ന പേരിൽ മലയാളത്തിലും ത്രീ ഡി സിനിമകൾ പിറന്നു.

2.മൈഡിയർ കുട്ടിച്ചാത്തനിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മോഹൻദാസ് സൃഷ്ടിച്ച കഥാപാത്രമാണ് ബാലരമയിലെ മായാവി. അന്തരിച്ച ഈ കലാകാരന്റെ അവസാനകാല സൃഷ്ടിയായിരുന്നു സൂത്രനും ഷേരുവും.

3.1995 ൽ നവോദയ ആരംഭിച്ച കിഷ്കിന്ധ വാട്ടർ തീം പാർക്കിൽ 'ആലിപ്പഴം പെറുക്കാം' ഗാനചിത്രീകരണത്തിനായി ഉപയോഗിച്ച മാജിക് റൂം സെറ്റ് സന്ദർശകർക്കായി പുനർനിർമിച്ചിട്ടുണ്ട്.

4. തൊണ്ണൂറുകളിൽ രാമാനന്ദ് സാഗർ രാമായണത്തിലൂടെയും വിക്രം ഓർ വേതാളത്തിലൂടെയും തുടങ്ങിവച്ച ടെലിവിഷൻ സീരിയൽ വിപ്ലവത്തിലേക്ക് നവോദയ അപ്പച്ചൻ കാലെടുത്തുവച്ചത് മൈഡിയർ കുട്ടിച്ചാത്തന്റെ പഴയ ടീമുമായി ചേർന്നായിരുന്നു. ജിജോയുടെ നേതൃത്വത്തിൽ ചിത്രികരിച്ച 'ബൈബിൾ കി കഹാനിയ' എന്ന TV സീരിയൽ ,1992 ഡിസംബർ 20 മുതൽ ദൂരദർശൻ സംപ്രേക്ഷണം ആരംഭിച്ചു. എന്നാൽ ബൈബിളിലെ ജീസസ് ഖുറാനിലെ ഈസാനബിയെന്ന പ്രവാചകനാണെന്നും പ്രവാചകരുടെ ചിത്രീകരണം അനുവദിക്കില്ല എന്നുമുള്ള കാശ്മീർ

തീവ്രവാദികളുടെ ഭീഷണിയെ തുടർന്ന് 1993 മാർച്ച് 14 ന് ദൂരദർശൻ ഈ സീരിയൽ പിൻവലിച്ചു. 1990 ൽ ദൂരദർശന്റെ ഒരു സംസ്ഥാന ഡയറക്ടറെ തീവ്രവാദികൾ വധിച്ചിരുന്നു,ഈ സംഭവമാണ് ഇത്തവണ അധികം ആലോചനകൾക്ക് നിൽക്കാതെ ഒരു കലാസൃഷ്ടിയുടെ കടയ്ക്കൽ കത്തി വെക്കാൻ അവരെ പ്രേരിപ്പിച്ചത്. അതെ വർഷം തന്നെയാണ് ഇന്ത്യൻ സീരിയലുകളുടെ ചരിത്രത്തിലെ ആദ്യ 100 കോടി വരുമാനം നേടിയ രാമാനന്ദ് സാഗറിന്റെ 'ശ്രീകൃഷ്ണ' എന്ന സീരിയൽ ദൂരദർശൻ സംപ്രേക്ഷണം ആരംഭിച്ചത്.

5.സിനിമയിൽ കുട്ടിചാത്തനായി അഭിനയിച്ച M.P രാമനാഥ് ഇന്ന് കേരള ഹൈക്കോടതിയിലെ അഡ്വക്കേറ്റാണ്.

6.നവോദയ കുടുംബത്തിൽ നിന്ന് പുറത്തിറങ്ങിയ രണ്ടാമത്തെ 3D സിനിമയായിരുന്നു മാജിക് മാജിക് (2003). മൈ ഡിയർ കുട്ടിച്ചാത്തന്റെ പ്രൊഡക്ഷൻ കൺട്രോളറും ജിജോയുടെ സഹോദരനുമായ ജോസ് പുന്നൂസ് ആയിരുന്നു ഈ സിനിമയുടെ സംവിധായകൻ.

7.27 വർഷങ്ങൾക്ക് ശേഷം സിനിമ മൂന്നാം തവണയും തീയേറ്ററുകളിൽ എത്തി. സന്താനവും പ്രകാശ് രാജും അഭിനയിച്ച ചില പുതിയ രംഗങ്ങളും ചേർത്ത് 2011 ഓഗസ്റ്റ് 25 ആയിരുന്നു റിലീസ്.

കുട്ടിച്ചാത്തനെ കുറിച്ചു ഇത്രയും കേട്ട സ്ഥിതിക്ക് നമുക്ക് അതിലെ പാട്ട് കൂടി ഒന്ന് പാടിയിട്ട് പിരിഞ്ഞാലോ. വരികൾ അറിയില്ലെന്ന ഒഴിവൊന്നും പറയേണ്ട, അതും പറഞ്ഞു തരാം...

ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തീ (2)

പൂങ്കുരുവീ പൂവാങ്കുരുവീ

പൊന്നോലഞ്ഞാലിക്കുരുവീ

ഈ വഴി വാ (ആലിപ്പഴം...)

അപ്പൂപ്പൻ താടിയിലുപ്പിട്ടു കെട്ടുന്ന ചെപ്പടി വിദ്യ കാണാം

തല കീഴായ് നീന്താം തല കീഴായ് നീന്താം

അമ്മൂമ്മ വന്നു കുടഞ്ഞിട്ടു കെട്ടുന്ന തെമ്മാടി വേല കാണാം

കുടമാറ്റം കാണാം പല കൂട്ടം കൂടാം

കരിമാറാലയിൽ കളിയൂഞ്ഞാലിടാം (2)

കൈയ്യോടു കൈ കോർത്തു കൂത്താടാം (ആലിപ്പഴം...)

കെട്ടിലും കട്ടിലും മച്ചിലും തച്ചിലും കെട്ടിപ്പിടിച്ചു പാടാം

തുടി താളം കൂടാം തുടി താളം കൂടാം

വട്ടം കറങ്ങുന്ന പങ്കപ്പുറത്തിരുന്നൊപ്പം സവാരി ചെയ്യാം

ചുവരിന്മേലോടാം പൊയ്‌ക്കോലം തുള്ളാം

വിരലാട്ടങ്ങളിൽ വിളയാട്ടങ്ങളായ് (2)

തമ്മിൽ തരം പോലെ ചാഞ്ചാടാം (ആലിപ്പഴം..)

പാട്ടിനൊപ്പം ഒരു സന്തോഷ വാർത്ത കൂടി.

ജിജോ പുന്നൂസ് സിനിമാലോകത്തേക്ക് തിരിച്ചു വരുന്നു. ചുണ്ടൻ വള്ളങ്ങളുടെ പിറവിയുമായി ബന്ധപ്പെട്ട ഒരു സിനിമയാണ് അതെന്നും ഫഹദ് ഫാസിൽ ആവും പ്രധാന കഥാപാത്രമാവുക എന്നുമാണ് സിനിമാ ലോകത്ത് നിന്ന് കേൾക്കുന്ന വാർത്തകൾ.. നമുക്ക് കാത്തിരിക്കാം അദ്ദേഹത്തിന്റെ തിരിച്ചു വരവിനായി.

© Aarjith Pradeep & Sajan Ramanandan | Cinema Paradiso Club