Once Again | 2018 | Hindi | Kanwal Sethi

Dec-21-2018 06:12 AM

ഞെരടിയ മല്ലിയിലയുടെ വാസനയാണ് മനസ്സും നിറഞ്ഞ് കവിഞ്ഞ് പടരുന്നത്. അമറിന്റെ മൂക്കിൻ തുമ്പത്തേക്ക് താര ചേർത്തു പിടിക്കുന്ന ഉള്ളം കൈകൾക്ക് കാഴ്ചക്കാരന്റെ നാസാരന്ധ്രങ്ങളും തുളച്ചുകയറുന്ന മല്ലിയിലയുടെ ഗന്ധമാകുന്നതിൽ അതിശയോക്തിയില്ല. അമർ മണങ്ങളിലൂടെയും ശബ്ദത്തിലൂടെയും രുചിയിലൂടെയുമാണല്ലോ അവളിലേക്കുള്ള അയാളുടെ പ്രണയത്തെ തിരഞ്ഞു പോകുന്നത്.

പൂന്തോട്ടത്തിലെ വെളുത്ത ചെമ്പകപ്പൂവിലേക്ക് മൂക്കും മുഖവുമമർത്തി അയാൾ വലിച്ചെടുത്തത് താരയുടെ ഗന്ധം തന്നെയാണ്. പ്രണയം കീഴ്പ്പെടുത്തിയവൻ ഗന്ധങ്ങളിൽ ഉന്മത്തനാകുന്നത് സ്വാഭാവികം. ആദ്യ കാഴ്ചയ്ക്ക് വേണ്ടി അവളുടെ റെസ്റ്റോറന്റ് പരിസരത്ത് ചെല്ലുമ്പോൾ ഒരു ഇലക്കൊട്ട നിറയെ മുല്ലമാല വാങ്ങി കരുതുന്നതിനൊപ്പം അയാൾ അതിന്റെ സുഗന്ധത്തെ വല്ലാതെകണ്ട് ആസ്വദിക്കുന്നുണ്ട്. ആരാധിക്കുന്നുണ്ട്.

ശബ്ദങ്ങളിലൂടെ മാത്രം പരസ്പരം അറിഞ്ഞിരുന്ന ആരംഭകാലത്ത് അയാൾ ചോദിക്കുന്നുണ്ട്. "നമുക്ക് കാണണ്ടേ?"

"ആർക്കോ നാണമാണെന്നു പറഞ്ഞു."

"എല്ലായ്പ്പോഴും ഇല്ല."

അയാൾക്ക് വേണ്ടി ഉണ്ടാക്കുന്ന ഭക്ഷണവിഭവങ്ങൾക്ക് അവൾ നൽകുന്ന ശ്രദ്ധയിൽ പോലും പ്രകടമായുള്ളത് പ്രണയമാണ്. ഇടയ്ക്ക് വിരൽ കൊണ്ട് തൊട്ട് നാവിൽ വച്ച് രുചി നോക്കുന്നു. അവളുടെ തിരക്കൊഴിയുമ്പോൾ എന്നും സംഭവിക്കുന്ന ആ കോളിന്റെ ആരംഭം തന്നെ ഭക്ഷണം എങ്ങനെ ഉണ്ടായിരുന്നു എന്ന ആശങ്കയിൽ ആണ്.

വളരെയധികം അസ്വസ്ഥമായ ഒരു രാത്രിയിൽ അയാളോട് സംസാരിക്കുമ്പോൾ ഉള്ളിലെ ആകുലതകൾ മുഴുവൻ ദേഷ്യമായും അകൽച്ചയായും പ്രതിഫലിച്ചതിന് ശേഷം താര പക്ഷേ ഇങ്ങനെ പറയുന്നു..

"നിങ്ങളോടു വഴക്കു കൂടാൻ പോലും ആർക്കും സാധിക്കില്ല."

"എനിക്കറിയാം."

"ഞാൻ പഠിപ്പിക്കട്ടെ വഴക്കുകൂടാൻ..?"

"ഇതാണ് താര. താരയുടെ ശബ്ദം."

അവൾ എന്താണെന്ന് ഉൾക്കൊണ്ട് കഴിഞ്ഞിരുന്നു അയാൾ. അയാളുടെ ദിവസങ്ങൾ ആരംഭിക്കുന്നത് തന്നെ എത്രയും വേഗം ഇരുട്ടു വീഴാനും അങ്ങേയറ്റത്ത് അവളുടെ ശബ്ദത്തിന് കാത്തിരിക്കാനും വേണ്ടി ആയിരുന്നു.

കൊഴുപ്പ് കുറയ്ക്കാനുള്ള എണ്ണ ചേർക്കാത്ത വിഭവത്തെ കുറിച്ച് വാചാലരായത് മുതൽ കൈ കൊണ്ട് കുഴച്ച് കഴിച്ച ഭേൽപൂരിയിലേക്കും ഒടുവിൽ അയാളുടെ അടുക്കളയിൽ ഒരുമിച്ചു നിന്ന് പാകം ചെയ്ത വിഭവത്തിലേക്കും വരെ സഞ്ചരിച്ച അവരുടെ രുചികൾ. മണങ്ങൾ.. സ്പർശങ്ങൾ..

അതിൽ നിന്നയാൾ പൊതുബോധത്തെ പേടിക്കുന്ന, ആളുകളുടെ കരുതലിനെ കുറിച്ച് ആശങ്കാകുലൻ ആകുന്ന ഒരുവനിലേക്ക് ചുരുങ്ങുമ്പോൾ കല്ലുകടിച്ചേക്കാം. "ഒരുപക്ഷേ ഞാൻ ബന്ധങ്ങൾക്ക് വേണ്ടി ഉണ്ടാക്കപ്പെട്ടവൻ ആയിരിക്കില്ല" എന്ന് കുമ്പസാരിക്കുമ്പോൾ ആണുങ്ങളിലെ ഒളിച്ചോട്ടക്കാരിലേക്ക് അയാളെയും ചേർത്തു വെക്കാൻ തോന്നിയേക്കാം.

അവിടെയൊക്കെ അയാൾക്കും മുകളിലേക്ക് അവൾ ഉയരുന്നുണ്ട്.

"അച്ഛൻ ഉണ്ടായിരുന്നെങ്കിൽ അമ്മ ഇങ്ങനെ ചെയ്യുമായിരുന്നോ?" എന്ന മകന്റെ ചോദ്യത്തിന് "അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഞാനിത്ര ഒറ്റപ്പെടില്ലായിരുന്നു ദേവ്" എന്ന് ഉറച്ച മറുപടി കൊടുക്കാൻ സാധിക്കുന്നുണ്ട്.

വീണ്ടും ഗന്ധം. അമർ പറയുന്ന ആ നിർവ്വചിക്കാൻ സാധിക്കാത്ത ബന്ധത്തിന്റെ. അതിന്റെ ലാളിത്യത്തിന്റെ. തീവ്രതയുടെ. അടിപ്പെടലിന്റെ. അവരിരുവരും ചേർന്ന് നടക്കുമ്പോൾ ഉണ്ടാകുന്ന മാന്ത്രികതയ്ക്ക് മുന്നിൽ ആദ്യം കടപുഴകി വീഴുന്നത് ഭയങ്ങൾ തന്നെ. പരസ്പരം അടിപ്പെടുന്നതിന്റെ, ബാധകളാവുന്നതിന്റെ സൗന്ദര്യം അവരുടെ നോട്ടങ്ങളിൽ ഉണ്ട്. നോട്ടം കോർക്കുന്ന നിമിഷത്തിൽ ആർദ്രമാകുന്ന, നനയുന്ന, വികാരമണിയുന്ന കണ്ണുകൾ.

"താരാ.. നിങ്ങൾ ഇങ്ങനെ എന്നിൽ തന്നെ നോട്ടമൂന്നി നടന്നാൽ താഴെ വീഴും."

"ഞാനോ? ഞാൻ നിങ്ങളെ നോക്കുകയായിരുന്നില്ല. നിങ്ങളെ നോക്കിക്കൊണ്ടേയിരിക്കാൻ ഇഷ്ടപ്പെടുന്ന ഒരുപാടു പേരുണ്ടാകും. പക്ഷേ ഞാൻ ആ കൂട്ടത്തിൽ പെടില്ല."

"പക്ഷേ എനിക്കിഷ്ടമാണ്. നിങ്ങളെയിങ്ങനെ നോക്കിക്കൊണ്ടേയിരിക്കാൻ.." ❤

© Sruthi Rajan | Cinema Paradiso Club