റാഷമോൺ ഇഫക്ട് - ഒരു അപഗ്രഥനം

Jan-04-2020 06:01 PM

സിനിമാചർച്ചകൾക്കിടെ “റാഷമോൺ ഇഫക്ട്” എന്ന പ്രയോഗം നിങ്ങൾ കേട്ടിട്ടുണ്ടാവും. പല കഥാപാത്രങ്ങൾ ഒരേ സംഭവത്തെ വ്യത്യസ്ത രീതിയിൽ വിവരിക്കുന്നതിനെയാണ് റാഷമോൺ ഇഫക്ട് എന്ന് വിശേഷിപ്പിക്കുന്നത്. വിഖ്യാത ജാപ്പനീസ് സംവിധായകനായ അകിരാ കുറസോവയുടെ റാഷമോൺ എന്ന ചിത്രത്തിൽ നിന്നാണ് ഈ പേര് വന്നത്. ഒരേ കുറ്റകൃത്യത്തെ കുറിച്ച് നാല് വ്യക്തികൾ പരസ്പരവിരുദ്ധമായ സാക്ഷിമൊഴികൾ നൽകുന്നതായിരുന്നു റാഷമോണിന്റെ പ്രമേയം. റാഷോമോണിൽ ഓരോ കഥാപാത്രവും എന്തൊക്കെ നുണകൾ പറഞ്ഞു, എന്ത് കൊണ്ട് പറഞ്ഞു എന്നതിനെ കുറിച്ചുള്ള ഒരു അപഗ്രഥനമാണ് ഈ പോസ്റ്റ്.

[Spoiler alert for Rashomon(1950)]

I. വിറകുവെട്ടുകാരൻ

കോടതിയിൽ കൊടുത്ത മൊഴി പ്രകാരം, വിറകുവെട്ടുകാരൻ സംഭവസ്ഥലത്തെത്തുമ്പോൾ ഒരു സമുറായി യോദ്ധാവ് മരിച്ചു കിടക്കുന്നതാണ് കാണുന്നത്. അയാൾ പരിഭ്രാന്തനായി പോലീസിനെ വിളിക്കാൻ ഓടുന്നു.

എന്നാൽ സിനിമയുടെ അവസാനം അയാൾ വഴിയമ്പലത്തിൽ ഇരുന്നു പറഞ്ഞതു പ്രകാരം, സമുറായിയുടെ ഭാര്യ ബലാത്സംഗം ചെയ്യപ്പെട്ടതിനു ശേഷം അവിടെ നടന്ന സംഭവങ്ങൾക്കെല്ലാം വിറകുവെട്ടുകാരൻ സാക്ഷിയായിരുന്നു. എന്ത് കൊണ്ട് അയാൾ കോടതിയിൽ സത്യം പറഞ്ഞില്ല എന്നതു സിനിമയിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. സംഭവസ്ഥലത്തു ഉപേക്ഷിക്കപ്പെട്ട വിലപിടിച്ച ഒരു കഠാര അയാൾ മോഷ്ടിച്ചിരുന്നു. അതിനു ശേഷമാണ് പോലീസിനെ വിളിക്കുന്നത്. താൻ എല്ലാ സംഭവങ്ങളും കണ്ടു എന്ന് സമ്മതിച്ചാൽ ആ കഠാര തിരികെ ഏല്പിക്കേണ്ടി വരികയും മോഷണക്കുറ്റത്തിന് അയാൾ ശിക്ഷിക്കപ്പെടുകയും ചെയ്തേക്കാം.

II. തജോമാരു (കൊള്ളക്കാരൻ)

പറഞ്ഞ നുണകൾ

1. തജോമാരു ബലമായി ചുംബിച്ചപ്പോൾ സമുറായിയുടെ ഭാര്യ അയാൾക്ക് സ്വമനസ്സാലെ വഴങ്ങിക്കൊടുത്തു.

2. ആ സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷം അയാൾ അവരെ വിട്ടു പോകാൻ ഒരുങ്ങി. അപ്പോൾ ഒന്നുകിൽ തന്റെ ഭർത്താവ് അല്ലെങ്കിൽ തജോമാരു ഇതിലേതെങ്കിലും ഒരാളെ ജീവനോടെ ഇരിക്കാൻ പാടുള്ളൂ എന്ന് പറഞ്ഞു കൊണ്ട്, ഭർത്താവുമായി വാൾപ്പയറ്റിൽ ഏർപ്പെടാൻ സ്ത്രീ അയാളുടെ കാലു പിടിച്ചു അപേക്ഷിച്ചു.

3. തജോമാരു സ്ത്രീയുടെ ഭർത്താവുമായി ഒരു വീറുറ്റ ഏറ്റുമുട്ടലിൽ ഏർപ്പെട്ടു. തജോമാരു നേരിട്ടതിൽ വച്ച് ഏറ്റവും മികച്ച എതിരാളിയായിരുന്നു ആ സമുറായി.

പറയാത്ത സത്യങ്ങൾ

1. സ്ത്രീയെ ഒരു തവണ ബലാത്സംഗം ചെയ്തിട്ടും മതിയാവാഞ്ഞ തജോമാരു, അവരോടു തന്റെ ഒപ്പം വരാൻ അപേക്ഷിച്ചു. സ്ത്രീ തന്റെ ഭാര്യയായിരിക്കുമെങ്കിൽ അധ്വാനിച്ചു കുടുംബം പുലർത്താനും താൻ തയ്യാറാണ് എന്ന് തജോമാരു പറഞ്ഞു. പക്ഷേ സ്ത്രീ ആ തീരുമാനം സ്വന്തം ഭർത്താവിന് വിട്ടുകൊടുത്തു.

2. തജോമാരു സമുറായിയുമായി ഏറ്റുമുട്ടിയത് സ്ത്രീയുടെ അപേക്ഷ കേട്ടിട്ടല്ല, അയാളുടെ പൗരുഷത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള അവളുടെ പരിഹാസം കേട്ടിട്ടായിരുന്നു.

3. തജോമാരുവും സമുറായിയും തമ്മിലുള്ള വാൾപ്പയറ്റ് വെറും പരിതാപകരമായിരുന്നു. വാൾ നേരെ വീശാനോ, കൈ വിറയ്ക്കാതെ വാൾ പിടിക്കാനോ പോലും രണ്ടു പേർക്കും കഴിഞ്ഞിരുന്നില്ല.

എന്ത് കൊണ്ട്

വശീകരിച്ച സ്ത്രീകളെക്കുറിച്ചും കീഴ്പ്പെടുത്തിയ ശത്രുക്കളെ കുറിച്ചും വീമ്പു പറയാൻ ഇഷ്ടപ്പെടുന്ന പുരുഷകഥാപാത്രങ്ങളെ പല സിനിമകളിലും നാം കണ്ടിട്ടുണ്ടല്ലോ, ഒരു പക്ഷേ ജീവിതത്തിലും അത്തരക്കാരെ നിങ്ങൾക്ക് പരിചയം ഉണ്ടാകും. തന്റെ ഭീരുത്വം നേരിട്ടു കണ്ട ആ സ്ത്രീയെ പൊതുസമൂഹത്തിന്റെ മുന്നിൽ ചപലയായി ചിത്രീകരിക്കുന്ന തജോമാരു, ഭീരുവായ ഭർത്താവിനു പക്ഷേ ഒരു വീരപരിവേഷമാണ് നൽകുന്നത്. സിനിമയുടെ അവസാനഭാഗത്തു മറ്റൊരു കഥാപാത്രം പറയുന്നുണ്ട്, സന്തോഷം നൽകുന്ന നുണകൾ വിശ്വസിക്കാനാണ് മനുഷ്യർ ഇഷ്ടപ്പെടുന്നതെന്നു. തജോമാരു പറഞ്ഞ പല നുണകളും ഒരുപക്ഷേ അയാൾ ആദ്യം സ്വയം വിശ്വസിപ്പിച്ചിരിക്കാനാണ് സാധ്യത.

III. സമുറായി (സ്ത്രീയുടെ ഭർത്താവ്)

പറഞ്ഞ നുണകൾ

1. ബലാത്സംഗം ചെയ്ത ശേഷം തന്നോടൊപ്പം വരാൻ തജോമാരു ക്ഷണിച്ചപ്പോൾ എവിടേക്കു വേണമെങ്കിലും വരാം എന്ന് സമുറായിയുടെ ഭാര്യ മറുപടി നൽകി.

2. തജോമാരുവിന്റെ ഒപ്പം പോകുന്നതിനു മുൻപ് അയാളോട് സ്വന്തം ഭർത്താവിനെ കൊല്ലാൻ സ്ത്രീ ആവശ്യപ്പെട്ടു.

3. ഇത് കേട്ട് അവളോട് അറപ്പു തോന്നിയ തജോമാരു ഭർത്താവിന്റെ നേരെ വാൾ നീട്ടിക്കൊണ്ടു, സ്ത്രീയെ കൊല്ലണോ വേണ്ടയോ എന്ന് താങ്കൾക്ക് തീരുമാനിക്കാം എന്ന് പറയുന്നു.

5. ഈ സമയം അവിടെ നിന്നും ഓടിപ്പോയ സ്ത്രീയെ പിന്തുടർന്നു പിടിക്കാൻ കഴിയാത്ത തജോമാരു, തിരികെ വന്നു സമുറായിയുടെ കെട്ടുകൾ അഴിച്ചു വെറുതെ വിടുന്നു.

6. അപമാനിതനായ സമുറായി കഠാര ഉപയോഗിച്ച് ആത്മഹത്യ ചെയ്യുന്നു.

പറയാത്ത സത്യങ്ങൾ

1. ബലാത്സംഗം ചെയ്യപ്പെട്ട ശേഷം തജോമാരുവിന്റെ വിവാഹാഭ്യർത്ഥനയ്ക്ക് മറുപടി നൽകാതെ തന്റെ വിധി സ്ത്രീ ഭർത്താവിനു വിട്ടുകൊടുത്തു.

2. കൊള്ളക്കാരൻ ബലാത്സംഗം ചെയ്ത സ്ത്രീയെ ഭർത്താവ് വേശ്യ എന്ന് വിളിച്ചു അപമാനിക്കുന്നു. അവളെ തുടർന്നും ഭാര്യയായി സ്വീകരിക്കാൻ അയാൾക്ക് താത്പര്യമുണ്ടായിരുന്നില്ല.

3. തജോമാരുവുമായി ഏറ്റുമുട്ടി സ്വന്തം ജീവൻ അപായപ്പെടുത്താൻ ഒട്ടും താത്പര്യം ഇല്ലാതിരുന്ന സമുറായി, സ്ത്രീ അവരെ രണ്ടു പേരെയും ആണത്തമില്ലാത്തവർ എന്ന് പരിഹസിച്ചപ്പോൾ മാത്രമാണ് തജോമാരുവിനു നേരെ വാളോങ്ങിയത്.

4. വാൾപ്പയറ്റിന്റെ കാര്യത്തിൽ തജോമാരുവും സമുറായിയും ഒരേപോലെ കഴിവുകെട്ടവരായിരുന്നു. ഒരു വിധത്തിൽ തജോമാരു വിജയിച്ചപ്പോൾ “എന്നെ കൊല്ലരുതേ” എന്ന് പറഞ്ഞു കരയുകയാണ് സമുറായ് ചെയ്തത്.

എന്ത് കൊണ്ട്

ഒറ്റവാചകത്തിൽ പറഞ്ഞാൽ സ്വന്തം മാനം കാക്കാൻ വേണ്ടിയാണ് സമുറായി പരലോകത്തിൽ നിന്നും ആത്മാവായി വന്ന് കോടതിസമക്ഷം ഇത്രയും നുണകൾ പറയുന്നത്. തന്നെ കബളിപ്പിച്ച, തന്റെ കണ്മുന്നിൽ വെച്ച് തന്റെ ഭാര്യയെ പീഡിപ്പിച്ച, മരിക്കാൻ ഭയമാണ് എന്ന് കരഞ്ഞു പറഞ്ഞിട്ടും തന്നെ കൊന്നു കളഞ്ഞ ആ കൊള്ളക്കാരനെയല്ല, വാൾപ്പയറ്റിന് തന്നെ പ്രേരിപ്പിച്ച ഭാര്യയെ മാത്രമാണ് സമുറായി മരണശേഷം കുറ്റപ്പെടുത്തുന്നത്. കാട്ടുവഴിയിൽ കണ്ട അപരിചിതന്റെ കെണിയിൽ വീഴാതിരിക്കാനുള്ള ബുദ്ധിയോ, തജോമാരുവിനോട് ജയിക്കാനുള്ള ആയുധപാടവമോ, കുറഞ്ഞപക്ഷം പീഡിപ്പിക്കപ്പെട്ട ഭാര്യയെ ഉപേക്ഷിക്കാതിരിക്കാനുള്ള മര്യാദയെങ്കിലുമോ തനിക്ക് ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും തന്നെ സംഭവിക്കില്ലായിരുന്നു എന്നത് അയാൾ സൗകര്യപൂർവം മറക്കുന്നു. സ്വാഭാവികമായും, വിഡ്ഢിയും ഭീരുവും ‘real man’ ആണെന്ന് തെളിയിക്കാൻ പോയി ദയനീയമായി കൊല്ലപ്പെട്ടവനും എന്നല്ല, കുപ്രസിദ്ധ കൊള്ളക്കാരൻ പോലും ബഹുമാനിച്ചു വിട്ടയച്ചവനും ദുഷ്ചരിതയായ ഭാര്യ ഉണ്ടാക്കിയ അഭിമാനക്ഷതം സഹിക്കാതെ ആത്മഹത്യ ചെയ്തവനുമായ ധീരയോദ്ധാവ് എന്നായിരിക്കുമല്ലോ അയാൾ ഓർമിക്കപ്പെടാൻ ആഗ്രഹിക്കുക!

IV. സ്ത്രീ (സമുറായിയുടെ ഭാര്യ)

പറഞ്ഞ നുണകൾ

1. പീഡിപ്പിച്ചതിന് ശേഷം തജോമാരു സംസാരത്തിനൊന്നും നിൽക്കാതെ സ്ഥലം വിട്ടു.

2. പീഡിപ്പിക്കപ്പെട്ടതിന്റെ അപമാനഭാരം സഹിക്കാൻ വയ്യാതെ സ്ത്രീ ഭർത്താവിനോട് തന്നെ കൊല്ലാൻ ആവശ്യപ്പെട്ടു

3. ഭർത്താവ് നിർവികാരനായി അവളെ നോക്കുക മാത്രം ചെയ്തു. അയാളുടെ മൗനം കണ്ടു ഭയപ്പെട്ട സ്ത്രീ ബോധംകെട്ടു വീണു

4. സ്ത്രീ എണീറ്റപ്പോൾ ഭർത്താവ് കുത്തേറ്റു മരിച്ചു കിടക്കുന്നതാണ് കണ്ടത്.

5. അപമാനവും ദുഃഖവും സഹിക്കാൻ വയ്യാതെ സ്ത്രീ ആത്‍മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പറയാത്ത സത്യങ്ങൾ

1. തജോമാരു സ്ത്രീയോട് അയാളുടെ ഭാര്യയാവാൻ അപേക്ഷിച്ചു. അവൾക്ക് വേണ്ടി കളവെല്ലാം നിർത്തി അധ്വാനിച്ചു ജീവിക്കാനും അയാൾ സന്നദ്ധനായിരുന്നു.

2. താനിനി എന്ത് ചെയ്യണമെന്നത് ഭർത്താവാണ് തീരുമാനിക്കേണ്ടത് എന്ന് പറഞ്ഞു അയാളുടെ കെട്ടുകൾ അഴിച്ചുവിട്ടപ്പോൾ, അവളെ വേശ്യയെന്ന് വിളിച്ചു അധിക്ഷേപിക്കുകയാണ് ഭർത്താവ് ചെയ്തത്.

3. ഭർത്താവിനെയും കൊള്ളക്കാരനേയും അവൾ ദുർബലർ എന്ന് വിളിച്ചു അധിക്ഷേപിച്ചു. ഭർത്താവ് ആണത്തമുള്ളവനെങ്കിൽ തന്നെ പീഡിപ്പിച്ച കള്ളനെ എതിരിട്ട് തോൽപ്പിക്കുമായിരുന്നെന്നും, കൊള്ളക്കാരൻ ആണത്തമുള്ളവനെങ്കിൽ ഭർത്താവിനെ തോൽപ്പിച്ച് തന്നെ സ്വന്തമാക്കണമെന്നും സ്ത്രീ പറഞ്ഞു.

4. അവളുടെ പുച്ഛത്തിന് മുന്നിൽ സ്വന്തം ആണത്തം തെളിയിക്കാനാണ് അവർ രണ്ടു പേരും ഏറ്റുമുട്ടിയതും, തദ്ഫലമായി ഭർത്താവ് കൊല്ലപ്പെട്ടതും.

5. ഭർത്താവ് കൊല്ലപ്പെടുന്നത് കണ്ട സ്ത്രീ തജോമാരുവിൽ നിന്നും ഓടി രക്ഷപ്പെടുകയാണുണ്ടായത്.

എന്ത് കൊണ്ട്

തന്റെ പ്രേരണ മൂലം ഉണ്ടായ ഒരു ഏറ്റുമുട്ടലിൽ ആണ് ഭർത്താവ് കൊല്ലപ്പെട്ടത് എന്ന് പറയുന്നത് ഭർത്താവിന്റെ മരണത്തിൽ ഭാഗികമായെങ്കിലും പങ്കുണ്ടെന്നു കോടതിയിൽ സമ്മതിക്കുന്നതിനു തുല്യമാണ്. ഭർത്താവ് പറഞ്ഞ ക്രൂരമായ വാക്കുകൾ സ്ത്രീ തന്നെ മറക്കാൻ ശ്രമിക്കുന്നതു കൊണ്ടായിരിക്കാം അവരത് പൊതുജനത്തിന് മുൻപാകെ ആവർത്തിക്കാതിരിക്കാൻ കാരണം. തജോമാരു തനിക്ക് വേണ്ടി പുതിയ ജീവിതം തുടങ്ങാം എന്ന് കോടതി മുൻപാകെ പറയാനും സ്ത്രീയ്ക്ക് താൽപ്പര്യമുണ്ടാവില്ല - കൂടുതൽ സ്ത്രീകളെ വശീകരിച്ച പുരുഷനെ ബഹുമാനത്തോടെയും തെല്ലസൂയയോടെയും കാണുന്ന പൊതുജനം (തജോമാരു പറഞ്ഞ ഒരു നുണയ്ക്ക് പ്രചോദനമിതാണ്), അന്യപുരുഷനിൽ ആകർഷണം ഉണ്ടാക്കിയ സ്ത്രീകളെ പക്ഷേ വെറുപ്പോടെയാണ് കാണുന്നത്. മാത്രമല്ല, തജോമാരുവിനെ പരമാവധി ദുഷ്ടനായി ചിത്രീകരിച്ചാൽ ഭർത്താവിന്റെ മരണത്തിൽ പൂർണ ഉത്തരവാദിത്തം അയാൾക്ക് കിട്ടാൻ സാധ്യത കൂടും. തന്നെ പീഡിപ്പിച്ച തജോമാരുവിന്റെ മാനുഷികവശം കോടതി കാണരുത് എന്നും സ്ത്രീ ആഗ്രഹിച്ചു കാണും. പീഡിപ്പിക്കപ്പെട്ട ദുഃഖത്തിൽ താൻ മരിക്കാൻ ആഗ്രഹിച്ചു, ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു, എന്നെല്ലാം സ്ത്രീ കളവു പറയുന്നത് “കളങ്കിത”യായ, അല്ലെങ്കിൽ വിധവയായ സ്ത്രീ പിന്നെ മരിക്കുന്നത് ആണ് നല്ലത് എന്ന ചിന്തയുള്ള സമൂഹത്തിന്റെ അനുകമ്പ പിടിച്ചു പറ്റാനാണ്.

എന്നാൽ സ്ത്രീ പറയുന്ന ചില നുണകൾ വിശദീകരിക്കുക ബുദ്ധിമുട്ടാണ്. എന്തായാലും നുണയാണ് പറയുന്നതെങ്കിൽ, ‘ഭർത്താവിന്റെ മൗനം കണ്ടു ബോധം കെട്ടു വീണു, എണീറ്റപ്പോൾ അയാൾ മരിച്ചു കിടക്കുന്നതാണ് കണ്ടത്’ എന്ന് പറയുന്നതിനേക്കാൾ നല്ല നുണയൊന്നും മൂന്നു ദിവസം ഇരുന്നു ആലോചിച്ചിട്ടും അവർക്ക് ലഭിച്ചില്ലേ? തജോമാരു ഭർത്താവിനെ കൊന്നു എന്ന് സ്ത്രീ കോടതിയിൽ പറയാത്തത്, ഒരു പക്ഷേ അവർക്ക് അയാളോട് അനുകമ്പ തോന്നിയത് കൊണ്ടാണോ, അതോ സമുറായിയെ കൊന്നു എന്ന ക്രെഡിറ്റ് തജോമാരുവിന് ലഭിക്കേണ്ട എന്ന് കരുതിയാണോ, കഠാര മോഷ്ടിച്ച ആളെക്കുറിച്ചു അറിയാൻ അന്വേഷണം തിരിച്ചുവിടാനാണോ എന്നെല്ലാം ആലോചിച്ചാലും ഒരു എത്തും പിടിയുമില്ല.

ഇതിനെല്ലാം ഉപരിയായി, ആദ്യകാഴ്‌ചയിൽ തോന്നിയ ഏറ്റവും ലളിതമായ കഥാവ്യാഖ്യാനത്തെ - വിറകുവെട്ടുകാരൻ രണ്ടാമത് പറഞ്ഞതാണ് യാഥാർഥ്യം എന്ന അനുമാനത്തെ - അടിസ്ഥാനമാക്കിയാണ് ഈ പോസ്റ്റെഴുതിയത്. പക്ഷേ “It’s human to lie” എന്ന ആശയമാണ് സിനിമയുടെ കേന്ദ്രബിന്ദു എന്നതിനാൽ, യാഥാർഥ്യം മറ്റൊന്നായിരിക്കാനും അതിലൂടെ കഥാപാത്രങ്ങളുടെ സ്വഭാവവും പ്രേരകഘടകങ്ങളും പോസ്റ്റിൽ സൂചിപ്പിച്ചതിൽ നിന്നും വിഭിന്നമായിരിക്കാനും സാധ്യതകളേറെയാണ്.

© Aparna K H | Cinema Paradiso Club