മോഹൻലാലിന്റെ മാനസികരോഗികൾ

Jan-03-2019 04:01 PM

മാനസികരോഗികളെ അവതരിപ്പിക്കുന്നത്‌ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ് - സിനിമയായാലും, നാടകമായാലും. ഒരു നടന്‍റെ അഭിനയമികവ് അളക്കുന്നതിന് ലോകവ്യാപകമായി ഉപയോഗിക്കുന്ന മാനദണ്ഡമാണ്, മാനസികവൈകല്യം ഉള്ള കഥാപാത്രങ്ങളെ ഇപ്രകാരം ആണ് ഒരു നടന്‍ കൈകാര്യം ചെയ്യുന്നതെന്ന്. ഓസ്കാര്‍ അവാര്‍ഡുകള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസ്സിലാകും. മികച്ച നടനോ, നടിക്കോ ഉള്ള പുരസ്കാരങ്ങള്‍ മിക്കവാറും ലഭിക്കുക മാനസികവൈകല്യം ഉള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ക്ക് ആയിരിക്കും.

മലയാള സിനിമയില്‍ ഏറ്റവും അധികം മാനസിക രോഗികളെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ചത് മോഹന്‍ലാല്‍ ആണ്. അദ്ദേഹത്തിന്‍റെ മാനസികരോഗികളിലൂടെയും മാനസികരോഗങ്ങളിലൂടെയും നമുക്കൊന്ന് കടന്നു പോകാം.

1. താളവട്ടം (1986) - വിനോദ് - പോസ്റ്റ്‌ ട്രോമാറ്റിക്ക് സ്ട്രെസ്സ് ഡിസോര്‍ഡര്‍, ക്ലിനിക്കല്‍ ഡിപ്രേഷന്‍.

കാമുകിയുടെ മരണം കണ്മുന്നില്‍ കണ്ട ഷോക്കില്‍ മാനസിക നില തെറ്റുന്ന കഥാപാത്രം. ഭൂതകാലം ഇയാളില്‍ നിന്ന് മാഞ്ഞു പോകുകയാണ്. താന്‍ ആരാണ്, തന്‍റെ ചുറ്റുപാടുകള്‍ എന്തൊക്കെയാണ് തുടങ്ങിയ പ്രാഥമിക വിവരങ്ങള്‍ പോലും ഇയാളുടെ ബുദ്ധിയില്‍ ഇല്ല. കാമുകിയുടെ മരണശേഷം മനസിന്റെ സമനില നഷ്ടപ്പെടുന്നതിനു തൊട്ടു മുന്‍പ് കണ്ണില്‍ പെട്ട ഈച്ചയാണ്, ബാഹ്യലോകത്തെ, തന്‍റെ അന്തരംഗവുമായി ബന്ധിപ്പിക്കുന്ന ഏക ഘടകം. അതിന്‍റെ ദര്‍ശനമാത്രയില്‍ ഇയാളുടെ ഉപബോധമനസ്സ് തനിക്ക് സംഭവിച്ച വിധിയോട് പ്രതികരിക്കുന്നു. മരുന്നിനെക്കള്‍, ശാരീരികമായോ, മാനസികമായോ സംഭവിക്കാവുന്ന മറ്റൊരു ഷോക്ക് ആണ് ഇതില്‍ നിന്നും പുറത്തു കടക്കാന്‍ ഉള്ള ഏറ്റവും വലിയ സാദ്ധ്യത.

ഇത്രയും ശാസ്ത്രീയമായ കാര്യങ്ങള്‍. എന്നാല്‍, ഈ കഥാപാത്രത്തെ - മാനസികരോഗിയായ വിനോദിനെ - ലാല്‍ അവതരിപ്പിച്ചത് കാര്യമായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ്. സെന്റിമെന്റ്സ് ഉള്ള രംഗങ്ങളില്‍ സ്വാഭാവികമായും അദ്ദേഹം നന്നായി. എന്നാല്‍ ഒരു ഭ്രാന്തന്‍ എന്ന നിലയിലെ അദ്ദേഹത്തിന്‍റെ അഭിനയം നന്നായില്ല. ഒരു മാനസികരോഗി എന്നതില്‍ ഉപരി ഒരു പൊട്ടന്‍ എന്ന ഫീലിംഗ് ആണ് ആ കഥാപാത്രം പ്രദാനം ചെയ്തത്. പടം സാമ്പത്തികമായി വിജയിച്ചു, ക്ലൈമാക്സ് ഇന്നും നമ്മളെ കരയിപ്പിക്കും. എന്നാല്‍, നടന്‍ എന്ന നിലയില്‍ ആ മാനസിക രോഗി വിജയിച്ചോ? മാനറിസങ്ങള്‍ കഥാപാത്രത്തോട് നീതി പുലര്‍ത്തിയോ? ഇല്ല എന്ന് തന്നെ പറയേണ്ടി വരും.

2. പാദമുദ്ര (1988) - കുട്ടപ്പന്‍ - ക്ലിനിക്കല്‍ ഡിപ്രഷന്‍.

ഒരു മാനസികരോഗിയാകാന്‍ ഉള്ള എല്ലാ യോഗ്യതകളും ഉള്ള കഥാപാത്രമാണിയാള്‍. അവിഹിത ബന്ധത്തില്‍ പിറന്ന സന്തതി. യഥാര്‍ത്ഥപിതാവ് തൊട്ടയല്‍ക്കാരന്‍..നാട്ടുകാരുടെ അവഹേളനം. ആര്‍ക്കായാലും ഡിപ്രെഷന്‍ വരാന്‍ ഉള്ള സാധ്യത വളരെ കൂടുതല്‍.തികഞ്ഞ കയ്യടക്കത്തോടെ ഈ കഥാപാത്രത്തെ ലാല്‍ കൈകാര്യം ചെയ്തു.. താളവട്ടത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഡിപ്രെഷന്‍ രോഗിയുടെ മാനറിസങ്ങള്‍ പ്രാഗത്ഭ്യത്തോടെ അവതരിപ്പിച്ചു. ഇദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്ന്. ദൌര്‍ഭാഗ്യവശാല്‍ സാമ്പത്തികമായി ഈ പടം വിജയിച്ചില്ല. അത് കൊണ്ട് തന്നെ മുഖ്യധാരാച്ചര്‍ച്ചകളില്‍ ഇടം പിടിക്കാനും പാദമുദ്രക്കായില്ല. ഇന്നും അദ്ഭുതാദരങ്ങളോടെ കാണുന്ന സിനിമ.

3. അഹം (1992) സിദ്ധാര്‍ത്ഥന്‍ - ഷിസോഫ്രീനിയ.

കുടുംബസാഹചര്യങ്ങള്‍ എപ്രകാരമാണ് ഒരു വ്യക്തിയുടെ മാനസികനിലയെ ബാധിക്കുന്നത് എന്ന വസ്തുതയുടെ വിശകലനം ആയിരുന്നു ഈ ചിത്രം.കുടഞ്ഞെറിയാന്‍ പറ്റാത്ത വിധം ബുദ്ധിയില്‍ പറ്റിപ്പിടിക്കുന്ന പായല്‍ പോലുള്ള ചില ശീലങ്ങളെയും, ആ ശീലങ്ങള്‍ ഒരു വ്യക്തിയുടെ മനോനില തന്നെ തകര്‍ക്കുന്നതിന്റെയും ചിത്രീകരണം. ലാല്‍ എന്ന നടന് വെല്ലുവിളി ഉയര്‍ത്തി വ്യത്യസ്തങ്ങളായ മൂന്ന് മനോനിലകള്‍ അവതരിപ്പിക്കെണ്ടിയിരുന്നു. രോഗബാധ മൂര്‍ധന്യത്തില്‍ എത്തുന്നതിനു മുന്‍പുള്ള അവസ്ഥ, കടുത്ത രോഗബാധിതന്‍ ആയി കൊലപാതകം വരെ ചെയ്യുന്ന ഒരു അവസ്ഥ, പിന്നെ, രോഗത്തില്‍ നിന്ന് പതുക്കെ മുക്തനാവുന്ന അവസ്ഥ. ഒരു മഹാനടന് മാത്രം സാദ്ധ്യമാവുന്ന മികവോടെ അനായാസം അദ്ദേഹം ഈ കടമ്പകള്‍ കടന്നു. ഷിസോഫ്രീനിയ രോഗികളില്‍ സാധാരണ കാണുന്ന കാല് നീട്ടി വച്ചുള്ള നടത്തം കഥാപാത്രത്തിന്റെ സ്വാഭാവികതക്ക് മറ്റു കൂട്ടി. സാമ്പത്തികമായി വലിയ വിജയം ആയില്ലെങ്കിലും മികച്ച ചിത്രം എന്ന പേര് നേടാന്‍ അഹത്തിന് കഴിഞ്ഞു.

4. പവിത്രം (1994) ഉണ്ണി - പോസ്റ്റ്‌ ട്രോമാറ്റിക്ക് സ്ട്രെസ്സ് ഡിസോര്‍ഡര്‍, ഷിസോഫ്രീനിയ.

കഥയുടെ ക്ലൈമാക്സില്‍ മാത്രമാണ് ഈ കഥാപാത്രം ഒരു മാനസികരോഗിയാകുന്നത്. മനോഹരമായ ഒരു കഥയുടെ അതിമനോഹരവും സ്വാഭാവികവും ആയ ആ പര്യവസാനം മോഹന്‍ലാല്‍ എന്ന നടനെ കൊണ്ട് മാത്രം കഴിയുന്ന വിധത്തില്‍ അത്യുജ്ജലമായി. മകളെ പോലെ വളര്‍ത്തിക്കൊണ്ടു വന്ന സഹോദരിക്ക് സംഭവിച്ച ദുരന്തം നേരില്‍ കണ്ട ചേട്ടച്ചന്റെ മനസ് ഞൊടിയിടയില്‍ വര്‍ഷങ്ങള്‍ പുറകോട്ടു പോയി ഒരു സമയബിന്ദുവില്‍ നിശ്ചലമായി. ശൂന്യമായ മിഴികളും, വിറയ്ക്കുന്ന കൈകളും, തുടിക്കുന്ന ചുണ്ടുകളും ആ മാനസിക നിലയുടെ ആഴം പ്രേക്ഷകനിലേക്ക് പകര്‍ന്നു. ഒരു പക്ഷെ, മാനസികരോഗി എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച പെര്‍ഫോര്‍മന്‍സ് ആ പത്ത് മിനിട്ടുകള്‍ ആണെന്ന് തോന്നുന്നു. മികച്ച വിജയം നേടാന്‍ കഴിഞ്ഞ ഒരു മികച്ച ചിത്രം.

5. ഗുരു (1997) രഘുരാമന്‍ - ഒബ്സേസ്സിവ് കംബല്‍സ്സീവ് ഡിസോര്‍ഡര്‍.

ഈ കഥാപാത്രം ഒരു മാനസികരോഗിയാണെന്ന് പറഞ്ഞാല്‍ പലരും സമ്മതിച്ചു എന്ന് വരില്ല. എന്നാല്‍, സൂക്ഷ്മ നിരീക്ഷണത്തില്‍ അങ്ങനെ തന്നെയാണ്. ഐസിസ് തുടങ്ങിയ തീവ്രവാദിസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേ ഈ മാനസികരോഗം ഉള്ളവര്‍ ആണെന്ന് ശാസ്ത്രീയമായ പഠനം തെളിയിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലും ഉണ്ടല്ലോ, ഈ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ ഉള്ള പലരും. ഈ രോഗത്തിനുള്ള ഒരു ചികിത്സാരീതിയാണ്, ഹാലൂസിനേഷന്‍ തെറാപ്പി. അതായത്, ചില സാങ്കല്‍പ്പിക ദൃശ്യങ്ങള്‍ കാണിച്ച് ഇവര സാധാരണ മനോനിലയിലേക്ക് കൊണ്ട് വരാന്‍ ഉള്ള ഒരു ശ്രമം. അറിഞ്ഞോ അറിയാതെയോ, ഈ സിനിമ ഇതിന്‍റെ കൃത്യമായ ഡെമോന്‍സ്ട്രെഷന്‍ ആണ്. താന്‍ ഒരു രോഗിയാണെന്ന് ഈ രോഗി ഒരിക്കലും അറിയുന്നില്ല. തന്‍റെ സ്വാഭാവികമായ ജീവിതം തന്നെയാണ് താന്‍ നയിക്കുന്നതെന്നെ രോഗി കരുതൂ..അത് കൊണ്ട് തന്നെ ഇതിന്റെ ചികിത്സ അത്യന്തം ദുഷ്കരവും ആണ്..ഓസ്കാര്‍ അവാര്‍ഡിന് വരെ പരിഗണിക്കപ്പെട്ട ഈ സിനിമയില്‍ കഥാപാത്രം ആവശ്യപ്പെടുന്ന രീതിയില്‍ തന്നെ അഭിനയിച്ച് മോഹന്‍ലാല്‍ മികവ് തെളിയിച്ചു.

6. തന്മാത്ര (2005) രമേശന്‍ നായര്‍ - അല്‍ഷിമേഴ്സ് 

സൂക്ഷ്മമായ അര്‍ത്ഥത്തില്‍ അല്‍ഷിമേഴ്സ് ഒരു മാനസിക രോഗമല്ല. തികച്ചും ശാരീരികമായ ഒരു വൈകല്യമാണ്. തലച്ചോറിലെ ഓര്‍മ്മകള്‍ രേഖപ്പെടുത്തുന്ന സെല്ലുകളില്‍ നിന്ന് ചില ഡാറ്റാ മാഞ്ഞു പോകുന്നതാണ് ഈ അസുഖം. എന്നിരിക്കിലും, പൊതുവേ ഒരു മാനസികപ്രശ്നമായി ഈ രോഗത്തെ സമൂഹം കാണുന്നത് കൊണ്ടാണ് ഇതിനെയും ഈ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഒരു അല്‍ഷിമേഴ്സ് രോഗി എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ അഭിനയം പ്രതീക്ഷിച്ച വിജയം ആയില്ല. ഒരു പക്ഷെ, ഈ പ്രമേയം ചിത്രീകരിക്കുന്നതിനു മുന്‍പ് സംവിധായകന്‍ നടത്തിയ പഠനങ്ങളുടെ അപര്യാപ്തത ആയിരിക്കാം അതിനു കാരണം. രോഗി എന്ന നിലയില്‍ ഉള്ള പല മാനറിസങ്ങളും യഥാര്‍ത്ഥത്തില്‍ ഒരു മന്ദബുദ്ധിയുടേതായിരുന്നു എന്ന് ഈ മേഖലയിലെ വിദഗ്ദര്‍ പില്‍ക്കാലത്ത് സൂചിപ്പിച്ചിരുന്നു.

എന്നാല്‍, രോഗത്തിന്‍റെ പൂര്‍വാവസ്ഥ - അതായത് ഓര്‍മ്മക്കുറവായും, മറ്റും രോഗത്തിന്റെ സാന്നിദ്ധ്യം മറ്റുള്ളവര്‍ മനസ്സിലാക്കുന്ന സമയം - മനോഹരമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു പക്ഷെ, വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു എങ്കില്‍ രോഗാവസ്ഥയും ഇതേപോലെ മനോഹരമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞേനെ. ഏതായാലും, ചിത്രം ഒരു വിജയമായിരുന്നു എന്ന് തന്നെ പറയാം. 

7. വടക്കുംനാഥന്‍ (2006) ഭാരതപ്പിഷാരടി - ബൈപ്പോളാര്‍ ഡിസോര്‍ഡര്‍.

ഒരു മാനസിക വൈകല്യമാണെന്ന് പലരും അറിയാതെ പോകുന്ന ഒരു മനോനിലയാണ് ഈ രോഗം. മുന്‍കോപം, അഹങ്കാരം, എന്നൊക്കെ സാമാന്യേന വ്യവഹരിക്കപ്പെടുന്ന ഈ രോഗാവസ്ഥയുടെ സൂക്ഷ്മമായ അംശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം അവതരിപ്പിക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞു. ഡിപ്രഷന്‍ തന്നെയാണ് ഈ രോഗത്തിന്‍റെയും മൂലകാരണം എങ്കിലും ഇത് വെളിപ്പെടുന്നത് പെരുമാറ്റങ്ങളില്‍ ഉണ്ടാവുന്ന തീവ്രവും, വലിയതുമായ വ്യതിയനങ്ങളിലൂടെയാണ്. ഈ മനോനിലാ വ്യതിയാനങ്ങള്‍ തികച്ചും സമര്‍ത്ഥമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തിരക്കഥ ദുര്‍ബ്ബലമായിരുന്നു, എങ്കിലും സംഭാഷണങ്ങളിലൂടെ ഒരു പരിധി വരെ അത് മറികടക്കാന്‍ കഴിഞ്ഞു. സാമ്പത്തികമായും പടം ഒരു വിജയമായിരുന്നു.

8. ഈ ഒരു പഠനത്തില്‍ മറന്നുകൂടാത്ത രണ്ടു കഥാപാത്രങ്ങള്‍ കൂടിയുണ്ട്. ഉള്ളടക്കം (1991) മണിച്ചിത്രത്താഴ് (1993) എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സണ്ണി എന്ന് പേരുള്ള മനോരോഗ വിദഗ്ദര്‍. തികച്ചും വ്യത്യസ്ഥമായ ശൈലിയില്‍ രണ്ടു കഥാപത്രങ്ങളെയും അവതരിപ്പിച്ച അദ്ദേഹം, മനോരോഗികള്‍ മാത്രമല്ല മനോരോഗ ചികിത്സകരും തന്‍റെ കയ്യില്‍ ഭദ്രമാണെന്ന് തെളിയിച്ചു. ഈ രണ്ടു ചിത്രങ്ങളും കലാപരമായും, സാമ്പത്തികമായും വിജയങ്ങളായി.

© Saji Kumar G | Cinema Paradiso Club