ഓർമ്മകളിലെ 17 വർഷങ്ങൾ | Dr Sunil Narayanan

Nov-17-2018 10:11 AM

1974 ൽ കണ്ട ഹിറ്റ് മേക്കർ ശശികുമാറിന്റെ പഞ്ചതന്ത്രമെന്ന ചലച്ചിത്രം ഓർമ്മയിൽ തെളിയുന്നു. രാജാവിന്റെ പ്രതിമ രാത്രി കാലങ്ങളിലിറങ്ങി നടന്ന് കൊലപാതകങ്ങൾ നടത്തുന്ന രംഗങ്ങൾ ഭീതിയോടെ നാട്ടിലെ ഒരേയൊരു സിനിമ കൊട്ടകയിൽ കണ്ടതോർക്കുന്നു. ചലിയ്ക്കാത്ത പഞ്ചലോഹ നിർമ്മിതമായ പ്രതിമ നടന്നു വന്ന് കൊട്ടാരത്തിൽ കൊലപാതകങ്ങൾ നടത്തുന്ന ഹൊറർ ചലച്ചിത്രം.

അതന്വേഷിയ്ക്കാൻ പ്രേംനസീർ CID രാജേന്ദ്രന്റെ വേഷത്തിൽ കൊട്ടാരത്തിലെത്തുന്നു. അവസാനം ഡിഷ്യും ഡിഷ്യും എല്ലാം കഴിഞ്ഞ് വില്ലനെ ആൾമാറാട്ടം നടത്തിയ അറബി വേഷത്തിൽ നായകൻ പിടിയ്ക്കുന്നു. നായകൻ വില്ലന്റെ താടിയും മുടിയും അറബിവേഷവും അഴിച്ചുമാറ്റുമ്പോൾ നിരന്നു ചുറ്റും നില്ക്കുന്ന എല്ലാവരും അദ്ഭുതസ്തബ്ധരായി കണ്ടു നില്ക്കുന്നു. കൊട്ടാരം കാര്യസ്ഥൻ കുറുപ്പിന്റെ മുഖംമൂടിയഴിഞ്ഞു വീണു. ശങ്കരാടിയുടെ ആ കഥാപാത്രം എന്റെ കുഞ്ഞു മനസ്സിനെയും തെല്ലൊന്നുമല്ല അദ്ഭുതപ്പെടുത്തിയത്. ശങ്കരാടിയെന്ന മഹാനടൻ എന്റെ ചലച്ചിത്ര ഭാവനകളിൽ പിന്നെ എത്ര എത്ര കഥാപാത്രങ്ങളായി പകർന്നാടി. എഴുന്നൂറിലേറെ കഥാപാത്രങ്ങൾ.

ശങ്കരാടി അഭിനയിയ്ക്കാത്ത ഒരു മലയാള ചിത്രത്തെക്കുറിച്ച് ചിന്തിയ്ക്കാൻ പോലുമാകാത്ത കാലം. ‘മറുനാട്ടിൽ ഒരു മലയാളി’യിലെ ശേഷാദ്രി അയ്യരെന്ന പത്രോസിനെ ശങ്കരാടി എത്ര തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു. ശങ്കരാടിയുടെ ശരീര പ്രകൃതിയ്ക്കിണങ്ങിയ അച്ഛനായും അമ്മാവനായും, അമ്മായിഅച്ഛനായും മാനേജരായും കാര്യസ്ഥനായും സ്വഭാവികമായ അഭിനയത്തിലൂടെ മലയാളികൾ ചലച്ചിത്രങ്ങളിലൂടെ കണ്ടു. യാതൊരു നാടകീയതയുമില്ലാത്ത സംഭാഷണ ചാരുതയും നമ്മൾ ശങ്കരാടിയിലൂടെ കേട്ടു. മലയാള ചലച്ചിത്ര രംഗത്ത് പകരം വയ്ക്കാനില്ലാത്ത പുരുഷ കേസരികളായ അഭിനേതാക്കളിൽ ശങ്കരാടി മുൻ നിരയിലുണ്ട്. അടൂർഭാസി, കെപി ഉമ്മർ, ബഹദൂർ, പറവൂർ ഭരതൻ, ജഗതി ശ്രീകുമാർ, ഇന്നസെന്റ്, നെടുമുടി വേണു, കതിരവട്ടം പപ്പു, ഒടുവിൽ ഉണ്ണിക്കഷ്ണൻ എന്നിവരുമുണ്ടായിരുന്നു കൂട്ടിന്. ഇളം കാറ്റാകാൻ കൊടുങ്കാറ്റടങ്ങിയഭിനയിച്ച പ്രതിഭകൾ.

1980കളിൽ മലയാളത്തിലെ മധ്യവർത്തി സംവിധായകർ ശങ്കരാടിയ്ക്ക് ചില കഥാപാത്രങ്ങൾ കരുതിവച്ചു. അവയൊക്കെ അദ്ദേഹം ക്ലാസ്സിക് ആക്കുകയും ചെയ്തു. ഐവി ശശി, ബാലചന്ദ്രമേനോൻ, മോഹൻ, പത്മരാജൻ, ഭരതൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ജോഷി, സിദ്ധിക് ലാൽ, ഷാജി കൈലാസ് എന്നിവരുടെ എത്രയെത്ര കഥാപാത്രങ്ങൾ ശങ്കരാടി അനശ്വരമാക്കിയിരിയ്ക്കുന്നു.

80കളുടെ തുടക്കത്തോടെ ശങ്കരാടി ചെയ്തത് അധികവും സരസമായതും നമ്മുടെ ചുറ്റുപാടും തന്നെയുള്ള കഥാപാത്രങ്ങൾ ആയിരുന്നു.

സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ സജീവസാന്നിദ്ധ്യമായിരുന്ന ശങ്കരാടി മലയാളി പ്രേക്ഷകരുടെ മനസിൽ തന്റെ കഥാപാത്രങ്ങളെ ചിരഞ്ജീവികളാക്കി പ്രതിഷ്ഠിച്ചു.

പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിൽ സ്വാഭാവികമായി അഭിനയിക്കുന്ന അപൂർവം പേരേ അന്ന് ഉണ്ടായിരുന്നുള്ളൂവെന്നത് വസ്തുതയാണ്. അതിൽ ഭരത് പുരസ്ക്കാരം ശങ്കരാടി എന്ന മഹാനടനു തന്നെയാണ് നല്കേണ്ടത്. ചെയ്യുന്ന വേഷങ്ങൾ എത്ര ചെറുതായാലും അത് വെറും വേഷങ്ങളല്ലെന്ന് കാണികളെ വിശ്വസിപ്പിയ്ക്കാൻ ശങ്കരാടിയ്ക്ക് കഴിയുമായിരുന്നു. മുണ്ടിന്റെ കോന്തല കക്ഷത്ത് തിരുകിക്കൊണ്ടുള്ള ആ നടത്തം, കൈയും കലാശവുമായുള്ള സംഭാഷണം, തീക്ഷ്ണമായ നോട്ടം, മുറുക്കി തുപ്പൽ, കാലൻ കുട നിവർത്തി ഒരു നടത്തം, സരസമായ സംഭാഷണശൈലി, അരയില്‍ ഒറ്റമുണ്ടും തോളത്ത് ഒരു കച്ചത്തോര്‍ത്തുമായ് ഇടക്ക് കുറിക്ക് കൊള്ളുന്ന വാക്കുകളുമായി നമ്മുടെ നാട്ടുവഴികളില്‍പ്രത്യക്ഷപ്പെടാറുള്ള ഒരു കാരണവര്‍.

തീർച്ചയായും മലയാള സിനിമയുടെ സൗഭാഗ്യമായിരുന്നു ശങ്കരാടി.

ആറാം തമ്പുരാനിലെ എഴുത്തച്ഛൻ, ഇതാണാ രേഖ എന്ന് പറഞ്ഞ് കൈരേഖ കാട്ടുന്ന വിയറ്റ്നാം കോളനിയിലെ കിറുക്കൻ, സന്ദേശത്തിലെ താത്വികാചാര്യൻ, തലയണമന്ത്രത്തിലെ തങ്കപ്പൻ, നാടോടിക്കാറ്റിലെ പണിയ്ക്കർ, അപ്പുണ്ണിയിലെ അധികാരി, ബന്ധനത്തിലെ അച്ചുമ്മാൻ തുടങ്ങിയ എത്രയെത്ര കഥാപാത്രങ്ങൾ. ശങ്കരാടിയ്ക്കു മാത്രം ജീവൻ പകരാനാകുന്ന കഥാപാത്രങ്ങൾ.

‘താത്വികമായ ഒരു അവലോകനമാണു ഞാൻ ഉദ്ദേശിക്കുന്നത്. ഒന്ന്, വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും, അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്നു വേണം കരുതാൻ’

‘ടോ, പരിപ്പുവടയും ചായയും ബീഡിയുമാണ് ഞങ്ങടെ പാർട്ടിയുടെ പ്രധാന ഭക്ഷണമെന്ന് തനിക്കറിഞ്ഞുകൂടെ? എടുക്ക് എടുക്ക് എടുക്കാ, പോയി പരിപ്പുവടയുണ്ടാക്കി കൊണ്ടുവരികാ!’

സന്ദേശത്തിലെ കുമാരൻ പിള്ളയുടെ സംഭാഷണ ശകലങ്ങൾ നമ്മൾ ശങ്കരാടിയിലൂടെ കേട്ടുകൊണ്ടേയിരിയ്ക്കുന്നു.

മലയാള ചലച്ചിത്ര നഭസ്സിലെ ആ കാരണവർ ഓർമ്മയായിട്ട് 17 വർഷം കഴിഞ്ഞിരിയ്ക്കുന്നു. പക്ഷേ ഓർമ്മിയ്ക്കാൻ, ഓമനിയ്ക്കാൻ ഒത്തിരി കഥാപാത്രങ്ങൾ അതിലളിതമായി അഭിനയിച്ചു ഫലിപ്പിച്ചിട്ടായിരുന്നു മടക്കയാത്ര.

ശങ്കയില്ലാണ്ടാരഭിനയിയ്ക്കും?

ശങ്കരാടിയുണ്ടശങ്കമതുമതി !