താഴ്വാരം എന്തുകൊണ്ട് വെസ്റ്റേണ്‍ ആവുന്നു

Jan-07-2019 09:01 AM

മലയാളത്തിലെ എണ്ണം പറഞ്ഞ ആക്ഷന്‍ ത്രില്ലര്‍ എന്ന ഴോനറില്‍ മിക്കപോഴും ഉയര്‍ന്നു വരുന്ന പേരാണ് "താഴ്വാരം" . അഭിനേതാക്കളുടെ എണ്ണത്തിലും സംഭാഷണസങ്കേതത്തിലും സ്വീകരിച്ച മിനിമല്‍ അപ്പ്രോച്ചും ശക്തവും ഉദ്ദ്വേഗജനകവുമായ തിരകഥയും അതിനെ കവച്ചു വക്കുന്ന സൌന്ദര്യബോധം നിറഞ്ഞ സംവിധാനവും കൊണ്ട് ഏറ്റവും സ്ട്ടയിലിഷ് എന്ന് മറ്റു സിനിമാപ്രവര്‍ത്തകരും നിരൂപകരും അടിവരയിട്ടു പറഞ്ഞ സിനിമയാണ്. എന്നിരുന്നാലും സമാനമില്ലാത്ത ഒരു വിശേഷണം ആയി കാണുന്നതാണ് "മലയാളത്തിലെ വെസ്റ്റേണ്‍" എന്നുള്ളത്. എന്തുകൊണ്ട് അല്ലെങ്കില്‍ എങ്ങനെ താഴ്വാരം "വെസ്റ്റേണ്‍" ആവുന്നത് ?

അതിന് ആദ്യം "വെസ്റ്റേണ്‍" എന്താണെന്ന് എന്‍റെ ചെറിയ അറിവില്‍ വ്യാഖ്യാനിക്കാം.

സിവില്‍ വാര്‍ കാലഘട്ടം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കം വരെ അമേരിക്കയുടെ പടിഞ്ഞാറ് അല്ലെങ്കില്‍ മിഡ് വെസ്റ്റ് ഉള്ള സംസ്ഥാനങ്ങളില്‍ ഒരു ഒറ്റപെട്ട ടൌണില്‍ സെറ്റ് ചെയ്ത സിനിമകളെ ആണ് പൊതുവില്‍ ഇങ്ങനെ കരുതുന്നത്. അവിടുത്തെ ആള്‍ക്കാരും ഭൂപ്രകൃതിയും പരുക്കമാണ് . മരുപ്രദേശവും സമതലങ്ങളും ഉഷ്ണകാറ്റും നിറഞ്ഞ അവിടേക്ക് ഒരു പ്രത്യേക ഉദ്ദേശത്തോടെ വരുന്ന ഒരാള്‍ (അത് പ്രതികാരം ആവാം, എന്തെങ്കിലും/ആരെയെങ്കിലും കണ്ടെത്താന്‍ ആവാം, ആരെയെങ്കിലും സംരക്ഷിക്കാന്‍ ആവാം, പുതിയ മേച്ചില്‍പുറങ്ങള്‍ തേടി വന്നത് ആവാം )

കൌബോയ്കളും നിയമപാലകരും നേറ്റീവ് ഇന്ത്യന്‍സും തമ്മിലുള്ള സ്പര്‍ദ്ധയും കുടിപകയും, എക്കാലവും ഓര്‍മ്മിക്കപെടുന്ന പശ്ചാത്തല സംഗീതവും ഒക്കെ വിശേഷലക്ഷണങ്ങള്‍ ആയി വരുന്നുണ്ട് ഇത്തരം സിനിമകളില്‍. Winchester 73 ,The Man who Shot Liberty Valance, Stagecoach, Dollars Trilogy, Wildbunch, High Noon, The Searchers, Unforgiven തുടങ്ങിയ എക്കാലത്തെയും മികച്ച വെസ്റ്റേണ്‍ സിനിമകളില്‍ ഈ പറഞ്ഞ ലക്ഷണങ്ങള്‍ കാണാവുന്നതാണ്. ഇറ്റാലിയന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന വെസ്റ്റേണ്‍ സിനിമകളെ Spagetti western എന്ന് പറയുന്ന പോലെ, ബോളിവുഡിലും ഈ സ്റ്റയില്‍ പരീക്ഷിച്ചിരുന്നു. ഏറ്റവും പ്രശസ്തമായ Sholay അത്തരത്തില്‍ Curry western എന്നും അറിയപെട്ടു . ഷോലേ തന്നെ പല കാര്യങ്ങളിലും The Magnificient Seven, Once upon aTime in the West, Butch Cassidy and Sundance Kid മുതലായ വെസ്റ്റേണ്‍ സിനിമകളില്‍ നിന്നും ഷോട്ടുകളെയും സന്ദര്‍ഭങ്ങളും പ്രചോദനം ഉള്കൊണ്ടിട്ടുണ്ട്.

മലയാളത്തിലെ ആദ്യത്തെ വെസ്റ്റേണ്‍ എന്ന് പറയപെടുന്നത് "അടിമച്ചങ്ങല" ആണ്. Five Men Army എന്ന ഹോളിവുഡ് സിനിമയുടെ സീന്‍ ബൈ സീന്‍ കോപ്പിയടി ആയിരുന്നു നസ്സീരും കൊച്ചിന്‍ ഹനീഫയും ഒക്കെ അഭിനയിച്ച ഈ സിനിമ. അങ്ങനെ പ്രത്യക്ഷമായി കോപ്പി അടിക്കാതെ തന്നെ novelty കൊണ്ടുവന്നു നാടും സംസ്ക്കാരവും കഥാപാത്രങ്ങളും അതിന് അനുയോജ്യമായ രീതിയില്‍ അനുരൂപികരണം (adaptation) നടത്തിയതില്‍ ആണ് താഴ്വാരം വിജയിച്ചത്.

സിനിമയുടെ തുടക്കത്തിലെ ഫ്രേം ചെയ്ത ഫോട്ടോ കീറുന്നതിലൂടെ തന്നെ ഇത് ഒരു പ്രതികാര സിനിമയാണെന്ന് വ്യക്തമായ സൂചന തരുന്നു( eg: Once Upon a Time in the West, The Searchers). പിന്നീടുള്ള ബാലന്‍റെ കുന്നിലൂടെ ഉള്ള യാത്രയില്‍ ആണ് ക്രെടിട്ട്സ് കാണിക്കുന്നത്. നേരത്തെ പറഞ്ഞ haunting ആയ ഒരു പശ്ചാത്തല സംഗീതം വെസ്റ്റേണ്‍ സിനിമകളുടെ ശൈലിയില്‍ തന്നെ എന്നാല്‍ കേട്ടാല്‍ നാടന്‍ ഇമ്പം തോന്നിക്കുന്ന ഒരു രീതിയില്‍ ആണ് ജോണ്‍സണ്‍ മാഷ്‌ ഇവിടെ ഒരിക്കിയിരിക്കുന്നത്. ഒറ്റപെട്ട, മടുത്ത ജീവിതത്തിന്‍റെ ഒരു സൂചന ഈ മ്യൂസിക്കില്‍ തന്നെ ലഭിക്കുന്നുണ്ട്. ബാലന്‍ വരുന്നത് ഒരു remote വില്ലെജിലെക്ക് ആണ്. തന്‍റെ ഭാര്യയുടെ മരണത്തിനു പ്രതികാരം ചെയ്യാന്‍ ഉറ്റ സുഹൃത്തായിരുന്ന രാജു എന്ന വഞ്ചകനെ തേടി. നേരത്തെ പറഞ്ഞ വെസ്റ്റേണ്‍ സിനിമകളിലെ ഹീറോയുടെ ഉദ്ദേശം ഇവിടെ "പ്രതികാരം" ആണ്. കാടിന്‍റെ വന്യതയും ഭയാനകതയും പച്ചപ്പും തരിശുനിലങ്ങളും ചേര്‍ന്ന ഒരു ഭൂപ്രകൃതി. പച്ചപ്പ്‌ ഒഴികെ നമ്മള്‍ ഈ പറഞ്ഞ സ്ഥലങ്ങള്‍ വെസ്റ്റേണ്‍ സിനിമകളില്‍ കണ്ടു ശീലിച്ചിട്ടുണ്ട്. ക്യാമറ കൈകാര്യം ചെയ്ത വേണുവിന്‍റെ കഴിവ് എടുത്തു പറയേണ്ടതാണ്. "താഴവാരം" അല്ലെങ്കില്‍ കഥാ പശ്ചാത്തലം മറ്റൊരു ക്യാരക്റ്റര്‍ പോലെ ഭീതിതമായി നിര്‍ത്താന്‍ വേണുവിന് കഴിയ്യുന്നുണ്ട്.

കുന്നിറങ്ങി വരുന്ന ആദ്യ ഷോട്ട് മുതല്‍ അവസാനം ഉള്ള സംഘട്ടനത്തിലെക്ക് കലാശിക്കുന്ന ഭാഗികമായി ഒരു Mexican Standoff എന്ന് വിളിക്കാവുന്ന ബാലനും രാജുവും തമ്മിലുള്ള മുഖാമുഖത്തിലും വേണു വെസ്റ്റേണ്‍ സ്റ്റയില്‍ അറിഞ്ഞോ അറിയാതയോ കൊണ്ട് വരുന്നുണ്ട്. ഫ്രെമിലെ പശ്ചാത്തലത്തിന് ക്യാരക്ട്ടരിനെക്കാള്‍ പ്രാധാന്യം നല്‍കുന്ന golden ratio എന്ന സിനിമാട്ടോഗ്രാഫിയുടെ നിയമവും ഇവിടെ വേണു പിന്തുടരുന്നുണ്ട്. ക്യാമറ നടന്നു വരുന്ന ആളിന്റെ കാല്ലില്‍ നിന്നും ഉയര്‍ന്നു പൊങ്ങുന്ന shots .. ഒരു തരിശ് പാടം പോലെ ഉള്ള സ്ഥലം. രണ്ടു പേരും തമ്മിലുള്ള ഒരു സംഘട്ടനം . ഇതൊക്കെ വെസ്റ്റേണ്‍ സിനിമകളിലും "താഴ്വാരത്തിലും " നമ്മുക്ക് കാണാന്‍ പറ്റും. കഥാപാത്രങ്ങളുടെ എണ്ണം പലപ്പോഴും വെസ്റ്റേണ്‍ സിനിമകളില്‍ വിരളം ആവും. ഒരു ഗ്രാമത്തില്‍ സെറ്റില്‍ ചെയ്ത ധാരാളം കുടുംബങ്ങളെ കാണിക്കാറുണ്ടെങ്കിലും കഥയുമായി ബന്ധമുള്ളവര്‍ വിരലില്‍ എണ്ണാവുന്നവര്‍ ആവും. ഇവിടെയും അഞ്ചോ ആറോ കഥാപാത്രങ്ങളെ കൊണ്ട് ആ മിനിമല്‍ സ്റ്റയില്‍ ഭരതന്‍ നിലനിര്‍ത്തുന്നുണ്ട്. മേല്‍ പറഞ്ഞ ഘടകങ്ങളില്‍ വെസ്റ്റേണ്‍ സിനിമകളില്‍ കണ്ടുവരുന്ന നിയമപാലകര്‍ (പോലീസ്) ഇവിടെ അങ്ങനെ കഥയുമായി നേര്‍ ബന്ധത്തില്‍ വരുന്നില്ല എന്ന് മാത്രം . ചെറിയ ടൗണിനു അല്ലെങ്കില്‍ ആ നാടിന് പുറം ലോകവുമായി അധികം ബന്ധം കാണില്ല വെസ്റ്റേണ്‍ സിനിമകളില്‍. ഇവിടെയും കൊച്ചുട്ടിക്ക് ഒരു റേഡിയോയും പിന്നെ കടയില്‍ പഴയ രാമരാജന്റെ സിനിമയുടെ ഒരു പോസ്റ്ററും തപാലാപ്പീസും ഒക്കെ കാണിക്കുന്നുണ്ട്. അതില്‍ കവിഞ്ഞ സാംസ്കാരികമായോ വാര്ത്തവിനമയമായോ ബന്ധം ആ സ്ഥലത്തിന് ഇല്ല.

കൌബോയ്കളുടെ കൊസ്ട്ട്യൂമോ ponchos , വെസിറ്റ് കൊട്ട് ഒന്നും ഇല്ല , പക്ഷെ തനതായ മേക്കിംഗ് പോലെ തനതായ നാടന്‍ വസ്ത്രധാരണ രീതിയിലും ആണ് ഇവിടെ അവതരിപ്പിക്കുന്നത്‌. ഈച്ച കോപ്പി അടിക്കുന്നതിന്‍റെ അപഹാസ്യത നല്ലവണ്ണം അറിയുന്നവര്‍ ആണ് എം ടി യും ഭരതനും ഒക്കെ. സംഭാഷണങ്ങളിലെ മിതത്വം അത് വെസ്റ്റേണ്‍ സിനിമകളുടെ പര്യായം ആണ്. "‘കൊല്ലാന്‍ അവന്‍ ഇനിയും നോക്കും, ചാവതിരിക്കാന്‍ ഞാനും," ഇതുപോലത്തെ കാച്ചികുറുക്കിയ ഡയലോഗുകള്‍ മാത്രം ആണ് ഇവിടെയും. അതില്‍ പകയും, ദേഷ്യവും സിനിമയുടെ അകകാമ്പും ഉണ്ട്. നായകന്‍ വരുന്ന നാട്ടില്‍ ഒരു സ്ത്രീയുമായുള്ള ബന്ധവും ഇവിടെ ഉണ്ട്. വെസ്റ്റേണ്‍ സിനിമകളില്‍ പൊതുവേ settled ടൌണില്‍ കാണുന്ന വേശ്യകളോ അല്ലെങ്കില്‍ സലൂണ്‍ കട നടത്തുന്നവര്‍ ഒക്കെ ആവും. ഇവിടെ കൊചൂട്ടിയും ബാലനും ചില നോട്ടങ്ങളില്‍ മാത്രേ ചിലത് കൈമാറുന്നുള്ളൂ. എന്നിരുന്നാലും ഒരു empathy രണ്ടുപേര്‍ക്കിടയില്‍ ഉണ്ട്. വേണമെങ്കില്‍ ഒരു പോരായ്മ എന്ന നിലയില്‍ വെസ്റ്റേണ്‍ ഫോര്‍മാറ്റില്‍ നിന്ന് ഇന്ത്യന്‍ സിനിമയുടെ ചട്ടകൂടില്‍ കൊണ്ടുവരാന്‍ ഒരു പാട്ട് ഉള്‍പെടുത്തി എന്ന് മാത്രമേ കാണാന്‍ പറ്റൂ. എന്നാല്‍ Butch Cassidy യിലും പാട്ട് ഉണ്ടെന്ന എതിര്‍ വാദമുഖം നിരത്താവുന്നത്തെ ഉള്ളൂ. അവസാന സംഘട്ടന രംഗത്തിലെ മികവും എടുത്തു പറയേണ്ടതാണ്. തോട്ട പൊട്ടുന്നതിനിടയില്‍ കൂടി നടന്നു വരുന്ന ബാലനും ഇര കാത്തു കിടക്കുന്ന കഴുകന്മാരും ഒക്കെ സ്റ്റയിലയിസ്ട് ആണ്. വെസ്റ്റേണ്‍ സിനിമയുടെ പ്രാധാന്യം ആയ ലാന്‍ഡ്‌ സ്കേപ് മറ്റൊരു കഥാപാത്രമാകുന്ന അവസ്ഥയും "താഴ്‌വാരം" സിനിമയില്‍ പ്രകടമാണ്. വെസ്റ്റേണ്‍ സിനിമക്ക് മാത്രം അവകാശപെട്ടതല്ലെങ്കില്‍ കൂടി High Noon പോലെ ഫ്ലാഷ്ബാക്കിന്റെ ഉപയോഗം വളരെ യഥോചിതം ആയി താഴ്വാരത്തില്‍ വരുന്നുണ്ട്. വരവിന്‍റെ ഉദ്ദേശം ഒരു ക്ലാസിക്ക് intro യിലൂടെ വെസ്റ്റേണ്‍ സിനിമയില്‍ കാണിക്കുന്ന അതെ പ്രാധാന്യം തന്നെയാണ് ദൌത്യം പൂര്‍ത്തീകരിച്ചു മടങ്ങുന്ന ഷോട്ടുകളും. ഇവിടെ ബാലന്‍ രാജുവിനെ ഒരു പുരയില്‍ സംഘട്ടനത്തിലൂടെ കീഴ്പെടുത്തി തോട്ട കത്തിച്ചു ആ കുടില്‍ പൊട്ടിത്തെറിച്ച് ബാലന്‍റെ "മടക്കം" ഉണ്ട്. ഗമനവും ആഗമനവും അതിന്‍റെ ഇടയിലുള്ള പ്ലോട്ടും.

അങ്ങനെ വെസ്റ്റേണ്‍ സിനിമയുടെ ഏസ്തെറ്റിക്സ് നിലനിര്‍ത്തി കൊണ്ട് തന്നെ പൂര്‍ണമായും വേഷഭൂഷാദികളോ സംസ്ക്കാരമോ ഒന്നും അതെ പടി പറിച്ചു നടാതെ ഒരു ഗ്രാമം - പുതിയ ഒരാള്‍ - ദൌത്യം - അത് നിറവേറ്റല്‍ എന്ന സിമ്പിള്‍ വെസ്റ്റേണ്‍ ഫോര്‍മാറ്റില്‍ കൊണ്ടാവന്ന മനോഹരമായ സ്ട്ടയിലിഷ് ആയ മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലര്‍ സിനിമകളില്‍ ഒന്നായി മാറിയ "താഴവാരം" എന്തുകൊണ്ട് കാലാതീതമായി മാറുന്നു എന്നുള്ള അന്വേഷണം ആണ് ഈ പോസ്റ്റ്‌. അതെ ലാവണ്യശാസ്ത്രം കൊണ്ടും രൂപഘടന കൊണ്ടും താഴ്വാരം "വെസ്റ്റേണ്‍" സിനിമ തന്നെയാണ്. ഏറ്റവും സ്റ്റയിലിഷ് സിനിമയും.

© Sreehari Swara | CINEMA PARADISO CLUB