There will be blood | Spotlight | Three Billboards outside Ebbing, Missouri

Jan-04-2020 06:01 PM

കേരളത്തിൽ കന്യാസ്ത്രീക്ക് എതിരെയുള്ള വിധ്വേഷം കാണുമ്പോൾ മൂന്ന് സിനിമകളെ കുറിച്ചു ലഘുവിവരണം എഴുതാൻ ആഗ്രഹിക്കുകയാണ്.

There will be blood - നായകനെ ഭീഷണിപ്പെടുത്തിയും ചൂഷണം ചെയ്തും ഒരു പുരോഹിതൻ ക്രിസ്ത്യാനി ആക്കുന്നു. അവസാനം അതേ പുരോഹിതൻ സ്വാർത്ഥ താത്പര്യത്തിനായി നായകനെ സമീപിച്ച് തന്റെ വിശ്വാസം എല്ലാം കപടമാണെന്ന് സമ്മതിക്കുകയും , നായകൻ പുരോഹിതനെ കൊല്ലുകയും ചെയ്യുന്നു. നായകനായി അഭിനയിച്ച ഡാനിയൽ ഡേ ലൂവിസിന് മികച്ച നടനുള്ള ഓസ്കർ അവാർഡ് ലഭിച്ചു.

Three Billboards outside Ebbing, Missouri - മകൾ റേപ്പ് ചെയ്യപ്പെട്ട് മരിച്ച കേസിൽ നീതി ലഭിക്കാൻ പോരാടുന്ന നായികയുടെ വീട്ടിൽ വന്നു ഒരു പുരോഹിതൻ അവരോട് അതിന് എതിരെ ഉള്ള പ്രതിഷേധം അവസാനിപ്പിക്കണം എന്നും പകരം പള്ളിയിൽ വന്നാൽ ആശ്വാസം കിട്ടും എല്ലാം ദൈവത്തിന്റെ തീരുമാനം ആണെന്നും ഒക്കെ ഉപദേശിക്കുന്നു. നായിക ആ പുരോഹിതനോട് കൂടെ ഉള്ള പുരോഹിതർ കുട്ടികളെ പീഡിപ്പിക്കുമ്പോൾ വായുംമൂടി പ്രതികരിക്കാതെ നിക്കുന്ന ആൾ മേലിൽ ഉപദേശിക്കാൻ വീട്ടിൽ വന്നു കേറരുതെന്നും തെറിയും പറഞ്ഞു ഇറക്കിവിടുന്നു. നായിക ആയി അഭിനയിച്ച ഫ്രാൻസിസ് മക്ഡോർമെണ്ടിനു മികച്ച നടിക്കുള്ള ഓസ്കർ അവാർഡ് ലഭിച്ചു.

Spotlight : ജേണലിസ്റ്റുകളുടെ സ്‌പെഷ്യൽ ടീം കുട്ടികളെ പീഡിപ്പിച്ച ഒരു പുരോഹിതന് എതിരെയുള്ള കേസ് അന്വേഷിക്കുകയും അത് സഭ മറച്ചുവെച്ച അനേകം പീഡനകേസുകളിൽ ചെന്നെത്തുകയും തൊണ്ണൂറോളം പുരോഹിതർ ബോസ്റ്റൺ എന്ന സ്ഥലത്ത് മാത്രം പീഡനം ചെയ്തിരുന്നു എന്ന് കണ്ടെത്തുകയും 130ൽ പരം കുട്ടികളെ പീഡിപ്പിച്ച ഒരു പുരോഹിതനെ പുറത്താക്കാതെ സംരക്ഷിച്ചത് വെളിപ്പെട്ടതിന്റെ പേരിൽ ആർച്ച് ബിഷപ്പ് ബെർണാഡ് ഫ്രാൻസിസ് വിരമിക്കുകയും ചെയ്യുന്നു. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന് മികച്ച സിനിമക്കുള്ള ഓസ്കാർ അവാർഡ് ലഭിച്ചു.

ക്രിസ്ത്യാനികൾ അധികമുള്ള രാജ്യങ്ങളിൽ വരെ പുരോഹിതരെ ശക്തമായി വിമർശിക്കുന്ന സിനിമകൾക്ക് ഉന്നതമായ അംഗീകാരങ്ങൾ ലഭിക്കുമ്പോഴാണ് ഈ കൊച്ചുകേരളത്തിൽ ബിഷപ്പിന്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രീയും അവരെ അനുകൂലിക്കുന്ന കന്യാസ്ത്രീകളും ഒക്കെ എന്നും വിശ്വാസികളുടെ വെർബൽ അബ്യുസിനും പുരോഹിതരുടെ കുറ്റപ്പെടുത്തലുകൾക്കും ഇരയാവുന്നത്.

© Jenu Johny | Cinema Paradiso Club