മണി സാർ | ഒരു വിശകലനം

Jan-04-2020 06:01 PM

ഉണ്ട രണ്ടാമതും കാണുമ്പേൾ മണി സാറിനേയാണു കൂടുതൽ അടുത്തറിയാൻ ശ്രമിച്ചത്‌. ഒരൊറ്റ വായനയിൽ കണ്ടെത്താൻ കഴിയാത്ത അത്ര ആഴത്തിലാണു അയാളെ പടച്ചു വിട്ടിരിക്കുന്നത്‌.

മണി സാർ ഒരു അന്തർമുഖനാണു. ഒരു കാമുകനാണു. ഒരു അനാഥനാണു.അയാളുടെ വെട്ടു കഥ പറയുന്ന വേളയിൽ "നമുക്കീ കുടുംബമായൊന്നും പഴകി ശീലമില്ലല്ലോ"എന്ന ഒരൊറ്റ വാക്യത്തിൽ അത്‌ വ്യക്തമാണു. അയാളുടെ പ്രണയത്തെ അയാൾ ജീവിതത്തിൽ സ്വന്തമാക്കുന്നുണ്ട്‌. ഒരു പക്ഷെ അതായൊരിക്കും അയാളുടെ ജീവിതത്തിലെ ഒരേ ഒരു വിജയം. ഭാര്യയും അയാളും അടങ്ങുന്ന കൊച്ചു ലോകമാണു അയാളുടെ അതിരുകൾ.

കുഞ്ഞുങ്ങളില്ലാത്ത ദുഖം അയാളിലും അയാളുടെ ഭാര്യയിലും സ്ഥായീ ഭാവമായി നിൽക്കുന്നുണ്ട്‌. ഭാര്യ അങ്കനവാടി ടീച്ചറാണു.അവിടുത്തെ കുഞ്ഞുങ്ങളെ അവർ സ്വന്തം കുഞ്ഞുങ്ങളായി കാണുന്നു.അവിടെ ഇരിക്കുന്ന കുട്ടികൾ, ചുവരിലെ ചിത്രം.. ഒന്നും യാദൃശ്ചികമാവാൻ വഴിയില്ല.

ഓരോ കുരുന്നിന്റേയും കുഞ്ഞു കുഞ്ഞു കാര്യങ്ങൾ പോലും അവർക്കറിയാം.അവർക്ക്‌ പിറന്നാളിനു ഉടുപ്പ്‌ വാങ്ങി കൊടുത്തും അവരുടെ കഥകൾ പറഞ്ഞുമാവാം മണി സാറും ടീച്ചറും ജീവിതം തള്ളി നീക്കുന്നത്‌. തീർച്ചയായും ആത്മഹത്യയെ പറ്റി അവർ ചിന്തിച്ചു കാണും. അതിനുള്ള ധൈര്യം അയാൾക്കില്ല. അയാളെന്തോ അന്യോഷണത്തിലാണു. രാത്രിയിലുള്ള അയാളുടെ വായന അതിന്റെ ബാക്കി പത്രമാണു. ജീവിതമാണയാൾ വായിക്കുന്നതെന്നു അയാൾ തന്നെ പറയുന്നു. ഒരോ വായനക്കു ശേഷവും അയാളയാളുടെ ഭീതി അയാൾ മനസ്സിലാക്കുന്നുണ്ട്‌.തലയിലൊരു പരുന്തിനെ ഏറ്റി നിൽക്കുന്ന വൃദ്ധൻ അയാളുടെ ഭയമാണു.അയാൾ മാത്രമറിയുന്നത്‌.അയാൾ മാത്രം കാണുന്നത്‌. ബസ്തറിലെ നാലു ദിവസം അയാളെ കൂടുതൽ ജീവിതം പഠിപ്പിക്കുന്നുണ്ട്‌. തനിക്കു ചുറ്റും താനറിയാത്ത പലതുമുണ്ടെന്ന യാഥർത്ത്യം ക്രുണാൽ ചന്ദിലൂടെയും ബിജുവിലൂടെയും അയാൾ മനസ്സിലാക്കുന്നുണ്ട്‌. വായിച്ചിരുന്ന പുസ്തകത്തെ രണ്ടാമതൊന്നാലോചിച്ച്‌ ബാഗിലേക്ക്‌ വക്കുന്നത്‌ അതിനാലാണു.

അയാളൊരുഅവർണ്ണാനാണു. അധികാരമുണ്ടായിട്ടും അധികാരിയാവാത്തത്‌ അതിനാലാണു.അതു കൊണ്ട്‌ തന്നെയാവണം ഭയമൊരു ഭാവമായി അയാളിൽ അലിഞ്ഞു ചേർന്നത്‌.എപ്പോഴും രോഗിയായിരിക്കുന്ന അതിന്റെ കരുതലുകൾ എപ്പോഴും കൂടെ കൊണ്ട്‌ നടക്കുന്ന മാണി സാർ നമ്മുക്‌ ചുറ്റുമുള്ള ആ ശരാശരി മനുഷ്യൻ തന്നെയാണു. ഗ്യാസിനുള്ള ഗുളികക്ക്‌ വേണ്ടിയാണു മേലധികാരി ആദ്യമയാളെ അന്യോഷിക്കുന്നത്‌ എന്നു കൂടിയേർക്കുക. മലയാള സിനിമയിൽ ഇത്രയും വ്യക്തമായ ഡീറ്റ്യെയിൽഡായ ഒരു പാത്ര സൃഷ്ടി അടുതകാലത്തൊന്നുമുണ്ടായിട്ടില്ല.

© അക്ഷയ്‌ എ ഹരി |  Cinema Paradiso Club