A DRAGON ARRIVES (2016) : Madness in the desert

Jan-04-2020 06:01 PM

A DRAGON ARRIVES (2016) : Madness in the desert!

COUNTRY : IRAN

GENRE : MYSTERY !! HORROR

DIRECTOR : MANI HAGHIGHI

ഇറാനിയൻ സിനിമ എന്നു കേൾക്കുമ്പോൾ ലാളിത്യം കലർന്ന, സംഭാഷണ പ്രാധാന്യമുള്ള, റിയലിസ്റ്റിക്കായുള്ള സിനിമകളാണ് മനസ്സിലേക്കെത്തുക. എന്നാൽ അത്തരം ബോധ്യങ്ങളെ ശിഥിലമാക്കുന്ന വേറിട്ട കാഴ്ചകളും അവിടന്നുണ്ടാകുന്നുണ്ട്. അത്തരത്തിൽ ചൂണ്ടിക്കാണിക്കാവുന്ന ഒരു സിനിമയെയാണ് ഈ കുറിപ്പിലൂടെ പരിചയപ്പെടുത്തുന്നത്. MANI HAGHIGHI-യുടെ A DRAGON ARRIVES ! (2016).

ഒരു GENRE-ലും ഒതുങ്ങിനിൽക്കാതെ പല GENRE-കളെ ബ്ലെൻഡ് ചെയ്തു വേറിട്ട രീതിയിൽ ഒരുക്കിയെടുത്ത സിനിമയായാണ് അനുഭവപ്പെടുക. ഹൊറർ, ഫാൻറസി, മിസ്റ്ററി, ഡോക്യുമെൻററി എന്നിങ്ങനെ നിലയുറപ്പിക്കാതെ കളം മാറ്റിച്ചവിട്ടുന്ന ഈ സിനിമ പരീക്ഷണസിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും വേറിട്ട അനുഭവമാകും.

വർത്തമാനം-ഭൂതകാലം, യഥാർത്ഥം-ഫിക്ഷൻ എന്നിങ്ങനെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന സിനിമയും, കഥാപാത്രങ്ങളും സൂക്ഷ്മ ശ്രദ്ധ നൽകിയില്ലെങ്കിൽ വഴുതിപ്പോകും എന്നതിൽ സംശയമില്ല. സിനിമയുടെ കഥാതന്തുവിനെ ചെറുതായൊന്ന് സ്പർശിക്കാതെ ഈ കുറിപ്പ് അർത്ഥവത്താകില്ലെന്നതിനാൽ അതും കൂട്ടിച്ചേർക്കുന്നു. രാഷ്ട്രീയത്തടവുകാരെ നാടു കടത്തുന്ന ദ്വീപിൽ മോചനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആത്മഹത്യ ചെയ്യുന്ന ഒരാളുടെ മരണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ വന്നിരിക്കുകയാണ് ബാബക് . നൂറു വർഷങ്ങളോളമായി ആരെയും മറവു ചെയ്യാത്ത സെമിത്തേരിയോട് ചേർന്നുള്ള ഉപേക്ഷിക്കപ്പെട്ട കപ്പലിൽ അയാളുടെ മരണം അവശേഷിപ്പിച്ച ദുരൂഹതകളെ കണ്ടെത്താൻ ശ്രമിക്കുന്ന ബാബക്കിനെ കാത്തിരിക്കുന്നത് കൂടുതൽ നിഗൂഢതകൾ ആയിരുന്നു. ആ നാടും, നാട്ടുകാരും, സെമിത്തേരിയും ബാക്കി വെക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടി ബാബക്ക് ഉൾപ്പെടെ മൂന്ന് യുവാക്കൾ നടത്തുന്ന ശ്രമങ്ങളും അതിനോട് അനുബന്ധമായി ആനയിക്കപ്പെടുന്ന കാഴ്ചകളുമാണ് ഈ സിനിമ മുന്നോട്ടുവെക്കുന്ന ഫ്രെയിമുകൾ.

സിനിമ നിലകൊള്ളുന്ന കാലഘട്ടം 1960-കളിലേതാണ്. INTELLIGENCE , COUNTER INTELLIGENCE എന്നിങ്ങനെയുള്ള വാക്കുകൾ ആ കാലഘട്ടത്തെ മുൻനിർത്തി വിശകലനം ചെയ്യാനുള്ളതാവണം. ദ്വീപിലെ സെമിത്തേരിയുമായി ബന്ധപ്പെട്ട വിഷ്വൽസും, ശബ്ദങ്ങളും മികച്ചുനിൽക്കുന്നു. നായകന്മാർക്ക് എന്നപോലെ പ്രേക്ഷകനും ഇല്യൂഷൻ ആയി അനുഭവപ്പെടുന്ന സർ-റിയൽ കാഴ്ചകളും സിനിമ സമ്മാനിക്കുന്നുണ്ട്. സിനിമയെ അതിൻറെ പൂർണ്ണതയിൽ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്ന സത്യം ബാക്കിനിൽക്കുമ്പോഴും , വേറിട്ട കാഴ്ചാനുഭവം എന്ന യാഥാർത്യം മുന്നോട്ടാഞ്ഞു തന്നെ നിൽക്കുന്നു. പരീക്ഷണ സിനിമകൾ തേടി നടക്കുന്നവർക്ക് ഈ സിനിമ തീർച്ചയായും സംതൃപ്തി നൽകുമെന്ന് തന്നെയാണ് പ്രതീക്ഷ.

© Shaheer Cholassery | Cinema Paradiso Club