Dr. Babasaheb Ambedkar | Review

Jan-04-2020 05:01 PM

"സ്വാതന്ത്ര്യം പൂർണമാവണമെങ്കിൽ സമൂഹത്തിന്റെ എല്ലാ തുറകളിലും നമുക്കത് കാണാൻ കഴിയണം അല്ലാത്ത പക്ഷം അതിനെ ഒരു ജനാതിപത്യ സമൂഹമായി എങ്ങനെ കാണാൻ കഴിയും..?" - ഡോ. അംബേദ്കർ

ജീവചരിത്രചിത്രങ്ങൾ സത്യസന്ധമായി ചിത്രീകരിക്കുകയെന്നത് വളരെ ബുദ്ധിമുട്ടുളള കാര്യമാണ്.ജനമനസുകളിൽ വളരെ വലിയ സ്ഥാനമുളള മഹാത്മാക്കളുടേതാകുമ്പോൾ പ്രത്യേകിച്ചും.എന്നാൽ, ഇന്നും, ഒരുപക്ഷേ, ഇനിയൊരുപാട് കാലത്തേയ്ക്കും പ്രാധാന്യത്തോടെ നിലനിൽക്കുന്ന സമകാലീനരാഷ്ട്രീയം സംവദിച്ചുകൊണ്ടിരിക്കുന്ന ജീവചരിത്രസിനിമകളിലൊന്നാണ് 2000 ൽ ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ഡോ.ബാബാസാഹേബ് അംബേദ്കർ എന്ന സിനിമ. ഒരുപക്ഷേ, പതിനെട്ടുവർഷങ്ങൾക്കിപ്പുറത്ത് ഇന്നായിരുന്നുവെങ്കിൽ സെൻസർ ബോർഡ് പോലും വിലങ്ങുതടിയായി നിന്നേക്കാവുന്ന ഒരു സിനിമ. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും അവിസ്മരണീയമായ പ്രകടനമാണ് അദ്ദേഹം ഈ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. റോബർട്ട് ഡെനിറോ അടക്കം ലോകത്തിലെ പലരെയും റോളിനായി സമീപിച്ചിരുന്നുവെങ്കിലും, അവിചാരിതമായി അവസാനം സംവിധായകൻ മമ്മൂട്ടിയിൽ എത്തുകയായിരുന്നു. 90കളുടെ അവസാനത്തിൽ തന്നെ സൂപ്പർസ്റ്റാർ ഇമേജിൽ എത്തിയിരുന്ന മമ്മൂട്ടി ആദ്യം ഒഴിഞ്ഞുമാറാൻ ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട് ആ ഉത്തരവാദിത്തം ഏറ്റെടുക്കുകയും, ഭംഗിയായി നിർവഹിക്കുകയും, ദേശീയപുരസ്കാരാർഹനാവുകയും ചെയ്തു.

സ്വാതന്ത്ര്യ സമരത്തെ മറ്റൊരു കാഴ്ചപ്പാടിലൂടെ കാണുന്ന സിനിമ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പല നയങ്ങളെയും ഗാന്ധിജിയെയും വരെ വളരെ ക്രിയാത്മകമായി വിമർശിക്കുകയും, അതിൽ വിജയം കാണുകയും ചെയ്തു. മൂന്നു മണിക്കൂറുളള സിനിമ ഇംഗ്ലീഷിൽ നിർമ്മിക്കപ്പെടുകയും, ഒൻപത് ഭാഷകളിലേക്ക് ഡബ് ചെയ്യപ്പെടുകയുമുണ്ടായി. സിനിമയുടെ രണ്ടാം പകുതി മുതൽക്കങ്ങോട്ട് രൂപം കൊണ്ടും ശരീരഭാഷകൊണ്ടും അംബേദ്കറെ ഒരുപാട് ഓർമ്മപ്പെടുത്തുന്ന മമ്മൂട്ടി പ്രസംഗസീനുകളിലെല്ലാം ഭാഷ അസാമാന്യ നിലവാരത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട്. സംഭാഷണങ്ങളും, പ്രസംഗങ്ങളുമെല്ലാം മിക്കതും അംബേദ്കർ രചനകൾ തന്നെയാണ്.

അന്നത്തെ സെൻസർ ബോർഡ് ചെയർപേഴ്‌സൺ ആശ പരേഖ് സംവിധായകനായ ജബ്ബാർ പട്ടേലിനോട് പറഞ്ഞത് - സിനിമയിലെ ഓരോ പ്രസ്താവനയും കൃത്യമായി ഫാക്റ്റ്സ് വെച്ച് ബാക്കപ്പ് ചെയ്യാനാവുകയാണെങ്കിൽ ഒറ്റ ഷോട്ട് പോലും കട്ട് ചെയ്യില്ല എന്നാണ്. അതിനാൽ തന്നെ വർഷങ്ങളോളം നീണ്ടുനിന്ന ഗവേഷണഫലങ്ങളുടെ പരിസമാപ്തിയായ സിനിമയിൽ ഒരു കട്ട് പോലും വന്നിട്ടില്ല എന്നുമദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ തന്നെ ഇന്ത്യയിൽ നിന്ന് പുറത്തുവന്ന ഏറ്റവും നല്ല സിനിമകളിലൊന്നായി അംബേദ്കർ വരും കാലങ്ങളിലും വാഴ്ത്തപ്പെടുകയാണെന്കിൽ അത്ഭുതപ്പെടേണ്ടതില്ല. അതിന് അംബേദ്കർ എന്ന വ്യക്തിപ്രഭാവത്തിന്റെ സാന്നിദ്ധ്യം ഒഴിച്ചുകൂടാനാവാത്തതാണെന്കിൽ കൂടി ജബ്ബാർ പട്ടേലിന്റെ സംവിധാനമികവും മമ്മൂട്ടിയുടെ അഭിനയമികവുമൊന്നും കുറച്ചുകാണാവുന്നതല്ല. കാരണം അത്രമേൽ ആത്മാർത്ഥമായി പറയേണ്ടത് പറയേണ്ട പോലെ പറയുകയും അതാളുകളിലേക്കെത്തിക്കുന്നതിൽ സിനിമ വിജയിക്കുകയും ചെയ്തിരിക്കുന്നു.

എല്ലാവരാലും വായിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യേണ്ട വ്യക്തിയാണ് അംബേദ്കർ. ദളിത് രാഷ്ട്രീയ സത്വത്തിന്റെ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണഘടനയുടെ നെടുംതൂൺ.

അത്രയൊന്നും നടന്നില്ലെങ്കിലും ഒരു ഇന്ത്യൻ പൗരനെന്ന നിലയിലും, സമകാലീനരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലും, സിനിമാസ്നേഹിയെന്ന നിലയിലും എല്ലാവരും ഒരിക്കലെന്കിലും കണ്ടിരിക്കേണ്ട സിനിമയാണ് ഡോ.അംബേദ്കർ.

© Sreerag Kakkatt | Cinema Paradiso Club