Diplomacy | Drama | History | 2014 | Review

Jan-02-2019 03:01 PM
"The city must not fall into the enemy's hand except lying in complete rubble...."

പാരീസിലെ മിലിട്ടറി ഗവർണറായി സ്ഥാനമേറ്റ ദിവസം മേജർ ഡെയ്ട്രിക്ക് വാൻ കോളിറ്റ്സിന് ഹിറ്റ്ലറിൽനിന്നു ലഭിച്ച കേബിൾ സന്ദേശമാണിത് പരാജയം ഉറപ്പായ അവസരത്തിൽ തന്റെ നഗരത്തിന് (ബെർലിൻ)നു സംഭവിച്ച തകർച്ച പാരീസിനുമുണ്ടാവണമെന്ന ഹിറ്റ്ലറുടെ ഭ്രാന്തൻ ആഗ്രഹം പക്ഷെ നടപ്പിലാക്കപ്പെട്ടില്ല ദിവസങ്ങൾക്ക് ശേഷം പതിനേഴായിരത്തോളം ജെർമൻ സൈനികരുമായി കോളിറ്റ്സ് ഫ്രെഞ്ച് സൈന്യത്തിനു കീഴടങ്ങുമ്പോൾ ഫ്രാൻസിന്റെ സാംസ്കാരിക പൈതൃകത്തിന്റെ അടയാളങ്ങളായ ഈഫൽ ടവറും ഓപ്പറ ഹൗസുമെല്ലാം യാതൊരു കേടുപാടുകളുമില്ലാതെ തലയുയർത്തിനിന്നിരുന്നു ഔദ്യോഗിക ജീവിതത്തിൽ ഒരിക്കൽപ്പോലും തനിക്ക് ലഭിച്ച ആജ്ഞകളെ ധിക്കരിക്കാത്ത, ജെർമനിയോട് എക്കാലവും ആത്മാർഥത പുലർത്തിയ കോളിറ്റ്സിനെ പാരീസിനെ നശിപ്പിക്കുന്നതിൽനിന്നും പിന്തിരിപ്പിചതെന്താണ്? പാരീസിന്റെ സംസ്കാരിക പൈതൃകം? ലോകത്തിലെ ഏറ്റവും മഹത്തായ നഗരങ്ങളിലൊന്നിനെ ഇല്ലാതാക്കിയവനെന്ന ചീത്തപ്പേരിനോടുള്ള പേടി ?

ചരിത്രത്തിൽ നിരവധി വ്യാഖ്യാങ്ങളുണ്ട് കോളിറ്റ്സിന്റെ തീരുമാനത്തിനു പിന്നിൽ.അവയിലൊന്നാണ് പാരിസിലെ സ്വീഡിഷ് കോൺസാലായിരുന്ന റൗൾ നോർഡ്ലിങ്ങിന്റെ ഇടപെടൽ.നഗരത്തിനോടുള്ള സ്നെഹമാണ് ഈ വലിയ പാതകം ചെയ്യുന്നതിൽനിന്നും തന്നെ വിലക്കിയതെന്ന് കോളിറ്റ്സ് തന്നെ അവകാശപ്പെടുമ്പോഴും ,രാത്രി മുഴുവൻ നീണ്ട ചർച്ചകളിലൂടെ കോളിറ്റ്സിന്റെ മനസുമാറ്റിയത് നോർഡ്ലിങ്ങ് ആയിരുന്നുവെന്ന് ചരിത്രത്തിന്റെ ഒരു വെർഷൻ പറയുന്നു.വളരെ പ്രശസ്തമായ ചില കലാസൃഷ്ടികൾ ഈ സംഭവത്തെ ആസ്പദമാക്കി ഉണ്ടായിട്ടുണ്ട്. (സിനിമ,പുസ്തകം,നാടകം എന്നിവ).ഇവയിൽ ഏറ്റവും പുതിയതാണ് 2014 ൽ വോൾകർ സ്ക്ലോണ്ഡോർഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ DIPLOMACY ഏന്ന ഡ്രാമ/ത്രില്ലർ.സിറിൽ ഗെലിയുടെ ഡിപ്ലൊമറ്റി എന്ന നാടകത്തെ ആസ്പദമാക്കി സൃഷ്ടിക്കപ്പെട്ട ഈ ചിത്രം ചരിത്രത്തിന്റെ ഒരു സിനിമാറ്റിക്ക് വെർഷനാണ് അവതരിപ്പിക്കുന്നത്.

ഈഫൽ ടവർ അടക്കമുള്ള സാംസ്കാരിക കേന്ദ്രങ്ങൾ തകർക്കാൻ ജെർമൻ പട്ടാളം തീരുമാനിച്ച രാത്രിയാണ് പശ്ചാത്തലം.ഫ്രെഞ്ച് സൈന്യത്തിനുമുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ല എന്നുറപ്പുണ്ടായിട്ടും നഗരം തകർക്കുക എന്ന തീരുമാനവുമായി മുന്നോട്ടുപോവനായിരുന്നു കോളിറ്റ്സിന്റെ തീരുമാനം.നിർദേശങ്ങൾ തന്റെ ഓഫീസർമാർക്ക് കൈമാറിയതിനു ശേഷം തന്റെ ഹോട്ടല്‍ മുറിയില്‍ വിശ്രമിക്കുകയായിരുന്ന കോളിറ്റ്സിനെ തേടി റൌള്‍ നോർഡ്ലിങ്ങെത്തുന്നു .സുരക്ഷ മറികടന്ന് നോര്‍ഡലിങ്ങ് മുറിയില്‍ പ്രവേശിച്ച രീതിയില്‍ അല്പം അനിഷ്ടമുണ്ടായെങ്കിലും അയാള്‍ പറയുന്നത് കേള്‍ക്കാന്‍ കോളിറ്റ്സ് തയ്യാറാവുന്നു .തന്റെ പാരീസ് അനുഭവങ്ങളും നഗരത്തിന്റെ മഹത്വവുമെല്ലാം പറഞ്ഞ് വളരെ പതിയെ നോര്‍ഡ്ലിംഗ് താനവിടെ വരാനുണ്ടായ കാരണത്തിലെക്കെത്തുന്നു .പക്ഷെ തന്റെ ഡിപ്ലോമാറ്റിക് കഴിവുകള്‍ മുഴുവന്‍ ഉപയോഗിച്ചിട്ടും കോളിറ്റ്സിനെ നഗരം തകര്‍ക്കുക എന്ന തീരുമാനത്തില്‍നിന്ന് പിന്‍തിരിപ്പിക്കാന്‍ നോര്‍ഡലീങ്ങിനു കഴിയുന്നില്ല .തനിക്ക് ലഭിക്കുന്ന ആജ്ഞകള്‍ എന്തുവിലകൊടുത്തും നടപ്പാക്കുന്ന ,ജെര്‍മനിയോടും ഹിറ്റ്‌ലറിനോടും അങ്ങേയറ്റം കൂറുള്ളവനുമായ കോളിറ്റ്സിനെ പിന്തിരിപ്പിക്കുക എന്നത് അസംഭവ്യമാണന്നു നോര്‍ഡലിംഗ് ഉറപ്പിച്ച അവസ്ഥയിലാണ് കോളിറ്റ്സ് തന്റെ മനസുതുറക്കുന്നത് ....

സംഭാഷണങ്ങളിലൂടെ വികസിക്കുന്ന ഒരു നാടകത്തിന്റെ സ്വഭാവമാണ് ചിത്രത്തിലെ നോര്‍ഡലിംഗ്- കോളിറ്റ്സ് സീനുകള്‍ക്കെങ്കിലും സിനിമ ഒരു ഹോട്ടല്‍ മുറിയില്‍ മാത്രമായി തളച്ചിടപ്പെടുന്നില്ല .സംഭാഷണസീനുകള്‍ക്ക് സമാന്തരമായി ,എന്നാല്‍ വളരെ കുറഞ്ഞ ദൈര്‍ഖ്യത്തില്‍ പാരീസ് നഗരം തകര്‍ക്കാനോരുങ്ങുന്ന സൈനികരുടെ ഒരു സബ്പ്ലോട്ട് (അങ്ങനെ പറയാമോ എന്നുറപ്പില്ല )വികസിക്കുന്നുണ്ട് .ഈ സമാന്തരകഥാഗതി ചിത്രത്തില്‍ ഒരു uncertainty സൃഷ്ടിക്കുന്നുണ്ട് .കയ്യടക്കത്തോടെ പ്രതിഷ്ടിച്ച ഈ സബ്പ്ലോട്ട് സിനിമക്ക് ഒരു ത്രില്ലിംഗ് സ്വഭാവം നല്‍കുന്നു .സിനിമയുടെ അന്ത്യം ആര്‍ക്കും ഊഹിക്കാന്‍ കഴിയുന്ന ഒന്നാണങ്കിലും ആഖ്യാനരീതി ആ കുറവിനെ മറികടക്കുനുണ്ടന്നു സാരം.എടുത്തുപറയേണ്ട മറ്റൊരു ഘടകം സംഭാഷണരംഗത്തിലെ പശ്ചാത്തലം അവതരിപ്പിച്ച രീതിയാണ് .പ്രധാനകഥാപാത്രങ്ങള്‍ മാത്രമുള്ള ഹോട്ടല്‍ മുറി നിര്‍ജീവമായി അവതരിപ്പിക്കാതെ ഇടക്കിടെ കെട്ടുപോവുന്ന ഇലക്ട്രിക്ക് ബള്‍ബ്കളും ,ബോംബിങ്ങ് ശബ്ദവുമെല്ലാമായി അന്തരീക്ഷത്തെ പരമാവധി കലുഷിതമാക്കുന്നുണ്ട് സംവിധായകന്‍ .ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റായി എടുത്തുപറയാനുള്ളത് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച André Dussollier, Niels Arestrup എന്നിവരുടെ പ്രകടനമാണ് .ശരീരഭാഷ വളരെ മനോഹരമായി ഉപയോഗിച്ച പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത് .

തുടക്കത്തില്‍ പറഞ്ഞതുപോലെ ഒരുപക്ഷെ ചരിത്രത്തിന്റെ ഒരു വേര്‍ഷന്‍ മാത്രമാവാം ഇവിടെ അവതരിപ്പിക്കപ്പെട്ടത് .പക്ഷെ അതൊന്നും ചിത്രത്തിന്റെ ആസ്വാദനത്തില്‍ ഒരു വിലങ്ങുതടിയാവാന്‍ സാധ്യതയില്ലാത്ത തരത്തില്‍ ഒരു ചരിത്ര സിനിമ അര്‍ഹിക്കുന്ന അച്ചടക്കത്തോടെ ഈ ചിത്രം അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട് .അവതരിപ്പിക്കുന്ന വിഷയത്തിന്റെ intensityല്‍ വിശ്വസിച്ച് മേക്കിങ്ങില്‍ എഫര്‍ട്ട് എടുക്കാതെ ഒഴുക്കന്‍ മട്ടില്‍ പടമെടുക്കുന്ന സംവിധായകര്‍ക്ക് ഈ ചിത്രത്തില്‍നിന്ന് തീര്‍ച്ചയായും പഠിക്കാനുണ്ട്.

© Arun ashok | Cinema Paradiso Club