Don't Fuck with Cats | Review | Netflix

Jan-04-2020 07:01 PM

ശ്രീരാഗ് നമ്പ്യാരെ അറിയുമോ?

കഴിഞ്ഞയാഴ്ച പുറത്തിറങ്ങി പ്രേക്ഷക-നിരൂപകശ്രദ്ധയും അഭിനന്ദനവും ഏറ്റുവാങ്ങിയ "Don't Fuck with Cats" എന്ന ഡോക്യുമെന്ററി കണ്ടപ്പോഴാണ് വീണ്ടും ശ്രീരാഗ് നമ്പ്യാരെക്കുറിച്ചോര്‍ത്തത്. കുറച്ചേറെ നാളുകളായി എന്റെ ഓര്‍മകളില്‍ അയാള്‍ വന്നിരുന്നില്ല എന്നുതന്നെവേണം പറയാന്‍. ഒരു വിദേശ സീരീസ് എന്തുകൊണ്ടാണ് ഒരു മലയാളിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണര്‍ത്തിയത് എന്ന ചോദ്യമായിരിക്കാം ചിലരുടെയെങ്കിലും മനസ്സില്‍. അതിനുള്ള ഉത്തരം ലഭിക്കുന്നതിനുമുന്‍പ് ശ്രീരാഗ് നമ്പ്യാര്‍ ആരാണെന്ന് നിങ്ങളറിയണം.

2014ലെ ബ്ലോക്ക്‌ബസ്റ്റര്‍ ബോളിവുഡ് ചിത്രമായ പി.കെ.യുടെ റിലീസിന് കുറച്ചുനാളുകള്‍ക്കുശേഷം ആ ചിത്രത്തെക്കുറിച്ച് IMDBയില്‍ വായിക്കുമ്പോഴാണ് ഈ പേര് ഞാന്‍ ആദ്യമായി കാണുന്നത്. സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയ്ക്കും, തിരക്കഥാകൃത്ത് അഭിജാത് ജോഷിയ്ക്കുമൊപ്പം പി.കെ.യുടെ തിരക്കഥ രചിച്ച മലയാളിയായ ശ്രീരാഗ് നമ്പ്യാര്‍. മലയാളിപ്പേര് കണ്ടതിന്റെ കൗതുകത്തില്‍ ആ പേരില്‍ ക്ലിക്ക് ചെയ്തപ്പോള്‍ കണ്ട വിവരങ്ങള്‍ എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു. പി.കെ. മാത്രമല്ല, 2014ലെ മറ്റൊരു വലിയ ഹിറ്റായ ടു സ്റ്റേറ്റ്സിന്റെയും തിരക്കഥയില്‍ ശ്രീരാഗ് നമ്പ്യാരുടെ കയ്യുണ്ട്‌. കൂടാതെ അക്കാലത്ത് പ്രീ-പ്രൊഡക്ഷന്‍ സ്റ്റേജിലായിരുന്ന എം.എസ്. ധോണിയുടെ തിരക്കഥയും ശ്രീരാഗ് നമ്പ്യാരാണ് നീരജ് പാേണ്ഡയ്ക്കൊപ്പം ഒരുക്കുന്നത്. ഇതുകൂടാതെ മലയാളത്തിലും ശ്രീരാഗ് നമ്പ്യാര്‍ തന്റെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ഹൗ ഓള്‍ഡ്‌ ആര്‍ യു, ഫയര്‍മാന്‍, പിക്കറ്റ് 43 തുടങ്ങിയ ചിത്രങ്ങളിലും, കൂടാതെ കത്തി, കമലഹാസന്‍ ചിത്രമായ പാപനാശം തുടങ്ങിയ ചിത്രങ്ങളിലും അഭിനേതാവായി ശ്രീരാഗ് നമ്പ്യാര്‍ ഉണ്ട്.

ഇത്രയേറെ സക്സസ്ഫുള്‍ ചിത്രങ്ങളുടെ ഭാഗമായ ഒരാളെക്കുറിച്ച് ഇതിനുമുന്‍പ് കേട്ടിട്ടുപോലുമില്ലല്ലോ എന്നോര്‍ത്ത് അത്ഭുതം അടക്കാനാവാതെ ഉടന്‍തന്നെ ശ്രീരാഗിന്റെ പേര് ഞാന്‍ ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്തു. സംഗതി സത്യമാണ്. ഒട്ടുമിക്ക പ്രമുഖമാധ്യമങ്ങളും പ്രസ്തുതചിത്രങ്ങളുടെ റിവ്യൂകളില്‍ ശ്രീരാഗിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. പക്ഷേ എന്നെ നിരാശപ്പെടുത്തിക്കൊണ്ട് ശ്രീരാഗിന്‍റെതെന്ന് ഉറപ്പിച്ചുപറയാവുന്ന ഒരു ഫോട്ടോ പോലും ഗൂഗിള്‍ സെര്‍ച്ചില്‍ ലഭിച്ചില്ല.

അക്കാര്യം പിന്നീട് മറ്റൊരുപാട് കാര്യങ്ങളെയുംപോലെ കടന്നുപോയി, ശ്രീരാഗ് നമ്പ്യാരെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താന്‍ മെനക്കെട്ടതുമില്ല. ഒന്നുരണ്ട് മാസങ്ങള്‍ക്കുശേഷം സൗത്ത് ലൈവിലും ദേശാഭിമാനിയിലും മറ്റും വന്ന ഒരു വാര്‍ത്തയാണ് ശ്രീരാഗിനെക്കുറിച്ച് വീണ്ടുമോര്‍ക്കാന്‍ പ്രേരകമായത്. "സിനിമാലോകം തിരയുന്നു; അറിയാത്ത ശ്രീരാഗിനെ" എന്നായിരുന്നു വാര്‍ത്തയുടെ ടൈറ്റില്‍.

അതെ. ശ്രീരാഗ് നമ്പ്യാര്‍ എന്നൊരു വ്യക്തി മേല്‍പ്പറഞ്ഞ ചിത്രങ്ങളിലൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. ലോകത്തിന്റെ ഏതോ കോണില്‍ കിടക്കുന്ന ഏതോ ഒരു മലയാളിയ്ക്ക് തോന്നിയ ഒരു കുസൃതി, അതായിരുന്നിരിക്കാം ശ്രീരാഗ് നമ്പ്യാര്‍. IMDB, Wikipedia തുടങ്ങിയ വെബ്സൈറ്റുകളില്‍ പൊതുജനത്തിന് വിവരങ്ങള്‍ ചേര്‍ക്കാം എന്ന സൗകര്യത്തെ തന്ത്രപൂര്‍വ്വം ശ്രീരാഗ് നമ്പ്യാരുടെ സൂത്രധാരന്‍ ഉപയോഗിച്ചു. മറ്റ് ന്യൂസ് പോര്‍ട്ടലുകളിലും മറ്റും സിനിമാ വാര്‍ത്തകള്‍, റിവ്യൂസ് തുടങ്ങിയവ എഴുതുന്നവര്‍ സിനിമകളുടെ cast and crew വിവരങ്ങള്‍ ശേഖരിക്കാന്‍ ആശ്രയിക്കുന്നത് IMDB and Wikipedia എന്നിവ ആണെന്നിരിക്കെ സൂത്രധാരന്റെ തന്ത്രം ലക്ഷ്യംകണ്ടു. "Writer-director Hirani along with co-writers Abhijat Joshi and Sreerag Nambiar have done a tremendous job", "മറ്റ് നടീനടന്മാരായ സിദ്ദിഖ്, ഹരീഷ് പെരടി, പി.ശ്രീകുമാര്‍, ശ്രീരാഗ് നമ്പ്യാര്‍ തുടങ്ങിയവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്" എന്നൊക്കെയുള്ള വരികള്‍ സിനിമാറിവ്യൂകളില്‍ ധാരാളമായി കണ്ടുതുടങ്ങി.

സത്യം വെളിപ്പെട്ടതോടെ ശ്രീരാഗ് നമ്പ്യാരുടെ പേര് പ്രസ്തുത ചിത്രങ്ങളുടെ പേജുകളില്‍നിന്ന് നീക്കം ചെയ്യപ്പെട്ടുതുടങ്ങി. പക്ഷേ അബദ്ധം മനസ്സിലാക്കാത്ത പല നാഷണല്‍- ഇന്റര്‍നാഷനല്‍ മാധ്യമങ്ങളുടെയും റിപ്പോര്‍ട്ടുകളില്‍ ഇന്നും ശ്രീരാഗ് നമ്പ്യാരുടെ പേര് നിലനില്‍ക്കുന്നു. മേല്‍പ്പറഞ്ഞ സിനിമകളുടെ പേരും ശ്രീരാഗ് നമ്പ്യാര്‍ എന്നും ചേര്‍ത്ത് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്‌താല്‍ കാണാം. പി.കെ, എം.എസ് ധോണി, ഫയര്‍മാന്‍, ഹൗ ഓള്‍ഡ്‌ ആര്‍ യു, കത്തി, പാപനാശം തുടങ്ങിയ ചിത്രങ്ങളെക്കുറിച്ചുള്ള പല റിപ്പോര്‍ട്ടുകളിലും ഇന്നും ആ പേരുണ്ട്. അഥവാ ഈ വെബ്സൈറ്റുകളെല്ലാം ആ പേര് തങ്ങളുടെ ആര്‍ട്ടിക്കിളുകളില്‍നിന്ന് ഭാവിയില്‍ നീക്കം ചെയ്താലും, പ്രിന്റ്‌ ചെയ്യപ്പെട്ട ധാരാളം ലേഖനങ്ങളിലും ഒരിക്കലും മായ്ക്കാന്‍ കഴിയാത്ത വിധം ഈ പേര് പതിഞ്ഞിട്ടുണ്ടാവും എന്ന കാര്യത്തില്‍ സംശയമില്ല.

ഒരു വിരല്‍ത്തുമ്പില്‍ത്തന്നെ ലോകത്തെ എന്തിനെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമായ ഇക്കാലത്തും നമുക്ക് വിശ്വസനീയമായ സ്രോതസ്സുകളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍പോലും പൂര്‍ണ്ണമായി വിശ്വസനീയമാണോ എന്ന് ഉറപ്പുവരുത്താന്‍ പറ്റാത്ത അവസ്ഥയില്‍ ഇത്തരം സംഭവങ്ങള്‍ വിരളമായിരിക്കില്ല. യൂറോപ്പിലോ മറ്റോ യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒരു റസ്റ്റോറന്റിനെ റിവ്യൂസ് വഴി ആ രാജ്യത്തെതന്നെ ഏറ്റവും top rated restaurant ആക്കിത്തീര്‍ത്തതിനെക്കുറിച്ചുള്ള മറ്റൊരു ഡോക്യുമെന്ററി ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുമുന്‍പ് കാണുകയുണ്ടായി. മേല്‍പ്പറഞ്ഞ "Don't Fuck with Cats" എന്ന മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ത്രിഭാഗ ഡോക്യുമെന്ററിയും ലൂക്കാ മഗ്നോട്ട എന്നൊരാളുടെ similar ആയ, എന്നാല്‍ പോസ്റ്റില്‍ പറഞ്ഞ മറ്റ് സംഭവങ്ങളെക്കാള്‍ പരശ്ശതം മടങ്ങ്‌ vile and notorious ആയ പ്രവണതയെയും അതിന്റെ പരിണിതഫലങ്ങളെയും കുറിച്ചാണ്.

"Don't Fuck with Cats"ലെ പോലുള്ള ക്രിമിനല്‍ പ്രവണതകളൊന്നും ശ്രീരാഗ് നമ്പ്യാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലാത്തതിനാല്‍ ആ വിഷയം അധികംവൈകാതെ തന്നെ എല്ലാവരും വിട്ടു. കൂടുതല്‍ അന്വേഷണങ്ങളൊന്നും അയാളുടെ whereaboutsനെക്കുറിച്ച് പിന്നീട് ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. എന്തായിരുന്നിരിക്കാം ശ്രീരാഗ് നമ്പ്യാര്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചയാളുടെ ഉദ്ദേശം? നിര്‍ദോഷമായ ഒരു തമാശയോ? തന്നിലെ നാര്‍സിസിസത്തെ തൃപ്തിപ്പെടുത്താനുള്ള ശ്രമമോ (അയാളുടെ യഥാര്‍ത്ഥ പേര് ശ്രീരാഗ് നമ്പ്യാര്‍ എന്നുതന്നെ ആണെങ്കില്‍)? അതോ കൃത്യമായ ഗൂഢലക്ഷ്യങ്ങള്‍ വെച്ചുകൊണ്ടുള്ള ഒരു ആസൂത്രിതനീക്കമോ? ആര്‍ക്കുമറിയില്ല. അഥവാ, അറിയുന്നയാള്‍ ലോകത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ തന്നെപ്പറ്റിയുള്ള ഈ പുതിയ ലേഖനം വായിച്ച്, കുറച്ചുകാലമെങ്കിലും ഒരുകൂട്ടം മാദ്ധ്യമങ്ങളെ മൊത്തമായി പറ്റിച്ചതിന്റെ മധുരസ്മരണകളില്‍ ഊറിച്ചിരിക്കുന്നുണ്ടായിരിക്കാം.

© Shyam Narayanan TK | Cinema Paradiso Club