Elle : ആധുനികാനന്തര സ്ത്രീപക്ഷ ചിന്തകളുടെ മികച്ച ചലച്ചിത്രാവിഷ്ക്കാരം

Aug-05-2018 10:08 AM
Gokul KS

കഥ പറയുന്നതിന് പുതിയ രീതികള്‍ കണ്ടെത്തി പരമ്പരാഗത സിനിമാ ശെെലികളെയും പ്രവണതകളെയും പൊളിച്ചെഴുതി കഴമ്പുള്ള രാഷ്ട്രീയം പറഞ്ഞ് മനസ്സില്‍ ഇടം നേടുന്ന സിനിമകള്‍ എല്ലാ കൊല്ലവും ലോക സിനിമയില്‍ ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ആഴത്തില്‍ സ്വാധീനിക്കുകയും വേറിട്ട വഴിയിലേക്ക് ചിന്തകളെ കൂട്ടി കൊണ്ട് പോകുകയും ചെയ്‌ത സിനിമയാണ് ഫ്രഞ്ച് ഭാഷയില്‍ 2016- ല്‍ പുറത്തിറങ്ങിയ ‘Elle’. ‘Violent Sex’ ഗണത്തില്‍ പെടുത്താവുന്ന സിനിമകളിലൂടെ പ്രശസ്‌തനായ Paul Verhoevan ആണ് ചിത്രത്തിന്റെ സംവിധായകന്‍. സംവിധായകന്റെ ഏറ്റവും ആത്മാര്‍ത്ഥമായ സിനിമാ ആവിഷ്ക്കരണവും കഥാഖ്യാനവുമാണ് ഈ ചിത്രം.

ഈ സിനിമ തുടങ്ങുന്നത് തന്നെ മുഖമൂടി ധരിച്ച ഒരാള്‍ Michelle എന്ന മദ്ധ്യവയസ്കയായ സ്ത്രീയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി അവരെ ബലം പ്രയോഗിച്ച് ദാരുണമായി പീഡിപ്പിക്കുന്ന ഒരു രംഗത്തോടെയാണ്. പിന്നീട് സിനിമ സാധാരണ സിനിമ വളരുന്ന ആഖ്യാന രീതിയില്‍ നിന്ന് മാറി നടന്ന് സ്ത്രീ- ലിംഗ രാഷ്ട്രീയത്തിന്റെ ചുരുളുകള്‍ അഴിക്കുകയാണ്. ‘Elle’ ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായി കണക്കാക്കപ്പെടുമ്പോൾ Michele Leblanc അഭ്രപാളിയിലെ എക്കാലത്തെയും ശക്തമായ സ്ത്രീ കഥാപാത്രങ്ങളില്‍ ഒന്നാണ് എന്നതില്‍ സംശയമില്ല.

‘Rape’ – എന്ന വിഷയത്തെ കേന്ദ്രീകരിച്ച് പുറത്തു വരുന്ന സിനിമകള്‍ക്ക് പൊതുവേ ചില പ്രത്യകതകളുണ്ട്. പീഡിപ്പിക്കപ്പെട്ട സ്ത്രീയെ കേന്ദ്രീകരിച്ച് ആ സിനിമകള്‍ കഥ പറയുന്നത് അവളുടെ വേദനകളെയും വിഷമത്തെയും അവള്‍ക്കേറ്റ അപമാനത്തെയും കുറിച്ചായിരിക്കും.

സ്ത്രീയോട് സഹതാപം ചൊരിയാന്‍ ആവശ്യപ്പെടുന്ന കഥകള്‍. ചില സിനിമകള്‍ പീഡനത്തിനിരയായ സ്ത്രീക്ക് പരിണാമം സംഭവിച്ച് അത് വരെയില്ലാത്ത പോലെ അവള്‍ ശക്തയായി മാറുന്ന കഥകള്‍ പറഞ്ഞു. പല സ്ത്രീകള്‍ക്കും പ്രചോദനമായി മാറിയ സിനിമകളായി അതൊക്കെ മാറി. വേറെ കുറേ സിനിമകള്‍ പീഡനത്തെ ചുറ്റി പറ്റി കുറേ പുകമറ സൃഷ്ടിച്ചിട്ട് അവയെ thriller സിനിമകളോ investigation സിനിമകളോ ആക്കി കഥ പറഞ്ഞു. പലപ്പോഴും യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമെന്നോണമുള്ള പശ്ചാത്തലം സൃഷ്ടിച്ച് , ആരാണ് കുറ്റക്കാരന്‍ എന്ന അന്വേഷണം നടത്തി, അപ്രതീക്ഷിതമായ കഥാമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ‘rape murder thriller’ സിനിമകളാണ് അക്കൂട്ടത്തില്‍ നമ്മള്‍ കണ്ടത്. ‘സിനിമാറ്റിക്ക്’ അനുഭവം എന്നതിനപ്പുറം പുതുമയൊന്നും ആ സിനിമകള്‍ നല്കിയില്ല. ചില സിനിമകളില്‍ rape ചെയ്യപ്പെട്ടവള്‍ വേശ്യയായപ്പോള്‍, ചില സിനിമകളില്‍ അവള്‍ സമൂഹത്തെ ഭയന്ന് ആത്മഹത്യ ചെയ്തു. ഇങ്ങനെ കുറേ മിത്തുകളുടെ ഇടയില്‍ ‘rape’ എന്ന പ്രമേയത്തില്‍ കഥ പറഞ്ഞ സിനിമകള്‍ കുടുങ്ങിപോയി. അതിനെ ഭേദിച്ച് പുറത്തു വരാന്‍ പല സിനിമകള്‍ക്കും കഴിഞ്ഞില്ല. ഇവിടെയാണ് Elle പുതുമയുള്ള വിപ്ളവകരമായ സിനിമയാകുന്നത്.

തന്നെ തന്റെ അനുവാദമില്ലാതെ പീഡിപ്പിച്ച അജ്ഞാതനോട് വെറുപ്പല്ല Michele -ന് തോന്നിയത്. മറിച്ച് പിന്നീട് ആ മുഖമൂടി മാറി ആ വ്യക്തിയെ തിരിച്ചറിയുമ്പോൾ അയാളോട് അടുപ്പമാണ്…! തന്നെ ക്രൂരമായ രീതിയില്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചവനോട് അടുപ്പം കാണിക്കുന്നവളെ എങ്ങനെ സ്ത്രീ എന്ന് വിളിക്കും…? അവള്‍ എങ്ങനെ കരുത്തുറ്റ സ്ത്രീ ആയി മാറും..? ഇത് സ്ത്രീപക്ഷ ചിന്തയ്ക്ക് തന്നെ എതിരല്ലേ…? ഇങ്ങനെ ചോദ്യങ്ങള്‍ ഒരുപാട് ഉയര്‍ന്നു വന്നേക്കാം. അതിനുള്ള ഉത്തരമാണ് ഈ സിനിമ.

Philippe Dijan എഴുതിയ ‘Oh..’ എന്ന നോവലിനെ അവലംബിച്ചാണ് Elle – യുടെ കഥ എഴുതിയിരിക്കുന്നത്. ആദ്യ രംഗത്തിന് ശേഷം ക്യാമറയും കഥയും എല്ലാം ഒരാളിലേക്ക് തിരിയുകയാണ്. Michele – നെ കുറിച്ചാണ് പിന്നീടുള്ള കഥ. അക്രമിക്കപ്പെട്ടിട്ടും അത് പൊലീസില്‍ അറിയിക്കാന്‍ നിക്കാതെ അലങ്കോലപ്പെട്ട് കിടക്കുന്ന വീടെല്ലാം വൃത്തിയാക്കി, കീറിയ തുണി കുട്ടയിലേക്ക് തള്ളി, കുളിച്ചതിന് ശേഷം ഫോണ്‍ വിളിച്ച് ഭക്ഷണത്തിന് ഓര്‍ഡര്‍ നല്കിയിട്ട് അവര്‍ ഒന്നും സംഭവിച്ചിട്ടേയില്ല എന്ന മട്ടില്‍ മുന്നോട്ട് പോകുന്നു. ഉറക്കെ പൊട്ടികരഞ്ഞില്ല, വിലപിച്ചില്ല, വിളിച്ച് കൂവിയില്ല, ഉടനെ തന്നെ പരാതിയുമായി പോയില്ല – ‘rape victim’ എന്ന് തന്നെ എങ്ങനെ വിളിക്കും. മുഖത്ത് തന്നെ ‘It is over’ എന്ന ഭാവം. അങ്ങനെ തുടക്കം തൊട്ട് തന്നെ കണ്ട് വന്ന, നമ്മള്‍ അറിഞ്ഞ സ്ത്രീകളില്‍ നിന്ന് Michele തീര്‍ത്തും വ്യത്യസ്ഥയായി. അവരെ പറ്റി കൂടുതല്‍ അറിയണം എന്ന് തോന്നി. കൃത്യമായി സംവിധായകന്‍ ചെയ്യുന്നതും അത് തന്നെയാണ്.

Michele – നെ നമ്മള്‍ അറിയുന്നത് പല കഥാപാത്രങ്ങളുമായി അവര്‍ക്കുള്ള ബന്ധത്തിലൂടെയാണ്. അവരവരുടെ ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളോ പ്രശ്നങ്ങളോ നേരിട്ട് കൊണ്ടിരിക്കുകയും, അതൊക്കെ മറച്ച് ഒന്നുമില്ലാത്തത് പോലെ നടിക്കുകയും ചെയ്യുന്ന കുറേ പേര്‍ Michele – ന്റെ ചുറ്റും വരുന്നു. എല്ലാ കഥാപാത്രങ്ങളും Michele – മായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടു കിടക്കുകയാണ്. കഥയിലെ കേന്ദ്രബിന്ദു Michele തന്നെയാണ്.

Michele – ന്റെ മകനും അവന്റെ ഗര്‍ഭിണിയായ ഭാര്യയും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ല. ഒന്നിനും കൊള്ളാത്ത ഒരുത്തന്റെ വഴക്കാളിയായ ഭാര്യ. Michele ഒരു ബിസിനസ്സ് സ്ഥാപനത്തിന്റെ ഉടമായാണ്. ‘Violent video game’ – കള്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനിയുടെ ഉടമ. ഉറ്റ സുഹൃത്തായ Anna -യും സ്ഥാപകരില്‍ ഒരാളാണ്. ആ കൂട്ടുകാരിയുടെ ഭര്‍ത്താവുമായി രഹസ്യ ബന്ധം അവര്‍ക്കുണ്ട്. അവരുടെ മുന്‍ ഭര്‍ത്താവ് ഒരു എഴുത്തുകാരന്‍ ആണ്. അയാള്‍ മറ്റൊരു പെണ്ണുമായി അടുപ്പത്തിലാണ്. അമ്മയാകട്ടെ ചെറുപ്പകാരനായ ഒരു പയ്യനുമായി വിവാഹത്തിനൊരുങ്ങുന്നു. അച്ഛന്‍ വര്‍ഷങ്ങള്‍ക്കു മുന്നേ കുറേ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ഒരു psychopath ആണ്. അയാള്‍ ജയിലില്‍ വര്‍ഷങ്ങളായി ശിക്ഷ അനുഭവിക്കുകയാണ്, ഇപ്പോള്‍ പരോളിനായി അപേക്ഷിച്ചിരിക്കുന്നു. അന്ന് നടന്ന സംഭവത്തില്‍ അച്ഛനൊപ്പമുണ്ടായിരുന്ന മകളെയും പല ആളുകളും psychopath ആയി കാണുന്നു. പലര്‍ക്കും ആ അച്ഛന്റെ മകളോടും വെറുപ്പാണ്. വീട്ടില്‍ ഒറ്റയ്ക്കാണ് അവര്‍ താമസിക്കുന്നത്. അയല്‍പക്കത്തെ വീട്ടില്‍ താമസിക്കുന്ന ദമ്പതികളോട് മാത്രമാണ് പിന്നെ അവര്‍ക്ക് പരിചയമുള്ളത്. ഇതാണ് Michelle – ന്റെ ലോകം. ഇവരുമായി ഉള്ള അവരുടെ സംഘര്‍ഷങ്ങളും കണ്ടുമുട്ടലുകളും ഇടപെടലുകളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം.

Stephane Fontaine - Cinematographer

ക്യാമറ Michelle അറിയാതെ അവരോടോപ്പമുണ്ട്. ഒളിഞ്ഞ് നിന്ന് നമ്മള്‍ എല്ലാം കേള്‍ക്കുന്നത് പോലെയോ കാണുന്നത് പോലെയോ അനുഭവപ്പെടുന്ന വിധം വിശ്വസനീയമാണ് Stephane Fontaine -ന്റെ ഛായാഗ്രഹണം. Michelle – നെ പിന്തുടരുന്ന നമ്മള്‍ അവരെ കൂടുതല്‍ അറിയുകയാണ്. അവള്‍ അനുഭവിക്കുന്ന ഏകാന്തയും ഒറ്റപ്പെടലും, അവരെ വേട്ടയാടുന്ന ഭൂതകാലവും നമ്മള്‍ കാണുന്നു. അവരുടെ വെെകാരികമായ ചിന്തകള്‍, ലെെംഗിക താല്‍പര്യങ്ങള്‍, കാഴ്ചപ്പാടുകള്‍ – ഇതിലൂടെയെല്ലാം സിനിമ കടന്നു പോകുന്നുണ്ട്. അക്രമിക്കപ്പെട്ടതിന് ശേഷം അവള്‍ കൂടുതല്‍ ശക്തയായി പുനര്‍ജനിക്കുന്നില്ല. മിഷേല്‍ മിഷേലായി തന്നെ നിന്നു. ഒരു ‘sexual object’ ആവാന്‍ അവള്‍ ആഗ്രഹിച്ചില്ല. ഒറ്റയ്ക്ക് ജീവിക്കുന്നതില്‍ അവര്‍ക്ക് ഭയവുമില്ല. തന്നെ ഉപദ്രവിച്ച മുഖമൂടി ധരിച്ചവനെ പിന്നെ തിരിച്ചറിയുന്പോഴും അവനോട് ദേഷ്യം കാട്ടിയില്ല, പ്രതികാരം ചെയ്യാന്‍ തുനിഞ്ഞില്ല. അങ്ങനെ ‘sexual rape violence’ സിനിമകളുടെ എല്ലാ മിത്തുകളെയും ക്ലീഷേകളെയും പൊളിച്ചുമാറ്റുകയാണ് ഈ സിനിമ. എന്തുകൊണ്ട് അവള്‍ ആ ആക്രമണത്തില്‍ തകര്‍ന്നില്ല എന്നതിനെ ന്യായീകരിക്കാന്‍ അവളുടെ ഭൂതകാലവും, sexual violent video game – നോടുള്ള താല്‍പര്യത്തില്‍ നിന്ന് ‘violence’ – നോടുള്ള ഇഷ്ടവും മനസ്സിലാക്കാം. അവളുടെ ജീവിതത്തിന്റെ ഭാഗമായി തന്നെ മാറിയിരുന്നു ‘violence’.

തുടക്കത്തില്‍ തന്നെ മുഖമൂടി ധരിച്ച ഒരാളെ മുന്നിലേക്കിട്ട് തരുന്പോള്‍ അയാളിലേക്കെത്തുന്ന രീതിയില്‍ സിനിമയെ സമീപിക്കാമായിരുന്നു സംവിധായകന്. പക്ഷേ അത്തരത്തില്‍ ഒരു revenge story ആയി ഒക്കെ മാറ്റമായിരുന്ന സിനിമയെ സംവിധായകന്‍ മറ്റൊരു കോണിലൂടെയാണ് നോക്കികണ്ടത്. ആരാണ് ആ മുഖമൂടി ധരിച്ച പ്രതി എന്ന ചോദ്യത്തിനേക്കാളും Verhoevan ശ്രദ്ധിച്ചത് സൂക്ഷ്‌മമായും കൃത്യമായും Michele – നെ അവതരിപ്പിക്കാനാണ്. അവളിലൂടെ വഴിതെറ്റി സഞ്ചരിക്കുന്ന കുറേ ആളുകളുടെ ജീവിതത്തെ കുറിച്ച് പറയാന്‍ ആണ് ശ്രമിച്ചത്. സാധാരണ ഗതിക്ക് കുറ്റം ചെയ്ത പ്രതിയെ, കാണുന്ന നമ്മള്‍ക്ക് പിടി തരാത്തവണ്ണം കഥയിലെവിടെയെങ്കിലും സംസ്കരിക്കുകയോ, അതുമല്ലെങ്കില്‍ തീര്‍ത്തും അപ്രതീക്ഷിതമായ രീതിയില്‍ ഒരു നല്ല കഥാപാത്രത്തെ സിനിമയുടെ ഒടുക്കം കൊണ്ട് വില്ലനാക്കുന്ന കണ്‍കെട്ടു വിദ്യയുമൊക്കെയാണ് സംവിധായകര്‍ പയറ്റുന്നത്. അവിടെയും Paul Verhoevan എന്ന സംവിധായകന്‍ വ്യത്യസ്ഥനാകുന്നു. പലപ്പോഴും കഥ പുരോഗമിക്കുന്പോള്‍ തന്നെ ആരാകാം ആ മുഖമൂടിക്കാരന്‍ എന്ന് നമ്മുക്ക് ഊഹിക്കാന്‍ കഴിയുന്ന രീതിയില്‍ സൂചനകള്‍ നമ്മള്‍ക്ക് കിട്ടുന്നുണ്ട്. Verhoevan കൂടുതലും അര്‍ത്ഥമില്ലാതെ ജീവിതം നയിക്കുന്ന കുറേ മനുഷ്യരുടെയും അവരുടെ നുണകളാല്‍ പടുത്ത ബന്ധങ്ങളുടെയും കഥയാണ് പറയുന്നത്. പല കഥാപാത്രങ്ങളും നേരിടുന്നതും പല തരത്തിലുള്ള പ്രശ്നങ്ങളാണ്. ആ പ്രശ്നങ്ങളെ ഒക്കെ അവഗണിച്ച് അവര്‍ ഒന്നുമില്ല എന്ന മട്ടില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു.

‘Power’ (ബലം) അതുപോലെ തന്നെ ‘Consent’ (സമ്മതം) – ഇത് രണ്ടും സിനിമയില്‍ പ്രധാന ഘടകമാണ്. തന്നെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നവനെ വെെകാരികമായി കീഴ്പ്പെടുത്തുകയാണ് Michele. അവന്റെ ഉള്ളിലെ മാനസിക വിഭ്രാന്തിയിലെക്ക് ഇറങ്ങി ചെല്ലുകയാണ് അവള്‍. ആരാണ് ആധിപത്യം നേടുന്നത് എന്നത് ഒരു ചോദ്യമായി മുന്നോട്ട് വരുന്നു. പുരുഷാധികാരത്തെ തന്നെ സ്ത്രീ വെല്ലുവിളിക്കുന്നു. തന്റെ അനുവാദമില്ലാതെ തന്നെ അക്രമിക്കുന്പോള്‍ അവള്‍ ആദ്യം എതിര്‍ത്തു. പക്ഷേ പിന്നീട് ‘സമ്മതം’ കിട്ടുമ്പോഴും അക്രമിക്കുന്നത് വെെരുദ്ധ്യമാകുന്നു. Michele അതിനും സമ്മതിക്കുന്നു. പക്ഷേ ആ സമ്മതം അവന്റെ തോല്‍വിയാകുന്നു. ആ ഒരു സീനിലൂടെ മാത്രം പറയാന്‍ ശ്രമിക്കുന്ന anti-patriarchy രാഷ്ട്രീയം, അല്ലെങ്കില്‍ സ്ത്രീ- പുരുഷ തുല്യതയുടെ രാഷ്ട്രീയം സിനിമയുടെ മികവാണ്.

50 കഴിഞ്ഞ സ്ത്രീയുടെ ലെെംഗിക ചിന്തയും ഏകാന്തതയില്‍ നിന്ന് ഉയരുന്ന രതിവികാരങ്ങളെയും Michele – ലൂടെ കാണാന്‍ സാധിക്കും. ഒരു പ്രാവശ്യം തന്നെ തല്ലിയതിന് ഭര്‍ത്താവിനെ വേര്‍പിരിയാന്‍ കാട്ടിയ മനസ്സ് ആര്‍ക്കും അടിമപ്പെടാന്‍ അവള്‍ തയ്യാറല്ല എന്ന് അടയാളപ്പെടുത്തുന്നു. പിന്നീട് ഒരു അവസരത്തില്‍ ഭര്‍ത്താവ് തന്നെ പറയുന്നുണ്ട് അയാള്‍ ഏറ്റവും പശ്ചാത്തപിക്കുന്നതും ആ തല്ലിയ നിമിഷത്തെ ഓര്‍ത്താണ്. തന്റെ കൂട്ടുകാരിയുമായി കിടക്ക പങ്കിടുകയാണ് ഭര്‍ത്താവ് എന്ന് അറിയുന്പോള്‍ അവനെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്ന Anna – യും, പ്രായമേറെയായിട്ടും തന്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാന്‍ തന്റേടം കാട്ടിയ Michele – ന്റെ അമ്മയും എല്ലാം ശക്തമായ നിലപാടുകള്‍ പറയുന്നുണ്ട്. സ്ത്രീയും പുരുഷനും തുല്യരാണ് എന്ന് ബോധിപ്പിക്കാന്‍ കുറെ നേരത്തെ ദീര്‍ഘ സംഭാഷണമോ, കരച്ചില്‍ നാടകങ്ങളോ പോരാട്ടമോ ഒന്നുമില്ലാതെ സ്വാഭാവികമായ കഥയിലൂടെ പറഞ്ഞതിന് സംവിധായകനും കഥാകാരനും കെെയ്യടി അര്‍ഹിക്കുന്നു.

Elle – യില്‍ എവിടെയും Isabelle Huppert എന്ന നടിയെ നമ്മള്‍ കാണുന്നില്ല. Michelle Lesblanc എന്ന ‘കഥാപാത്രത്തെ’ ആയിരുന്നോ നമ്മള്‍ കണ്ടത് എന്ന് തോന്നിപോകും. ലോകത്തെ എക്കാലത്തെയും മികച്ച നടിയായി എന്തുകൊണ്ടാണ് എല്ലാവരും Isabelle Huppert – നെ കാണുന്നത് എന്നത് ഈ സിനിമയിലെ ഗംഭീര പ്രകടനത്തിലൂടെ മനസ്സിലാക്കാം. കഥാപാത്രമായി Huppert ജീവിച്ചത് ‘Piano Teacher’ – ലും അത്ഭുതപ്പെടുത്തിയെങ്കിലും Elle ആ നടിയുടെ മാത്രമല്ല, ഒരു അഭിനേത്രിക്ക് ലഭിക്കാവുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു വേഷമാണ്. Elle എന്ന സിനിമ ആഴത്തില്‍ സ്പര്‍ശിക്കുന്നത് Huppert – ന്റെ സമാനതകളില്ലാത്ത പ്രകടനം കൊണ്ടാണ്. Michelle കരുത്തുറ്റ സ്ത്രീയാണ്. അവരെ സൂക്ഷ്മമായി പഠിച്ച്, അവരായി പരകായപ്രവേശം നടത്തിയ പ്രകടനത്തിന് നന്ദി Huppert. കാരണം പണത്തിന് വേണ്ടിയും പ്രശസ്തിക്ക് വേണ്ടിയും സിനിമയെ കാണുന്ന സ്വയംപ്രഖ്യാപിത ‘കലാകാര്‍ക്ക്’ നിങ്ങള്‍ മാതൃകയാകട്ടെ. പല വെെകാരിക തലങ്ങളൂള്ള ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നിങ്ങള്‍ കാട്ടിയ ധെെര്യത്തിനും ഒരു ബിഗ് സല്യൂട്ട്.

Elle എന്ന ഫ്രഞ്ച് വാക്കിന്റെ അര്‍ത്ഥം ‘അവള്‍’ എന്നാണ്. അതെ അവള്‍ ശക്തയാണ്, നിര്‍ഭയം ജീവിതത്തിലെ വെല്ലുവിളികളെ നേരിട്ടവളാണ്. ആധുനികത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച സ്ത്രീപക്ഷ ചിന്തകളെ പാടേ നിരസിച്ചവളാണ്. Post- modern feminist ചിത്രങ്ങളില്‍ ഏറ്റവും മികച്ച സിനിമയാണ് Elle. ആധുനികാനന്തര സ്ത്രീപക്ഷ രാഷ്ട്രീയ ചിന്തകളെ ഇത്രത്തോളം കഴന്പുള്ള കഥയായി ആവിഷ്ക്കരിച്ച മറ്റൊരു സിനിമയും ഇല്ല. ഇന്നത്തെ ലിംഗ വിവേചന രാഷ്ട്രീയ അന്തരീക്ഷത്തില്‍ കണ്ടിരിക്കേണ്ട സിനിമയാണ് Elle. ഒരു post- feminist നായികയിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കുന്ന സിനിമ എന്നതിനപ്പുറം സ്ത്രീ സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും ആഹ്വാനം ചെയ്യുകയാണ് ഈ ചിത്രം. കണ്ടുമടുത്ത കഥകളില്‍ നിന്നും വ്യത്യസ്ഥമായി ഉള്ള് തൊട്ട് തലച്ചോറില്‍ ചിന്തകളുടെ പുതിയ ചാലുകള്‍ വെട്ടി തെളിയിക്കുന്ന കഥയാണ് ഇത്.