മലയാളത്തിലെ മികച്ച കുറ്റാന്വേഷണ ചിത്രങ്ങളിൽ പെടുത്താവുന്നതാണ് "ജോസഫി"നെ | Krishnendu Kalesh

Nov-28-2018 07:11 PM

"ജോസഫ്" എന്ന സിനിമ മലയാളികൾക്ക് തിരിച്ചറിയാവുന്നതും മിസ് ചെയ്യുന്നതുമായൊരു തൊണ്ണൂറുകളിലെ ക്ലാസിക് കഥപറച്ചിൽ കാലത്തേക്ക് നമ്മെ കൊണ്ട് പോകുന്നുണ്ട്. എന്നാൽ അത് കൈകാര്യം ചെയ്യുന്ന വിഷയവും പ്ലോട്ടും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റേതുമാണ്. ആവശ്യമെങ്കിൽ അതിനകത്തു തന്നെ ഗൗരവമേറിയ സൈക്കോളജിക്കൽ ചിന്തകൾ സിനിമ പ്രദാനം ചെയ്യുന്നുണ്ട്. മനുഷ്യജീവിതത്തെ ശരീരത്തിനും കല്ലറക്കുമിടയിൽ നിർത്തി ചിന്തിപ്പിക്കുന്നതും, മറുവശത്തു ശരീരഭാഗങ്ങൾ കൊത്തിപ്പറിക്കാൻ കാത്തുനിൽക്കുന്ന കഴുകന്മാരുടേതു പോലുള്ളൊരു പ്രെഡറ്റർ ഇമേജറിയും, ക്രിസ്തീയ വിശ്വാസത്തിലെ പരിത്യാഗവും, പോലീസ് ഇൻവെസ്റ്റിഗേഷനിലെ സൂക്ഷ്മാംശങ്ങളും, അവയുടെ സ്വാഭാവികതയും എല്ലാം കൊണ്ട് പല തലങ്ങളിൽ ചിന്തിപ്പിക്കുന്നതും രസിപ്പിക്കുന്നതുമാണ് ചിത്രം. ആര് കൊന്നു എന്നതിനേക്കാളും ചില മരണങ്ങൾക്ക് പിന്നിലുള്ള വലിയ കാരണം എന്നതാണ് സിനിമ അഡ്രസ് ചെയ്യുന്നത്. കഥന രീതി നമ്മുടെ കാഴ്ച്ച ശീലത്തിനനുസരിച്ചു തന്നെ ലളിതവും, മൈൻസ്ട്രീമുമാണ്.

ഒറ്റയാൾ ജീവിതം നയിക്കുന്ന ഒരു റിട്ടയേഡ് പോലീസുകാരന്റെ ജീവിതം എന്ന പരിചയമുള്ളൊരു ചുറ്റുപാടെന്ന് തോന്നിക്കുന്ന തുടക്കത്തിൽ നിന്നും, അയാൾ ഇന്നത്തെ പോലീസിനെ ഓഫ് ഡ്യൂട്ടിയിൽ സഹായിക്കുന്ന രീതിയിലുള്ള ഒരു എസ്റ്റാബ്ലിഷ്‌മെന്റിലൂടെ തുടങ്ങി അയാളുടെ ഭൂതകാലവും, ഇക്കാലത്തെ ഉദ്വെഗം നിറഞ്ഞഒരു ക്രൈം ഇന്വെസ്റ്റിഗേഷനും, അതിന്റെ വ്യാപ്തിയും എല്ലാം തമ്മിലുള്ള കെട്ടുപാടുകളുമൊക്കെയാണ് ചിത്രത്തിന്റെ കഥ. ഏറെക്കാലങ്ങൾക്ക് ശേഷം മലയാള വാണിജ്യസിനിമയിൽ നീറ്റും ഡിസിപ്ലിൻഡുമായ ഷോട്ടുകളിൽ കൂടിയും, പതിഞ്ഞ താളത്തിലുള്ള നരേട്ടീവിൽക്കൂടിയും ഉറപ്പിച്ചുറപ്പിച്ചാണ് കഥ പോകുന്നത്. സിനിമയുടെ അണ്ടർകറന്റ് ത്രില്ലിങിനെക്കാളും ഇമോഷണൽ ആണ്. സംവിധായകനായ എം. പദ്മകുമാറിന്റെ എല്ലാ ചിത്രങ്ങളും ഇതേ ഫോര്മാറ്റിലുള്ള ആത്മ-ബാഹ്യ സംഘർഷങ്ങൾ നിറഞ്ഞ തിരക്കഥകളെയാണ് ഫോളോ ചെയ്യാൻ ശ്രമിക്കാറ്, പലതിലും വിഷയങ്ങളുടെ അതിപ്രസരവും നീളവും ഡ്രാമയും ഒക്കെ ബാധിക്കാറുണ്ട്. എന്നാൽ "ജോസെഫി"ന്റെ നീളവും തൂക്കവും കൃത്യമാണ്, 2 മണിക്കൂർ 17മിനിറ്റിൽ ചിത്രം ഒരുപാട് കഥാകാര്യങ്ങൾ കാഴ്ചക്കാരുടെ ശദ്ധ വ്യതിചലിപ്പിക്കാതെ കൺവെ ചെയ്യുന്നുണ്ട്, അതും സ്ഥിരതയോടെ ഏറ്റവും എഫക്ടീവായി തന്നെ. പുതുമയും പരമ്പരാഗത രീതികളും ഇടവിട്ട് വരുന്നുണ്ട് ട്രീട്മെന്റിൽ. കെ. ജി.ജോർജിന്റെ "ഈ കണ്ണി കൂടി" എന്ന ചിത്രത്തിന്റെതു പോലൊരു ഷേഡ് പലപ്പോഴും ഫീൽ ചെയ്യാം, എന്നാൽ ഇത് അതിനെ അപേക്ഷിച്ചു കൂടുതൽ ദൃശ്യപരമാണ്.

നവതിരക്കഥാകൃത്തും, പോലീസുദ്യോഗസ്ഥനുമായ ഷാഹി കബീർ തിരക്കഥയെ അപ്പ്രോച് ചെത്തിരിക്കുന്നത് റിയലിസ്റ്റിക്കും ആഴമേറിയതുമായ തലത്തിലാണ്. സ്ട്രക്ച്ചർ നായകന്റെ മാനസിക സംഘർഷവും കുറ്റാന്വേഷണവും എന്ന പതിവ് ഫോര്മാറ്റിനകത്തു നിന്നാണെങ്കിലും അതിഭാവുകത്വത്തിന്റെയും, സാധാരണത്വത്തിന്റെയും അംശം പോലുമില്ലാതെയാണ് ഷാഹി തിരക്കഥയെ സമീപിച്ചിട്ടുള്ളത്. സ്ത്രീ കഥാപാത്രങ്ങളുടെ സ്ക്രീൻ പ്രേസേന്സ് കുറവാണെങ്കിലും നായക കഥാപാത്രരൂപികരണത്തിൽ അവരുടെ സ്വാധീനം വലുതാണ്. ഇടക്കൊരു സെഗ്മെന്റ് (കാമുകി) ചിന്തിച്ചാൽ ഫ്രോയിഡിയൻ രീതിയിൽ പോലും വാലിഡാണ്. പാരലൽ കുറ്റാന്വേഷണതിനിടയിലുള്ള പോലീസ് പ്രവൃത്തികളിലെ ഡീറ്റൈലിംഗ് എടുത്തു പറയേണ്ടതാണ്. അലറിവിളിക്കുന്ന, ഫിലോസഫിയും തർക്കുത്തരങ്ങളും എടുത്തമ്മാനമാടിക്കുന്ന പോലീസുകാരെന്ന ചട്ടക്കൂടിനകത്തെ ഒരു സീൻ പോലുമില്ല ചിത്രത്തിൽ. ആദ്യഭാഗത്തു ഓർമകളിലേക്ക് പോകുമ്പോൾ പരമ്പരാഗതമായ രീതിയിൽ ഗാനങ്ങളിലേക്ക് സിനിമ പോകുന്നുണ്ടെങ്കിലും അവയുടെ പിന്നീടുള്ള പേ ഓഫ്, കൺക്ഷനുകൾ വെച്ച് നോക്കിയാൽ ഓക്കെയാണ്. എന്തിരുന്നാലും പാട്ടുകളുടെ എണ്ണം കുറക്കമായിരുന്നു എന്ന് തോന്നി. മിനിമല് ആയ സംഭാഷണങ്ങളിലൂടെ പോകുന്ന ചിത്രത്തിന്റെ ക്ലൈമാക്സിനു ശേഷമുള്ള വിശദീകരണം നീളമേറിയ വെർബൽ ആണ്. അത് പക്ഷെ അങ്ങനെയേ തരമുള്ളൂ, അവ കാണികൾ ശ്രദ്ധിച്ചു മുഴുകിയിരുന്നു കാണേണ്ട രീതിയിൽ തന്നെ സിനിമ സെറ്റ് ചെയ്തിട്ടുണ്ട്. സിനിമയുടെ ക്ളൈമാക്സ് എത്തിക്കലി ശരിയോ, അതിഭാവുകത്വമോ, അനാവശ്യഭീതിയോ എന്നത് വേറെ സാമൂഹിക വിഷയം, സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നവയൊക്കെയാണ്.

തിരക്കഥക്കനുയോജ്യമായ രീതിയിൽ മാത്രമാണ് മനേഷ് മാധവന്റെ ഛായാഗ്രഹണം, ഫ്രേമിങ്ങോ ലൈറ്റിങ്ങോ എന്ന ചിന്തയിലേക്കൊന്നും അവ കാണികളെ സഞ്ചരിപ്പിക്കുന്നില്ല, ഗിമ്മിക്കുകൾ പൂര്ണമായതും ഒഴിവാക്കി കഥപറച്ചിലിനുള്ള അദൃശ്യസാന്നിധ്യമാണ് ക്യാമറയുടേത്. നായകന്റെ സ്വഭാവത്തിനനുസരിച്ചും, അയാളുടെ ഓർമകളുടെ ഇടപെടലിനനുസരിച്ചും, അവയുടെ വേട്ടയാടലുകളെ ഹോൾഡ് ചെയ്യുന്ന ഷോട്ടുകൾ കട്ട് ചെയ്യാതെയും അതെ സമയം ഇൻവെസ്റ്റിഗേഷന്റെ തിടുക്കത്തിനനുസരിച്ചും കഥപറച്ചിലിന്റെ പേസ് കൃത്യമായാണ് എഡിറ്റർ കിരൺ ദാസ് സെറ്റ് ചെയ്തിരിക്കുന്നത്. റിയാക്ഷനുകൾ എവിടെ കട്ട് ചെയ്യണമെന്ന സങ്കേതം പഠിക്കാവുന്ന എഡിറ്റിംഗ് ശൈലിയാണ് കിരണിന്റേത്. പശ്ചാത്തല സംഗീതം ചിലയിടത്തു മികച്ചതെങ്കിലും പലയിടത്തും മെലോഡ്രാമാറ്റിക് രീതിയിലേക്കുള്ള അതിന്റെ തുടരെയുള്ള പോക്ക് കുറക്കാമായിരുന്നു. ഒരു സമയത്തും ഹൈ-ലോ റേഞ്ചുകളിലേക്ക് പോകാതെ കഥാപാത്രത്തിന്റെ മീറ്റർ കൃത്യമായി Joju George എന്ന നായകൻ സിനിമയിൽ നിലനിർത്തുന്നുണ്ട്. ഇമോഷണൽ രംഗങ്ങൾ അദ്ദേഹം വളരെ പാകതയോടെയാണ് ഡെലിവേർ ചെയ്തിരിക്കുന്നത്. ഇമേജ് ഭാരങ്ങളിൽ കുടുങ്ങാത്ത അഭിനേതാക്കളുടെ പങ്കാളിത്തം സിനിമയെ കഥാപാത്രയോജ്യമായ രീതിയിൽ മാത്രം സമീപിക്കാൻ സംവിധായകനെ സഹായിച്ചിട്ടുണ്ട്. ദിലീഷ് പോത്തന്റെയൊക്കെ ഇത് വരെ കാണാത്ത സർട്ടിലിറ്റി ഇതിൽ കാണാം.

മലയാളത്തിലെ മികച്ച കുറ്റാന്വേഷണ ചിത്രങ്ങളിലും, ഈ വർഷത്തെ മികച്ച അഞ്ചു മലയാള ചിത്രങ്ങളിലും പെടുത്താവുന്നതാണ് "ജോസഫി"നെ. കലർപ്പുകളേതുമില്ലാതെ ഇത്തരം ക്ലാസ്സിക് നരേറ്റിവുകൾ ഇന്നത്തെ ഫേക്ക് റിയലിസം പടച്ചുണ്ടാക്കിയ തള്ളു ചിത്രങ്ങൾക്കിടയിലെ ആശ്വാസങ്ങളാണ്. ഈ വർഷത്തെ തമിഴ് അതിഭാവുകത്വ ത്രില്ലെർ ചിത്രങ്ങളുമായി താരതമ്യം ചെയ്താൽ അവയെക്കാളൊക്കെ സോളിഡ് ആയ, യാഥാർഥ്യബോധമുള്ള, യോഗ്യതയുള്ളൊരു കുറ്റന്വേഷണ ചിത്രമാണ് "ജോസഫ്".