Knives Out | Rian Johnson | Review

Jan-04-2020 07:01 PM

മുൻപ് മണിച്ചിത്രത്താഴിനെ കുറിച്ച് എഴുതിയപ്പോൾ, 'എന്താണ് മിസ്റ്ററി' എന്നത് പ്രേക്ഷകരിൽ നിന്നും മറച്ചു വെക്കുന്നതിലൂടെയാണ് മികച്ച ട്വിസ്റ്റുകൾ വിജയിക്കുന്നതെന്നു അഭിപ്രായപ്പെട്ടിരുന്നു. അതിന്റെ ഒരു ഉദാഹരണം ആണ് നൈവ്സ് ഔട്ട്. ട്വിസ്റ്റ് എന്ന നിലയിൽ ഞെട്ടിപ്പിക്കുന്നില്ലെങ്കിലും പ്രവചനീയമായ, അതും കഥയിലുടനീളം clues വാരി വിതറി ഇട്ട ഒരു മർഡർ മിസ്റ്ററി അവസാനം വരെ എൻഗേജിങ് ആക്കി നിർത്തിയതിൽ പ്രേക്ഷകനെ മിസ്‌ലീഡ് ചെയ്യുന്ന തിരക്കഥയ്ക്ക് വലിയ പങ്കുണ്ട്: തുടങ്ങി പതിനഞ്ചു മിനിറ്റ് ആവുമ്പോളേക്ക് ഇത് കൊലപാതകമല്ല ആത്മഹത്യയാണ് എന്ന് വ്യക്തമാക്കുന്നു. ആരാണ് കൊലപാതകി എന്നറിയാൻ തീയറ്ററിൽ വന്നവരുടെ ശ്രദ്ധ പിന്നെ മാർത്ത എങ്ങനെ രക്ഷപ്പെടും എന്നതിലാവുന്നു (മാർത്ത രക്ഷപ്പെടണം എന്ന് പ്രേക്ഷകരെ കൊണ്ട് ആഗ്രഹിപ്പിക്കാൻ കഴിയുന്നതിൽ അനാ ഡി അർമാസിന്റെ പ്രകടനവും ആ കഥാപാത്രസൃഷ്ടിയും പ്രശംസയർഹിക്കുന്നു). ഇൻവെസ്റ്റിഗേഷനിൽ നിന്നും സർവൈവലിലേക്ക് genre മാറുന്ന സിനിമ ഒരു കൊലപാതകവും കാർ ചേസും ഒക്കെ കഴിഞ്ഞു ഒടുവിൽ നായിക രക്ഷപ്പെട്ടു എന്ന അവസ്ഥയിലെത്തുമ്പോൾ തിരിച്ചു മർഡർ മിസ്റ്ററി എന്ന ട്രാക്കിൽ തന്നെ എത്തുന്നു. സർവൈവൽ ത്രില്ലർ എന്ന് തോന്നിക്കുന്ന ഭാഗങ്ങൾ ശെരിക്കും ഹിച്ച്‌കോക്ക് സിനിമകളെയാണ് ഓർമിപ്പിച്ചത്.

ഒരേ സംഭവം വ്യത്യസ്ത കഥാപാത്രങ്ങളുടെ ഫ്ലാഷ്ബാക്കിലൂടെ കാണിക്കുന്ന റാഷമോൺ എഫക്ട് തന്റെ മുൻചിത്രമായ ലാസ്റ്റ് ജെഡൈയിൽ ഉപയോഗിച്ച റയാൻ ജോൺസൻ ഇവിടെയും അത് ആവർത്തിക്കുന്നു. ഹാർലാന്റെ ബർത്ത്ഡേ പാർട്ടിയെ കുറിച്ച് ഓരോരുത്തരും പറയുന്ന മൊഴികളിൽ അത് വ്യക്തമാണ്. അത് പോലെ ഹാർലാന്റെ മരണത്തെ കുറിച്ചുള്ള മർത്തയുടെ ഓർമകളും ഒന്നിലേറെ തവണ കാണിക്കുന്നുണ്ട്. ഒറിജിനൽ സ്ക്രീൻപ്ലേ എന്ന നിലയിൽ knives out മികച്ചു നിൽക്കുന്നതിൽ ഒരു ഘടകം ഫ്ലാഷ്ബാക്കുകളുടെ വിദഗ്ധമായ ഉപയോഗമാണ്. ചിത്രത്തിന്റെ തുടക്കത്തിൽ പോലീസും ഡിറ്റക്റ്റീവ് ബ്ലാങ്കും കൂടി കൊല നടന്ന രാത്രിയെ കുറിച്ച് ശേഖരിക്കുന്ന വിവരങ്ങൾക്കെല്ലാം മാർത്തയുടെ മനസിലെ ഫ്ലാഷ്ബാക്കുകളിലൂടെ വിശദീകരണം ലഭിക്കുന്നുണ്ട് - മൂന്നു മണിക്ക് പട്ടികൾ കുരച്ചതു കേട്ടു എന്ന് കാതറിൻ ലാങ്‌ഫോർഡിന്റെ കഥാപാത്രം പറയുന്നതിനൊഴികെ. മാർത്തയെ കണ്ടു പട്ടികൾ ബഹളം വയ്ക്കില്ല എന്ന് ഹാർലാൻ എടുത്തു പറയുന്നതിനാൽ മാർത്തയല്ലാതെ വേറെ ആരോ രാത്രി വീട്ടിൽ വന്നിരുന്നു എന്നതിനുള്ള സൂചനയാണിത്. വില്പത്രവായനസമയത്തു റാൻസം വീട്ടിലേക്ക് വരുമ്പോൾ പട്ടികൾ അയാളുടെ നേരെ കുരച്ചു ചാടുന്നുണ്ട്. റാൻസം തന്നെയാണ് രാത്രി വീട്ടിൽ വന്നയാൾ എന്ന് അവസാനം തെളിയുന്നതോടെ പ്രാഥമിക അന്വേഷണത്തിൽ കിട്ടിയ എല്ലാ മൊഴികൾക്കും വിശദീകരണമാവുന്നു.

പ്രശസ്തനായ ഡിറ്റക്റ്റീവ് എന്ന് എല്ലാവരും വിശേഷിപ്പിക്കുന്നതല്ലാതെ ഹോംസിനെയോ Poirot-നെയോ പോലെ അതീവബുദ്ധിപ്രകടനമൊന്നും ബ്ലാങ്ക് നടത്തുന്നില്ല. സൗത്തേൺ ആക്സന്റ് അല്ലാതെ വേറെ personal quirks-ഉം അയാൾ കാണിക്കുന്നില്ല. പക്ഷേ ബ്ലാങ്ക് നല്ല ഡിറ്റക്റ്റീവ് ആയിരുന്നു എന്ന് അവസാനം തെളിയുന്നുണ്ട്. അയാളെ ശെരിക്കും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കുന്നത് ഡാനിയൽ ക്രെയ്ഗിന്റെ അഭിനയമാണ്. ക്രെയ്ഗ് അഭിനയിച്ചു ബ്ലാങ്കിനെ കേന്ദ്രകഥാപാത്രമാക്കി കൂടുതൽ സിനിമകൾ വന്നാൽ കാണാൻ രസമായിരിക്കും.

സാധാരണ ഇത് പോലത്തെ കുറ്റാന്വേഷണസിനിമകൾ കൂടുതലും ഏതെങ്കിലും നോവലിനെ (മിക്കവാറും അഗതാ ക്രിസ്റ്റിയുടെ) അടിസ്ഥാനമാക്കി എടുത്തതായിരിക്കും. കഥ പറയാനുള്ള മാധ്യമം നോവലിൽ നിന്നും സിനിമയിലേക്ക് മാറുമ്പോൾ, സാധ്യതകളും പരിമിതികളും വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് നോവലിൽ ഒരു പക്ഷേ റിയലിസ്റ്റിക് അല്ലാത്ത ദീർഘമായ സംഭാഷണങ്ങൾ ഉണ്ടായിരിക്കും, അവിടെ വായനക്കാരന് കാര്യം മനസ്സിലാവാൻ എളുപ്പം അതാണ്. എന്നാൽ സിനിമയിൽ ആ സംഭാഷണത്തിന് പകരം ദൃശ്യങ്ങൾ പല രീതിയിൽ കാണിക്കാവുന്നതാണ്. ഒരു നോവലിനെയും അടിസ്ഥാനമാക്കി എഴുതിയതല്ല എന്നതിനാൽ knives out പൂർണമായും ഒരു ദൃശ്യമാധ്യമത്തിനു വേണ്ടി സൃഷ്‌ടിച്ച കഥയാവുന്നു, അത് നന്നായി വർക്ക് ഔട്ട് ആയിട്ടുമുണ്ട്. മികച്ചതും അല്ലാത്തതുമായ അനേകം അഡാപ്റ്റേഷനുകൾ കണ്ട അനുഭവം ഉള്ളവർക്ക് ഇത് പെട്ടെന്നു മനസിലാവും. അത് പോലെ, ഹോംസ്-വാട്സൺ പോലെ ഡിറ്റക്റ്റീവ്-സുഹൃത്ത് എന്ന ഡൈനാമിക് തന്നെ വായനക്കാരന് അന്വേഷണത്തെ കുറിച്ച് മനസ്സിലാവാൻ ഉണ്ടാക്കിയതാണ്. ബ്ലാങ്ക് മാർത്തയെ വാട്സൺ എന്ന് വിളിക്കുന്നെണ്ടെങ്കിലും യഥാർത്ഥത്തിൽ പ്രേക്ഷകൻ മാത്രമാണ് ഇവിടെ വാട്സൺ, ഒരു proxy-വാട്സന്റെ ആവശ്യം ഏറ്റവും അവസാനം മാത്രമേ വരുന്നുള്ളൂ.

ചിത്രത്തിന്റെ അവസാനം “ഇത് ഞങ്ങളുടെ ancestral home ആണ്, ഇവിടെ താമസിക്കാൻ നിനക്ക് ഒരു അവകാശവുമില്ല” എന്ന് കുടിയേറ്റക്കാരിയായ മാർത്തയോട് റാൻസം തട്ടിക്കയറുന്നുണ്ട്. അപ്പോൾ തന്നെ ശെരിക്കും അത് അവരുടെ മുത്തച്ഛൻ (ഹർലാൻ) എൺപതുകളിൽ വാങ്ങിയ വീടാണ്, അല്ലാതെ ത്രോംബി കുടംബത്തിലെ ആരും പണി കഴിപ്പിച്ചതൊന്നുമല്ല എന്ന് ചൂണ്ടിക്കാട്ടി ബ്ലാങ്ക് അയാളുടെ വായടപ്പിക്കുന്നു. നേറ്റീവ്സിനെ കൊന്നും കൊള്ളയടിച്ചും അമേരിക്കയിൽ കുടിയേറിയ യൂറോപ്യന്മാരുടെ പിന്മുറക്കാരിൽ ചിലർ ഇപ്പോൾ കുടിയേറ്റക്കാരോട് കാണിക്കുന്ന അസഹിഷ്ണുതയ്ക്കിട്ടുള്ള കൊട്ടാണ് ഈ രംഗമെന്നിരിക്കെ, ക്യാപ്റ്റൻ അമേരിക്കയായി ജനമനസ്സിൽ ഇടം പിടിച്ച നടനെ കൊണ്ട് തന്നെ റാൻസമിന്റെ ഡയലോഗ് പറയിച്ചതിൽ ഒരു കാവ്യനീതിയുണ്ട്.

കഥയുടെ എന്റർടൈൻമെന്റ് വാല്യൂ എന്നതിന് പുറമെ അവയിലെ മാനുഷികമൂല്യങ്ങളും പ്രശ്നങ്ങളും എന്നും പ്രസക്തമാണ് എന്നതിനാലാണ് ഓറിയന്റ്‌ എക്സ്പ്രസ്സിനൊക്കെ ഇപ്പോഴും റീമേക്കുകൾ ഉണ്ടാവുന്നത്. പക്ഷേ ക്രിസ്റ്റിയുടെ പല കൃതികളും അവർ ജീവിച്ച കാലഘട്ടത്തോട് പ്രതികരിക്കുന്നവയായിരിന്നു. അവ റീമേക്ക് ചെയ്യുമ്പോൾ ഈ കാലഘത്തിനോട് കൂടി പ്രതികരിക്കുന്നവയാക്കാൻ പല സംവിധായകരും ശ്രമിക്കാറുണ്ട്. ഇത് പലപ്പോളും ഒരു ഹിറ്റ് ആൻഡ് മിസ് ആയിട്ടാണ് കണ്ടു വന്നിട്ടുള്ളത്. ചിലപ്പോൾ ഫലിക്കും, ചിലപ്പോൾ കാലികപ്രസക്തിക്ക് വേണ്ടി ഒറിജിനൽ നോവലിലെ കഥയെയും കഥാപാത്രങ്ങളെയും ഓവറായി മോഡിഫൈ ചെയ്തു അരോചകമാക്കും. Knives Out-ൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ചിത്രം ഇറങ്ങിയ കാലഘട്ടത്തെയും, അത് കാണുന്ന വിവിധ തരക്കാരായ പ്രേക്ഷകരെയും കൃത്യമായി അഡ്രസ് ചെയ്യുന്ന തിരക്കഥയാണ്. ചിത്രത്തിന്റെ overarching തീം ആയ ക്ലാസ്സ്-കോൺഫ്ലിക്റ്റ് മുതൽ, 'ആൾട്-റൈറ്റ് നാസി' - ലിബറൽ സ്നോഫ്ലേക്', എന്ന് വിളിച്ചു പരസ്പരം തല്ലുകൂടുന്ന യുവത്വത്തെയും, ഈ സോഷ്യൽ മീഡിയ ജാർഗൺ എല്ലാം കേട്ട് ഒന്നും മനസിലാവാതെ നിൽക്കുന്ന മുതിർന്നവരെയും ഉൾക്കൊള്ളിച്ച കൊച്ചു കൊച്ചു ഡയലോഗുകളിൽ വരെ ചിത്രം നമ്മുടെ വർത്തമാനകാലത്തെ അടയാളപ്പെടുത്തുന്നുണ്ട്. ആ അർത്ഥത്തിൽ അഗതാ ക്രിസ്റ്റിയ്ക്ക് കൊടുക്കാൻ കഴിയുന്ന ആത്മാർത്ഥവും ക്രിയാത്മകവുമായ ട്രിബ്യൂട്ട് തന്നെയാണ് നൈവ്സ് ഔട്ട്.

© Aparna KH | Cinema Paradiso Club