Man On Wire | Historical Documentary | 2008

Jan-02-2019 02:01 PM

"ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ദ്രിശ്യതോടെയാണ് ചിത്രം ആരംഭിക്കുന്നത്, പശ്ചാത്തലത്തില്‍ ഒരു മിസ്റ്ററി ത്രില്ലര്‍ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന സംഗീതം. മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഇംഗ്ലീഷില്‍ മധ്യവയസ്കനായ ഒരു വ്യക്തി എന്തോ തയ്യാറെടുപ്പുകളെക്കുറിച്ച് പറയുകയാണ് (ഫിലിപ്പ് എന്ന പേര് സ്ക്രീനില്‍ തെളിയുന്നുണ്ട് ). സ്ക്രീനില്‍ ബാങ്ക് റോബറിക്ക് സമാനമായ എന്തോ പദ്ധതിക്ക് തയ്യാറെടുക്കുന്ന ഒരുകൂട്ടം ആള്‍ക്കാർ,മാപ്പുകള്‍,തീയതികള്‍ അടയാളപ്പെടുത്തിയ കലണ്ടര്‍, ടെലിവിഷനിലെ റിച്ചാര്‍ഡ് നിക്സന്റെ പ്രസംഗത്തില്‍ നിന്ന് സംഭവം നടക്കുന്ന കാലഘട്ടം ഊഹിക്കാന്‍ കഴിയും. കൂടുതല്‍ ഇന്റെര്‍വ്യൂ ദ്രിശ്യങ്ങള്‍.. ഇപ്പോഴും എന്താണ് പദ്ധതിയെന്നു വ്യക്തതയില്ല, ഫിലിപ്പിനെ പോലെ ഈ ദ്രിശ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്കും അവര്‍ക്ക് പറയാനുള്ളത് ചെയ്യാന്‍ പോവുന്ന പ്രവര്‍ത്തിയില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ചു മാത്രമായിരുന്നു . മാന്‍ ഓണ്‍ വയര്‍ എന്ന ഡോക്യുമെന്ററി ചിത്രം അങ്ങനെ ആരംഭിക്കുന്നു.....

റോബര്‍ട്ട് സെമെക്കിസിന്റെ സംവിധാനം,ജോസഫ് ഗോര്‍ഡന്‍ ലെവിറ്റ്,ബെന്‍ കിങ്ങ്സ്ലി എന്നിവരുള്‍പ്പെടുന്ന കാസ്റ്റ്, റോട്ടന്‍ റ്റൊമാറ്റോസ് ഉള്‍പ്പെടെയുള്ള മൂവി സൈറ്റുകളില്‍ വന്ന്‍ മികച്ച അഭിപ്രായം... കാരണങ്ങളിങ്ങനെ നിരവധിയുണ്ടായിട്ടും ദി വാക്ക് ഈ ചിത്രം കാണാന്‍ ഒരു മടി. ഫിലിപ് പെറ്റിറ്റ് എന്ന ഫ്രഞ്ച് സാഹസികന്റെ കഥയാണ്‌ വാക്ക് പറയുന്നതെന്നറിഞ്ഞപ്പോള്‍ മുതല്‍ വന്നതാണ്‌ ഈ മടുപ്പ്, ഫിലിപ് പെറ്റിറ്റിന്റെ സാഹസികകൃത്യങ്ങളുടെ കഥ അയാളുടെ തന്നെ പ്രായം പ്രായം തളര്‍ത്താത്ത ശബ്ദത്തിലൂടെ ,യാഥാര്‍ത്ഥ ദ്രിശ്യങ്ങളിലൂടെ ഒരുതവണ അനുഭവിച്ചറിഞ്ഞതാണ് അതിനെയൊക്കെ അതേപോലെ പുന:സൃഷ്ടിക്കാന്‍ ലോകത്തെ ഏറ്റവും മികച്ച സംവിധായകനോ,നടനോ പോലും സാധ്യമല്ല എന്നൊരു വിശ്വാസം ഒപ്പം വിവരിക്കാന്‍ കഴിയാത്ത മറ്റെന്തൊക്കെയോ കാരണങ്ങളും.

വീണ്ടും തുടക്കത്തില്‍ പറഞ്ഞ ദ്രിശ്യങ്ങളിലെക്ക്... ഒരു വ്യക്തിയെ,സംഭവത്തെ,അതുമല്ലെങ്കില്‍ ഒരു ആശയത്തെക്കുറിച്ച് ആധികാരികതയോടെ സംസാരിക്കുന്ന വീഡിയോ മാത്രമാണന്ന ധാരണ നിലനില്‍ക്കുന്ന സമയത്താണ് Man on wire എന്ന ഡോക്യുമെന്ററി ചിത്രം കാണുന്നത് .കാണാന്‍ പോവുന്നത് വേൾഡ് ട്രേഡ് സെന്റ്‌റിന് കുറുകെ കയറില്‍ നടന്ന് ചരിത്രം സൃഷ്‌ടിച്ച ഫിലിപ്പ് പെറ്റിന്റെ കഥയാണന്നു മാത്രമറിയാം..സ്വാഭാവികമായും മനോഹരമായ ആക്സന്റില്‍ ഒരു വ്യക്തി ഫിലിപ് പെറ്റിറ്റിനെക്കുറിച്ച് തരുന്ന വിവരണത്തോടെ ചിത്രം ആരംഭിക്കും,ഇടക്ക് ഫിലിപ് പെറ്റിറ്റിന്റെ സുഹൃത്തുക്കള്‍ അയാളെക്കുറിച്ച് വളരെ അഭിമാനത്തോടെ സംസാരിക്കുന്ന ക്ലിപ്പുകള്‍,ഫിലിപ് പെറ്റിറ്റ് തന്നെ അഭിമാനത്തോടെ തന്റെ സാഹസികകൃത്യത്തെ കുറിച്ച് വിവരിക്കുന്നത്... ഇങ്ങനെ പോയി പോയി ഒടുക്കം പെറ്റിറ്റിന്റെ ഇപ്പോഴത്തെ ജീവിതവും കാണിച്ചു ചിത്രം അവസാനിക്കും ... ഇതൊക്കെയായിരുന്നു ധാരണ .

എന്നാല്‍ Man on wireന്റെ ആദ്യ രംഗം തന്നെ പല മുന്വിധികളെയും തിരുത്താനുതകുന്നതായിരുന്നു .ഒന്നാമതായി ആദ്യം തന്നെ ചിത്രത്തില്‍ പ്രതിപാദിക്കുന്ന വ്യക്തിയെക്കുറിച്ചോ അയാള്‍ ഉള്‍പ്പെട്ട കൃത്യത്തെക്കുറിച്ചോ വ്യക്തമായ ധാരണ തരാത്ത ദുരൂഹതയുണര്‍ത്തുന്ന തുടക്കം. ഇത്തരത്തില്‍ സ്ക്രീനില്‍ ചിത്രത്തിന്റെ പേര് തെളിയുന്നതിനു മുന്‍പുള്ള അഞ്ചു മിനിട്ടുകള്‍ തീര്‍ത്തും ദുരൂഹമായി നിലനിര്‍ത്തി സംവിധായകന്‍ ഒരു ടൈം ലീപ് നടത്തുകയാണ് ഭൂതകാലത്തിലേക്ക് വേള്‍ഡ് ട്രേഡ് സെന്റ്‌റിന് കുറുകെ നടക്കാനുള്ള പെറ്റിന്റെ ആഗ്രഹം മൊട്ടിട്ട ആ നിമിഷതിലെക്ക് അവിടുന്ന് ഒരു ഫ്ലാഷ് ബാക്ക് പോലെ ചിത്രം മുന്നോട്ടു പോവുന്നു. ആദ്യം പറഞ്ഞ അവ്യക്ത ദ്രിശ്യങ്ങളില്‍ എത്തിച്ചെരുവാനായി...

ഇവിടെ ചിത്രത്തിന്റെ മുഴുവന്‍ ഘടന ഒരു ഹീസ്റ്റ് ചിത്രത്തെ അനുസ്മരിപ്പിച്ചേക്കാം കഥാഗതിയിലെ പ്രധാനഘട്ടങ്ങളെ ക്രോണോലോജിക്കല്‍ ഓര്‍ഡറിന് വിരുദ്ധമായി പ്രതിഷ്ടിച്ച് ഒരു ത്രില്ലര്‍ ഫീല്‍ ഉണ്ടാക്കിയിരിക്കുന്നു പെറ്റിറ്റിന്റെ,വേള്‍ഡ് ട്രേഡ് സെന്ററിനു കുറുകെയുള്ള നടത്തമാണ് ചിത്രത്തിന്റെ തീം, ഇതില്‍ വിവിധ വികാരങ്ങള്‍ പ്രേക്ഷനില്‍ ജനിപ്പിക്കുന്ന പോയിന്റുകള്‍ കടന്നുവരുന്നുണ്ട് ഇതുപോലൊരു സാഹസിക കൃത്യം ചെയ്യുന്നതിലെ ആവേശം പദ്ധതിയുടെ നടത്തില്‍ ഏര്‍പ്പെടുന്ന ബുദ്ധിമുട്ടുകള്‍, പാളിച്ചകള്‍ വരുത്തുന്ന നിരാശകള്‍,ഒടുവില്‍ പ്രതിസന്ധികള്‍ തരണം ചെയ്ത് തന്റെ ലക്‌ഷ്യം നിറവേറ്റിയ നായകന്‍റെ വിജയാഘോഷം വരെ വ്യക്തമായ ഒരു പ്ലോട്ടില്‍ ഉള്‍ക്കൊള്ളിച്ചാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് .

സാമ്പ്രദായിക ഡോക്യുമെന്ററി രീതികള്‍പോലെ ഇന്റെര്‍വ്യൂ ക്ലിപ്പിങ്ങുകള്‍, ന്യൂസ് ദ്രിശ്യങ്ങള്‍ എന്നിവയിലൂടെയാണ് സംവിധായകന്‍ തന്റെ ചിത്രത്തിനെ കൊണ്ടുപോവുന്നത്. സാധാരണഗതിയില്‍ ഒരു സിനിമയെന്ന വിഷ്വല്‍ മീടിയത്തിന്റെ ആരാധകാനായ പ്രേക്ഷകനില്‍ അത്രകണ്ട് ഇമ്പാക്റ്റ് സൃഷ്ടിക്കാന്‍ സാധ്യതയില്ലാത്ത ഈ ദ്രിശ്യങ്ങളെ സംഗീതത്തിന്റെയും മികച്ച എഡിറ്റിങ്ങിന്റെയും സഹായത്തോടെ ഒരു ത്രില്ലര്‍ ഡ്രാമ ഫീലില്‍ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞു, പക്ഷെ ഈ സാങ്കേതിക ഘടകങ്ങളെക്കാളെല്ലാം ഉയരത്തില്‍ നില്‍ക്കുന്ന ഒരു ഘടകമുണ്ട്‌ ഫിലിപ് പെറ്റിന്റെ നറേഷന്‍. തുടക്കത്തില്‍ പറഞ്ഞപോലെ പ്രായത്തിനു ക്ഷീണം വരുത്താന്‍ കഴിയാത്ത ഊര്‍ജത്തോടെ അദ്ദേഹം തന്റെ പാഷനെക്കുറിച്ച് പറയുമ്പോള്‍ ലഭിക്കുന്ന ഫീല്‍ ഒന്നു വേറെ തന്നെയാണ് ആഗ്രഹം ഉടലെടുത്ത നിമിഷം, പരിശീലനം, പ്ലാനിങ്ങിലെ ബുദ്ധിമുട്ടുകള്‍ എന്നിങ്ങനെ തന്റെ സാഹസികകൃത്യത്തിലെ ഓരോ നിര്‍ണായക വഴിത്തിരിവുകളും മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഇംഗ്ലീഷില്‍ വളരെ ആയാസപ്പെട്ട്‌ ആ മനുഷ്യന്‍ വിവരിക്കുമ്പോള്‍ അതിനെ ലോകത്തിലെ ഏറ്റവും മികച്ച നടന് പോലും റീക്രിയേറ്റ് ചെയ്യാന്‍ കഴിയില്ല എന്ന് തോന്നും.

© Arun ashok | Cinema Paradiso Club