മൺഡ്രോതുരുത്ത് | Mundrothuruth: Munroe Island | Review

Jun-18-2018 10:06 AM

എന്താണ് ഭ്രാന്തിന്റെ നിർവ്വചനം. മനുഷ്യ മനസ്സിന്റെ താളം തെറ്റലാണെന്ന് ആധുനിക വൈദ്യ ശാസ്ത്രം പറയുന്ന നിർവ്വചനങ്ങൾ ഇപ്പോഴും സിഗ്മണ്ട് ഫ്രോയ്ഡിന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. 

ലോകപ്രശസ്ത സാഹിത്യകാരൻ പൗലോ കൊയ്‌ലോയും, Game Theory യുടെ ഉപജ്ഞാതാവ് John Forbes Nash Jr ഉം schizophrenia ക്ക് ചികിത്സ തേടിയിരുന്നവരാണ്, എന്ന കാര്യവും ഓർമ്മപ്പെടുത്തട്ടെ.

സമൂഹം ഓരോ വ്യക്തികൾക്കും നിഷ്കർഷിക്കുന്ന ചില അലിഖിത നിയമങ്ങളുണ്ട്, അതിനെ വകവെക്കാതെ പാഠ്യപദ്ധതികളെ അനുസരിക്കാതെ തനിക്കു തോന്നുന്നത് മാത്രം പഠിക്കുന്നവനെ, ശാരീരിക ബന്ധത്തിലൂടെ അല്ല മസ്തിഷ്‌ക പുനരുൽപ്പാദനത്തിലൂടെയാണ് തലമുറകൾക്ക് യഥാർത്ഥത്തിൽ ജീവൻ വെക്കുന്നത് എന്നു ചിന്തിക്കുന്നവനെ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ പോലും ചിട്ടാവട്ടങ്ങളെ അനുസരിക്കാത്തവനെ സമൂഹം എങ്ങനെ കാണുന്നു എന്നതിന് ഉദാഹരണമാണീ ചിത്രം.

മൺഡ്രോതുരുത്ത് ഒരൊറ്റപ്പെട്ട പ്രദേശമാണ്. സംവിധായകന്റെ ഭാഷ കടമെടുത്താൽ മൺഡ്രോതുരുത്തുകാരെല്ലാം ഇക്കരക്കാരും ബാക്കി ലോകം മുഴുവൻ അക്കരെക്കാരും. ഒരു പ്രദേശത്ത് ബന്ധനസ്ഥനായവരെ പോലെ ജീവിക്കുന്ന ചിലരുടെ കഥയാണിത്. ചിത്രത്തിലുടനീളം കേൾക്കുന്ന ഒരു സംഭാഷണമുണ്ട് "ഒന്നു ശരിയാണ് മറ്റൊന്ന് തെറ്റും എങ്ങനെ തിരിച്ചറിയും" 

സാമൂഹിക ജീവിയായ ഓരോ മനുഷ്യനേയും അലട്ടുന്ന ചോദ്യം തുടക്കം മുതലേ നമ്മുടെ മനസ്സിലേക്കെറിഞ്ഞു തരുന്നു സംവിധായകൻ. നമ്മുടെ ഓരോ ചെയ്തികളും ഒന്നുങ്കിൽ ശരിയാണ് അല്ലെങ്കിൽ തെറ്റാണ്. എങ്ങനെ തിരിച്ചറിയും. ശരിയും തെറ്റും നിർവ്വചിക്കാനുള്ള മാനദണ്ഡങ്ങൾ ഏതൊക്കെയാണ്. ഒരാളുടെ ശരി മറ്റൊരാൾക്ക് തെറ്റാകുന്നതിനു പിന്നിലെ സാമൂഹിക സാഹചര്യം എന്താണ്. ജീവിതമെന്ന ഒറ്റത്തുരുത്തിൽ ജീവിച്ചു മരിക്കുന്ന മനുഷ്യജീവിതത്തിന്റെ ലക്ഷ്യമെന്താണ്. തുടങ്ങി ഒരുപാടു ചോദ്യങ്ങൾ നമ്മോടു ചോദിക്കുന്നു ചിത്രം.

മനുഷ്യമനസ്സിന്റെ അതിസങ്കീർണ്ണമായ അവസ്ഥകൾ ചർച്ച ചെയ്യുന്ന സിനിമ നിലവിലുള്ള എല്ലാ വ്യവസ്ഥകളേയും ചോദ്യം ചെയ്യുന്നു. സാമൂഹിക സാഹചര്യങ്ങളും അലിഖിത സദാചാരനിയമങ്ങളും ലോകത്താകമാനം വ്യത്യസ്ഥമായിരിക്കെ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് എങ്ങനെ തിരിച്ചറിയും ?

നായകന് ഭ്രാന്താണോ എങ്കിൽ ഭ്രാന്തിന്റെ നിർവ്വചനം എങ്ങനെ ശരിയാവും. മറ്റുള്ളവർക്കല്ല ഭ്രാന്തെന്ന് എങ്ങനെ തെളിയിക്കാനാകും.

ഇത്ര സൂക്ഷ്മമായി ഓരോ കഥാപാത്രത്തേയും പ്രേക്ഷകന് പരിചയപ്പെടുത്തുന്ന, ആദ്യാവസാനം ഓരോ ചലനങ്ങളിലൂടെ വീക്ഷിച്ചാൽ മാത്രം കഥാപാത്രങ്ങളുടെ ചിന്തകളുടെ അടുത്തെങ്കിലും എത്താൻ സാധിക്കുന്ന, കഥാപാത്രങ്ങളുടെ മനോവ്യാപാരം പൂർണ്ണമായും മനസ്സിലാക്കാനാവാതെ പ്രേക്ഷകനെ കുഴക്കുന്ന കഥാപാത്രസൃഷ്ടി ഇതിനു മുമ്പ് മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്നു സംശയമുണ്ട്..... 

©️ Rijith Savi | CINEMA PARADISO CLUB