Roma ഒരു അനുഭവം | Review

Jan-07-2019 11:01 AM

ഒരു സിനിമയ്ക്ക് ജീവിതത്തോട് എത്രത്തോളം അടുത്ത് നില്‍ക്കാന്‍ സാധിക്കും? മറ്റൊരു കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളെ എത്രമാത്രം ഹൃദയത്തിലേക്ക് ഉള്‍ക്കൊള്ളാന്‍ നമ്മള്‍ക്ക് സാധിക്കും? ഒരു സിനിമയ്ക്ക് ഏത് അറ്റം വരെ സത്യസന്ധമായിരിക്കാന്‍ കഴിയും?

Alfonso Cuaron സംവിധാനം ചെയ്ത മെക്സിക്കന്‍ ചിത്രമായ Roma ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയാണ്. ഒരു സിനിമ കാണുക എന്നതിനപ്പുറം എഴുപതുകളിലെ മെക്സിക്കോ സിറ്റിക്ക് സമീപത്തുള്ള La Roma- യില്‍ ഒരു കുടുംബത്തില്‍ നടക്കുന്ന കുറച്ച് കാര്യങ്ങള്‍ നമ്മള്‍ ഒരു കലര്‍പ്പും ഇല്ലാതെ അനുഭവിച്ചറിയുകയാണ്. സംവിധായകന്റെ ബാല്യകാലത്ത് തന്റെ എല്ലാമെല്ലാമായിരുന്ന വീട്ടില്‍ ജോലി ചെയ്ത nanny -യുടെ കഥയാണ് സിനിമ. ഏറെകുറേ ആത്മകഥാപരമായതിനാലാകാം സിനിമ ഒരിടത്ത് പോലും ‘സിനിമ’- യായി തോന്നിയില്ല. ക്ലിയോ എന്ന കഥാപാത്രം, അവര്‍ ജോലി ചെയ്യുന്ന കുടുംബം, അവരുടെ ജീവിതത്തിലും, ആ കുടുംബത്തിലും നടക്കുന്ന ചില കാര്യങ്ങൾ – ഇതൊക്കെയാണ് കഥയാകുന്നത്.

ആദ്യ ഷോട്ട് (തറ വൃത്തിയാക്കുന്നത്) മുതല്‍ വികാരനിര്‍ഭരമായ അവസാന രംഗങ്ങള്‍ വരെ സിനിമ ഒഴുകുകയാണ്! ജീവിതത്തിന്റെ അര്‍ത്ഥം തേടി, വിശ്വാസം തേടി, സ്നേഹം എന്തെന്ന് കാണിച്ചു തന്ന്, ഒറ്റപ്പെടലിന്റെ പല മുഖങ്ങള്‍ കാണിച്ച് ആ പുഴ ഒഴുകി ചെന്ന് പതിക്കുന്നത് ഒരുമയുടെ നന്മയിലേക്കാണ്. വര്‍ഗ്ഗവും, വര്‍ണവും, വ്യവസ്ഥിതികളും തീര്‍ക്കുന്ന വിവേചനത്തിന്റെ ലോകത്തില്‍ ഒരു വീട്ടിനുള്ളില്‍ നിന്ന് നന്മ ഒഴുകി തുടങ്ങുന്നു. Cuaron -ന്റെ ജീവിതത്തോട് ചേർന്നു നിൽക്കുന്ന കഥയായാണ്. അദ്ദേഹത്തിന്റെ ബാല്യകാലവും, കുടുംബജീവിതവും,നേരിടേണ്ടി വന്ന പ്രതിസന്ധികളും എല്ലാം ചിത്രത്തിലുണ്ട്. ഒരു പ്രത്യേക കാലഘട്ടത്തിൽ കഥ പറയുന്നത് കൊണ്ട് തന്നെ സൂക്ഷ്മമായി എഴുപതുകളിലെ മെക്സികോയെ സംവിധായകനും സംഘവും പുനഃസൃഷ്ടിച്ചിട്ടുണ്ട്.

Black and white -ലും ഓരോ ഫ്രെയ്മുകളും അവിസ്മരണീയമാണ്. സിനിമയുടെ ഒഴുക്കിനെ നല്ല പോലെ സ്വാധീനിക്കുന്നത് Cuaron തന്നെ പകര്‍ത്തിയ രംഗങ്ങളാണ്. ഒറ്റ ഷോട്ടുകള്‍ കവിതകളാണ്! ആ കാലഘട്ടത്തെയും പശ്ചാത്തലത്തെയും അത്രത്തോളം വിശ്വസനീയമായി അനുഭവപ്പെടുത്തിയത് ഛായാഗ്രഹണ മികവ് തന്നെയാണ്. സിനിമ കണ്ട കഴിയുമ്പോഴും മനസിനുള്ളിൽ മായാതെ നിറഞ്ഞു നിൽക്കുന്ന എത്രയോ നിമിഷങ്ങൾ. കടൽത്തീരത്തെ ഒരുമയുടെ രംഗവും, കടലിലേക്കു ഇറങ്ങുന്ന ക്ലിയോയും, ടെറസിനു മുകളിലെ ക്ലിയോയുടെയും ഒരു പയ്യന്റെയും കിടപ്പും.. അങ്ങനെ എത്ര എത്ര മനോഹരമായ ഓർമ്മകൾ ആണ് സിനിമ നൽകിയത്. 2018 -ൽ ഇറങ്ങിയ സിനിമകളിൽ കാഴ്ചയ്ക്ക് വിരുന്നായി സിനിമ കൂടിയാണ് റോമാ.

Yalitza Aparicio എന്ന സ്കൂള്‍ ടീച്ചറെയാണ് സംവിധായകന്‍ തന്റെ ഏറ്റവും പ്രിയ്യപ്പെട്ട nanny-യെ അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്തത്. അവര്‍ നടിയല്ലായിരിക്കാം, പക്ഷേ Cleo ആയി മാറി അവര്‍ ജീവിക്കുന്നു. ഒരു കഥാപാത്രത്തെ ഉൾക്കൊള്ളുക എന്നത് എത്ര സങ്കീർണമായ കാര്യമാണ്. പക്ഷേ ക്ലിയോയെ മാത്രമേ നമ്മൾ കാണുന്നുളൂ. അവളെ മാത്രമേ നമ്മൾ അറിയാൻ ശ്രമിക്കുന്നുള്ളു. ഈ സിനിമ ഒരേ സമയം സന്തോഷവും, വിഷമവും, തിരിച്ചറിവും സമ്മാനിക്കുന്നു. യാഥാര്‍ത്ഥ്യത്തോളം തന്നെ സത്യവും ഇഴുകി ചേര്‍ന്നിരിക്കുന്നു.

ചില സിനിമകള്‍ കാണാന്‍ ചരിത്രപരമായ അറിവ് അനിവാര്യമാണ്. Roma അത് ആവശ്യപ്പെടുന്നില്ലെങ്കില്‍ കൂടിയും സിനിമ പറയുന്ന രാഷ്ട്രീയം അറിയാന്‍ ഇരുപതാം നൂറ്റാണ്ടിലെ മെക്സിക്കോയെ അറിയണം. ഏകാധിപത്യത്തിന്റെയും ജനാധിപത്യത്തിന്റെയും ഇടയില്‍ എവിടെയോ ആണ് മെക്സിക്കന്‍ രാഷ്ട്രീയം നിലനിന്നിട്ടുള്ളത്. PRI എന്ന Institutional Revolutionary Party എഴുപതുകളില്‍ അധികാരത്തില്‍ ഇരുന്നു കൊണ്ട് ക്രൂരമായി അടിച്ചമര്‍ത്തലുകള്‍ നടത്തുന്ന കാലത്താണ് ഈ ‘സിനിമ’ നടക്കുന്നത്. അറുപതുകളിലും എഴുപതുകളിലും ഈ ഭരണകൂടം, പ്രതിഷേധക്കാരെ തടയാനായി നടത്തിയ ആള്‍കുരുതിയും, കൂട്ടകൊലകളും, പീഡനങ്ങളും, മറ്റ് മനുഷ്യാവകാശ ലംഘനങ്ങളും കുപ്രസിദ്ധമാണ്. ഗ്രാമങ്ങളില്‍ അരങ്ങേറിയ ഈ ഭരണകൂട ഭീകരത ‘Dirty War’ എന്ന് അറിയപ്പെട്ടു. ആ കാലഘട്ടത്തിൽ ജനിച്ച വളർന്ന ഒരാൾക്കും മറക്കാൻ കഴിയുന്നതല്ല മനുഷ്യത്തമില്ലാത്ത PRI ഭരണകൂടത്തിന്റെ നയങ്ങളും അത് തീർത്ത ഭീകര രാഷ്ട്രീയ സാമൂഹിക അന്തരീക്ഷവും.

ലോകരാഷ്ട്രീയ ചരിത്രത്തില്‍ 1968 ഒരു നിര്‍ണായക വര്‍ഷമാണ്. ലോകമൊട്ടാകെ ഭരണകൂടങ്ങളുടെ അനീതിയെ ചൂണ്ടികാട്ടിയും, മുതലാളിത്ത തത്വശാസ്ത്രങ്ങളെ വെല്ലുവിളിച്ചും യുവജന പ്രക്ഷോഭങ്ങള്‍ ആളികത്തിയ വര്‍ഷം. മെക്സിക്കോയിലും ആ കാറ്റ് ആഞ്ഞടിച്ചു. Three Cultures Square -ല്‍ ഒത്തുകൂടിയ വിദ്യാര്‍ത്ഥി പ്രതിഷേധക്കാരെ വെടിവെച്ച് വീഴ്ത്തിയ ഭരണകൂടം ഏകാധിപത്യത്തിന്റെ മനഃസാക്ഷിയില്ലാത്ത മുഖം കാണിച്ചു. Tlatelolco കൂട്ടക്കൊല ചരിത്രം മറന്നാലും മെക്സിക്കോയിലെ പല തലമുറയിലെ ആളുകള്‍ മറക്കില്ല. സിനിമയില്‍ ഉടനീളം പല ഫ്രെയ്മുകളും PRI -ടെ പോസ്റ്ററുകളാലും മറ്റ് പല എഴുത്തുകളായും കാണാവുന്നത്.

Cleo- Fermin ബന്ധത്തെ തന്നെ രാഷ്ട്രീയ-വര്‍ഗ്ഗ അതിര്‍വരന്പുകളില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ്. സിനിമ പറയുന്ന class struggle -ന്റെ രാഷ്ട്രീയം നിഴലിക്കുന്നത് അവരുടെ ബന്ധത്തിലാണ്. ക്ലിയോയുടെ സ്വകാര്യ ജീവിതത്തിൽ സംഭവിക്കുന്ന സംഭവങ്ങൾ അവളുടെ race -ൽ പെട്ട പലരുടെയും അനുഭവമാണ്. ഗ്രാമങ്ങളിൽ നിന്ന് ഉപജീവനത്തിനായി വീട്ടുജോലി ചെയുന്ന നിഷ്കളങ്കരായ മനുഷ്യർ അന്ന് നേരിട്ട് കൊണ്ടിരുന്ന ചൂഷണങ്ങൾ പലതാണ്. അതിന്റെ ഒരു വശം അവളുടെ ജീവിതവും കാട്ടിത്തരുന്നു.

സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു രംഗം സംഭവിക്കുന്നത് 1971 June 10- ലെ Corpus Christi കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ്. വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനായി സര്‍ക്കാര്‍ തന്നെ വളര്‍ത്തിയെടുത്ത Falcons എന്ന പാരമിലിറ്ററി സംഘം പ്രതിഷേധക്കാരെ കൊലപ്പെടുത്തിയത് തീരാകളങ്കമായി അവശേഷിക്കുകയാണ്. ഈ സംഭത്തെ ഗംഭീരമായി ചിത്രീകരിക്കുകയും, അതിനോട് അനുബന്ധിച്ച് സിനിമയില്‍ നടക്കുന്ന സംഭവങ്ങള്‍ visual-political metaphor ആകുന്നു. PRI -യുടെ ഏകാധിപത്യം എഴുപത്തൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അവസാനിക്കുന്നത് 2000-ല്‍ Vincente Fox അധികാരത്തില്‍ വന്നതോടെ മാത്രമാണ്.

ലോക സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ Alfonso Cuaron -ന്റെ ഏറ്റവും മികച്ച ചിത്രമാണ് Roma. Roma എന്ന സിനിമയെ ഹൃദയത്തിലേക്ക് ഏറ്റെടുക്കണം എങ്കിൽ ചരിത്രത്തോടും രാഷ്ട്രീയത്തോടും സമൂഹത്തോടും അവിടങ്ങളിൽ നിലനിൽക്കുന്ന വിവേചനങ്ങളിലേക്കും നമ്മുടെ ചിന്തകൾ കടന്ന് ചെല്ലണം. സിനിമ ഒരു visual art ആണ്.അതുകൊണ്ട് തന്നെ കഥപറയാൻ എങ്ങനെ വേണമെങ്കിലും സാധിക്കും. ഒരു കഥയെ സമീപിക്കുന്നത് എങ്ങനെയാണ് എന്നത് കാഴ്ചക്കാരുടെ അനുഭവത്തെയും സ്വാധീനിക്കും. ഈ സിനിമ കുറച്ച് മാത്രമാണ് മുന്നിലേക്ക് കാണിക്കുന്നത്. പക്ഷേ കാണുന്ന ഓരോ കാഴ്ചകളിൽ നിന്നും ആ സിനിമ പറയാൻ ശ്രമിക്കുന്നതിനെ നമ്മൾ തിരിച്ചറിയണം. ഈ സിനിമ അനുഭവിക്കാനുള്ളത് ആണ്. ഒരു കാലഘട്ടത്തിലേക്കുള്ള യാത്രയാണ്…!

© Gokul K S | Cinema Paradiso Club