സാത്താന്‍ടാങ്കോ ഒരു ആസ്വാദനം

Dec-31-2018 12:12 PM

സാത്താന്‍ടാങ്കോ

ജീവിതാനുഭവങ്ങളുടെ നേര്‍ക്കാഴ്ച എന്ന് പല ചിത്രങ്ങളെയും വിശേഷിപ്പിച്ച് കണ്ടിട്ടുണ്ട് .പൊതുവേ യഥാര്ത്ഥ ജീവിത സാഹചര്യങ്ങള്‍ പ്രമേയമാകുന്ന ആര്‍ട്ട് ഹൌസ് സിനിമകളാണ് ഈ വിശേഷണത്തിന് അര്‍ഹമായത് എന്ന് തോന്നുന്നു .പക്ഷെ അവപോലും പലപ്പോഴും "സ്ഥല" "കാല"ങ്ങളുടെ ലിമിറ്റില്‍ ഒതുക്കപ്പെടുന്ന കുറച്ചു സംഭവങ്ങളുടെ ആവിഷ്കാരം മാത്രമേ ആകുന്നുള്ളൂ .മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ "സിനിമാറ്റിക് "ആയ സംഭവങ്ങള്‍ എഡിറ്റ്‌ ചെയ്ത് ചേര്‍ത്ത് ഒരു കഥയെ അല്ലെങ്കില്‍ ത്രെടിനെ മുന്നോട്ടു കൊണ്ട്പോവുകയാണ് .അങ്ങനെ ഒരു സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? സാത്താന്‍ടാങ്കോ എന്ന ബെലാ ടാര്‍ ചിത്രത്തില്‍ അങ്ങനെ ഒന്നുംതന്നെ എഡിറ്റ്‌ചെയ്തു മാറ്റപ്പെട്ടിട്ടില്ല എന്ന് പറയാന്‍ കഴിയും .അതുകൊണ്ട് തന്നെ സിനിമക്ക് ലേശം ദൈര്‍ഖ്യം കൂടുതലാണ് .ഒരു ഏഴ് മണിക്കൂര്‍ ....

എന്താണ് ബെലാ ടാര്‍ ഈ ഏഴ് മണിക്കൂറില്‍ പറഞ്ഞുവെക്കുന്നത് ?

ഒരു ചെറിയ പ്ലോട്ട് ആണ് ഈ ഏഴുമണിക്കൂര്‍ കൊണ്ട് ആവിഷ്കരിക്കപ്പെടുന്നത് .കമ്യൂണിസ്റ്റ് ഭരണത്തിന് ശേഷമുള്ള ഹങ്കറിയിലെ ഒരു ഒറ്റപ്പെട്ട ഗ്രാമം .അവിടുത്തെ കൃഷിയും മറ്റു വ്യവസായങ്ങലുമൊക്കെ നശിച്ചു കഴിഞ്ഞു .അവിടുത്തെ പ്രധാനവരുമാനമാര്‍ഗമായിരുന്ന ഒരു ഫാം ഉപേക്ഷിച്ച് തങ്ങള്‍ക്ക് കിട്ടിയ ലാഭാവിഹിതവുമായി പലയാനം ചെയ്യാനൊരുങ്ങുകയാണ് നാട്ടുകാരില്‍ പലരും .ഇവരില്‍ തന്നെ കുറച്ചുപേര്‍ ചേര്‍ന്ന് ബാക്കിയുള്ളവരെ കബളിപ്പിച് ലാഭാവിഹിതവുമായി ആദ്യം തന്നെ രക്ഷപെടാന്‍ ഒരു പദ്ധതി തയ്യാറാക്കുന്നുണ്ട് .ഈയവസരത്തിലാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്പ് അവിടെ നിന്ന് കാണാതായ ഇറമിയസ് ,പെട്രീന എന്നീ കുറ്റ്വാളികള്‍ തിരികെയെതിയിട്ടുണ്ട് എന്ന വാര്‍ത്ത പരന്നത് .ഗ്രാമവാസികളുടെ ജീവിതതത്തെ ,പദ്ധതികളെ ഈ "സംഭവം " എങ്ങനെ ബാധിക്കുന്നു എന്നാണു സത്താന്‍ടാങ്കോ നമുക്ക് കാണിച്ചു തരുന്നത് .

സിനിമയെ പന്ത്രണ്ട് അധ്യായങ്ങളായി വിഭജിച്ചിട്ടുണ്ട് .ഒരേ സംഭവങ്ങള്‍ തന്നെ ഒന്നിലധികം പേരുടെ പോയിന്റ് ഓഫ് വ്യൂവില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്.ഓരോ പാര്ട്ടിന്റെയും ദൈര്‍ഖ്യം വ്യത്യസ്തമാണ് [ഇരുപതു മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ]

എന്തുകൊണ്ട് ഏഴ് മണിക്കൂര്‍ ?

തുടക്കത്തില്‍ പറഞ്ഞതുപോലെ സിനിമയില്‍ പലപ്പോഴും "സിനിമാറ്റിക്"ആയ സംഭവങ്ങളാണ് കഥാഗതിയെ അല്ലെങ്കില്‍ ത്രെഡിനെ മുന്നോട്ടു കൊണ്ട്പോവുന്നത് .ഇത് സിനിമയെ ഒരു ടൈം -സ്പെയിസ് ലിമിറ്റില്‍ ഒതുക്കുന്നു .എന്നാലിവിടെ സംവിധായകന്‍ അങ്ങനെയൊരു ലിമിറ്റും വച്ചിട്ടില്ല .താന്‍ ഉദ്ദേശിക്കുന്ന കാര്യം ഡയലോഗുകളില്ലാതെ ,നാടകീയതയില്ലാതെ തീര്‍ത്തും സ്വാഭാവികമായ രീതിയില്‍ നമുക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു .ഉദാഹാരണം ഇതിന്റെ ഓപ്പണിംഗ് സീനാണ് .കുറെ കന്നുകാലികള്‍ കൂടി നില്‍ക്കുന്നു ....അവ മെല്ലെ നടന്നു തുടങ്ങുന്നു ...ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളുടെ ഇടയില്‍ക്കൂടി ,മഴപെയ്തു ചെളിക്കുണ്ടായ റോഡില്‍ കൂടി വളരെ സാവാധാനം നടന്നു നീങ്ങുന്ന കന്നുകാലികള്‍ .ഏഴു മിനിട്ടോളം നീണ്ടു നില്‍ക്കുന്ന ഒരു ലോങ്ങ്‌ ഷോട്ടാണിത് .ഈ ഒറ്റ ഷോട്ടില്‍ നിന്നും ആ ഗ്രാമം എത്രത്തോളം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് എന്നാണ് സംവിധായന്‍ കാണിച്ചു തരുന്നത് .ഇതുപോലെയുള്ള സീനുകള്‍ ഒരുപാടുണ്ട് ഈ ചിത്രത്തില്‍ .ഒഴിഞ്ഞ കെട്ടിടങ്ങള്‍ ,എങ്ങോട്ടെന്നില്ലാതെ നടക്കുന്ന ആള്‍ക്കാര്‍,മഴപെയ്തു കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന റോഡുകള്‍ അങ്ങനെ ഒരു കൂട്ടമാള്‍ക്കാരുടെ ലക്ഷ്യബോധമില്ലാത്ത ജീവിതവും ഉപേക്ഷിക്കപ്പെട്ട ഒരു ഗ്രാമത്തിന്റെ അവസ്ഥയും നമ്മുടെ മുന്നില്‍ ആവിഷകരിക്കപെടുന്നു .രണ്ടോ മൂന്നോ മണിക്കൂറില്‍ തീരുന്ന ഒരു സിനിമക്ക് ഈ ഇമ്പാക്റ്റ് ഉണ്ടാക്കാന്‍ കഴിയുമോ എന്ന് സംശയമാണ് .

തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണോ സാത്താന്‍ടാങ്കോ ?

ഇതിന്റെ ഉത്തരം നമ്മള്‍ സിനിമയില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നതനുസരിച്ചിരിക്കും .ഉദ്വേകജനകമായ ഒന്നും തന്നെ ഈ സിനിമയില്ല .സാധാരണ ആര്‍ട്ട് ഹൌസ് ചിത്രങ്ങളെ കളിയാക്കാനായി പൊലിപ്പിച് പറയുന്ന കാര്യങ്ങള്‍ അതെപടി ഈ സിനിമയില്‍ കാണാം .പക്ഷെ കണ്ടു കഴിഞ്ഞ് കുറച്ചുനേരം ചിന്തിച്ചാല്‍ ,സംവിധായകന്‍ ഈ സിനിമയിലൂടെ പറയാന്‍ ഉദ്ദേശിച്ചതെന്തെന്നു മനസിലായാല്‍ ....ഇത് ഒരിക്കലും മറക്കാനാവാത്ത ഒരു സിനിമാഅനുഭവമായി മാറുന്നതുകാണാം