സദാചാരക്കഴുകന്മാര്‍ക്കിടയില്‍ സ്വരം നഷ്ടപ്പെടുന്ന ബുള്‍ബുളുകള്‍

Jan-07-2019 07:01 AM

കേരളത്തിന്‍റെ മുക്കിലും മൂലയിലുമുള്ള കിളിനക്കോടുകള്‍ആണല്ലോ വിഷയം. ആളുകളുടെ സ്വകാര്യതയിലേക്കും വ്യക്തിസ്വാതന്ത്ര്യത്തിലേയ്ക്കും മടിയില്ലാതെ കടന്നു ചെല്ലാനും സദാചാരം പ്രസംഗിച്ചുകൊണ്ട് ന്യായാധിപന്‍മാരാകാനും മടിയില്ലാത്ത ജനതയുള്ള ഒരു നാടിന്‍റെ ഏതൊരു ഭൂഭാഗവും കിളിനക്കോടാണ്.

മികച്ച വിദേശസിനിമയ്ക്കുള്ള ഓസ്ക്കാറിന് വേണ്ടി ഇന്ത്യയില്‍ നിന്ന് ഔദ്യോഗികമായി നോമിനേറ്റ് ചെയ്യപ്പെട്ട, കഴിഞ്ഞ വര്‍ഷത്തെ ദേശീയ പുരസ്ക്കാരങ്ങളില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘വില്ലേജ് റോക്ക്സ്റ്റാര്‍സ്’ എന്ന ആസാമീസ് ചിത്രത്തിന്റെ സംവിധായിക റിമ ദാസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘Bulbul Can Sing’ ഈയിടയ്ക്കാണ് കാണുന്നത്. ആസാമിന്റെ ഗ്രാമീണപശ്ചാത്തലത്തില്‍ മൂന്നു കൗമാരക്കാരായ വിദ്യാര്‍ഥികളുടെ ജീവിതം പറയുന്ന സിനിമയുടെ തെളിനീരൊഴുക്കില്‍ ആകെയൊന്നു കുളിര്‍ന്നു തുടങ്ങുമ്പോഴാണ് തീപൊള്ളിച്ചുകൊണ്ട് റിമ സിനിമയുടെ കാതല്‍ കാട്ടിത്തരുന്നത്. ബുള്‍ബുളും, ബോണിയും, സുമനും സഹപാഠികളും അയല്‍ക്കാരും സര്‍വ്വോപരി കടുത്ത ചങ്ങാതിമാരുമാണ്. കൗമാരമെന്നത് ലൈംഗികകൗതുകങ്ങളുടെയും അവനവന്റെ ലൈംഗികസ്വത്വങ്ങളുടെ അന്വേഷണത്തിന്റെയും കൂടി കാലമാണെന്നിരിക്കെ പെണ്‍കുട്ടികള്‍ രണ്ടുപേരും അവരുടെ തന്നെ സഹപാഠികളായ ആണ്‍സുഹൃത്തുക്കളുമായി പ്രണയത്തില്‍ ആകുന്നതും പെണ്‍സുഹൃത്തുക്കളുമായി മാത്രം ഇടപഴകുന്നതു കൊണ്ടും ശാരീരികചേഷ്ടകളില്‍ കടന്നു വരുന്ന സ്ത്രൈണത കൊണ്ടും സുമന്‍ മറ്റ് ആണ്‍സഹപാഠികളാല്‍‘ലേഡീസ്’ എന്ന് വിളിക്കപ്പെടുന്നതും നമുക്ക് കാണാം.

കൗമാരപ്രണയങ്ങളുടെ എല്ലാ ഭാവങ്ങളിലൂടെയും കഥ പുരോഗമിക്കവേ, ചുംബനവും സ്പര്‍ശവുമെല്ലാം അവയുടെ കൗതുകവരമ്പുകള്‍ ഭേദിച്ച് കുട്ടികള്‍ക്ക് പ്രാപ്യമാകവേയാണ് അത് സംഭവിക്കുന്നത്. സദാചാരം അതിന്റെ എല്ലാ വൈരൂപ്യത്തോട്‌ കൂടിയും കുട്ടികളുടെ പ്രായം, ലിംഗം പോലും കണക്കിലെടുക്കാതെ അഴിഞ്ഞാടിയ ആ ദിവസം! അതിന്റെ തുടര്‍ച്ചകള്... ആ ദിവസത്തിന്റെ ആഘാതം അവരുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ പോലും പുലര്‍ത്തുന്ന മാറ്റങ്ങള്‍ നമ്മില്‍വിഷാദമുണ്ടാക്കുന്നത് അത്ര ഭംഗിയായി ആദ്യഭാഗങ്ങളില്‍ റിമ അവയെ വരച്ചുകാട്ടിയത് കൊണ്ടുതന്നെയാണ്. കണ്ണെത്താത്ത പാടവും ചുള്ളിയൊടിക്കാന്‍ വേണ്ടി എന്നും സ്വൈര്യവിഹാരം നടത്തിയിരുന്ന പറമ്പും സ്കൂളും വീടും ബോണിയുടെ അമ്മയുടെ ചായക്കടയും ഒരുമിച്ചു തിമര്‍ക്കാറുള്ള കുളവും.. അങ്ങനെ ആദ്യ ഭാഗങ്ങളില്‍ നമ്മുടേയും പ്രിയപ്പെട്ടതായ ആ ഇടങ്ങള്‍.

രണ്ടു പേര്‍ ഏതെങ്കിലും ആളൊഴിഞ്ഞയിടത്ത് മാറിയിരിക്കുമ്പോള്‍, ഒരല്‍പ്പം ചേര്‍ന്നിരിക്കുമ്പോള്‍ അത് കണ്ടുനില്‍ക്കുന്നവന്റെ തുടകള്‍ക്കിടയില്‍ ഉണ്ടാവുന്ന ആ തരിപ്പ് തന്നെയല്ലേ സദാചാരം? അവര്‍ ആരുടേയും ഇടങ്ങളിലേക്ക് അതിക്രമിച്ചു കയറാത്തിടത്തോളം, അവര്‍ആര്‍ക്കും അലോസരമുണ്ടാക്കാത്തിടത്തോളം എവിടെ നിന്നാണ് സംസ്കാരബോധം എന്ന വര്‍ണ്ണക്കടലാസ്സില്‍പൊതിഞ്ഞു വിളമ്പുന്ന ആ തരിപ്പുണ്ടാകുന്നത്? ഇവരുടെ കൈകളില്‍ ആരാണ് ശിക്ഷണത്തിന്റെ ചൂരലും ന്യായാധിപന്റെ ചുറ്റികയും പിടിപ്പിച്ചു കൊടുത്തത്? കൈയുയര്‍ത്തി അടിക്കാന്‍, അപമാനിക്കാന്‍, സമൂഹനന്മയ്ക്ക് വേണ്ടി ചെയ്ത ആ ‘പുണ്യപ്രവൃത്തി’ നാടുനീളെ അറിയിക്കാന്‍അഞ്ചലോട്ടക്കാര്‍ ആകാന്‍ തെല്ലും മടിയില്ലാത്ത ജനത ഇങ്ങ് കേരളത്തില്‍ ആയാലും ആസാമില്‍ ആയാലും ഒന്നുതന്നെ എന്നല്ലേ റിമയും പറഞ്ഞു വെക്കുന്നത്? ബുള്‍ബുളിനെക്കാള്‍ഭംഗിയായി പാടുമായിരുന്ന ബോണിയുടെ മേലേക്ക് ചിറകുവിരിച്ചു നിഴല്‍പടര്‍ത്തിയ സദാചാരക്കഴുകനെ നാമും എത്രയോ കാണുന്നു. ഓടിയൊളിക്കേണ്ടി വരുന്നു! “നമുക്കൊരല്‍പ്പം മാറി നില്‍ക്കാം.. സദാചാരക്കാര്‍ വന്ന് അലമ്പാവണ്ട” എന്ന് ഒരു സാധാരണക്കാരന്‍ പറയേണ്ടി വരുന്നത് വിരളമൊന്നുമല്ല.

റിമ ദാസിന്‍റെ ബുള്‍ബുളിന്റെ പാട്ട് നാം കേള്‍ക്കേണ്ടത് തന്നെയാണ്. നമുക്കറിയാത്തതായോ നാം കാണാത്തതായോ ഒന്നും സിനിമ നമുക്ക് കാട്ടിത്തരുന്നില്ല. കണ്ടുകൊണ്ടിരിക്കുന്ന പലതിനേയും തിരിച്ചുവിളിക്കാന്‍ അവര്‍ സിനിമയെ ഏറ്റവും ഭംഗിയായി ഒരു മാധ്യമമാക്കി എന്ന് മാത്രം. സമൂഹത്തിലെ ഇത്തരം ‘സാമ്പ്രദായികത’കളോടുള്ള അവരുടെ കലഹത്തെ അറിയിച്ചെന്ന് മാത്രം. ഒരു സ്ത്രീസംവിധായക എന്ന നിലയില്‍സമാനസ്വപ്നമുള്ളവര്‍ക്ക് നല്‍കുന്ന പ്രചോദനവും ഏറെ വലുതാണ്‌. 

© Mazhasruthi Puduvai | Cinema Paradiso Club