Sudani From Nigeria | Review |Cinema Paradiso Club

Mar-25-2018 04:03 PM

തല കൊണ്ടും ,സിനിമയെടുക്കാം ഖൽബ്(മനസ്സ്) കൊണ്ടും സിനിമയെടുക്കാം. "സുഡാനി ഫ്രം നൈജീരിയ" സക്കരിയ ഖൽബ് കൊണ്ടെടുത്ത സിനിമയാണെന്ന് ഉറപിച്ച് പറയാം.

ഇത്രമേൽ സത്യസന്ധമായ ആത്മാർത്ഥമായ സിനിമാ ശ്രമം ഈയിടെയൊന്നും മലയാള സിനിമയിൽ കണ്ടിട്ടില്ല എന്ന് പറഞ്ഞാൽ അതിശയോക്തിയല്ല .അത് കൊണ്ടാണ് സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും മനസ്സ് നിറഞ്ഞ് കൊണ്ട് തന്നെ ഇറങ്ങുന്നത്. മനുഷ്യത്വത്തേക്കാൾ വലിയ രാഷ്ട്രീയം ഉൾകൊള്ളുള്ള വാക്ക് ലോകത്തില്ല എന്ന് പലപ്പോഴായി തോന്നിയിട്ടുണ്ട്, അതിൻമേലാണ് പിന്നീടുള്ള എല്ലാ രാഷ്ട്രീയ ബോധങ്ങളും നിർമ്മിക്കപ്പെടേണ്ടതെന്ന ഉറച്ച വിശ്വാസമുണ്ട് താനും. സുഡാനി പറയുന്നതും ഇത് തന്നെയാണ്.

മനുഷ്യത്വത്തെ കുറിച്ചാണ് പറയുന്നത്, മലപ്പുറത്തിന്റെ മണ്ണിലാണ് ,സെവൻസ് ഫുട്ബോളിന്റെ പശ്ചാത്തലത്തിലാണ്, അവിടെ മജീദെന്ന ക്ലബ്ബ് മാനേജറുടെ വീട്ടിലാണ് .പക്ഷെ സക്കരിയ "വിപ്ലവം വീട്ടിലാണെന്നോ" "ലോകത്തുള്ള എല്ലാ മനുഷ്യർക്കും വേണ്ടി"യെന്നോ സിനിമയുടെ ഞെഞ്ചത്ത് പോസ്റ്ററൊട്ടിക്കുന്നില്ല, വളരെ പതിയെ സട്ടിലായി ,കളങ്കമില്ലാതെ തനിക്ക് പറയേണ്ട കാര്യങ്ങൾ ലളിതമായി പറഞ്ഞ് പോവുന്നുണ്ട് അയാൾ ,അതിൻമേൽ മനോഹരമായ കാഴ്ച വേറെന്തുണ്ട് !

ദാരിദ്ര്യം എന്നൊരു കാര്യം മലയാള സിനിമയിലെ നായകൻമാർക്ക് ഇല്ലാതായിട്ട് കൊറേയായി ,പഴയ സത്യൻ അന്തിക്കാട് സിനിമയിലെ തൊഴിലില്ലായ്മ, കുടുംബം പ്രാരാബ്ധമൊക്കെ സിനിമയിൽ നിന്ന് പോയിട്ടും കുറേയായി. പണത്തിന് വേണ്ടി മലയാള സിനിമയിലെ ഒരു നായകൻ സ്വർണ്ണം പണയം വച്ചിട്ട് പോലും എത്രയായിക്കാണും?, അവിടെയാണ് സൗബിനെന്ന മജീദ് വരുന്നത്. അയാളുടെ കുടുംബത്തിനുള്ളിലെയും, പുറത്തെയും സംഘർഷമാണ് സക്കരിയ നമ്മുടെ മുന്നിലേക്ക് എത്തിക്കുന്നത്. അയാൾ ഇടപെടുന്നതും ,ചെയ്യുന്നതും, കാണുന്നതുമായ കാര്യങ്ങളാണ് സുഡാനിയിലൂടെ നമ്മുടെ മുന്നിൽ സക്കരിയ വെക്കുന്നത് .കാഴ്ചകൾക്കൊരു അടുക്കും, ചിട്ടയുമുണ്ടാകുമ്പോഴുണ്ടാകുന്ന ,അത് ചേർത്ത് വെക്കുമ്പൊ അത് പറയുന്ന കാര്യങ്ങളാണ് സിനിമ പറയുന്നതും. ചിലയിടത്ത് അത് മജീദെന്ന മാനേജരൊട് തദാമ്യം പ്രാപിക്കാൻ പ്രേരിപിക്കുമ്പോൾ, ചിലയിടത്ത് അയാളല്ല ശരിയെന്ന് പറയാനും ശ്രമിക്കുന്നുണ്ട് അങ്ങനെ പല കഥാപാത്രങ്ങളുടെ പല പ്രവർത്തികളെയും, അതിന്റേതായ നിഷ്കളങ്കതയോടെ അറിവില്ലായ്മയിൽ നിന്ന് വരുന്ന തെറ്റുകളെ ആ രീതിയിൽ കാണാനും, ശരികളെ സൂക്ഷ്മമായി പകർത്താനും സക്കരിയ ശ്രമിക്കുന്നുണ്ട് .ഒരു വാച്ചിനുള്ളിൽ, അവിലിനുള്ളിൽ,ജഴ്സിക്കുള്ളിൽ, സ്വർണ്ണത്തിനുള്ളിൽ അയാൾ ഒളിപ്പിക്കുന്ന ഒരു വലിയൊരു സന്ദേശമുണ്ട്, അതാണ് സുഡാനി.

മലപ്പുറത്തിന്റെ ബിംബങ്ങളെ അയാൾ തച്ചുടക്കുമെന്ന ചിന്ത സിനിമയ്ക്ക് മുൻപേ ഉണ്ടെങ്കിൽ ,അത് താൻ ഉടക്കുവാണേ എന്ന് വിളിച്ച് പറയാതെ ചെയ്തതിലുള്ള സന്തോഷം, ലോകം കാണാത്ത ഉമ്മമാർക്ക് നമുക്കറിയാത്ത ചിലതറിയാമെന്ന് കാണിക്കുന്നതിലെ സന്തോഷം,തനിക്ക് നാട്ടിൽ പോണമെന്ന് പറയുന്നവൻ്റെ "I Have No Money" എന്ന് പറയുന്നവൻ്റെ നല്ല ലോകമാണ് എൻ്റെ സ്വപ്നമെന്ന് പറയുന്നവൻ്റെ ഉള്ള് നമ്മുടേതെന്ന പോലെ അനുഭവിപിച്ച് ഒരാൾ മനസ്സ് നിറക്കുമ്പോഴുള്ള സന്തോഷം, ഇതൊക്കെ തരാൻ രണ്ട് ഉമ്മൂമ്മമാരായി ഖൽബ് നിറക്കുന്ന പ്രകടനം കാഴ്ച്ചവച്ച ആ നടിമാരോടുള്ള ബഹുമാനം ,സ്ഥിരം ശൈലിയിൽ തന്നെ ക്യാമറയുണ്ടെന്നു തോന്നിക്കാതെ മനസ്സ് നിറച്ച വിഷ്വൽസ് തന്ന ഷൈജു ഖാലിദിനോടുള്ള ബഹുമാനം, പറയേണ്ടിടത് മാത്രം ശബ്ദിക്കുന്ന സംഭാഷണങ്ങളെഴുതിയ മൊഹ്സിനോടുള്ള ഇഷ്ടം ,മായാനദിക്ക് ശേഷം വീണ്ടും മനസ്സ് കീഴടക്കുന്ന റെക്സിനോടുള്ള ഇഷ്ടം, കട്ടക്ക് നിർമ്മാതാവായും പുതുവഴി വെട്ടി തെളിക്കുന്ന സമീർ താഹിറിനൊടുള്ള ബഹുമാനം, ഇതൊക്കെ കൂടിയാണ് സുഡാനി.

അവസാനമായി വർണ്ണ,ദേശ,മത വിവേചനങ്ങൾക്കിടയിൽ അതിനപ്പുറമുള്ള മനുഷ്യത്വമെന്നതിനെ കാണിച്ച് തന്ന സക്കരിയയോട് വാക്കുകളിലൊതുക്കാനാവാത്ത ഇഷ്ടം.