The Irishman | Martin Scorsese | Review

Jan-04-2020 07:01 PM

സ്കോർസേസി കാട്ടിത്തന്നിട്ടുള്ള ഒരു ന്യൂയോർക് ഉണ്ട്, നമുക്ക് പരിചയമുള്ള കട്ടബൊമ്മൻ മുതൽ കുട്ടിച്ചാത്തൻ വരെയുള്ള ന്യൂയോർക്, നനുത്ത ജാസിന്റെ പശ്ചാത്തലത്തിൽ മഴച്ചാറ്റലുകൾ ഗ്യാങ് വാറുകളുടെ കനലുകളെ ഒരു പൊട്ടിത്തെറിയിലേക്ക് എത്താതെ അണച്ച് കളയുന്ന ന്യൂയോർക്...

സൗഹൃദവും, അലിഖിത നിയമങ്ങളും, നാട്ടുനടപ്പുകളും ഏതൊരാളെയും ചുറ്റിച്ചു കളയുന്ന ഒരു കളിക്കളത്തിലേക്കാണ് ഫ്രാങ്ക് വന്നു പെടുന്നത്, കാഴ്ചകളുടെ തിളക്കത്തിൽ ചുറ്റും മുഴങ്ങുന്ന വാക്കുകൾ കേൾക്കാതെ പോകുന്ന പകിട്ടിന്റെ ലോകത്ത്‌, ഫ്രാങ്ക് നല്ലൊരു കേൾവിക്കാരനും , പറച്ചിലുകാരനുമായി.

ഒരു വളവിന്റെ അപ്പുറത്തു നിന്ന് വേഗത്തിൽ നടന്നു വന്നു മുഖത്തിന് നേർക്ക് നിറയൊഴിക്കുകയെന്ന കേവലമായ യുക്തി മാത്രമായിരുന്നു, "ആ ന്യൂയോർക്കിൽ " ഏതൊരാൾക്കും വേണ്ടിയിരുന്ന യോഗ്യത ബാക്കിയൊക്കെ കാഴ്ചകളും കേൾവികളും അവരവർക്കു കൊണ്ട് തരുന്നതായിരുന്നു....

ഫ്രാങ്ക് , റസ്സലിന്റെ അടുത്ത് വന്നു പെടുന്നത് യാദൃശ്ചികമായി ആയിരുന്നു, റസ്സലിന്റെ അറിവിനെ രുചിച്ച ഫ്രാങ്കിന് സ്വാഭാവികമായ അതിലേക്കുള്ള ആകർഷണം കൂടുതൽ ശക്തമാകുകയും, ഏതുവിധേനയും ആ പ്രീതി നില നിർത്താൻ ശ്രമിക്കുകയും ചെയ്യുന്നു..

മേൽപ്പറഞ്ഞ നാട്ടുനടപ്പുകളുടെ ഭാർഗമായി മാറാനും, രീതികളുമായി ചേർന്ന് പോകാനും ഫ്രാങ്ക് പഠിച്ചതോടെ റസ്സൽ ഫ്രാങ്കിന് ഉത്തരവാദിത്തങ്ങൾ കൊടുത്തു കൊണ്ടേ ഇരുന്നു...

ഫ്രാങ്ക് , ജിമ്മി ഹോഫയെ കാണുന്നതും അത്തരം ഒരു ഉത്തരവാദിത്വത്തിന്റെ ഭാഗമായി ആയിരുന്നു , അവിടെ അവർ തമ്മിൽ ഉണ്ടാകുന്ന സൗഹൃദത്തിന് പരസ്പര വിശ്വാസത്തിന്റെയും, സ്വപ്നങ്ങളുടെയും പശ്ചാത്തലം ഉണ്ടായി വന്നു. ഹോഫയുടെ രീതികളെ മെരുക്കിയെടുക്കാൻ ആർക്കും കഴിയാതെ ഇരുന്ന സമയത്തു പോലും ഹോഫയെ കയ്യൊഴിയാൻ നോക്കാതെയിരുന്ന ആത്മാർത്ഥ സുഹൃത്തായി ഫ്രാങ്ക് മാറുന്നു. കാലചക്രത്തിന്റെ തിരിയലുകൾ അവരെ ഒരേ മേശയുടെ ഇരുവശത്തുമായി കൊണ്ടിരുത്തുമ്പോൾ വലിയ ഒരു യന്ത്രത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ചക്രങ്ങളാണ് താനും, ഹോഫയും ഒക്കെയെന്നു ഫ്രാങ്ക് മനസിലാക്കുന്നു...

ജീവിതം ശരീരത്തിനും മനസ്സിന് മേൽപ്പിച്ച ക്ഷതങ്ങളുമായി , തന്റെ കഥയ്ക്ക് കേൾവിക്കാരില്ലാതെ പോകുന്ന അവസ്ഥയുടെ നിസ്സഹായതയെ ഗ്രസിച്ചു ഇരുട്ടിലേക്ക് അയാൾ മറയുന്നു...

കുറെ വെടിവെപ്പും, തീപ്പൊരി ഡയലോഗുകളും , നടന്ന വഴികളുടെ വീമ്പു പറച്ചിലുമൊക്കെയായി ഒരു അടിപ്പടം ഉണ്ടാക്കാൻ സ്കോർസേസിക്കു ഉറക്കത്തിൽ പോലും പറ്റുമെന്നതാണ് സത്യം , പക്ഷെ ഓരോ തവണയും അതിൽ നിന്ന് പുള്ളി മാറി നടക്കുമ്പോൾ നമുക്ക് കിട്ടുന്ന വികാരപരമായ ഒരു അനുഭവമുണ്ട് ഹ്യുഗോയും , സൈലെൻസും ഒക്കെ നമ്മളെ അത്ഭുതപ്പെടുത്തുന്ന ഒന്ന്.

ഏതാണ്ട് മൂന്നു മണിക്കൂർ വരുന്ന ഒരു ചിത്രം തീയേറ്റർ റിലീസ് പോലും അല്ലാതെ പ്രേക്ഷകരിലേക്ക് എത്തുമ്പോൾ അതിനെ ചടുലമായ എഡിറ്റിങ്ങിലോ സംഭവ ബഹുലമായ സംഘട്ടനമോ ട്വിസ്റ്റുകളിലോ കൊളുത്തി ഇടാതെ ആ കഥ എങ്ങനെ പറയണമോ അതേപോലെ പറഞ്ഞു പോകാൻ സ്കോർസെസെ കാണിച്ച യുക്തി IRISHMAN എന്ന പ്രൊഡക്ടിന്റെ വ്യക്തിത്വം ആകുന്നു.

ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റും , ഗാംഗ്സ് ഓഫ് ന്യൂയോർക്കും എഴുതിയ സ്റ്റീവൻ സില്ലിയൻ പീരീഡ് ഡ്രാമകൾ എഴുതാൻ ഉള്ള പുള്ളിയുടെ കഴിവിനെ ഒന്ന് കൂടി ഉറപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ എഴുത്തും നടത്തിയിരിക്കുന്നഹ്‌റ്‌, ഗംഭീര കാരക്റ്റർ ആർക്കും, രംഗങ്ങളുടെതീവ്രത ചോരാതെ എഴുതിയ ഡയലോഗുകളും പ്രധാന മൂന്നു കഥാ പാത്രങ്ങളുടെയും പ്രകടനങ്ങളുടെ തിളക്കം കൂട്ടുന്നു. അധോലോക നായകരുടെ ദൈനം ദിന ജീവിതത്തിനു മേൽ നടക്കുന്ന വെള്ളപൂശലുകൾ നടക്കുമ്പോഴും, അതിനിടയിലെ പൊളിറ്റിക്കൽ കോറക്ടൺസിനെച്ചൊല്ലിയുള്ള ലഹളയുടെ സാംഗത്യം വളരെ യുക്തി രഹിതമായി പോകാമെങ്കിലും, ഇറ്റാലിയൻ കുടുംബങ്ങൾക്ക് വ്യക്തമായ സ്വാധീന ശക്തി തന്നെ എങ്ങോട്ടു വേണമെങ്കിലും തിരിയാവുന്ന അനാർക്കിയുടെ അച്ചുതണ്ട് പോലെ വർത്തിക്കുന്ന കാഴ്ചകൾ നമ്മൾ പല ചിത്രങ്ങളിലും കണ്ടിട്ടുള്ളതാണ്. ഒരു അമേരിക്കനേയും, ഐറിഷ്‌കാരനെയും തന്റെ കുടുംബാങ്ങങ്ങളെപ്പോലെ തന്നെ കാണുന്ന റസ്സൽ ബഫലിനോയുടെ കഥാപാത്രം ആ ഉൾക്കൊള്ളലിന്റെ പെർസോണിഫിക്കേഷൻ ആകുന്നു , വ്യക്തികളിലും, വിശ്വാസത്തിലും, ജോലിയുടെ പൂർണതയിലും മാത്രം വിശ്വസിച്ചു പോന്ന ഇറ്റാലിയൻ മാഫിയാ കുടുംബങ്ങളുടെ ഔട്ലയിനിൽ തന്നെയാണ് പിന്നീട് ഇന്നോളം വന്ന ഏതൊരു ഡോൺ സിനിമയുടെയും കേന്ദ്ര കഥാപാത്രത്തിന്റെ വിശ്വാസപ്രമാണങ്ങൾ എന്ന കൗതുകം ഇതിനോട് ചേർത്ത് വായിക്കാം.

അൽ പാച്ചിനോയുടെ പ്രകടനം എടുത്തു പറയേണ്ട ഒന്നായി തോന്നിയത് ഒരു പക്ഷെ ഇത്രയും കാലം തനിക്ക് നല്ലൊരു വേഷം നൽകാതിരുന്ന സ്കോർസേസിയോടുള്ള പകരം വീട്ടൽ പോലെ ആയിരുന്നു, ഒരു 5 - 6 വര്ഷം മുന്നേ നമ്മൾ കണ്ട പാച്ചിനോയെക്കാൾ ഊർജസ്വലനും, അഗ്രിസീവും ആയ പ്രകടനം. ഒരു വേദിയിൽ തന്റെ മുന്നിലെ കാഴ്ചക്കാരെ എങ്ങനെ ആവേശഭരിതരാക്കുന്ന രീതിയിൽ പെർഫോം ചെയ്യണമെന്ന് പുള്ളി പല തവണ കാണിച്ചു തന്നിട്ടുള്ളതാണ്, അതെ മാജിക്ക് ഇത്തവണയും എടുത്തു അലക്കിയിട്ടുണ്ട്.

കാലഘട്ടങ്ങളിലൂടെ ഉള്ള യാത്ര ആയതിനാൽ ഡി ഏജിങ് ഒക്കെ ഉപയോഗപ്പെടുത്തി കൺവിൻസിംഗ് ആക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ശരീരഭാഷയിലും, അംഗവിക്ഷേപങ്ങളിലും, സംസാര രീതിയിലും ഒക്കെ അതിനോട് ആനിബന്ധിച്ചു കൊണ്ട് വരേണ്ട വ്യതിയാനങ്ങൾ ഒരു നടന് എത്രകണ്ട് വെല്ലുവിളി ഉയർത്തുന്നതാണ് എന്ന് ആലോചിച്ചു നോക്കിയാൽ മനസിലാകും, പ്രത്യേകിച്ചും ഇവരുടെ ഒക്കെ ആ പ്രായത്തിലെ പ്രകടങ്ങളും രൂപവും ഒക്കെ നമ്മൾ മുന്നേ കണ്ടിട്ടുണ്ടെന്നതിനാൽ, വണ്ണമുള്ള ഡി നീറോയും , തുടുത്ത കവിളുകളുള്ള പെസിയും ഒന്നുമല്ല നമ്മുടെ മുന്നിലുള്ളത് പക്ഷെ ഡീ ഏജിങ്ങിന്റെ ഇടപെടലുകൾ വരുമ്പോൾ അവർ ശെരിക്കും ഫ്രാൻകും റസ്സലും ആയിത്തന്നെ നമുക്ക് തോന്നും കാരണം ഈ നടന്മാരെ ഇങ്ങനെ നമ്മൾ ആ പ്രായത്തിൽ കണ്ടിട്ടില്ലല്ലോ..., അതിലേക്കായി ഓവർ കോംപന്സേഷന് പോലെ ഒന്നും ചെയ്യാതെ വിട്ടത് വളരെ നോവൽ ആയ ഒരു നീക്കമായി തോന്നി...

ശബ്ദങ്ങൾ കൊണ്ട് സ്കോർസേസി തീർത്തു വെക്കുന്ന ഒരു ലോകമുണ്ട് പുള്ളിയുടെ ഗാങ്സ്റ്റർ സിനിമകളിൽ ; ബെർണാഡ് ഹെർമൻ ട്രാക്ക് ഇട്ടു നിർത്തിയേടത്തു നിന്നാണ് ഇപ്പോഴും സ്കോർസേസി അത് തുടങ്ങുന്നത് , റോബ്ബി റോബർട്സൺ കിംഗ് ഓഫ് കൊമെടിയും, ഗാംഗ്സ് ഓഫ് ന്യൂ യോർക്ക് വെച്ച് സെറ്റ് ചെയ്തു വെച്ചിടത്തു ഒരു തുടർച്ച പോലെ ഐറിഷ്‌മാനും ശബ്ദങ്ങളിലൂടെ അലിഞ്ഞു ചേരുന്നു...

വളരെ ചലഞ്ചിങ് ആയ ഒരു സിനിമാട്ടോഗ്രാഫി എക്സർസൈസ് ആയിരിക്കണം ഇതിന്റേത്, കാണുന്ന കാഴ്ചകൾക്കും , വസ്തുക്കൾക്കും ഒക്കെ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടേ ഇരിക്കുന്ന രീതിയിലെ നാറീട്ടേവിനു വേഗമൊപ്പിക്കാനും, പ്രോപ്സ് ഒരുക്കാനും ക്യാമെറാമാനും, പ്രൊഡക്ഷൻ ടീമിനും കഴിഞ്ഞിട്ടുണ്ട്. ഒഴുക്കൻ അഴകളവുകൾ വഹിക്കുന്ന മഹായുദ്ധാനന്തര കാറുകളിൽ നിന്നും വെട്ടിയൊതുക്കിയ വേഗാവാഹക മസിൽ കാറുകളിലേക്കും, പിന്നെയുണ്ടായ ജാപ്പനീസ് കാറുകളുടെ സജീവ സാന്നിധ്യത്തിലേക്കുമൊക്കെ കഥയുടെ ഗതിയെ ചേർത്ത് കൊണ്ടുപോകാനും ചിത്രത്തിന് കഴിയുന്നുണ്ട്...

മൂന്നര മണിക്കൂറിന്റെ ദൈർഖ്യം കഥാപാത്രങ്ങളുടെ വളർച്ചയെയും, സിനിമയുടെ ഡോക്യൂമെന്റേഷൻ സ്വഭാവത്തെയും ന്യായീകരിക്കുന്നതാണ്..

ഐറിഷ്മൻ 90 മിനിറ്റിലോ 150 മിനിറ്റിനോ വേണ്ടി ഉണ്ടാക്കാമായിരുന്നതോ ഉണ്ടാകേണ്ടതോ അല്ല, പഴയ ഒരു കാലഘട്ടത്തിനെപ്പറ്റി , ഈ കാലഘട്ടം അടുത്ത കാലഘട്ടത്തോട് പറയുന്ന ഒരു കഥയായി എടുക്കേണ്ട ഒന്നായിരുന്നു, ആ ക്ഷമയും , നിരീക്ഷണ പാടവവും തന്നെയാണ് ഈ കഥ പറയാൻ ഫ്രാൻക് എന്ന ഐറിഷ്‌മാനെ നമുക്കായി കാലം ബാക്കി വെച്ചതും.

Frank sailed through the Anarchy...

Russell soared above the Anarchy...

Jimmy was at the eye of the Anarchy...

© Abhay Darwin | Cinema Paradiso Club