Winter on Fire: Ukraine's Fight for Freedom

Dec-31-2018 12:12 PM

21 November 2013 , ഉക്രൈന്റെ തലസ്ഥാനമായ കീവിലെ Maidan Nezalezhnosti അഥവാ Independence squireല്‍ ആയിരങ്ങള്‍ പങ്കെടുത്ത ഒരു പ്രതിഷേധം രൂപപ്പെട്ടു .യൂറോപ്യന്‍ യൂണിയനുമായുള്ള ഉക്രയിന്‍റെ ലയന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെതുടര്‍ന്നായിരുന്നു ഈ പ്രതിഷേധം.മുസ്തഫ നയാം എന്ന മാധ്യമപ്രവര്‍ത്തകന്‍ തന്റെ ഫേസ്ബുക്ക് അക്കൌണ്ടിലൂടെ നടത്തിയ ആഹ്വാനമായിരുന്നു പ്രതിഷേധത്തിന് തിരികൊളുത്തിയത്.ഭൂരിഭാഗവും വിദ്യാര്‍ഥികളായിരുന്നു ഈ പ്രതിഷേധത്തില്‍ പങ്കെടുത്തത്.വ്ലാട്മിര്‍ പുട്ടിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ഡീല്‍ തള്ളിവെച്ച ഉക്രേനിയന്‍ പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചിനെതിരെയായിരുന്നു പ്രതിഷേധമധികവും.വരും ദിവസങ്ങളില്‍ മൈദാനിലെക്കൊഴുകിയെത്തിയത് ലക്ഷക്കണക്കിനാളുകളാണ്.അവരില്‍ കോളേജ് വിദ്യാര്തികളും ബിസിനസുകാരുമുണ്ടായിരുന്നു .പട്ടാളക്കാരും പുരോഹിതരുമുണ്ടായിരുന്നു .തങ്ങളുടെയും രാജ്യത്തിന്റെയും ഭാവി യൂറോപ്യന്‍ യൂണിയനുമായുള്ള ലയനത്തില്‍ അധിഷ്ടിതമാണമെന്ന ബോധ്യമാണ് അവരെ തെരുവിലിറക്കിയത് .മൈദാനില്‍ തന്നെ താല്‍കാലിക സമരകേന്ദ്രങ്ങള്‍ നിര്‍മിച്ച പ്രതിഷേധക്കാര്‍ പാട്ടും പ്രതിഷേധവും ചര്‍ച്ചകളുമേല്ലമായി കൂടുതല്‍ ജനങ്ങളിലേക്ക് തങ്ങളുടെ പ്രതിഷേധത്തെ എത്തിച്ചു .

സമാധാനപരമായ ഈ പ്രതിഷേധത്തിന്റെ മുഖം മാറിയത് നവംബര്‍ 24നാണ് .പോലീസും പ്രതിഷേധക്കാരും തെരുവില്‍ ഏറ്റുമുട്ടി.സമരാനുകൂലികളെ ക്രൂരമായി തല്ലിച്ചതച്ച പോലീസ് പക്ഷെ പ്രതിഷേധം കൂടുതല്‍ ആളിക്കത്തിക്കുകയായിരുന്നു.വരും ദിവസങ്ങളില്‍ കീവ് നഗരം അക്ഷരാര്‍ഥത്തില്‍ ഒരു യുദ്ധക്കളമായി മാറി .മൈദാനില്‍ പ്രതിഷേധക്കാരുടെ ബാരിക്കേടുകള്‍ ഉയര്‍ന്നു.കല്ലും വടിയും തീയുമെല്ലാമുപയോഗിച്ച് പ്രതിഷേധക്കാര്‍ പോലീസിനെ അകറ്റി നിര്‍ത്തി.പോലീസും വെറുതെയിരുന്നില്ല പിന്നീടുള്ള ദിവസങ്ങളില്‍ വളരെ ക്രൂരമായ ആക്രമണമാണ് പ്രതിഷേധക്കാര്‍ നേരിടേണ്ടിവന്നത്.റബ്ബര്‍ ബുള്ളറ്റും ഇരുമ്പ് ലാത്തിയും യഥാര്‍ത്ഥ ബുള്ളറ്റിനും ഗ്രനെടിനും വഴി മാറി.മൈദാനില്‍ ശവശരീങ്ങള്‍ നിറഞ്ഞു.വൈദ്യസഹായ കേന്ദ്രങ്ങള്‍ പോലീസ് ആക്രമിച്ചു നശിപ്പിച്ചു .റെഡ് ക്രോസ് പ്രവര്‍ത്തകര്‍പോലും അവരുടെ ബുള്ളറ്റുകള്‍ക്ക് ഇരകളായി.മാസങ്ങള്‍ നീണ്ട യുദ്ധഭീകരതയുടെ തുടക്കം മാത്രമായിരുന്നു ഇത് ......

Maidan Nezalezhnosti ലെ പ്രതിഷേധവും അതിനെത്തുടര്‍ന്നുണ്ടായ ഭീകരാവസ്ഥയും ആസ്പദമാക്കി Evgeny Afineevsky സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രമാണ്

Winter on Fire: Ukraine's Fight for Freedom സംവിധായകനും ഇരുപതു ടെക്നിനീഷ്യന്‍മാരുമടങ്ങുന്ന സംഘവും വളരെ ധീരമായി പകര്‍ത്തിയ ഫുട്ടേജുകള്‍ ഏറ്റുമുട്ടലുകളുടെ വ്യാപ്തിയും ഭീകരതയും പ്രേക്ഷകനെ നെരിട്ടനുഭവിപ്പിക്കാനുതകുന്നതാണ്.ഒരു ഡോക്യുമേന്ററി എന്നതിലുപരി ഒരു യുദ്ധസിനിമയോടാണ് Winter on fireനു സാദൃശ്യം .ഇത് കേവലം ദ്രിശ്യങ്ങളിലൂടെ അനുഭവപ്പെടുന്ന ഭീകരത മാത്രംകൊണ്ട് തോന്നുന്നതല്ല.സംവിധായകനായ Evgeny Afineevsky എടുത്ത തീരുമാനങ്ങള്‍ ,പറയാന്‍ ശ്രമിച്ച ആശയങ്ങള്‍ എന്നിവ പലപ്പോഴും ത്രില്ലര്‍ ചിത്രത്തിന്റെ സംവിധായകന്റെ വീക്ഷണകോണിലൂടെയുള്ളതായിരുന്നു .ഇവ എങ്ങനെ ഈ ചിത്രത്തെ സ്വാധീനിക്കുന്നു എന്ന് വിശദമായി പറയേണ്ടതുണ്ട്.

ഡോക്യുമെന്ററിയെ സിനിമയിലെ ഒരു വ്യത്യസ്ത ജോണറാക്കിമാറ്റുന്നത് അതിന്റെ "ഉദ്ദേശമാണ് ".ഒരു "കഥയിലൂടെ" പ്രേക്ഷകനുമായി വൈകാരികമായി ഒരു ബന്ധം സ്ഥാപിച് അവന്റെ ശ്രദ്ധയെ കഥയുടെ അവസാനം വരെ engage ചെയ്യിക്കുക എന്നത് മറ്റു ജോണര്‍ സിനിമകളുടെ ഉദ്ദേശമെങ്കില്‍ ഡോക്യുമെന്ററികള്‍ക്ക് ഒരു വിഷയത്തെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം അവതരിപ്പിക്കുക എന്ന ഉദ്ദേശംകൂടിയുണ്ട്.ഇവിടെ ഉക്രേനിയന്‍ വിപ്ലവത്തെക്കുറിച്ച് പറയുക എന്നതിലുപരി പ്രതിഷേധത്തിന്റെ ഫുട്ടെജുകളെ പ്രേക്ഷകനെ വൈകാരികമായി സ്വാധീനിക്കുക എന്ന ഉദ്ദേശത്തോടെ ഒരു ത്രില്ലര്‍ സിനിമക്ക് സമാനമായ പ്ലോട്ടില്‍ ഒതുക്കുകയാണ് സംവിധായകന്‍ ചെയ്തിരികുന്നത്.തല്‍ഫലമായി സത്യങ്ങള്‍ പലവശങ്ങളിലും നിന്നും മുറിച്ചുമാറ്റപ്പെട്ടിരിക്കുന്നു ,പലപ്പോഴും കാണുവാന്‍ കഴിയുന്നത് ഒരു വീക്ഷണകോണിലൂടെ മാത്രമുള്ള അവതരണമാണ്.അതിനാല്‍ തന്നെ സിനിമയില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയം പലപ്പോഴും അപൂര്‍ണവും തെറ്റിധരിപ്പിക്കുന്നതുമാണ് .ഉദാഹരണത്തിന് ഈ സിനിമ കണ്ടു ഉക്രേനിയന്‍ വിപ്ലവത്തെക്കുറിച്ച് മനസിലാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക് ഉക്രൈനിലെ ജനങ്ങള്‍ മുഴുവനായി യൂറോപ്യന്‍ യൂണിയനുമായുള്ള ഡീലിനു ആഗ്രഹിക്കുന്നു എന്ന ധാരണയുണ്ടായേക്കാം എന്നാല്‍ വാസ്തവത്തില്‍ ഉക്രെയിനില്‍ നടന്ന പോളുകളില്‍ രാജ്യത്തെ അമ്പതു ശതമാനംപേരോളം ഈ ഡീലിനെ എതിര്‍ത്തിരുന്നവരാണ് .അതുപോലെ റഷ്യന്‍ സമ്മര്‍ദം എത്രത്തോളമുണ്ടായിരുന്നു എന്നത് പറയുന്നതിലും ഈ ചിത്രം പരാജയമാണ്.

മേല്‍പ്പറഞ്ഞതുപോലെ ഈ ഡോക്യുമെന്ററി ചിത്രത്തെ ഒരു ത്രില്ലര്‍ സിനിമക്ക് സമാനമാക്കി മാറ്റാനായി ചില സത്യങ്ങള്‍ സംവിധായകന്‍ അവഗണിച്ചിട്ടുണ്ട്.എന്നാല്‍ ആര്‍ഗോയുടെ കാര്യത്തില്‍ സംഭവിച്ചപോലെ ഒരു "വളച്ചോടിക്കല്‍ "എവിടെയും നടന്നിട്ടില്ല എന്ന് പറയാന്‍ കഴിയും .എന്താണ് സത്യങ്ങളുടെ അരികും മൂലയും ഒഴിവാക്കികഴിയുമ്പോള്‍ എന്താണ് Winter on fire ല്‍ ബാക്കിയാവുന്നത്?

ഒരു ഡോക്യുമെന്ററി ചിത്രമോരുക്കുക എന്ന ലക്ഷ്യത്തോടെ ചിത്രീകരിച്ചതിനാല്‍ സാധാരണ ഡോക്യുമെന്ററികളില്‍ കണ്ടുവരാറുള്ള ഫുട്ടെജുകളെക്കാള്‍ വ്യക്തതയും ദിശാബോധവുമുള്ള രംഗങ്ങളാണ് ഇവിടെ കാണാന്‍ കഴിയുന്നത് .ഇരുപതോളം അംഗങ്ങളുള്ള ക്രൂവിന് സംഘര്‍ഷങ്ങളിലെ സുപ്രധാന നിമിഷങ്ങളെല്ലാം പകര്‍ത്തുവാനായി സാധിച്ചിട്ടുണ്ട്.ക്യാമറകൈകാര്യം ചെയ്യുന്ന ആളിന് തൊട്ടുസമീപമുള്ളവര്‍ വരെ വെടിയേറ്റ്‌ വീഴുന്ന രംഗങ്ങള്‍ ഈ ചിത്രത്തില്‍ കാണാന്‍ കഴിയും.അടുത്തായി എടുത്തു പറയേണ്ടത് ചിത്രത്തെ വൈകാരികമായ സ്വാധീനം സൃഷ്ടിക്കുന്ന രീതിയില്‍ രൂപപ്പെടുത്താനെടുത്ത തീരുമാനങ്ങളാണ്.മേല്‍പ്പറഞ്ഞത്‌ പോലെ അവ്യക്ത നിലനില്‍ക്കുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷത്തില്‍ നിന്നും people vs government അല്ലെങ്കില്‍ people vs dictatorship രീതിയിലുള്ള ഒരു പ്ലോട്ട് സംവിധായകന്‍ സൃഷ്ടിക്കുന്നുണ്ട് .അതുപോലെ പ്രാധാന്യമുള്ളതും അല്ലാത്തതുമായ വ്യക്തികളെ കൃത്യമായ വൈകാരിക സ്വാധീനമുണ്ടാക്കുക എന്ന രീതിയിലും ഉപയോഗിച്ചിട്ടുണ്ട് .പ്രക്ഷോഭത്തിനിടെ മരണപ്പെടുന്ന യുവാവും ,12 വയസുകാരനായ സമരാനുകൂലിയുമൊക്കെ ഈ ഒരു ലക്ഷ്യത്തോടെ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു.ഇതോടൊപ്പം Will Znidaric ന്റെ മികച്ച എഡിറ്റിങ്ങും ജഷ ക്ലേബിന്റെ സംഗീതവും കൂടിയാവുമ്പോള്‍ Winter on fire ഒരു ഗംഭീര സിനിമാനുഭാവമായി മാറുകയാണ്‌.ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അടക്കം നിരവധി മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്ത വിന്റര്‍ ഓണ്‍ ഫയര്‍ ഈ വര്‍ഷത്തെ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള ഓസ്കാര്‍ നോമിനെഷനും നേടി.

© Arun Ashok | Cinema Paradiso Club