Zootopia ഏറ്റവും മികച്ച ആനിമേറ്റഡ് സിനിമകളിൽ ഒന്നാകുന്നത്.

Dec-27-2018 11:12 AM

സംസാരിക്കുന്ന മൃഗങ്ങളെ കേന്ദ്രമാക്കി ഇറങ്ങിയിട്ടുള്ള ഒരുപാട് ആനിമേഷൻ സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തമാണ് Zootopia. ഒരേ സമയം ത്രില്ലിംഗ് ആയൊരു പോലീസ്-ക്രൈം ഡ്രാമ കൊണ്ട് വളരെ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ എന്റർടെയിൻമെന്റ് ആയിരിക്കുകയും അതോടൊപ്പം ഏറെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നൊരു പൊളിറ്റിക്കൽ സിനിമയും കൂടിയാവുക. ഏറെ ശ്രമകരമായൊരു സംഗതിയാണിത്.

പണ്ട് ബാലരമയുടെ അവസാന പേജിൽ വേണുവിന്റെ ഒരു കാർട്ടൂൺ പംക്തി ഉണ്ടായിരുന്നു, 'മൃഗാധിപത്യം വന്നാൽ' 

ഈ ലോകത്ത് മനുഷ്യർക്ക് പകരം മൃഗങ്ങളായിരുന്നെങ്കിൽ എങ്ങനെയായിരിക്കും എന്ന ആശയം വെച്ചുള്ള അതീവ രസകരമായ കാർട്ടൂണുകൾ, ഏതാണ്ട് അതേ ആശയമാണ് സൂട്ടോപ്പിയയുടേത്. മൃഗങ്ങളുടെ ഒരു 'ഉട്ടോപ്പിയ'

ഒറ്റനോട്ടത്തിൽ വളരെ സിമ്പിളായൊരു സ്റ്റോറിയാണ് സൂട്ടോപ്പിയയുടേത്. പോലീസ് ഓഫീസറാവാൻ കൊതിക്കുന്ന 'ജൂഡി ഹോപ്പ്സ്' എന്ന പെൺമുയലിന്റെ കഥ.

സൂട്ടോപ്പിയ സുന്ദരമായൊരു ലോകക്രമമുള്ള സ്ഥലമാണ്. രണ്ട് ഇഞ്ച് നീളമുള്ള ജീവികൾ മുതൽ 5-6 മീറ്റർ നീളമുള്ള ജീവികൾ വരെ പല വലിപ്പത്തിലും സ്വഭാവത്തിലുമുള്ള ജീവികൾ ഐക്യത്തിൽ സഹവസിക്കുന്ന രാജ്യം. ട്രെയിൻ, കോഫീഷോപ്പ്, തുടങ്ങി എല്ലാ പൊതുസ്ഥലങ്ങളും ഏവർക്കും സ്യൂട്ടബിളായ വിധത്തിൽ സംവിധാനിച്ച് വെച്ചിട്ടുള്ളത് മനുഷ്യർക്കുള്ള പാഠമായാണ്. നമ്മുടെ പൊതുസ്ഥലങ്ങൾ അന്ധർക്കും അംഗപരിമിതർക്കുമെല്ലാം വേണ്ടി എത്രത്തോളം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഓർക്കാം. സൂട്ടോപ്പിയ ഏവർക്കും തുല്യമായി എല്ലാ സംവിധാനങ്ങളുമൊരുക്കിയിരിക്കുന്നു.

എല്ലാ മൃഗങ്ങളും (വേട്ടക്കാരും ഇരകളും) ഐക്യത്തോടെ സഹവസിക്കുന്ന സൂട്ടോപ്പിയയിലേക്ക് പോലീസ് ഓഫീസർ ആയി ചാർജ്ജ് എടുക്കാനാണ് 'ജുഡി' ട്രെയിൻ കയറുന്നത്. സൂട്ടോപ്പിയയുടെ ചരിത്രത്തിലിന്ന് വരെ ഒരു 'ബണ്ണി മുയലും' പോലീസ് ആയിട്ടില്ല. ജൂഡി പോലീസ് ആകുന്നത് പുതിയ 'മാമ്മൽ ഇൻക്ലൂഷൻ' പദ്ധതി പ്രകാരമാണ്. (അത് തന്നെ സംവരണം :) , അമേരിക്കക്കാരുടെ അഫർമേറ്റീവ് ആക്ഷൻ)

In Zootopia anybody can Anything എന്നാണ് വെപ്പ്. സൂട്ടോപ്പിയയിൽ എത്തി ചാർജ്ജ് എടുത്ത ശേഷമാണ് ജുഡിക്ക് മനസ്സിലാകുന്നത്, താൻ കരുതിയത് പോലെ വിവേചനങ്ങളൊന്നുമില്ലാത്ത സ്ഥലമല്ല സൂട്ടോപ്പിയ. അവിടെയും പലതരത്തിലുള്ള വിവേചനങ്ങൾ കാണാം.(അമേരിക്കയെപ്പറ്റി കുടിയേറ്റക്കാരുടെ ധാരണയും ഇങ്ങനെയത്രേ, A country of Freedom, ഏവർക്കും ഒരുപോലെ കിട്ടുന്ന സ്വീകാര്യതയും അവസരങ്ങളും... എന്നാൽ ജൂഡിയെപ്പോലെ അമേരിക്കയിലേക്ക് സ്വപ്നങ്ങളുമായി വരുന്ന ആയിരങ്ങളുടെ മുന്നിൽ യാഥാർത്ഥ്യം മറ്റൊന്നാണ്. )

‎ ഒരു പോലീസ് സ്റ്റേഷനിൽ രണ്ട് പോലീസുകാർ ഒന്നിച്ച് ചാർജ്ജ് എടുക്കുന്നു എന്ന് കരുതുക, അതിലൊരാൾ വനിതയാണ്. അന്ന് ആ സ്റ്റേഷനിൽ ഒരു കേസ് വരുന്നു, അതാരെയായിരിക്കും ഏൽപ്പിക്കുക? സംശയമില്ല അത് പുരുഷനെ ആയിരിക്കും. വനിതാ ഓഫീസർക്ക് സ്വാഭാവികമായി ഒരു കേസ് കിട്ടേണ്ട അവസ്ഥ ഉണ്ടാകണമെങ്കിൽ അതിന് മുൻപ് അവർക്ക് തന്റെ കഴിവ് തെളിയിക്കേണ്ടതുണ്ട്. പുരുഷന് അത് വേണ്ടി വരുന്നേയില്ല, അവർ ആൾറെഡി പ്രിവിലേജ്ഡാണ്. ജൂഡിക്കും അനുഭവം മറ്റൊന്നല്ല, ആദ്യ ദിവസം തന്നെ കേസുകൾ വിഭജിച്ച് കൊടുക്കുമ്പോൾ ജൂഡിക്ക് കിട്ടുന്നത് ട്രാഫിക്ക് ഡ്യൂട്ടിയാണ്. രണ്ട് കാരണങ്ങൾ ഉണ്ട്, ഒന്ന് ജൂഡി സ്ത്രീയാണ്, രണ്ട് ജൂഡി സംവരണം വഴി വന്നയാളാണ് (തന്റെ ബാച്ചിലെ ടോപ്പർ ആയിട്ട് പോലും അവൾ സംവരണം മൂലം വന്നതാണെന്ന് ചീഫ് എടുത്ത് പറയുന്നുണ്ട്). ലോകത്തെവിടെയും എന്ന പോലെ ഇവിടെയും അവർക്ക് തന്റെ കഴിവ് തെളിയിക്കേണ്ടതുണ്ട്..

സിനിമ ക്രൈം നരേറ്റീവുമായി മുന്നോട്ട് പോകവേയാണ്, സിനിമയുടെ കാമ്പ് എന്ന് പറയാവുന്ന വിഷയത്തിലേക്ക് വരുന്നത്. "Fear Politics" അഥവാ ഭീതി രാഷ്ട്രീയം. സൂട്ടോപ്പിയയിലെ അസി.മേയർ ബെൽ വെതർ ഒരു ചെമ്മരിയാടാണ്. 90% വരുന്ന 'പ്രേ' കമ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്ന മേയർ വളരെ കൃത്യമായി ട്രമ്പിനെ തന്നെയാണ് ഉന്നം വെക്കുന്നത്. ന്യൂനപക്ഷം വരുന്ന പ്രെഡേറ്റേഴ്സിനെ ഭീഷണിക്കാരാണെന്ന് വരുത്തുക, തന്റെ ജനങ്ങൾക്കിടയിൽ ന്യൂനപക്ഷത്തിനെതിരായി ഭീതി പരത്തുക, അതിന് വേണ്ടി പണം ചെലവഴിച്ച് അവരെ തീവ്രവാദികളാക്കി മുദ്ര കുത്തുക, അവരെ രണ്ടാം തരക്കാരാക്കി ചിത്രീകരിക്കുക ഇതെല്ലാമാണ് മേയറുടെ ചെയ്തികൾ. ട്രമ്പിന്റെ ഇലക്ഷൻ റാലി നടക്കുന്ന സമയത്താണ് സൂട്ടോപ്പിയ ഇറങ്ങുന്നതെന്നോർക്കണം. അമേരിക്കയിലെ മുസ്ലിംകളോടും ആഫ്രിക്കൻസിനോടും കുടിയേറ്റക്കാരോടുമെല്ലാം തന്റെ വെറി പ്രകടിപ്പിച്ച്, അവരെ രണ്ടാം തരക്കാരാക്കി നിരന്തരം പ്രചരണം അഴിച്ച് വിട്ടിരുന്ന ഒരു സമയത്താണ് ഡിസ്നി 'സൂട്ടോപ്പിയ'യുമായി വരുന്നത്.

Prejudice അഥവാ മുൻ വിധികളെപ്പറ്റി തുടക്കം മുതലേ സിനിമ സംസാരിക്കുന്നുണ്ട്. ഒരാളുടെ വേഷം, നിറം, വംശം എല്ലാം മുൻ നിർത്തി ജഡ്ജ് ചെയ്യുന്നതിനെക്കുറിച്ച്, നിക്ക് എന്ന കുറുക്കന്റെ കഥയിലൂടെ കാണിക്കുന്നു. 

അയാൾക്കൊരിക്കലും മുഖ്യധാരയിലേക്ക് എത്താൻ സാധിക്കുന്നില്ല/അവിടേക്ക് അടുപ്പിക്കുന്നില്ല, നിക്ക് കള്ളത്തരം കാണിക്കുന്നുണ്ടെങ്കിൽ തന്നെ, അങ്ങനെയൊരവസ്ഥ ഉണ്ടാക്കുന്നത് ആ സമൂഹമാണ്, അവരൊരിക്കലും അയാളെ അംഗീകരിക്കുന്നില്ല. അമേരിക്കയിലെ റേഷ്യൽ പ്രൊഫൈലിംഗ്, മുസ്ലിംകളോടുള്ള വിവേചനം എല്ലാം നിക്കിലൂടെ കാണിക്കുന്നുണ്ട്.

Zootopia യിലെ ഓരോ കഥാപാത്രങ്ങളും ഓരോ പാഠങ്ങളാണ്. ഗൗരവമായ വിശകലനമർഹിക്കുന്നവ. (ഫ്ലാഷ്, ലയൺ ഹാർട്ട്, ഓട്ടർ,ചീഫ് ബോഗോ, ജുഡിയുടെ പാരന്റ്സ് എല്ലാം)

അത് കൊണ്ടൊക്കെയാണ് സൂട്ടോപ്പിയക്ക് മുൻപും ശേഷവും ധാരാളം ആനിമേഷൻ സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും, ഏറ്റവും പ്രിയപ്പെട്ട സിനിമയായി Zootopia തന്നെ നിൽക്കുന്നത്.

© Faizal KsFaizal Ks | CINEMA PARADISO CLUBCINEMA PARADISO CLUB